കുവൈത്ത് സിറ്റി- മലയാളിയായ സിബി ജോര്‍ജ് കുവൈത്തിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി സ്ഥാനമേറ്റു. കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ഡോ. അഹ്മദ് നാസ്സര്‍ മുഹമ്മദ് അല്‍ സബാഹിന് അധികാര പത്രിക അദ്ദേഹം കൈമാറി. കെ.ജീവസാഗര്‍ മെയ് 31 ന് വിരമിച്ച ഒഴിവിലേക്കാണ് കോട്ടയം പാലാ സ്വദേശിയായ സിബി ജോര്‍ജ് നിയമിതനായത്.
പാലയാണ് ജന്മസ്ഥലം. പൊടിമറ്റം കുടുംബാംഗമായ ഇദ്ദേഹത്തിന്റെ ഭാര്യ ജോയ്‌സ് ജോണ്‍, രണ്ട് പെണ്‍മക്കളും ഒരു മകനുമുണ്ട്. 2017 നവംബര്‍ മുതല്‍ സിബി ജോര്‍ജ് സ്വിറ്റ്സര്‍ലാന്‍ഡിലെ സ്ഥാനപതിയാണ്. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് 1993 ബാച്ച് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ഖത്തറില്‍ ഫസ്റ്റ് സെക്രട്ടറിയായും പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ പൊളിറ്റിക്കല്‍ കൗണ്‍സിലര്‍ ആയും ജോലി ചെയ്തിട്ടുണ്ട്.
സൗദി അറേബ്യയിലും ഇറാനിലും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ചുമതലയും കൈകാര്യം ചെയ്തിരുന്നു. ദല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് ഈസ്റ്റ്- ഏഷ്യാ ഡിവിഷനിലും ഇന്ത്യോ-ആഫ്രിക്ക ഫോറം സമ്മിറ്റിന്റെ കോ-ഓര്‍ഡിനേറ്ററുമായിരുന്നു. കുവൈത്തിലെത്തുന്ന രണ്ടാമത്തെ മലയാളി ഇന്ത്യന്‍ അംബാസഡറാണ് സിബി ജോര്‍ജ്. പ്രമുഖ എഴുത്തുകാരന്‍ കലിക മോഹന്‍ എന്നറിയപ്പെടുന്ന ബി.എം.സി നായരാണ് കുവൈത്തിലെ ആദ്യ മലയാളി അംബാസഡര്‍.






