അൽ ഉഖൈർ - പൗരാണിക സൗദിയുടെ സാമ്പത്തിക കവാടം

അറേബ്യൻ ഗൾഫിലെ ആദ്യത്തെ തുറമുഖമായ ദമാമിലെ ഉഖൈർ തുറമുഖം പുരാതന സൗദിയുടെ വാണിജ്യ വ്യാപാര പ്രതിരോധ കവാടമായാണ് അറിയപ്പെടുന്നത്. രാജ്യത്തിലെ ഏറ്റവും മനോഹരമായ തീരപ്രദേശങ്ങളിലൊന്നായ ഉഖൈറിലാണ് ഈ ചരിത്ര സ്മാരകമുള്ളത്. നിരവധി സന്ദർശകരാണ് ഇവിടെയെത്തുന്നത്. കടലിൽ കാത്തിരിക്കുന്ന കപ്പലിനെ ലക്ഷ്യമാക്കി ചുട്ടുപൊള്ളുന്ന മരുഭൂമിയിലൂടെ ഒട്ടകപ്പുറത്തേറി നടന്നു നീങ്ങുന്ന പൗരാണിക കാലത്തെ കച്ചവട സംഘത്തെയാണ് അൽഉഖൈർ ഓർമപ്പെടുത്തുക. 


സൗദിയുടെ കിഴക്കൻ മേഖലയായ ദമാമിൽനിന്നും 100 കിലോമീറ്ററോളം ആണ് ഉഖൈറിലേക്കുള്ള ദൈർഘ്യം. ഇന്ന് നിരവധി തുറമുഖങ്ങൾ ഉള്ള അറേബ്യൻ ഗൾഫിലെ ആദ്യത്തെ തുറമുഖം എന്ന വിശേഷണമാണ് ഉഖൈറിനുള്ളത്. സൗദി അറേബ്യയുടെ കിഴക്കൻ തീരത്തുള്ള അൽ അഹ്‌സ ഗവർണറേറ്റിലാണ് ഉഖൈർ  സ്ഥിതിചെയ്യുന്നത്. നിലവിൽ അവിടെ അവശേഷിക്കുന്നത് പൊളിഞ്ഞു വീഴാൻ ആയി എന്ന് തോന്നിപ്പിക്കുന്ന തുറമുഖം, അതിനോട് അനുബന്ധിച്ചു വിശാലമായ ഹാൾ അടങ്ങിയ മാർക്കറ്റ്, തുറമുഖത്തിന്റെയും മാർക്കറ്റിന്റെയും ഓഫീസ് എന്ന് തോന്നിപ്പിക്കുന്ന കെട്ടിടവും പിന്നെ ഒരു ചെറിയ കോട്ടയും ആണ്.

തുറമുഖവും കോട്ടയും ഏതു കാലത്തു പണികഴിപ്പിച്ചതാണ് എന്ന കൃത്യമായ  വിവരം ലഭ്യമല്ല. എന്നാൽ പുരാതന ഗ്രീക്ക് മെസപ്പൊട്ടാമിയൻ കാലത്തോളം പഴക്കമുണ്ട് ഉഖൈർ തുറമുഖത്തിന് എന്ന് അനുമാനമുണ്ടെങ്കിലും ചരിത്രപരമായി രേഖപ്പെടുത്തിയ പ്രകാരം അറബ് നാഗരികതയുടെ തുടക്കം മുതലാണ് തുറമുഖം നിർമിച്ചിട്ടുള്ളത്.

അറേബ്യൻ മരുഭൂമിയെ പേർഷ്യയും ഏഷ്യൻ ഭൂഖണ്ഡവുമായും ബന്ധപ്പെടുത്തുന്ന പ്രധാന തുറമുഖമായിരുന്നു ഉഖൈർ. വാണിജ്യാവശ്യങ്ങൾക്കും പ്രതിരോധത്തിനുമായി അന്നത്തെ അറബികളാണ് ഈ തുറമുഖം സൃഷ്ടിച്ചത്. ഇന്ത്യ, ഇറാൻ, ഇറാഖ്, യെമൻ, ചൈന എന്നിവിടങ്ങളിൽ നിന്ന് കാപ്പി, കുരുമുളക്, ഏലം എന്നിങ്ങനെയുള്ള സുഗന്ധദ്രവ്യങ്ങളും തുണിത്തരങ്ങളും തിരിച്ചു ഈത്തപ്പഴവും കന്നുകാലികളുടെ കയറ്റുമതിയുമായിരുന്നത്രേ ഉഖൈർ വഴി നടന്ന പ്രധാന ഇടപാടുകൾ. തുറമുഖം വഴി വരുന്ന ഉൽപന്നങ്ങളുടെ വ്യാപാരം നടത്തുവാൻ സമീപത്തു തന്നെ വലിയ ഒരു മാർക്കറ്റും കാണാനാവും.

പേർഷ്യയെയും ഇന്ത്യയെയും കീഴടക്കി ചൈനയുടെ അതിർത്തിയിലെത്തിയ അറബ് സൈന്യങ്ങളുടെ നീക്കങ്ങൾക്കും തുറമുഖം സാക്ഷ്യം വഹിച്ചിട്ടുണ്ട്. തുറമുഖത്തെ കടലിനോട് ചേർന്നു നിൽക്കുന്ന ഭാഗം ഇടിഞ്ഞു പൊളിയാറായതോടെ സുരക്ഷാ കാരണങ്ങളാൽ അകത്തേക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. സമീപത്തെ മാർക്കറ്റും വലിയ നടുമുറ്റവും ഓഫീസ് കെട്ടിടങ്ങളും പുരാതന കോട്ടയുമെല്ലാം ചെറിയ രീതിയിൽ നവീകരണങ്ങൾ നടത്തി സന്ദർശകർക്ക് തുറന്നു കൊടുത്തിട്ടുണ്ട്. പഴയ മാർക്കറ്റിൽ ഉണ്ടായിരുന്ന വലിയ തൂണുകളെ അതേപടി തന്നെ സംരക്ഷിച്ചു നിർത്തിയത് ശ്രദ്ധേയമാണ്.

കോട്ട നിർമിച്ചിരിക്കുന്നത് ഈത്തപ്പനയും വണ്ണം കുറഞ്ഞ മരങ്ങളും ചേർത്താണ്. തുറമുഖം, കോട്ട, മനോഹരമായ ബീച്ച്, തൊട്ടടുത്തു തന്നെ പരന്നു കിടക്കുന്ന മരുഭൂമി. എണ്ണ ഇതര മേഖലകളിൽ നിന്നും വരുമാനം കണ്ടെത്തുവാനുള്ള ഭരണാധികാരികളുടെ ശ്രമങ്ങളുടെ ഫലമായി ഉഖൈർ പോലുള്ള സ്ഥലങ്ങൾ പ്രധാന ടൂറിസം സ്‌പോട്ട് ആയി മാറുമ്പോൾ ടൂറിസം മേഖലയിൽ വൻ കുതിച്ചുചാട്ടം ആയിരിക്കും സൗദിയിൽ സംഭവിക്കുക. രാജ്യം സ്ഥാപിതമായപ്പോൾ ഉഖൈർ അതിന്റെ സാമ്പത്തിക കവാടമായിരുന്നു. കൂടാതെ രാജ്യത്തിന്റെ കിഴക്കിലേക്കും മധ്യത്തിലേക്കും പ്രവേശിക്കാനുള്ള പ്രധാന തുറമുഖമായിരുന്നു. ചരിത്രപരമായ നിരവധി കൂടിക്കാഴ്ചകൾക്കും ഒപ്പം മേഖലയിലെ അന്താരാഷ്ട്ര രാഷ്ട്രീയ ശക്തികളുമായി അബ്ദുൽ അസീസ് രാജാവ് നടത്തിയ ചർച്ചകൾക്കും ഇവിടം വേദിയായിട്ടുണ്ട്. 


ആധുനിക ഉഖൈറിന്റെ ചരിത്രം തുടങ്ങുന്നത് സൗദി അറേബ്യയുടെ സ്ഥാപകൻ അബ്ദുൽ അസീസ് രാജാവ് ഉഖൈർ തുറമുഖം ഏറ്റെടുത്തു തുടങ്ങിയതോടെയാണ്. അറേബ്യൻ ഉപ ഭൂഖണ്ഡം ബ്രിട്ടീഷ് കോളനി ആയിരുന്ന കാലത്തു ഇറാഖ് ഹൈക്കമ്മീഷണർ ആയിരുന്ന പെർസി കോക്‌സ് ഇറാഖ്, കുവൈത്ത്, സൗദി ഭരണാധിപന്മാരുമായി നടത്തിയ അതിർത്തി നിർണയ ഉടമ്പടിയോടെയാണ് ഉഖൈർ സൗദിയുടെ ഭാഗം ആവുന്നത്. 1922 ഡിസംബർ 2 ന് നടന്ന ഈ ഉടമ്പടി ഉഖൈർ പ്രോട്ടോകോൾ എന്ന പേരിൽ ആണ് അറിയപ്പെടുന്നത്. പോർട്ടിനോട് അനുബന്ധിച്ചുണ്ടായിരുന്ന കോട്ട നവീകരിച്ചതും മസ്ജിദ് ഉഖൈർ എന്ന പള്ളി സ്ഥാപിച്ചതുമെല്ലാം അബ്ദുൽ അസീസ് രാജാവിന്റെ കാലത്താണ്. എണ്ണയിൽ അധിഷ്ഠിതമായ വ്യാപാരങ്ങൾക്ക് പ്രാമുഖ്യം നൽകിയതോടെയും ദമാമിൽ വൻകിട തുറമുഖം വന്നതോടെയും പതുക്കെ ഉഖൈർ ചരിത്രത്തിന്റെ ഭാഗമായി മാറി.  ഒരു വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിൽ രാജ്യത്തിലെ ഏറ്റവും മനോഹരമായ തീരപ്രദേശങ്ങളിലൊന്നാണ് ഉഖൈർ.

വൈവിധ്യമാർന്ന ഭൂമിശാസ്ത്ര സവിശേഷതകളും സഖൗനിയ, അൽ ഫുത്തൈം എന്നിവയുൾപ്പെടെ നിരവധി പ്രധാന ദ്വീപുകളും ഉഖൈറിന്റെ ഭാഗമാണ്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി സന്ദർശകർ ഒറ്റക്കും സംഘമായും വിശേഷിച്ചും അവധിക്കാലങ്ങളിൽ ഇവിടം സന്ദർശിക്കുന്നുണ്ട്. ചരിത്ര സ്മൃതികൾ തേടിയുള്ള ഇവിടേക്കുള്ള യാത്ര എന്തുകൊണ്ടും വിജ്ഞാനപ്രദമാകും.  

Latest News