കരിപ്പൂർ വിമാനത്താവളത്തിലെ ദുരന്തം ഒഴിവാക്കാമായിരുന്നതാണെന്ന് ചിലരൊക്കെ അഭിപ്രായപ്പെടുന്നു. കാലാവസ്ഥ മോശമാണെന്ന് കണ്ട് അവിടെ വട്ടമിട്ട് പറക്കുന്നതിന് പകരം പത്ത്, പതിനഞ്ച് മിനിറ്റെടുത്ത് കണ്ണൂരിലേക്ക് പറന്ന് എമർജൻസി ലാൻഡിംഗ് നടത്താമായിരുന്നുവെന്നാണ് ഇക്കൂട്ടരുടെ വാദം. ബ്ലാക് ബോക്‌സ് ആസ്ഥാനമാക്കിയുള്ള വിവരങ്ങൾ പുറത്തു വരുമ്പോൾ എല്ലാത്തിനും ഉത്തരമാകും. മരണസംഖ്യ ഇത്രയും കുറക്കാനായതിൽ പൈലറ്റിനും കോപൈലറ്റിനും ജീവൻ ബലിയർപ്പിക്കേണ്ടി വന്നു. കൊണ്ടോട്ടിയിലെ നല്ലവരായ നാട്ടുകാരുടെ എല്ലാം മറന്നുള്ള രക്ഷാ പ്രവർത്തനത്തെയും ചെറുതായി കാണാനാവില്ല. കേന്ദ്ര സർക്കാറിന്റെ അതീവ സുരക്ഷാ മേഖലയാണ് എയർപോർട്ട്. പോരാത്തതിന് ഇന്ധനത്തിന് തീപ്പിടിച്ച് എപ്പോൾ വേണമെങ്കിലും ആളിപ്പടരാം. കൊണ്ടോട്ടി തന്നെ കണ്ടെയ്ൻമെന്റ് സോണാണ്. അപകടത്തിൽ പെട്ട വിമാന യാത്രക്കാരിൽ നിന്ന് കോവിഡ് പകരാനുള്ള സാധ്യത.
പി.പി.ഇ കിറ്റും മറ്റു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ സഹജീവികളെ രക്ഷിക്കാനിറങ്ങിയ കൊണ്ടോട്ടി ജനതയെ രാഷ്ട്രം ആദരിക്കണം. ഇത്തരം മനുഷ്യരാണ് ഇന്ത്യയുടെ കരുത്ത്. ഇതിന് മുമ്പ് കോട്ടക്കലിനടുത്ത പൂക്കിപ്പറമ്പിൽ ബസിന് തീപ്പിടിച്ചപ്പോഴും കടലുണ്ടി പുഴയിൽ മദ്രാസ് മെയിലിന്റെ കോച്ചുകൾ വീണപ്പോഴും മലപ്പുറത്തിന്റെ നന്മ കേരളം തൊട്ടറിഞ്ഞതാണ്. ദുരന്തമുണ്ടായ ദിവസം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ഒരു ചിത്രമുണ്ട്. എയർപോർട്ടിന്റെ മതിലും തകർത്തെത്തിയ കൊണ്ടോട്ടിക്കാർ ഏർപ്പാടാക്കിയ സ്വകാര്യ വാഹനങ്ങളിൽ മനുഷ്യരെ ആശുപത്രികളിലെത്തിക്കുന്നു. അടുത്ത സീനിൽ രാത്രി ഒരു മണിക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ രക്തം ദാനം ചെയ്യാനെത്തിയ യുവാക്കളുടെ അവസാനിക്കാത്ത ക്യൂ. മൂന്നാമത്തേത് കണ്ണൂർ എയർപോർട്ടിൽ നിന്ന്. മട്ടന്നൂരിലെ ചെറുപ്പക്കാർ അസമയത്ത് കണ്ണൂരിൽ ലാന്റ് ചെയ്യുന്ന വഴി തിരിച്ചു വിട്ട് ജിദ്ദ വിമാനത്തിലെ യാത്രക്കാർക്ക് ഭക്ഷണ പൊതികളൊരുക്കുന്നു. ഇവരെല്ലാം മാലാഖമാരാണ്.
ഇത്രയും ശക്തമായ നമ്മുടെ സമൂഹത്തെ ഭിന്നിപ്പിക്കുകയെന്നത് അസാധ്യമായിരിക്കും. ഇതൊന്നുമല്ല രസം. ഈ ദിവസം നമ്മുടെ മന്ത്രി മൊയ്തീൻ കരിപ്പൂരിലെത്തി രക്ഷാ പ്രവർത്തനം നടത്തിയെന്ന് കണ്ടു. അതിന്റെ പ്രതികരണവും തൽക്ഷണം സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. മെയ്തീൻ താമരശ്ശേരി ചുരമിറങ്ങുന്നതിന് മുമ്പ് നാട്ടുകാരുടെ വാഹനങ്ങൾ കൊണ്ടോട്ടിയിലെയും കോഴിക്കോട്ടെയും ആശുപത്രികളിലെത്തിയിരുന്നുവെന്നാണ് ഒരു വിരുതൻ കാച്ചിയത്. മറ്റൊരാൾ പറയുന്നത്, ഇനി ഈ പറയുന്നത് നമ്മുടെ ഇലവഞ്ഞിപ്പുഴയുടെ തീരത്തെ കാഞ്ചനയുടെ മൊയ്തീനെ കുറിച്ചായിരിക്കുമോയെന്നാണ്. മനോരമ, മീഡിയ വൺ ചാനലുകൾക്ക് ധിറുതി പിടിച്ചുള്ള റിപ്പോർട്ടിംഗിൽ സംഭവിച്ച നിസ്സാര പിഴവ് വലിയ വിവാദമാക്കാനൊന്നുമില്ല.
*** *** ***
മാധ്യമങ്ങൾ അതിര് കടക്കുന്നുവോയെന്നാണ് ഏവരുടേയും ആശങ്ക. കഴിഞ്ഞ ദിവസം കൈരളി ന്യൂസിൽ ഇതു സംബന്ധിച്ച് ചർച്ചയുമുണ്ടായി. ആജ് തക് എന്ന ദേശീയ ചാനലിലെ ചർച്ചയിൽ പങ്കെടുത്ത് കോൺഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി മരിച്ചതിനെ ആസ്പദമാക്കിയായിരുന്നു സംവാദം. കോൺഗ്രസ് വക്താവിനെ പങ്കെടുപ്പിച്ച് തങ്ങളുദ്ദേശിച്ചത് പറയിക്കാനായത് അവതാരകന്റെ മിടുക്ക്. വൈകിട്ട് വാർത്താ ചാനൽ ചർച്ചയിൽ പങ്കെടുത്തതിന് ശേഷം ഹൃദയാഘാതം സംഭവിച്ചാണ് ത്യാഗി മരിച്ചത്. സംഭവത്തിൽ ചർച്ചയിൽ പങ്കെടുത്ത ബി.ജെ.പി നേതാവ് സാംബിത് പാത്രയ്‌ക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. സംബിത് പാത്ര നടത്തിയ വ്യക്തിപരമായി തളർത്തുന്ന, കടുത്ത വാക്പ്രയോഗങ്ങളാണ് മരണ കാരണമെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം.
കോൺഗ്രസ് വക്താവ് രാജീവ് ത്യാഗി ഒരു ടെലിവിഷൻ ചർച്ചക്ക് തൊട്ടുപിന്നാലെ ഹൃദയാഘാതം മൂലം മരിച്ചത് വലിയ ഞെട്ടലും വിവാദവുമായിരിക്കുകയാണെന്ന് സി.പി.എം നേതാവ് എം.ബി. രാജേഷ്. ആജ് തക് ചാനലിന്റെ ചർച്ചയിൽ ബി.ജെ.പി. വക്താവ് സംബിത് പാത്ര നടത്തിയ വ്യക്തിപരമായി തളർത്തുന്ന, കടുത്ത വാക്പ്രയോഗങ്ങളാണ് മരണ കാരണമെന്നാണ് കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം ആരോപിക്കുന്നത്. ചില നേതാക്കൾ പാത്രയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഞാൻ ചർച്ച പൂർണ്ണമായും കണ്ടിട്ടില്ല.
ട്വിറ്ററിൽ പ്രചരിച്ച സംബിത് പാത്ര രാജീവിനോട് കയർക്കുന്ന ചില ക്ലിപ്പുകൾ മാത്രമേ കണ്ടിട്ടുള്ളൂ. എങ്കിലും പൊതുവായ ഒരു കാര്യം ഈ സന്ദർഭത്തിൽ പറയേണ്ടിയിരിക്കുന്നു. അത് നമ്മുടെ ടെലിവിഷൻ സംവാദങ്ങളുടെ നിലവാരത്തകർച്ചയെക്കുറിച്ചാണ്. അറിയാനും അറിയിക്കാനുമുള്ള സംവാദ വേദിയല്ല, വാദിക്കാനും ജയിക്കാനുമുള്ള പോർമുഖമാണ് സ്റ്റുഡിയോ മുറികൾ എന്നതാണ് ഇന്നത്തെ അവസ്ഥ. മലയാളം ചാനലുകളും അതിന്റെ തനിപ്പകർപ്പുകൾ തന്നെ. അട്ടഹാസം, ആക്രോശം, അധിക്ഷേപം, ഏകപക്ഷീയത, അസന്തുലിതമായ പാനൽ, മുൻകുട്ടി നിശ്ചയിച്ച അജണ്ടകൾക്കു പാകത്തിൽ വിഷയമേതായാലും ഒരേ നിരീക്ഷക സംഘം, വ്യക്തികളെ ഭർത്സിക്കൽ, പരപുഛം, മറ്റൊരാൾ പറയുമ്പോൾ ഇടക്കു കയറി കലമ്പലുണ്ടാക്കൽ, ഉന്നത ജനാധിപത്യ മര്യാദകൾ പോയിട്ട് സാമാന്യ മര്യാദകളുടെ പോലും ലംഘനം, ദ്വയാർത്ഥ പ്രയോഗങ്ങൾ, വാടാ പോടാ വിളികൾ, ഭീഷണിപ്പെടുത്തലുകൾ ഇവയൊക്കെയാണിപ്പോൾ ടെലിവിഷൻ ചർച്ചകളുടെ മുഖമുദ്രകളെന്ന് രാജേഷ് വിലയിരുത്തുന്നു.
*** *** ***
മാധ്യമ പ്രവർത്തകർക്കെതിരായ സൈബർ ആക്രമണത്തിൽ പരാമർശങ്ങൾ അപകീർത്തികരവും ലൈംഗിക ചുവയുള്ളതുമെന്ന് വിലയിരുത്തി കേസ് രജിസ്റ്റർ ചെയ്തു. പ്രാഥമിക റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറി. ഐ.ടി ആക്ട് ചുമത്തി അന്വേഷണം തുടരും. മാധ്യമ പ്രവർത്തകർക്കെതിരായ സൈബർ അതിക്രമം അന്വേഷിക്കാൻ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സമൂഹ മാധ്യമങ്ങൾ നിരീക്ഷിച്ച് 24 മണിക്കൂറിനകം പ്രാഥമിക റിപ്പോർട്ട് നൽകാൻ ഡി.ജി.പി നിർദേശിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടി ശക്തമാക്കുകയെന്ന നിർദേശത്തോടെയാണ് ഡി.ജി.പി പ്രത്യേക സർക്കുലർ ഇറക്കിയത്. ചില കേന്ദ്രങ്ങളിൽ നിന്ന് മാധ്യമ പ്രവർത്തകർക്കെതിരായ സൈബർ അതിക്രമം വർധിക്കുന്നുവെന്ന പരാതി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ഡി.ജി.പി എടുത്തു പറയുന്നു.
ഈ സാഹചര്യത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന നിർദേശത്തോടെയാണ് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദീനെ നോഡൽ ഓഫീസറായി നിശ്ചയിച്ചത്. സൈബർ സെൽ, സൈബർ ക്രൈം പോലീസ് സ്‌റ്റേഷൻ, ഹൈടെക് സെൽ തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെയും സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കാരിനെതിരെ വിമർശനവും ചോദ്യങ്ങളും ഉന്നയിച്ചതോടെയാണ് മാധ്യമ പ്രവർത്തകരുടെ കുടുംബാംഗങ്ങളെപ്പോലും ആക്ഷേപിച്ചുകൊണ്ടുള്ള അതിക്രമങ്ങൾ സമൂഹ മാധ്യമങ്ങളിൽ തുടങ്ങിയത്. മനോരമ ന്യൂസ് ചീഫ് ന്യൂസ് പ്രൊഡ്യൂസർ നിഷ പുരുഷോത്തമൻ ഉൾപ്പെടെയുള്ളവർക്കെതിരായ അതിക്രമത്തിൽ പത്രപ്രവർത്തക യൂനിയൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
*** *** ***
വീണ്ടും സോഷ്യൽ മീഡിയ ദുരന്തം. മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യ നിലയെ ചൊല്ലി പ്രചരിക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ അദ്ദേഹത്തിന്റെ മക്കൾ രംഗത്ത്. 'എന്റെ പിതാവ് പ്രണബ് മുഖർജി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. പ്രശസ്ത മാധ്യമ പ്രവർത്തകർ പോലും സോഷ്യൽ മീഡിയയിൽ ഊഹാപോങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുകയാണ്. ഇത് വ്യക്തമാക്കുന്നത് ഇന്ത്യയിലെ മാധ്യമങ്ങൾ വ്യാജ വാർത്തകളുടെ ഒരു ഫാക്ടറിയായി മാറിയിരിക്കുന്നുവെന്നതാണ്'. പ്രണബ് മുഖർജിയുടെ മകനും കോൺഗ്രസ് നേതാവുമായ അഭിജിത്ത് മുഖർജി ട്വിറ്ററിൽ കുറിച്ചു. പിതാവിനെ കുറിച്ച് പ്രചരിക്കുന്നത് വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മകൾ ഷർമ്മിഷ്ഠ മുഖർജിയുടെ പ്രതികരണം. ദയവ് ചെയ്ത് കാര്യങ്ങൾ തിരിക്കി തന്റെ ഫോണിലേക്ക് വിളിക്കരുതെന്ന് മാധ്യമങ്ങളോട് അഭ്യർത്ഥിക്കുകയാണ്. അദ്ദേഹം ആശുപത്രിയിൽ ആയതിനാൽ അപ്പപ്പോഴുള്ള വിവരങ്ങൾ അറിയാൻ ഫോൺ ഫ്രീയായി വെക്കേണ്ടതുണ്ട് ഷർമ്മിഷ്ഠ മുഖർജി കുറിച്ചു.
*** *** ***
നടി നിക്കി ഗൽറാണിക്ക് കൊറോണ സ്ഥിരീകരിച്ചു. നടി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം പുറത്തറിയിച്ചത്. കൊറോണ പരിശോധനയിൽ തനിക്ക് പോസിറ്റീവ് ഫലം ലഭിച്ചതായി നടി ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ ആഴ്ചയാണ് രോഗം സ്ഥിരീകരിച്ചതെന്നും ഇപ്പോൾ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും അറിയിച്ചു. കഴിഞ്ഞ ആഴ്ച നടത്തിയ കോവിഡ് പരിശോധനയിൽ എനിക്ക് പോസിറ്റീവ് ഫലം ലഭിച്ചു.
ഞാൻ ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള പാതയിലാണ്. ഇപ്പോൾ ഭേദപ്പെട്ട അവസ്ഥ തോന്നുന്നുണ്ട്. എന്നെ, പരിചരിച്ച എല്ലാവർക്കും മുൻനിര ആരോഗ്യ പ്രവർത്തകർക്കും ചെന്നൈ കോർപറേഷനും തമിഴ്‌നാട് അധികൃതർക്കും അവരുടെ നിരന്തരമായ പിന്തുണക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നു നിക്കി ട്വിറ്ററിൽ കുറിച്ചു. എന്റെ പ്രായം കണക്കിലെടുത്തും എനിക്ക് മറ്റു രോഗാവസ്ഥകളൊന്നുമില്ലെന്നതിനാലും രോഗമുക്തി ലഭിക്കുമെന്ന് അറിയാം. എന്നാൽ എന്റെ മാതാപിതാക്കൾ, സുഹൃത്തുക്കൾ തുടങ്ങി ഈ രോഗം കൂടുതൽ ബാധിച്ചേക്കാവുന്ന എല്ലാവരെയും കുറിച്ച് ഓർക്കുമ്പോൾ താൻ ഭയപ്പെടുന്നുവെന്നും നിക്കി പറഞ്ഞു.
*** *** ***
റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് എഡിറ്റർ അർണബ് ഗോസ്വാമിയെക്കുറിച്ചുള്ള അർണബ്, ദ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ടിന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കി സംവിധായകൻ രാം ഗോപാൽ വർമ്മ. സുഷാന്ത് സിംഗ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധിപ്പിച്ച് അർണബ് ഗോസ്വാമി ബോളിവുഡിനെ ക്രിമിനൽ പശ്ചാത്തലമുള്ള സിനിമാ മേഖലയായി വിശേഷിപ്പിച്ചതിനുള്ള മറുപടിയായാണ് രാം ഗോപാൽ വർമ്മ സിനിമ പ്രഖ്യാപിച്ചത്. ബോളിവുഡ് മുഴുവൻ ഗുണ്ടകളും റേപ്പിസ്റ്റുകളും ലൈംഗികമായി ചൂഷണം ചെയ്യുന്നവരുമാണെന്നാണ് അർണബ് പറയുന്നത്. ക്രിമിനൽ ബന്ധങ്ങളുള്ള ഏറ്റവും മോശമായ മേഖലയെന്നാണ് ബോളിവുഡിനെ വിശേഷിപ്പിച്ചത്. ദിവ്യ ഭാരതി, ജിയാ ഖാൻ, ശ്രീദേവി, സുശാന്ത് എന്നിവരുടെ മരണങ്ങൾ ഒരേ പോലെ അവതരിപ്പിക്കുന്നു. ബോളിവുഡിനെ കൊലപാതകിയാക്കുന്നു. 25 വർഷങ്ങൾക്കിടയിലുണ്ടായ സംഭവങ്ങളാണ് ഇത്.
സാഹചര്യങ്ങളും വ്യത്യസ്തമാണ്. പക്ഷേ അർണബിന്റെ ചിന്തയിൽ ഇതെല്ലാം ഒന്നാണ്. 'ഇതൊക്കെ കൊണ്ടാണ് അദ്ദേഹത്തെ കുറിച്ച് സിനിമയെടുക്കാമെന്ന് ഞാൻ വിചാരിച്ചതെന്ന് രാംഗോപാൽ വർമ്മ പറയുന്നു. സിനിമയിൽ അർണബിന്റെ മുഖംമൂടി മാറ്റി എല്ലാ തട്ടിപ്പുകളും പുറത്തു കൊണ്ടുവരുമെന്നും രാംഗോപാൽ വർമ്മ പറഞ്ഞു. സിനിമയുടെ പ്രഖ്യാപനം നേരത്തെ ട്വിറ്റർ വഴിയായിരുന്നു രാം ഗോപാൽ വർമ്മ അറിയിച്ചത്. 'അർണബ്, ദ ന്യൂസ് പ്രോസ്റ്റിറ്റിയൂൂട്ട് എന്നാണ് പേര് തീരുമാനിച്ചിരിക്കുന്നത്.
*** *** ***
കോവിഡ് മഹാമാരി ഇന്ത്യയെ ഞെരുക്കുന്നതിനിടെ ഇന്ത്യാ ടുഡേ ടി.വി ഒരു അഭിപ്രായ സർവേ നടത്തി. ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തിയാൽ ആര് വിജയിക്കുമെന്ന് കണ്ടെത്താനായിരുന്നു ഇത്. 287 സീറ്റുകൾ നേടി ബി.ജെ.പി വീണ്ടും അധികാരത്തിലേറുമെന്നാണ് ഫലം.