നെഹാൻ നസീം അലി. ദുബായ് - ഇന്ത്യൻ ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ നെഹാൻ നസീം അലി ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് പ്രശസ്തമായ ഡയാന അവാർഡ്- 2020 ന് അർഹനായി. ഡയാനാ രാജകുമാരിയുടെ പേരിലുള്ളതാണ് ഈ പുരസ്‌കാരം.
പാരിസ്ഥിതിക പ്രവർത്തനവും സാമൂഹിക പ്രതിബദ്ധതയും പരിഗണിച്ചാണ് ഇത്ര ചെറുപ്പത്തിലേ നെഹാൻ ഈ അവാർഡിന് അർഹനായത്. മലപ്പുറം എടവണ്ണ ഒതായിലെ പള്ളിപ്പറമ്പൻ നസീമിന്റെയും നസ്‌ലിയുടെയും മകനാണ് നെഹാൻ. അനിയന്റെ പേര് നഹ്യാൻ നസീം.
വളരെ ചെറുപ്രായത്തിൽ തന്നെ നെഹാൻ ദുബായിലെ പ്രശസ്തമായ എമിറേറ്റ്‌സ് എൻവയോൺമെന്റൽ ഗ്രൂപ്പിലെ അംഗമാണ്. അവരുടെ നേതൃത്വത്തിൽ വ്യത്യസ്ത പരിസ്ഥിതിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാറുണ്ടായിരുന്നു.

റിസൈക്ലിംഗ് കാമ്പയിനുകൾ, ബീച്ച് ക്ലീനിംഗ് തുടങ്ങിയ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. റീസൈക്ലിംഗിനു വേണ്ടി വീടുകളിലും ഓഫീസുകളിലും ചെന്ന് ന്യൂസ് പേപ്പറും അലുമിനിയം കാനുകളും ഇലക്ട്രോണിക് വേസ്റ്റുകളും ശേഖരിച്ച് എത്തിച്ചു കൊടുക്കുമായിരുന്നു. നെഹാന്റെ ഒരു വർഷത്തെ സേവനം മുൻനിർത്തി ഏറ്റവും കൂടുതൽ ശേഖരണം നടത്തിയതിന് ഈ വർഷത്തെ 23 ാം എമിറേറ്റ്‌സ് റീസൈക്ലിംഗ് അവാർഡിൽ രണ്ട് കാറ്റഗറിയിലും (അലുമിനിയം റീസൈക്ലിംഗിലും ന്യൂസ് പേപ്പർ റീ സൈക്ലിംഗിലും) നെഹാൻ ഫസ്റ്റ് റണ്ണർ അപ് ആയിരുന്നു. ഒരു വർഷത്തിനിടയിൽ ആയിരം കിലോഗ്രാം പേപ്പറും 62 കിലോ്ര്രഗാം അലുമിനിയം കാനുകളുമാണ് ശേഖരിച്ചത്. ഈ വർഷം റാസൽഖൈമ സിവിൽ ഏവിയേഷൻ ചെയർമാനോടൊപ്പം നെഹാന്റെ പേരിൽ 17 മരങ്ങൾ നട്ടു.
ഇതിന് പുറമെ ഉപയോഗിക്കാത്ത മരുന്നുകൾ വീടുകളിൽ പോയി ശേഖരിച്ച് അശരണർക്കും സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്കും എത്തിച്ചു കൊടുക്കുമായിരുന്നു. നെഹാന്റെ സേവനം മുൻനിർത്തി അബുദാബിയിലുള്ള ഫിലിപ്പൈൻസ് എംബസിയിൽ നെഹാനെ ആദരിക്കുകയുണ്ടായി. സ്‌കൂൾ വർഷാവസാന സമയത്ത് കെ.എം.സി.സി നടത്തുന്ന ഉപയോഗിച്ച പുസ്തകങ്ങളുടെ മേളയിലും നെഹാൻ സജീവ പ്രവർത്തനം കാഴ്ചവെക്കുകയും പ്രശസ്തിപത്രം നേടുകയും ചെയ്തു. ഉപയോഗിച്ച പാഠപുസ്തകങ്ങൾ ശേഖരിച്ച് ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുമായിരുന്നു. സോഷ്യൽ മീഡിയ പോലുള്ള മാധ്യമങ്ങളാണ് നെഹാൻ പ്രചാരണത്തിന് ഉപയോഗിക്കുന്നത്. ഒഴിവു ദിവസങ്ങളിൽ ശേഖരണത്തിന് പോകും.

ആനുകാലിക പ്രസിദ്ധീകരണങ്ങളിലും മറ്റും തന്റെ രചനയിലൂടെ ഉദ്‌ബോധനം നടത്താറുണ്ട്. സ്‌കൂളിൽ എക്കോ ഫ്രണ്ട്‌ലി ആവുന്നതിന് ക്ലാസുകൾ എടുക്കും. ദുബായിലുള്ള സ്‌പെഷ്യൽ നീഡ്‌സ് ഫ്യൂചർ ഡെവലപ്‌മെന്റ് സെന്റർ എന്ന സ്ഥാപനത്തിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ നിർമിക്കുന്ന സാധനങ്ങൾ വിൽപന നടത്തി അവർക്കു വേണ്ടി ധനശേഖരണം നടത്തുകയും ചെയ്യുന്നു.
ഇതിനെല്ലാം പുറമെ നെഹാൻ പഠനത്തിലും ഒന്നാമനാണ്. സ്‌കൂളിലെ ഹെഡ് ബോയ് ആണ്. ഈ ചെറുപ്രായത്തിലേ പല മേഖലകളിലും ഉന്നത നേട്ടങ്ങൾ കൈവരിച്ച നെഹാൻ മറ്റു കുട്ടികൾക്ക് മാതൃകയാണ്.
യു.എ.ഇ ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ച ഖുർആൻ അന്താരാഷ്ട്ര പഠന പദ്ധതിയായ ബാലവെളിച്ചം പരീക്ഷയിലും നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ യു.എ.ഇയിലെ ഒന്നാം റാങ്കുകാരനായിരുന്നു.
എന്നിരുന്നാലും ഇപ്പോൾ കിട്ടിയ ഡയാന രാജകുമാരിയുടെ പേരിലുള്ള ഡയാന അവാർഡ് നെഹാന്റെ വിജയങ്ങളുടെ കൂട്ടത്തിൽ ഒരു സ്വർണത്തൂവൽ തന്നെയാണ്. വെയിൽസ് രാജകുമാരിയായ ഡയാനയുടെ സ്മരണക്കായി സ്ഥാപിച്ച ഈ അവാർഡ് അതേ പേരിലുള്ള ചാരിറ്റി സ്ഥാപനമാണ് നൽകുന്നത്. കൂടാതെ അവരുടെ രണ്ട് മക്കളായ കാംബ്രിഡ്ജ് ഡ്യൂക്ക്, സസെക്‌സിലെ ഡ്യൂക്ക് എന്നിവരുടെ പിന്തുണയുമുണ്ട്.
നസീം പള്ളിപ്പറമ്പൻ, നസ്‌ലിം നസീം (മാതാപിതാക്കൾ), നഹ്‌യാൻ നസീം അലി (അനുജൻ)






