Sorry, you need to enable JavaScript to visit this website.

അരവിന്ദൻ എന്ന പെൺകുട്ടി

കഥ... തുടർച്ച

അരവിന്ദൻ ഒരു തയ്യൽക്കാരിയായിരുന്നു. പോർട്ട് ഹാർകോർട്ടിലെ സമ്പന്നരായ സ്ത്രീകൾക്കിടയിൽ വളരെയേറെ അറിയപ്പെട്ടിരുന്നവൾ. അവർക്ക് ചിത്രപ്പണികളുള്ള ഗൗണുകളും ശിരോവസ്ത്രങ്ങളും തൂവാലകളും തുന്നിക്കൊടുക്കുക വഴി അവൾ നന്നായി സമ്പാദിച്ചിരുന്നു. അരവിന്ദൻ തുന്നിയ വസ്ത്രമെന്നു പറയുന്നതു പോലും ആ സ്ത്രീകൾക്ക് വലിയ പത്രാസായിരുന്നു. വർഷത്തിൽ ഒരിക്കലെങ്കിലും അവൾ തുന്നിയ വസ്ത്രങ്ങളുടെ എക്‌സിബിഷൻ പോർട്ടിലെ സിറ്റി സെന്ററിൽ വെച്ച് നടത്താറുണ്ട്. അവൾ സമ്പാദിക്കുന്നതുവെച്ചു നോക്കുമ്പോൾ ഒംബഡുഗുവിന് മില്ലിൽ നിന്നുള്ള വരുമാനം ഒന്നുമായിരുന്നില്ല. 


മില്ലിൽ പണിയില്ലാത്തപ്പോൾ ഒംബഡുഗു അരവിന്ദന്റെ തയ്യൽക്കടയിൽ വന്ന് അവൾ തയ്ക്കുന്നതും നോക്കിയിരിക്കും. നാട്ടുവിശേഷങ്ങളും വീട്ടുവിശേഷങ്ങളും പറയും. ആദ്യ ദിവസങ്ങളിൽ തന്നെ അയാൾ ഒരു കാര്യം ശ്രദ്ധിച്ചു: 'അരവിന്ദൻ.. അരവിന്ദൻ..' എന്നു തന്നെയാണ് തയ്യൽ മെഷീനും ശബ്ദമുണ്ടാക്കുന്നത്! 


അതേപ്പറ്റി അരവിന്ദനോടു പറഞ്ഞപ്പോൾ 0, 1, 0, 1 എന്നിങ്ങനെയാണ് എല്ലാ മെഷീനുകളും ശബ്ദമുണ്ടാക്കുന്നതെന്നും അതിനെ മെഷീൻ ലാംഗ്വേജ് എന്നാണ് പറയുന്നതെന്നുമുള്ള വിവരങ്ങൾ ഉൾക്കൊള്ളിച്ച് ലോജിക്കില്ലാത്ത ഒരു തമാശ പറയണമെന്ന് അവൾ മനസ്സിൽ വിചാരിച്ചു. എങ്കിലും ഇത്ര മാത്രമേ പറഞ്ഞുള്ളൂ: 
'അച്ഛന് അത് വെറുതെ തോന്നുന്നതാണ്.'
ഒന്നിനെപ്പറ്റിയും യാതൊരു സംശയങ്ങളുമില്ലാതെ ജീവിച്ചുപോരുന്ന ആളായിരുന്നു ഒംബഡുഗു. വീട്ടിലൊരു തയ്യൽ മെഷീൻ വന്നപ്പോൾ മാത്രമാണ് കാര്യപ്പെട്ടൊരു സംശയം അയാൾക്ക് ഉണ്ടാവുന്നതു തന്നെ: 
'മുകളിൽ നിന്നു മാത്രം ചലിക്കുന്നൊരു സൂചി എങ്ങനെയാണ് രണ്ട് തുണിക്കഷ്ണങ്ങൾ തുന്നിച്ചേർക്കുന്നത്?'


മുകളിലൂടെ പറക്കുന്ന വിമാനങ്ങളെ ദിനേനയെന്നവണ്ണം അയാൾ കാണാറുണ്ടായിരുന്നെങ്കിലും എങ്ങനെയാണവ പറക്കുന്നതെന്ന സംശയം പോലും അയാൾക്കുണ്ടായിട്ടില്ല. അവയ്ക്ക് ചിറകുകളുള്ളതുകൊണ്ട് പറക്കുന്നു. അതിലെന്ത് അത്ഭുതം? അങ്ങനെയേ അയാൾ ചിന്തിച്ചുള്ളൂ. എന്തിനേറെ, ഒംബഡുഗുവിന്റെ പൊടിക്കൽ മെഷീനുകൾ തയ്യൽ മെഷീനേക്കാൾ എത്രയോ വലുതാണ്! എന്നിട്ടും അയാൾക്ക് അവയിൽ ഇത്തരം സംശയങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അതിന്റെ പ്രവർത്തനങ്ങളിൽ മനസ്സിലാവാത്തതായി ഒന്നുമില്ലെന്ന് അയാൾക്ക് തോന്നിക്കാണണം. പക്ഷേ തയ്യൽ മെഷീന്റെ അടുത്തെത്തുമ്പോഴെല്ലാം അയാൾക്ക് അതിന്റെ പ്രവർത്തനം അത്ഭുതകരമായിത്തോന്നി. ഇടയ്‌ക്കൊക്കെ അയാൾ മകളോടു ചോദിക്കും: 
- അരവിന്ദാ, ഇതെങ്ങനെയാ ഇങ്ങനെ തയ്ക്കുന്നത്?


അരവിന്ദനും അതേപ്പറ്റി അത്ര ഗ്രാഹ്യമൊന്നുമുണ്ടായിരുന്നില്ല. എങ്കിലും മെഷീനടിയിലേക്ക് കൈയിട്ട് ബോബിൻ കേയ്‌സ് ഇളക്കിയെടുത്ത് അച്ഛനെ കാണിച്ച് അവൾ പറയും: ''അതേ, അച്ഛാ, ഇതുപോലൊരു സാധനം കൂടി മെഷീനിലുണ്ട്. ഇതിനുള്ളിലെ നൂലു കൂടി ചേർന്നാണ് തയ്ക്കുന്നത്.''
ഒംബഡുഗു അപ്പോൾ തലയാട്ടുമെങ്കിലും സംശയം ഉള്ളിൽ  തന്നെ കുടുങ്ങിക്കിടക്കും. അതുകൊണ്ടു തന്നെ ഇടയിലെപ്പോഴെങ്കിലുമൊക്കെ അയാൾ മകളോട് അതു ചോദിച്ചുകൊണ്ടേയിരുന്നു. അപ്പോഴെല്ലാം അവൾ മെഷീന്റെ ഉള്ളറയിൽ നിന്ന് ബോബിനെടുത്തു കാട്ടി അച്ഛനോടു ഞാൻ എത്ര തവണ പറഞ്ഞിരിക്കുന്നു എന്നു പറയും.


ഒരു ദിവസം അവൾ അച്ഛന്റെ സംശയത്തിന് ഉത്തരം പറയുകയായിരുന്നു. ബോബിൻ ഇളക്കിക്കാണിച്ച ശേഷം തിരികെ ഫിറ്റ് ചെയ്ത്, മുകളിലെ സൂചിയിൽ നിന്ന് വിട്ടുപോയ നൂൽ സൂക്ഷ്മതയോടെ കോർത്ത് അവൾ മുഖമുയർത്തുമ്പോൾ ചുറ്റുപാടും എന്തോ സംഭവിച്ചതു പോലെ കുറെ നിമിഷം മിഴിച്ചിരുന്നു പോയി. ശേഷം ബോധം കെട്ട് പിന്നിലേക്ക് മലർന്നു വീണു. ഒംബഡുഗു ഓടിവന്ന് അവളെ കൈയിൽ താങ്ങിയെടുത്തു. അയാളുടെ അലർച്ച കേട്ട് ആളുകൾ ഓടിക്കൂടി.


അരവിന്ദന്റെ കളർ സെൻസിംഗ് കീഴ്‌മേൽ മറിഞ്ഞ ദിവസമായിരുന്നു അന്ന്. അന്നു മുതൽ ചുവപ്പായി കണ്ടുകൊണ്ടിരുന്നതൊക്കെ അവൾ പച്ചയായി കാണാൻ തുടങ്ങി. പച്ച നിറം നീലയായും നീലനിറം ചുവപ്പായും മഞ്ഞനിറം ഓറഞ്ചായും കാണാൻ  തുടങ്ങി. കറുപ്പും വെളുപ്പുമൊഴികെയുള്ള എല്ലാ കളറുകളും അവളുടെ കാഴ്ചയിൽ കീഴ്‌മേൽ മറിഞ്ഞു. മെഷീനിൽ വിടർത്തിയിട്ട് തയ്ച്ചുകൊണ്ടിരുന്ന ചുവന്ന ഗൗണിന്റെ കളർ പച്ചയായിത്തീരുന്നത് അവൾ കണ്ണുമിഴിച്ച് കണ്ടു. 


ഓടിക്കൂടിയ ആളുകളിൽ ചിലർ അവളുടെ മുഖത്ത് വെള്ളം തളിച്ചു. കണ്ണുചിമ്മി ഉണർന്നപ്പോൾ ചുറ്റും കൂടിയ ആളുകളെക്കണ്ട് അവൾ സംഭ്രമിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് പകച്ചുകൊണ്ട് അരവിന്ദൻ തന്റെ ഷോപ്പ് മുഴുവനുമൊന്ന് കണ്ണോടിച്ചു. എല്ലാറ്റിന്റെയും നിറം മാറിയിരിക്കുന്നു. തയ്യൽ കഴിഞ്ഞ് തേച്ച് അടുക്കിവെച്ചിരിക്കുന്ന വസ്ത്രങ്ങളുടെയും ഇനി തയ്ക്കാനുള്ളവയുടെയും ഭിത്തിയിൽ തൂങ്ങുന്ന കലണ്ടറിന്റെയും അതിനുള്ളിലെ മേരിയുടെയും നിറം മാറിയിരിക്കുന്നു. അവൾ പുറത്തേക്ക് നോക്കി. സസ്യലതാദികളെല്ലാം നീലമയം. എതിരേയുള്ള കടകളുടെ ഭിത്തികളും മേൽക്കൂരകളും നിറം മാറിയിരിക്കുന്നു. 


'അവൾക്കൊരൽപം കാറ്റ് കിട്ടിക്കോട്ടെ'യെന്ന് ആരോ പറഞ്ഞതുപ്രകാരം കടയുടെ വാതിലിൽ തിങ്ങിക്കൂടിയവർ വകന്നു മാറി. അവർക്കിടയിലൂടെ അവൾ ആകാശത്തേക്ക് നോക്കി. ആകെ ചുവന്നിരിക്കുന്നു. അവളുടെ കണ്ണുകൾ തുറിച്ചുവന്നു. ഒരു നിലവിളിയോടെയും ഞെരക്കത്തോടെയും അവൾ വീണ്ടും അബോധാവസ്ഥയിലേക്ക് വീണു. പിന്നീട് ഉണരുന്നത് ഹോസ്പിറ്റലിലാണ്.

 

 

 

Latest News