Sorry, you need to enable JavaScript to visit this website.

ഗോൾവേട്ടക്കാരൻ

ലോക ഫുട്‌ബോളിലെ മികച്ച കളിക്കാരെ കുറിച്ച് പറയുമ്പോൾ അതിൽ സീറൊ ഇമ്മോബിലെ പരാമർശിക്കപ്പെടാൻ സാധ്യത കുറവാണ്. എന്നാൽ യൂറോപ്പിലെ ടോപ്‌സ്‌കോറർക്കുള്ള ഗോൾഡൻ ഷൂ ബഹുമതി ഈ ഇറ്റലിക്കാരനാണ്. ക്രിസ്റ്റിയാനൊ റൊണാൾഡോയും ലിയണൽ മെസ്സിയും എന്ന ഇരട്ട ധ്രുവങ്ങളിൽ ചുറ്റിക്കറങ്ങുന്ന ലോക ഫുട്‌ബോളിൽ തന്റേതായ മുദ്ര പതിപ്പിക്കാനായതിന്റെ സന്തോഷത്തിലാണ് ലാസിയൊ സ്‌ട്രൈക്കർ. ഇറ്റാലിയൻ ലീഗിൽ 37 കളികളിൽ ഇമ്മോബിലെ സ്‌കോർ ചെയ്തത് 36 ഗോളാണ്. മുപ്പതുകാരന്റെ ഉജ്വല ഫോമിലാണ് ഈ സീസണിൽ ലാസിയൊ കുതിച്ചത്. അവസാന ഘട്ടം വരെ അവർ യുവന്റസിന് പിന്നിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്നു. 
മെസ്സിക്കും റൊണാൾഡോക്കുമിടയിൽ
ജർമൻ ലീഗിൽ ഗോളടിച്ചു കൂട്ടിയ റോബർട് ലെവൻഡോവ്‌സ്‌കിയെ പോലും ഇമ്മോബിലെ മറികടന്നു. 34 ഗോളാണ് ലെവൻഡോവ്‌സ്‌കിയുടെ സമ്പാദ്യം. റൊണാൾഡോയെയും ലെവൻഡോവ്‌സ്‌കിയെയുമൊക്കെ പിന്നിലാക്കി എന്നാലോചിക്കുമ്പോൾ അദ്ഭുതം തോന്നുന്നുവെന്ന് ഇമ്മോബിലെ പറഞ്ഞു.
യൂറോപ്യൻ ഗോൾഡൻ ഷൂ കഴിഞ്ഞ വർഷങ്ങളിൽ നേടിയവരുടെ പേരുകൾ നോക്കൂ.. മെസ്സി, മെസ്സി, ലൂയിസ് സോറസ്, റൊണാൾഡൊ, മെസ്സി, മെസ്സി, റൊണാൾഡൊ, മെസ്സി.. ലിയൊ-ക്രിസ്റ്റിയാനൊ ഇരട്ടപ്പോരിൽ ഞാൻ അതിർത്തി കടന്നുവന്നിരിക്കുകയാണ്. ഇതിന് എന്റെ ടീമിനോട്് നന്ദിയുണ്ട് -ഇമ്മോബിലെ പറഞ്ഞു.
പെനാൽട്ടി വീരൻ 
ഇമ്മോബിലെയുടെ ഗോളുകളിൽ പതിനാലെണ്ണം പെനാൽട്ടിയിൽ നിന്നാണ്. ക്രിസ്റ്റ്യാനോയാണ് ഇറ്റാലിയൻ ലീഗിൽ ടോപ്‌സ്‌കോറർമാരിൽ രണ്ടാമത്. റൊണാൾഡോയുടെ 31 ഗോളിൽ പന്ത്രണ്ടെണ്ണം പെനാൽട്ടിയിൽ നിന്നാണ്. മെസ്സിക്ക് അഞ്ച് പെനാൽട്ടിയുൾപ്പെടെ 25 ലീഗ് ഗോളുകളേ സാധ്യമായുള്ളൂ. 
ലെവൻഡോവ്‌സ്‌കിയുടെ 34 ഗോളുകളിൽ അഞ്ചെണ്ണം മാത്രമാണ് പെനാൽട്ടി. പെനാൽട്ടിയിൽ നിന്നല്ലാതെ ലെവൻഡോവ്‌സ്‌കി നേടിയത് 29 ഗോളുകൾ, ഇമ്മോബിലെക്ക് സാധിച്ചത് 24 ഗോളുകൾ മാത്രം. അതിനാൽ ഇമ്മോബിലെയാണ് യൂറോപ്പിലെ ടോപ് ഗോൾസ്‌കോറർ എന്ന് കരുതുന്നവർ ഏറെയുണ്ട്. 
ഇറ്റാലിയൻ ലീഗിന്റെ ഒരൊറ്റ സീസണിൽ ഇമ്മോബിലെയെക്കാൾ കൂടുതൽ സ്‌കോർ ചെയ്തവരായി ആരുമില്ല. 2015-16 സീസണിൽ ഗോൺസാലൊ ഹിഗ്വയ്‌നും 36 ഗോളടിച്ചിട്ടുണ്ട്. തനിക്ക് ഗോൾഡൻ ഷൂ കിട്ടിയതിൽ പെനാൽട്ടികൾക്ക് എത്ര പങ്കുണ്ട് എന്ന കാര്യം ഇമ്മോബിലെക്ക് ബോധ്യമുണ്ട്. പലപ്പോഴും സഹതാരങ്ങൾക്ക് ഇമ്മോബിലെ അവസരം കൊടുത്തിട്ടുണ്ട്. 
ഡിസംബറിൽ യൂഡിനീസെക്കെതിരെ പെനാൽട്ടി അടിച്ച് ഗോളാക്കിയത് ലൂയിസ് ആൽബർടോയാണ്. എന്നാൽ ഒക്ടോബറിൽ ഫിയറന്റീനക്കെതിരായ കളിയിൽ ഫെലിപ്പെ സായ്‌സീഡോക്ക് പിഴച്ചു. 36 ഗോളടിച്ചതിന് പുറമെ എട്ട് ഗോളിന് വഴിയൊരുക്കുകയും ചെയ്തു ഇമ്മോബിലെ. 
നേപ്പ്ൾസും നാപ്പോളിയും
ലാസിയോയിൽ ഇത് ഇമ്മോബിലെയുടെ നാലാം സീസണാണ്. കഴിഞ്ഞ മൂന്ന് സീസണിലും 20 ഗോളെങ്കിലുമടിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് മിഡ്ഫീൽഡർ ഡാവിഡ് സിൽവ അടുത്ത സീസണിൽ ലാസിയോയിലെത്തുകയാണ്. സിൽവ എത്തുന്നതോടെ ഇമ്മോബിലെക്ക് കൂടുതൽ ഗോളടിക്കാനാവുമെന്നാണ് വിശ്വാസം. 
നേപ്പ്ൾസ് സ്വദേശിയാണ് ഇമ്മോബിലെ. നാപ്പോളിയായിരുന്നു ഇഷ്ട ടീം. എന്നാൽ നാപ്പോളിയുടെ ജഴ്‌സിയിടാൻ ഇമ്മോബിലെക്ക് ഇതുവരെ സാധിച്ചിട്ടില്ല. 2016 ൽ നാപ്പോളിയിൽ ചേരാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. മൂന്നു വർഷത്തേക്ക് കൂടി കരാർ നീട്ടി 2025 വരെ ലാസിയോയിൽ തുടരാനാണ് ഇപ്പോൾ ഇമ്മോബിലെ ആഗ്രഹിക്കുന്നത്. നാപ്പോളിയുടെ കളികളെ ഇഷ്ടത്തോടെ ഞാൻ പിന്തുടരാറുണ്ട്. പക്ഷെ അവർക്കു കളിക്കാനുള്ള ശ്രമം എന്തുകൊണ്ടോ പൂവണിഞ്ഞില്ല. എന്നാൽ ലാസിയോ എനിക്കു തന്ന അംഗീകാരം വിലമതിക്കാനാവാത്തതാണ് -ഇമ്മോബിലെ പറഞ്ഞു. 
ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുനൈറ്റഡ് ഇമ്മോബിലെയിൽ താൽപര്യം കാണിച്ചിരുന്നു. സൗദി നേതൃത്വത്തിൽ ന്യൂകാസിൽ ഏറ്റെടുക്കാൻ ശ്രമം നടക്കുന്നതിനിടെയായിരുന്നു ഇത്. എന്നാൽ ആ നീക്കത്തിൽ നിന്ന് സംഘം പിന്മാറി. 
വില്ലാളി വീരന്മാർ
ഗോൾഡൻ ഷൂ ബഹുമതിയിൽ ഇമ്മോബിലെക്ക് പിന്നിലുള്ളവരെല്ലാം ഡിഫന്റർമാരുടെ പേടിസ്വപ്‌നങ്ങളാണ്, പരിചയസമ്പന്നരും. മുപ്പത്തൊന്നുകാരനായ ലെവൻഡോവ്‌സ്‌കിയാണ് രണ്ടാം സ്ഥാനത്ത് (34 ഗോൾ), അഞ്ചു തവണ ബാലൻഡോർ നേടിയ (31 ഗോൾ) റൊണാൾഡോക്ക് 35 കഴിഞ്ഞു. 25 ഗോളടിച്ച മെസ്സിക്ക് 33 വയസ്സായി. പ്രീമിയർ ലീഗിലെ ടോപ്‌സ്‌കോറർമാരായ ജെയ്മി വാർദിക്കും (23 ഗോൾ) പിയറി എമറിക് ഓബമെയാംഗിനും (22 ഗോൾ) മുപ്പതാം ജന്മദിനം കഴിഞ്ഞു. 
ഈ സീസണിൽ ഇമ്മോബിലെ രണ്ട് ഹാട്രിക്കുകൾ സ്‌കോർ ചെയ്തു. ഏഴ് മത്സരങ്ങളിൽ ഇരട്ട ഗോളടിച്ചു. ലാസിയോക്കു വേണ്ടി 178 കളികളിൽ 125 ഗോളായി. ക്ലബ്ബിന്റെ ഓൾ ടൈം സ്‌കോറർമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത്. ലാസിയോയുടെ ടോപ്‌സ്‌കോററാവാൻ 25 ഗോൾ കൂടി മതി. 
ജെസീക്ക -ഇമ്മോബിലെയുടെ ഗോൾ
ഇറ്റലിയിലെ ഗ്ലാമർ ദമ്പതികളാണ് ഇമ്മോബിലെയും സുന്ദരിയായ ഭാര്യ ജെസിക്ക മെലീനയും. 2012 ൽ യുവന്റസിൽ നിന്ന് ലോണിൽ അറിയപ്പെടാത്ത ക്ലബ് പെസ്‌കാരയിൽ കളിക്കുന്ന കാലത്താണ് മെലീനയെ ഇമ്മോബിലെ കണ്ടുമുട്ടുന്നത്. ഏതാനും വർഷത്തിനു ശേഷം വിവാഹിതരായി. ഇപ്പോൾ മൂന്നു കുട്ടികളുണ്ട്. ഒരു റെസ്‌റ്റോറന്റിൽ വെച്ചായിരുന്നു അവരുടെ കൂടിക്കാഴ്ച. ആദ്യ കാഴ്ചയിലെ പ്രണയമായിരുന്നു ഇവരുടേതും. ആദ്യം കണ്ടതിന്റെ മൂന്നാം നാൾ ഇമ്മോബിലെ എഴുതി, താൻ എന്റെ മക്കളുടെ അമ്മയാവണമെന്ന്. അത്രക്ക് വേണോയെന്ന് തിരിച്ചു ചോദിച്ചെങ്കിലും ഇമ്മോബിലെയുടെ പ്രണയത്തിനു മുന്നിൽ മെലീന വീണു. എൽഅക്വീല യൂനിവേഴ്‌സിറ്റിയിൽ അപ്പോൾ ക്രിമിനോളജിക്കും ഫോറൻസിക് സയൻസസിനും പഠിക്കുകയായിരുന്നു മെലീന. ടി.വി ഷോകളിൽ ആകൃഷ്ടയായി ക്രൈം അന്വേഷണത്തിലായിരുന്നു താൽപര്യം. ആദ്യ കൂടിക്കാഴ്ച കഴിഞ്ഞ് ഏതാനും മാസത്തിനു ശേഷം അവർ ഒരുമിച്ചു താമസം തുടങ്ങി. ആറു മാസത്തിനകം ഗർഭിണിയായി. അതോടെ പഠനം നിർത്തി. മെലീനയുടെ നാടായ ബുചിയാനിക്കോയിൽ 2014 ലായിരുന്നു വിവാഹം.
 

Latest News