Sorry, you need to enable JavaScript to visit this website.

സ്വപ്‌നമുന്നേറ്റം, ക്രൂര അന്ത്യം

ലിസ്ബണ്‍ - അരങ്ങേറ്റ സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ അറ്റ്‌ലാന്റ നടത്തിയ സ്വപ്‌നമുന്നേറ്റത്തിന് ക്രൂരമായ അന്ത്യം. അവസാനം വരെ മുന്നിട്ടുനിന്ന അവര്‍ അവസാന മിനിറ്റുകളില്‍ വീണ രണ്ടു ഗോളിലാണ് മൂക്കുകുത്തിയത്. ഇത്തവണ ഒറ്റപ്പാദ മത്സരമായതിനാല്‍ തിരിച്ചുവരവിന് അവര്‍ക്ക് അവസരമുണ്ടായില്ല.
കൊറോണ ഏറ്റവും ദുരന്തം വിതച്ച പ്രദേശങ്ങളിലൊന്നായ ബെര്‍ഗാമോയുടെ പ്രതീക്ഷയായിരുന്നു അവര്‍. പണക്കൊഴുപ്പിന്റെ ടീമായ പി.എസ്.ജിയെ അട്ടിമറിച്ചിരുന്നുവെങ്കില്‍ അവരുടെ പേര് ചരിത്രത്തില്‍ രേഖപ്പെടുത്തുമായിരുന്നു. എന്നാല്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയിരിക്കെ അവരില്‍ നിന്ന് പി.എസ്.ജി വിജയവും സ്വപ്‌നവും പറിച്ചെടുത്തു. എസ്റ്റേഡിയൊ ദാ ലൂസ് അവരുടെ കണ്ണീരില്‍ കുതിര്‍ന്നു. ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ മാരിയൊ പസാലിച് വളച്ചുവിട്ട ഷോട്ടിലൂടെ ഇരുപത്തേഴാം മിനിറ്റ് മുതല്‍ അവര്‍ ലീഡ് ചെയ്യുകയായിരുന്നു.
പി.എസ്.ജി നെയ്മാറിന് നല്‍കുന്ന പ്രതിഫലത്തിന്റെ അത്രയും തുക കൊണ്ടാണ് അറ്റ്‌ലാന്റ ഒരു വര്‍ഷം മൊത്തം കളിക്കാര്‍ക്ക് വേതനം നല്‍കുന്നത്. അത്തരമൊരു ടീമിനോട് പി.എസ്.ജി തോറ്റിരുന്നുവെങ്കില്‍ ലോക ഫുട്‌ബോളില്‍ അത് കൊടുങ്കാറ്റായേനേ.
മത്സരത്തിന് കാണികളെ പ്രവേശിപ്പിച്ചിരുന്നില്ലെങ്കിലും നിരവധി അറ്റ്‌ലാന്റ ആരാധകര്‍ ലിസ്ബണിലെത്തിയിരുന്നു. മത്സരത്തിനായി വരുന്ന കളിക്കാരെ സ്റ്റേഡിയത്തിന് പുറത്തുനിന്ന് അവര്‍ ആശീര്‍വദിച്ചു.
കൊറോണ വൈറസിന്റെ ഓര്‍മച്ചിത്രങ്ങളിലൊന്നാണ് അറ്റ്‌ലാന്റ സ്ഥിതിചെയ്യുന്ന ബെര്‍ഗാമൊ. ഒരു സമയത്ത് ആര്‍മി ട്രക്കുകളിലാണ് ആശുപത്രികളില്‍ നിന്ന് മൃതദേഹങ്ങള്‍ നീക്കം ചെയ്തത്.
അറിയപ്പെടാത്ത കാമറൂണ്‍ ഇന്റര്‍നാഷനല്‍ ചൂപൊ മോടിംഗിനായി അവരുടെ സ്വപ്‌നത്തില്‍ അവസാനത്തെ ആണിയടിക്കാനുള്ള നിയോഗം. നെയ്മാറിനായി റെക്കോര്‍ഡ് തുക ചെലവിട്ട പി.എസ്.ജിക്ക് ചുളുവിലക്ക് കിട്ടിയതാണ് മുപ്പത്തൊന്നുകാരനെ. സ്‌റ്റോക്ക് സിറ്റി രണ്ടു വര്‍ഷം മുമ്പ് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നിന്ന് തരംതാഴ്ത്തപ്പെട്ടപ്പോള്‍ ഫ്രീ ട്രാന്‍സ്ഫറില്‍ പി.എസ്.ജിയില്‍ ചേരുകയായിരുന്നു. ചാമ്പ്യന്‍സ് ലീഗിനുള്ള പി.എസ്.ജിയുടെ വിശാല ടീമില്‍ പോലും ആദ്യം ചൂപൊ ഉണ്ടായിരുന്നില്ല. കൊറോണ കാരണം സീസണ്‍ നീണ്ടതാണ് മോടിംഗ് പി.എസ്.ജിയില്‍ തുടരാന്‍ കാരണം. അല്ലെങ്കില്‍ കരാര്‍ അവസാനിച്ചിട്ടുണ്ടാവുമായിരുന്നു.



 

Latest News