Sorry, you need to enable JavaScript to visit this website.

യദുകൃഷ്ണന്റെ വിശേഷങ്ങൾ...

1986 ലാണ് യദുകൃഷ്ണൻ എന്ന നടൻ ബാലതാരമായി മലയാളികളുടെ മനസ്സിലേക്ക് നടന്നു കയറിയത്. ബാലചന്ദ്ര മേനോൻ സംവിധാനം  ചെയ്ത 'വിവാഹിതരേ ഇതിലെ ഇതിലെ' ആയിരുന്നു ആദ്യ ചിത്രം. 

അഭിനയ ജീവിതത്തിന്റെ മൂന്നര പതിറ്റാണ്ടിലേക്ക് കടക്കുകയാണ് നടൻ യദുകൃഷ്ണൻ. സിനിമയിലും സീരിയലിലും തിളങ്ങി ഇപ്പോഴും അഭ്രപാളികളിൽ ഈ നടൻ വിസ്മയം തീർക്കുന്നു. 
1986 ലാണ് യദുകൃഷ്ണൻ എന്ന നടൻ ബാലതാരമായി മലയാളികളുടെ മനസ്സിലേക്ക് നടന്നു കയറിയത്. ബാലചന്ദ്ര മേനോൻ സംവിധാനം  ചെയ്ത 'വിവാഹിതരേ ഇതിലെ ഇതിലെ' ആയിരുന്നു ആദ്യ ചിത്രം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സന്മനസ്സുള്ളവക്ക് സമാധാനത്തിൽ ഗോപാലകൃഷ്ണപ്പണിക്കർ എന്ന വീട്ടുടമസ്ഥനായ ലാലേട്ടനെ പോടാ എന്ന് വിളിച്ചു ഓടിപ്പോകുന്ന ബാലനെയാണ് മലയാളികളിൽ മിക്കവരും ഓർമയിൽ സൂക്ഷിക്കുന്നത്. ഒട്ടേറെ മലയാള സിനിമയിൽ അഭിനയിച്ചുവെങ്കിലും മലയാള ടെലിവിഷൻ സീരിയലുകളിലേക്കു ചുവട് മാറ്റിയപ്പോൾ മുതലാണ് മലയാളികളുടെ പ്രിയ അഭിനേതാവായി യദുകൃഷ്ണൻ മാറുന്നത്. സീരിയലുകളുടെ അഭിവാജ്യ ഘടകമാണ് ഇന്ന് അദ്ദേഹം.  സീ കേരളത്തിലെ 'കാർത്തികദീപം' എന്ന സീരിയലിലെ കണ്ണൻ എന്ന കഥാപാത്രമാണ് യദുവിന്റെ ഏറ്റവും പുതിയ സീരിയൽ. 
ലോക്ഡൗൺ കാലത്ത് വീട്ടിൽ തന്നെയാണ് കഴിഞ്ഞുവരുന്നത്. പറമ്പിലൊക്കെ കറങ്ങി നടക്കുക. കൃഷിപ്പണികൾ ചെയ്യുക ഇതൊക്കെയാണ് പ്രധാനമായും ഉള്ളത്. സഹോദരൻ  വിധു കൃഷ്ണൻ പറമ്പിലൊക്കെ സജീവമായി കൃഷി ചെയ്തിട്ടുണ്ട്. അവിടെ പോയി സഹായിക്കും. പിന്നെ കുട്ടികളോടൊപ്പം ഫുട്‌ബോൾ കളി, വ്യായാമം ഇതൊക്കെ തന്നെ.  കെ.കെ. രാജീവിന്റെ സഹസംവിധായകനായിരുന്ന സന്തോഷ് വിശ്വനാഥന്റെ ആദ്യ സിനിമ 'വൺ' ആണ് ഒടുവിൽ അഭിനയിച്ച സിനിമ. മമ്മൂട്ടിയാണ് നായകൻ. തിരുവനന്തപുരത്തായിരുന്നു ഷൂട്ടിംഗ്. അതിൽ ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ്. സിങ്ക് സൗണ്ട് ആണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു വ്യത്യസ്തത തോന്നിയ ചിത്രമാണ് അത്. 
സിനിമയും സീരിയലും ഇഷ്ടമാണ്. രണ്ടും രണ്ട് മീഡിയങ്ങൾ ആണല്ലോ. രണ്ടു വ്യത്യസ്ത അനുഭവങ്ങളുമാണ്. സീരിയൽ വലിയ സ്‌പേസ് തരുന്ന ഒരിടമാണ്. അഭിനയത്തിന് വലിയ സാധ്യതയുണ്ടതിൽ. പിന്നെ ഒരു കഥാപാത്രത്തെ തന്നെ ദീർഘമായി അഭിനയിക്കാൻ കഴിയുന്നു. സിനിമ ഒരു ചരിത്രമാണ്. അതിൽ അഭിനയിച്ചാൽ നമ്മുടെ ഷെൽഫ് ലൈഫ് കൂടും. ആളുകൾ നമ്മളെ ഓർത്തിരിക്കും. ഇപ്പോഴും എന്റെ സിനിമയിലെ കഥാപാത്രങ്ങളാണ് പ്രേക്ഷകർക്കു ആദ്യം ഓർമയിൽ  വരിക. അഭിനയമാണ് നമ്മുടെ തൊഴിൽ. സിനിമയായാലും സീരിയലായാലും നമ്മൾ നമ്മുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുവെന്നും യദുകൃഷ്ണൻ പറയുന്നു.  
തിരുവനന്തപുരത്ത് പടിഞ്ഞാറേകോട്ടയാണ് യദുകൃഷ്ണന്റെ സ്വദേശം. അമ്മ വിജയലക്ഷ്മി, ഭാര്യ ലക്ഷ്മി, മകൾ ആരാധ്യ എന്നിവരാണ് തന്റെ ശക്തിയും പിന്തുണയുമെന്ന് യദുകൃഷ്ണൻ പറയുന്നു. അനിയൻ വിധു കൃഷ്ണനും നടനാണ്.  


 

Latest News