Sorry, you need to enable JavaScript to visit this website.

തിരിച്ചറിയപ്പെടേണ്ടത്  ജന്മദൗത്യങ്ങൾ

ദി അദർ സൈഡ് ഓഫ് ദി മൂൺ എന്ന പുസ്തകത്തിൽ മൈക്കൽ പാരി ചന്ദ്രനിൽ രണ്ടാമത് കാലു കുത്തിയ എഡ്വിൻ ആൾ ഡിൻ എന്ന ബഹിരാകാശ സഞ്ചാരിയുടെ സങ്കടകരമായ കഥ പറയുന്നതായി വായിച്ചിട്ടുണ്ട്. ജീവിതത്തിൽ എല്ലാ കാര്യത്തിലും ഒന്നാമനായിരുന്നു ആൾഡ്രിൻ. സ്‌കൂളിലും സർവകലാശാലയിലുമെല്ലാം ഏറ്റവും സമർത്ഥനായ വിദ്യാർത്ഥി. കിടയറ്റ അത്‌ലറ്റ്. ഉന്നതശീർഷനായ പൈലറ്റ് ട്രെയ്‌നി. ഏർപ്പെടുന്ന എല്ലാത്തിലും ഒന്നാമതാവൽ അവന്റെ ഒരു ജീവിതക്രമം തന്നെയായിരുന്നു. 
എന്നാൽ 1969 ജൂലൈ ഇരുപതിന് ചന്ദ്ര പ്രതലത്തിൽ നീൽ ആംസ്‌ട്രോങിന് ശേഷമേ അയാൾക്ക് കാലു കുത്താൻ കഴിഞ്ഞുള്ളൂ. മനുഷ്യ ചരിത്രത്തിൽ ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമൻ. ഒന്നാമത് കാലു കുത്തിയവനാവാൻ കഴിയാഞ്ഞത് അയാളെ വല്ലാതെ സങ്കടപ്പെടുത്തിയിരുന്നത്രേ. അതിനപ്പുറത്ത് ഒരു ഗോളും സെറ്റ് ചെയ്യാനില്ലാതിരുന്ന കേണൽ ആൾ ഡ്രിൻ നാസയിൽ നിന്ന് രാജിവെച്ചതിന് ശേഷം വിഷാദ രോഗത്തിനടിപ്പെട്ട് മദ്യപാനിയായി തീർന്നെന്നാണ് കഥ. 
പത്ത് വർഷത്തിനിടെ ആയിരത്തി എഴുന്നൂറിലധികം ചിത്രങ്ങൾ വരച്ച ലോക പ്രശസ്ത ചിത്രകാരൻ വിൻസന്റ് വാൻഗോഗ് മുപ്പത്തി ഏഴാമത്തെ വയസ്സിൽ മരിക്കുമ്പോൾ അതീവ ദരിദ്രനായിരുന്നു. ലോക ചിത്രകലയുടെ ഗതി മാറ്റിയവയാണ് വാൻഗോഗ് ചിത്രങ്ങൾ. എന്നാൽ അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ അവയിൽ ഒരെണ്ണം മാത്രമേ എൺപത്തിയഞ്ച് ഡോളറിനെങ്കിലും വിൽക്കാനായുള്ളൂ. തികഞ്ഞ പരാജയമാണ് താനെന്ന് കരുതി ജീവിച്ച് മരിച്ച വാ ഗോഗിന്റെ ചിത്രങ്ങളിലൊന്ന് മരണാനന്തരം ലേലത്തിൽ പോയത് അമ്പത് മില്യൺ ഡോളറിനായിരുന്നു. 
ഓരോരുത്തരും അതുല്യമായ പ്രതിഭയുമായാണ് പിറവിയെടുക്കുന്നത്. മരം കയറാനുള്ള കഴിവ് പരിശോധിച്ചാണ് മൽസ്യത്തിന്റെ പ്രതിഭ നിർണയിക്കുന്നതെങ്കിൽ എക്കാലത്തും താനൊരു കൊള്ളരുതാത്തവനാണെന്ന ബോധം പേറി മൽസ്യം നടക്കേണ്ടി വരുമെന്ന് ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞത് സ്മരണീയമാണ്. 
മറ്റുളളവർ ശോഭിക്കുന്ന കാര്യങ്ങളിൽ ശോഭിക്കാനല്ല നാം പരിശ്രമിക്കേണ്ടത്. ആ കാര്യങ്ങളിൽ അവരുമായി താരതമ്യം ചെയ്ത് ആത്മസംഘർത്തിനടിപ്പെട്ട് തള്ളി നീക്കി തീർക്കേണ്ടതുമല്ല നമ്മുടെ ജീവിതം. മറ്റുള്ളവരുമായി താരതമ്യം ചെയ്ത് സ്വയം പഴിക്കുന്നവർ സ്വയം അവഹേളിതരാവുകയാണ്. മാത്രമല്ല, അവർ സ്രഷ്ടാവായ ദൈവത്തെ അവമതിക്കുകയുമാണ്. നമുക്ക് മാത്രമായി നമ്മുടെ മാത്രം ശൈലിയിൽ നേടിയെടുക്കുക്കാവുന്ന ചില അപൂർവവ്വ നേട്ടങ്ങളുണ്ട്. നമ്മുടെ മാത്രമായ ചില ജന്മ ദൗത്യങ്ങൾ. അതിനായി മാത്രം നമ്മളിൽ തുടിക്കുന്ന ചില വിത്തുകൾ ഉണ്ട്. അവയെ പരിചരിച്ച് മുളപ്പിച്ചെടുക്കുക. അവതരണത്തിലും ആലാപനത്തിലും വരയിലും വരിയിലും നമുക്ക് മുമ്പേ പോയവരെ നാം ആവർത്തിക്കേണ്ടതില്ല. അതൊരു വിടുവേലയാവും.
ഒരു ഉപകാരവുമില്ലാത്ത പാഴ്‌വേല. നിങ്ങൾ നിങ്ങളായിരിക്കുന്നതിലുള്ള ഭംഗിയും തനിമയും നിങ്ങൾ മറ്റൊരാളെ അനുകരിക്കുമ്പോൾ നഷ്ടപ്പെടുന്നുണ്ടെന്നറിയുക. മറ്റുള്ളവരുടെ പ്രോൽസാഹനങ്ങൾക്കും അംഗീകാരങ്ങൾക്കുമായി കാത്തിരുന്ന് നിരാശപ്പെട്ട് വഴിയാധാരമാക്കേണ്ടതല്ലല്ലോ നമ്മുടെ വിശിഷ്ടമായ ആയുസ്സ്? ലൈക്കിനും ഷെയറിനും നിർലജ്ജമായി കെഞ്ചുന്ന ഒരു വികല മാനസികാവസ്ഥ പുതിയകാല മീഡിയകൾ ഒരു ഞരമ്പ് രോഗമായി വളർത്തിയെടുത്ത കാര്യം തിരിച്ചറിയപ്പെടേണ്ടതുണ്ട്.  മറ്റുള്ളവരിലെ സിദ്ധിയെയും പ്രതിഭയെയും കണ്ടെത്തി പരിപോഷിപ്പിക്കുകയെന്നത് തന്നെ ഒരു സിദ്ധിയാണ്. മികച്ച അധ്യാപകരും നേതാവും സുഹൃത്തുമൊക്കെയായിത്തീരുന്നതിന്റെ ലക്ഷണം കൂടിയാണത്. 
മറ്റുള്ളവരിൽ തിളങ്ങുന്ന ചില പ്രതിഭാ വിലാസങ്ങൾ കണ്ടെത്തി അവയെ പ്രോൽസാഹിപ്പിച്ച് വളർത്തിയെടുക്കുന്ന ഒരു മനസ്സിനുടമായാവുകയെന്നത് തന്നെ വലിയ ഒരു സൗഭാഗ്യമാണ്. അസൂയയും കുനുഷ്ഠും കൊടി കുത്തി വാഴുന്ന ലോകത്ത് അപരന്റെ നേട്ടങ്ങളിൽ ഹൃദ്യമായി ഒന്നു പുഞ്ചിരിക്കാൻ കൂടി മറന്നു പോവുന്നവരോ ബോധപൂർവം മറക്കുന്നവരോ ആണധികവും.
മറ്റുള്ളവരുടെ എളിയ ശ്രമങ്ങളെ, കൊച്ചു വിജയങ്ങളെ, സംഭാവനകളെ, കരുതിക്കൂട്ടി കണ്ടില്ലെന്ന് നടിക്കുന്ന മനസ്സ് രോഗാതുരമാണ്. നന്ദി ബോധവും അഭിനന്ദന വാക്കുകളും ഉള്ളിലിരിക്കേ അവ പ്രകാശിപ്പിക്കാതെ ഉള്ളിലടക്കി വെക്കുന്നവർ അനുഭവിക്കുന്ന വീർപ്പുമുട്ടൽ പിൽക്കാലത്ത് വൻ ദുരന്തമായി സ്വന്തം ജീവിതത്തിൽ തിരികെയെത്തുമെന്നറിയുക. എന്നാൽ ചിലരാവട്ടെ, പരിഗണനയേതുമില്ലാതെ തനിക്ക് പ്രിയപ്പെട്ടവരുടെ സർവ പരിശ്രമങ്ങളേയും വാരിക്കോരി പ്രകീർത്തിക്കും. ഒരർത്ഥത്തിൽ അതും പ്രതിഭാ പരിപോഷണത്തെ ഹാനികരമായി ബാധിക്കുമെന്നറിയണം. പ്രകീർത്തനത്തിലും പ്രതിഷേധത്തിലും വാഴ്ത്തലിലും ഇകഴ്ത്തലിലും ഒരു മധ്യമ നില കൈക്കൊള്ളുന്നതായിരിക്കും ഏറെ ആരോഗ്യകരം എന്നത് വിസ്മരിക്കാതിരിക്കുക. 
ഇണയിൽ, സന്താനങ്ങളിൽ, സഹപ്രവർത്തകരിൽ സഹപാഠികളിൽ പൂവിടുന്ന നന്മയുടേയും സർഗശേഷിയുടേയും കാരുണ്യ ഭാവത്തിന്റേയും  കണ്ടെടുപ്പുകാരാവാനും കാവലാളാവാനും മനസ്സ് പാകപ്പെടുമ്പോൾ ജീവിതം കൂടുതൽ അർത്ഥപൂർണവും സുന്ദരവുമാവും. തന്റെ ഒരു വാക്കിനാൽ, നോട്ടത്താൽ, കുറിപ്പിനാൽ, സന്ദർശനത്താൽ, അതുമല്ലെങ്കിൽ ഒരു നേരത്തെ ആത്മാർത്ഥമായ ഒരു പ്രാർത്ഥനയാൽ വീടിനും കുടുംബത്തിനും സമൂഹത്തിനും ലോകത്തിനും ഉതകുന്ന തരത്തിൽ ഒരു ജീവിതം കൂടുതൽ ശോഭിച്ച് പ്രയോജനപ്പെടുന്നതും പ്രഫുല്ലമാവുന്നതും കാണാൻ കൊതിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഇനി മുതൽ അന്യരുടെ കുറ്റം കാണുന്നതിനേക്കാൾ കൂടുതൽ അവരിലെ പ്രതിഭയുടെ മിന്നലാട്ടത്തെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിലായിരിക്കും നിങ്ങളുടെ ശ്രദ്ധ.
 

Latest News