Sorry, you need to enable JavaScript to visit this website.

ആലാപനത്തിൽനിന്ന് അഭിനയത്തിലേക്ക്

ഒന്നര പതിറ്റാണ്ടോളമായി മലയാളിയുടെ സംഗീത മുറിയിൽ ഈ ഗായികയുടെ സ്വരസാന്നിധ്യവുമുണ്ട്. എന്നാൽ ആലാപനം മാത്രമല്ല, സംഗീത സംവിധാനവും അഭിനയവും തനിക്ക് വഴങ്ങുമെന്ന് ചില ആൽബങ്ങളിൽ അഭിനയിച്ചുകൊണ്ട് അവർ തെളിയിച്ചിരുന്നു.

വേറിട്ട ആലാപന ശൈലി കൊണ്ടും ശബ്ദം കൊണ്ടും സംഗീതാസ്വാദകർക്ക് പ്രിയങ്കരിയായി മാറിയ ഗായികയാണ് മഞ്ജരി. കർണ്ണാട്ടിക്കും ഹിന്ദുസ്ഥാനിയും റാപ്പും ഫ്യൂഷനും മാത്രമല്ല, നല്ലൊരു ഗസൽ ഗായികയും. ഒന്നര പതിറ്റാണ്ടോളമായി മലയാളിയുടെ സംഗീത മുറിയിൽ ഈ ഗായികയുടെ സ്വരസാന്നിധ്യവുമുണ്ട്. എന്നാൽ ആലാപനം മാത്രമല്ല, സംഗീത സംവിധാനവും അഭിനയവും തനിക്ക് വഴങ്ങുമെന്ന് ചില ആൽബങ്ങളിൽ അഭിനയിച്ചുകൊണ്ട് അവർ തെളിയിച്ചിരുന്നു. മികച്ച ടീമിനൊപ്പമുള്ള ഒരു സിനിമയിലേയ്ക്ക് ക്ഷണം ലഭിക്കുകയാണെങ്കിൽ അഭിനയത്തെക്കുറിച്ചും ചിന്തിക്കുമെന്നാണ് മഞ്ജരിയുടെ പക്ഷം. ലോക്ഡൗൺ കാലത്തെ വിരസതകൾക്കിടയിൽ കവർ സോംഗിനും കമ്പോസിംഗിനും സമയം കണ്ടെത്തുന്ന മഞ്ജരി സംസാരിച്ചു തുടങ്ങുകയാണ് പിന്നിട്ടുപോന്ന ജീവിത വഴികളെക്കുറിച്ച്...

പുതിയതായി ഒരുക്കിയ കവർ സോംഗിനെക്കുറിച്ച്?
വീട്ടിൽ വെറുതെയിരിക്കുമ്പോൾ തോന്നിയതാണത്. ബോംബെ എന്ന ചിത്രത്തിൽ എ.ആർ. റഹ്മാൻ സാർ ഒരുക്കിയ 'മലരോട് മലരിംഗ്...' എന്ന ഗാനത്തിനാണ് കവർ സോംഗ് ഒരുക്കിയത്. ലോകം മുഴുവൻ ദുരിതം വിതയ്ക്കുന്ന കോവിഡിനെതിരെ പരസ്പര സഹായവും മനുഷ്യത്വവും സ്‌നേഹവും കാണിക്കുക എന്ന സന്ദേശമാണ് ഈ കവർ സോംഗിലൂടെ ലക്ഷ്യമാക്കിയത്. മാത്രമല്ല, രണ്ടു പാട്ടുകളും കമ്പോസ് ചെയ്തിട്ടുണ്ട്.

മുമ്പ് അനുരാഗം എന്ന ആൽബത്തിൽ പാടി അഭിനയിച്ചിട്ടുണ്ടല്ലോ?
കുറെ മുമ്പാണത്. ഐ അയ്യാ എന്നൊരു സംഗീത ആൽബം ഹിന്ദിയിൽ ഒരുക്കിയ ധൈര്യത്തിലാണ് മലയാളത്തിലും ഒരു ആൽബം ചെയ്താലോ എന്നു ചിന്തിച്ചത്. കുട്ടിക്കാലം തൊട്ടേ പാട്ടു കേൾക്കുമ്പോൾ അതിലെ വരികളും സംഗീതവുമെല്ലാം ശ്രദ്ധിക്കാറുണ്ടായിരുന്നു. ആൽബത്തിലെ പാട്ടുകളും സ്വന്തമായി ചിട്ടപ്പെടുത്തണമെന്നു തോന്നി. ഗുരുസ്ഥാനീയനായ കൈതപ്രം സാറാണ് വരികളെഴുതിത്തന്നത്. രാഗം അനുരാഗം എന്ന തുടങ്ങുന്ന വരികൾക്ക് ഞാൻ തന്നെ ഈണം നൽകി. ചിത്രീകരണത്തിനുള്ള ലൊക്കേഷൻ സന്ദർശിക്കാനാണ് ബംഗളൂരുവിലെത്തിയത്. അവിടെ വി.കെ.പിയെ ചെന്നു കണ്ടപ്പോൾ അദ്ദേഹം പാട്ടു കേട്ടു. മൂന്നാറിൽ ചിത്രീകരിക്കാമെന്ന ഉപദേശം അദ്ദേഹത്തിന്റേതായിരുന്നു. അദ്ദേഹം തന്നെ ഷൂട്ട് ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. ആൽബത്തിൽ പാടി അഭിനയിക്കുകയെന്നത് ശരിക്കുമൊരു വെല്ലുവിളിയായിരുന്നു. എന്നാൽ വി.കെ.പിയുടെ പ്രോത്സാഹനത്തിൽ ഒരു ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കി. ആൽബം ലോഞ്ച് ചെയ്യാനെത്തിയത് മമ്മൂക്കയായിരുന്നു. കൂടാതെ സംവിധായകരും നടീനടന്മാരും പ്രോത്സാഹനവുമായി കൂടെ നിന്നു. വീഡിയോ കണ്ടപ്പോൾ മമ്മൂക്ക ചോദിച്ചിരുന്നു, സിനിമയിലേയ്ക്ക് വരുന്നോ എന്ന്. ആ ക്ഷണം സ്‌നേഹപൂർവം നിരസിക്കുകയായിരുന്നു. പിന്നീട് ഓ സനം, മഴമേഘം, ഖമർ... തുടങ്ങിയ ആൽബങ്ങളിലും പാടിയിരുന്നു.

ഇപ്പോഴത്തെ സിംഗിൾ ജീവിതം ഇഷ്ടപ്പെട്ടു തുടങ്ങിയോ?
വർഷങ്ങൾ ഏറെയായി ഏകാന്ത ജീവിതം നയിക്കാൻ തുടങ്ങിയിട്ട്. ഒത്തുപോകാൻ സാധിക്കാതെ വന്നപ്പോഴാണ് വിവാഹ മോചിതയായത്. ഇപ്പോൾ ഞാൻ വളരെ സന്തോഷവതിയാണ്. തിരുവനന്തപുരത്തെ ഫ്‌ളാറ്റിൽ ഞാനും അമ്മയും കഴിയുന്നു. ഇഷ്ടമുള്ള ജോലി ചെയ്യുന്നു. ജീവിതത്തെ വളരെ പോസിറ്റീവായാണ് കാണുന്നത്. ആകെയുള്ള ഒരു ജീവിതം അടിപൊളിയായി ജീവിക്കാൻ ശ്രമിക്കുകയാണ്. വ്യക്തിജീവിതം പലപ്പോഴും മാറിമറിഞ്ഞിട്ടുണ്ട്. അവിടെയെല്ലാം തുണയായി കരുത്തു പകർന്നത് സംഗീതമാണ്. എന്നാൽ സംഗീതത്തെ സ്‌നേഹിക്കുന്ന, എന്റെ പ്രൊഫഷനെക്കുറിച്ചറിയുന്ന, എന്നെ മനസ്സിലാക്കുന്ന ഒരാളെ കണ്ടുമുട്ടിയാൽ ഈ ജീവിതം മാറുമോയെന്നു പറയാനാവില്ല.

അഭിനയത്തിലേക്കുള്ള ചവിട്ടുപടിയാണോ ഈ മേയ്‌ക്കോവർ?
ഒരിക്കലുമല്ല. അഭിനയിക്കാനോ മോഡലിംഗിനോ ഒന്നുമല്ല ഈ മാറ്റം. മാറ്റം ഇഷ്ടപ്പെടാത്തവരായി ആരുണ്ട്. എന്റെ സന്തോഷത്തിനാണ് ഞാനിങ്ങനെ ചെയ്യുന്നത്. മസ്‌കത്തിലെ പഠനകാലത്ത് വെറുമൊരു പാവം കുട്ടിയായിരുന്നു. ഡിഗ്രി പഠനത്തിനായി തിരുവനന്തപുരം വിമൻസ് കോളേജിലെത്തിയപ്പോഴും അങ്ങനെ തന്നെ. സൽവാറണിഞ്ഞ് മൂടിക്കെട്ടി പാട്ടുപാടുന്ന പെൺകുട്ടി എന്നായിരുന്നു വിശേഷണം. മുംബൈയിലെ ഉപരിപഠനമാണ് വഴിത്തിരിവായത്. ചിന്താഗതിയിലും ജീവിത രീതിയിലുമെല്ലാം ഒട്ടേറെ മാറ്റമാണ് മുംബൈ ജീവിതം സമ്മാനിച്ചത്. എല്ലാവരും ഇഷ്ടപ്പെടുന്ന വസ്ത്രം ധരിച്ച് വളരെ ഫ്രീസ്റ്റൈലായാണ് അവിടെ ജീവിച്ചിരുന്നത്. അത് എന്നിലും ചലനങ്ങളുണ്ടാക്കി. മാറ്റങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങിയപ്പോൾ പുതിയ സ്റ്റൈലുകളും പരീക്ഷിച്ചുതുടങ്ങി.

സംഗീത വഴിയിൽ ഏറെ ഭാഗ്യവതിയാണെന്ന് തോന്നിയിട്ടുണ്ടോ?
തീർച്ചയായും. ചെറിയ പ്രായത്തിൽ തന്നെ പ്രഗത്ഭരായ ഒട്ടേറെ സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞു. ദേവരാജൻ മാസ്റ്ററുടെയും അർജുനൻ മാസ്റ്ററുടെയും എം.ജി. രാധാകൃഷ്ണൻ സാറിന്റെയും രവീന്ദ്രൻ മാഷുടെയും എസ്.പി. വെങ്കിടേഷ് സാറിന്റെയും എസ്. ബാലകൃഷ്ണൻ സാറിന്റെയുമെല്ലാം ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഭാഗ്യമല്ല, മഹാഭാഗ്യമായാണ് കാണുന്നത്. ഇങ്ങനെയുള്ള പ്രതിഭാധനന്മാരുടെ ഗാനങ്ങൾ ആലപിക്കാൻ കഴിഞ്ഞവർ വളരെ അപൂർവമാണ്. അവരെയെല്ലാം ആരാധനയോടെയാണ് കാണുന്നത്. ഇനിയും കൂടുതൽ ഉയരങ്ങളിലേക്കുള്ള യാത്രയാണ് ഇഷ്ടപ്പെടുന്നത്. സംഗീതത്തെക്കുറിച്ച് കൂടുതൽ പഠിച്ചുകൊണ്ടിരിക്കുകയാണിപ്പോഴും.

അന്യഭാഷയിൽ നിന്നുമെത്തി മലയാളത്തിൽ പാടുന്നവരെക്കുറിച്ച്?
അതിൽ യാതൊരു വിഷമവുമില്ല. സംഗീത സംവിധായകരുടെ വ്യക്തിപരമായ കാര്യങ്ങളാണത്. തന്റെ പാട്ട് ആരെക്കൊണ്ട് പാടിക്കണമെന്ന് നിശ്ചയിക്കുന്നത് അവരാണ്. മലയാളികളല്ലാത്ത ഗായകർക്ക് മലയാളത്തിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നുണ്ടെങ്കിൽ അതവരുടെ കഴിവും ഭാഗ്യവും കൊണ്ടാണ്. അതിൽ വിഷമിച്ചിട്ട് കാര്യമില്ല. അർഹതക്ക് എവിടെയും അംഗീകാരം ലഭിക്കും. അംഗീകാരത്തിന് അർഹരാണെങ്കിൽ അത് നമ്മിൽ വന്നുചേരുമെന്ന വിശ്വാസക്കാരിയാണ് ഞാൻ.

വൈവിധ്യമാർന്ന ആലാപന ശൈലി?
വെല്ലുവിളികളേറെയുള്ള ഗാനങ്ങളായിരുന്നു തുടക്കത്തിൽ ലഭിച്ചതെല്ലാം. ആദ്യമായി സംസ്ഥാന അവാർഡ് ലഭിച്ച ഗാനം തന്നെ മകൾക്ക് എന്ന ചിത്രത്തിലെ 'മുകിലിൻ മകളേ...' എന്നതായിരുന്നു. ആദ്യ രണ്ടു വരി ആർക്കും മൂളാനാവും. പിന്നീടുള്ള വരികൾ ശരിക്കും ബുദ്ധിമുട്ടായിരുന്നു. ശരിക്കും കഠിനാധ്വാനം ചെയ്താണ് ആ പാട്ടു പാടിയത്. പിന്നീട് ഗർഷോം എന്ന ചിത്രത്തിലെ 'പറയാൻ മറന്ന പരിഭവങ്ങൾ...' എന്ന ഗാനവും നന്നായി വർക്കൗട്ട് ചെയ്താണ് പാടിയത്. സംഗീത സംവിധായകർക്ക് എന്നിലുള്ള വിശ്വാസമാണ് ഇത്തരം ഗാനങ്ങൾക്കായി എന്നെ തെിരഞ്ഞെടുത്തത്. ഗുരുക്കന്മാരുടെ അനുഗ്രഹം കൊണ്ടാണ് ഈ പാട്ടുകളെല്ലാം പാടാനുള്ള ശക്തി ലഭിച്ചത്. കർണ്ണാട്ടിക്കും ഹിന്ദുസ്ഥാനിയും ഗസലുമെല്ലാം ആലപിക്കുന്നതിനുള്ള ശക്തിയുണ്ടായതും എനിക്കു ലഭിച്ച ഗുരുക്കന്മാരുടെ പുണ്യമാണ്. നല്ല ഗുരുക്കന്മാർക്കു കീഴിൽ അഭ്യസിക്കാനായതുകൊണ്ടാണ് സംഗീത രംഗത്ത് നിലയുറപ്പിക്കാനുള്ള കരുത്തു കിട്ടിയത്.

കൊറോണക്കാലം എങ്ങനെ ചെലവഴിക്കുന്നു?
വല്ലാതെ ഡിപ്രഷൻ തോന്നുമ്പോൾ കോമഡി സിനിമകൾ കാണും. അതിലെ തമാശകൾ ആസ്വദിച്ച് ചിരിക്കും. കൂടാതെ പുതിയ സിനിമകളും കാണും. ഡ്രൈവ് ചെയ്യാനും ഏറെ ഇഷ്ടമാണ്. മനസ്സ് വല്ലാതെ ശൂന്യമാവുമ്പോൾ കാറെടുത്ത് യാത്ര പോവും. ഏറെ ദൂരെയൊന്നും പോകാറില്ല. അടുത്ത സ്ഥലങ്ങളിൽ ചുറ്റിക്കറങ്ങി തിരിച്ചുവരും. കാറുകളോട് എന്നും ഇഷ്ടമായിരുന്നു.
 

Latest News