കൊറോണ ബാധിച്ച ഹോക്കി താരത്തെ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി

ബംഗളൂരു - കൊറോണ ബാധിച്ച ആറ് ദേശീയ ഹോക്കി താരങ്ങളിലൊരാലായ ഫോര്‍വേഡ് മന്‍ദീപ് സിംഗിനെ എസ്.എസ്. സ്പര്‍ശ് മള്‍ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്കു മാറ്റി. ഒരു മാസത്തെ അവധിക്ക് നാട്ടില്‍ പോയി തിരിച്ചുവന്ന ശേഷം നടത്തിയ പരിശോധനയിലാണ് ആറ് കളിക്കാര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയത്. ആറു പേരെയും മെഡിക്കല്‍ സംഘം നിരീക്ഷിക്കുന്നുണ്ടെന്ന് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.
തിങ്കളാഴ്ച രാത്രി നടത്തിയ പരിശോധനയില്‍ മന്‍ദീപിന്റെ രക്തത്തിലെ ഓക്‌സിജന്‍ ലെവല്‍ സാധാരണയിലും കുറവായി കണ്ടതിനെത്തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്ന് പ്രസ്താവനയില്‍ സായ് അറിയിച്ചു. നിസ്സാരമായ തലത്തില്‍ നിന്ന് അല്‍പം മോശമായ അവസ്ഥയിലേക്ക് രോഗം മൂര്‍ഛിക്കുന്നതിന്റെ സൂചനയാണ് ഇതെന്നാണ് കരുതുന്നത്. തുടര്‍ന്ന് അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മുന്‍കരുതലെന്ന നിലയിലാണ് ഇതെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും പ്രസ്താവനയില്‍ വിശദീകരിച്ചു.
ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗ്, ഡിഫന്റര്‍ സുരേന്ദര്‍കുമാര്‍, ഡ്രാഗ്ഫ്‌ളിക്കര്‍ വരുണ്‍കുമാര്‍, ഗോള്‍കീപ്പര്‍ കൃഷ്ണബഹദൂര്‍ പഥക് എന്നിവര്‍ക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. എല്ലാവരെയും ദിവസം നാലു തവണ വിശദമായി പരിശോധിക്കുന്നുണ്ട്.

Latest News