ഐ.എസ്.എല്‍ വേദി കേരളത്തിന് കിട്ടുമോ, ഈയാഴ്ച അറിയാം

കൊല്‍ക്കത്ത - ഏഴാമത് ഐ.എസ്.എല്‍ ഫുട്‌ബോള്‍ കേരളത്തില്‍ നടത്തണമോ ഗോവയില്‍ നടത്തണമോയെന്നതു സംബന്ധിച്ച് ഏതാനും ദിവസത്തിനകം തീരുമാനമുണ്ടാവും. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇത്തവണ സീസണ്‍ മുഴുവന്‍ കേരളത്തിലോ ഗോവയിലോ ആയി നടത്താനാണ് നീക്കം. ഗോവയിലെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഐ.എസ്.എല്‍ സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് ലിമിറ്റഡിന്റെ (എഫ്.എസ്.ഡി.എല്‍) ഒമ്പതംഗ സംഘം ഗോവയിലെത്തി.
ഗോവയില്‍ മൂന്നു സ്‌റ്റേഡിയങ്ങളാണ് സംഘം പരിശോധിക്കുക. ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, വാസ്‌കോയിലെ തിലക് മൈതാന്‍, ബംബോലിം സ്‌റ്റേഡിയം എന്നിവ. പ്ത്ത് ട്രയ്‌നിംഗ് ഗ്രൗണ്ടുകളും സംഘം സന്ദര്‍ശിക്കും. നവംബര്‍ മൂന്നാം വാരം ഐ.എസ്.എല്‍ തുടങ്ങാനാണ് ആലോചന. പത്തു ടീമുകള്‍ പങ്കെടുക്കുന്ന ഐ.എസ്.എല്‍ ഇത്തവണ ജൈവസുരക്ഷാ കവചത്തില്‍ സംഘടിപ്പിക്കാനാണ് തീരുമാനം. കളിക്കാര്‍ ടൂര്‍ണമെന്റ് കഴിയുന്നതുവരെ ഒരേ വേദിയില്‍ തങ്ങും. അവര്‍ക്ക് കളിക്കളത്തിനും ടീം ഹോട്ടലിനും പുറത്ത് മറ്റാരുമായും സമ്പര്‍ക്കം പാടില്ല.
്അതിനിടെ, പത്ത് ടീമുകളും തിങ്കളാഴ്ചയോടെ പുതിയ സീസണിലെ തങ്ങളുടെ ജഴ്‌സി ഡിസൈന്‍ സംഘാടകര്‍ക്ക് സമര്‍പ്പിച്ചു. മൂന്ന് ജഴ്‌സി ഡിസൈനുകളാണ് ഓരോ ടീമും സമര്‍പ്പിക്കേണ്ടത്. ഹോം മത്സരങ്ങള്‍ക്കുള്ളത്, എവേ മത്സരങ്ങള്‍ക്കുള്ളത്, റിസര്‍വ് കിറ്റ് എന്നിവ. ഇ.എ സ്‌പോര്‍ട്‌സിന്റെ ഫിഫ സീരീസ് വിഡിയൊ ഗെയിമില്‍ ഐ.എസ്.എല്ലും ഭാഗമാവുകയാണ്. അതിനാലാണ് ജഴ്‌സി ഡിസൈന്‍ നേരത്തെ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്.

 

Latest News