Sorry, you need to enable JavaScript to visit this website.

കോഫി ഷോപ്പിൽ ഒരു കൂടിക്കാഴ്ച

എന്റെ കാൽമുട്ടുകൾ വിറക്കുന്നുണ്ടായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ ഞാൻ ലിഫ്റ്റിന്റെ ബട്ടൺ അമർത്തി. ആ സമയം പോക്കറ്റിൽ കൈയിട്ടു നോക്കി. അയ്യോ, മൊബൈൽ ഫോൺ അവിടെ വെപ്രാളത്തിൽ മറന്നുവെച്ചിരിക്കുന്നു. ഞാൻ വീണ്ടും അവരുടെ അപ്പാർട്ട്‌മെന്റിന്റെ കോളിംഗ് ബെല്ലടിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ഡോർ തുറന്ന് എന്തു പറ്റിയെന്ന് ചോദിച്ചു. 
മൊബൈൽ ഫോൺ മറന്നുവെച്ച കാര്യം പറഞ്ഞു.
ഓകെ എന്ന് പറഞ്ഞ് അവർ ഫോണെടുത്തു തന്നു. വീണ്ടും പുറത്തേക്ക് നടന്നു. മേരി പറഞ്ഞതെല്ലാം അക്ഷരാർത്ഥത്തിൽ ശരിയായിരുന്നു. അവൾ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമായിരുന്നു. ഡേവിഡിന്റെ ഫോട്ടോ കണ്ട് ഞാൻ ഞെട്ടി. ആ വെപ്രാളത്തിനിടയിലും അവരറിയാതെ ഞാൻ ഡേവിഡിന്റെ ഫോട്ടോ മൊബൈൽ ക്യാമറയിൽ പകർത്തിയിരുന്നു.
എന്തെന്നറിയാതെ, എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയായിരുന്ന എന്നെക്കണ്ട് അവർക്ക് എന്ത് തോന്നിയിട്ടുണ്ടാവും? എന്റെ ഭാവ മാറ്റത്തിൽ എന്തെങ്കിലും സംശയം തോന്നിയിട്ടുണ്ടാവുമോ എന്നും ആശങ്ക തോന്നി. അങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ അവർ വീണ്ടും എന്നെ ഡിന്നറിന് ക്ഷണിക്കുമായിരുന്നോ എന്നും മനസ്സിൽ ചോദിച്ചു.


ഞാൻ കാറിന്റെ അടുത്തേക്ക് നടന്നു. അപ്പോഴും മനസ്സിൽ ഉണ്ടായിരുന്ന ചോദ്യം എങ്ങനെ ഡേവിഡിനെ കണ്ടെത്തുമെന്നായിരുന്നു. വേണമെങ്കിൽ അവരോട് ഡേവിഡിനെപ്പറ്റി ചോദിക്കാമായിരുന്നു. പക്ഷേ മനസ്സനുവദിച്ചില്ല. കാരണം ഡേവിഡിനെപ്പറ്റി എന്തെങ്കിലും അവരോട് ചോദിച്ചാൽ അവർക്ക് എന്തെങ്കിലും സംശയം തോന്നുമോയെന്നു തോന്നി.
ഞാൻ കാർ സ്റ്റാർട്ട് ചെയ്തു മുന്നോട്ടു നീങ്ങി. അപ്പോഴും മനസ്സിൽ ഉണ്ടായിരുന്ന ചോദ്യം മേരി എവിടെപ്പോയി, എന്തിന് എന്റെയടുത്ത് ഈ കാര്യങ്ങളൊക്കെ പറഞ്ഞു എന്നതായിരുന്നു. ആ സംഭവത്തിന് ശേഷം മേരിയെ കാണാൻ ഇല്ല. അവർ എവിടെ പോയിരിക്കും? 
ഞാൻ വീട്ടിൽ തിരിച്ചെത്തി. കുറെ ജോലികൾ ബാക്കി ഉണ്ടായിരുന്നു. അതൊക്കെ ചെയ്തു തീർത്തു. കിടന്നുറങ്ങാൻ ഞാൻ ബെഡ് റൂമിലേക്ക് പോയി. എല്ലായിടത്തും ലൈറ്റ് ഓഫ് ചെയ്തിരുന്നു, ആ സമയത്ത് ആരോ കോളിംഗ് ബെൽ അടിച്ചു. രാത്രി പത്ത് മണി ആയിരിക്കുന്നു. എങ്ങും ലോക്ഡൗൺ. 
പക്ഷേ ആരാണ് ഈ സമയത്ത്?


ഞാൻ പതുക്കെ വാതിലിനടുത്തെത്തി. മനസ്സിൽ നല്ല ഭയം തോന്നിയിരുന്നു. ആരാണ് ഈ സമയത്ത് ബെൽ അടിക്കുന്നത് എന്ന് വേവലാതിപ്പെട്ടിരിക്കുമ്പോൾ വീണ്ടും ബെല്ലടി. ശ്വാസമടക്കിപ്പിടിച്ചു വാതിൽ പതുക്കെ തുറന്നു. അതാ മുന്നിൽ എന്റെ സുഹൃത്ത് ബാബു. അപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്. ഈ അസമയത്ത് എവിടെ നിന്നാണ് വരുന്നതെന്നു ചോദിച്ചപ്പോൾ വീട്ടിൽ ബിരിയാണി ഉണ്ടാക്കിയത് എനിക്കു കൊണ്ടുതരുവാൻ വന്നതാണെന്ന് അവൻ പറഞ്ഞു. ലോക്ഡൗൺ സമയമാണ്. ഭക്ഷണവുമായി വരികയാണെന്ന് പറഞ്ഞപ്പോൾ പട്രോൾ പോലീസ് വിട്ടതാണ്. തിരിച്ചറിയൽ കാർഡ് അവർ പിടിച്ചുവെച്ചിരിക്കുകയാണ്. അവൻ പെട്ടെന്നിറങ്ങിപ്പോയി. 


എനിക്ക് പിന്നെ ബാബുവിനെപ്പറ്റിയായിരുന്നു വേവലാതി. അവനെ പോലീസുകാരൻ കൊണ്ടുപോയിട്ടുണ്ടാവുമോ? ആകാംക്ഷയോടെ ഞാൻ കാത്തിരുന്നു. ഞാൻ ബാബുവിനെ വിളിച്ചു. ഫോൺ എടുക്കുന്നില്ല. എനിക്ക് വേവലാതിയായി. ബാബുവിന്റെ ഫ്രണ്ടിനെ വിളിക്കാൻ ശ്രമിക്കുന്നതിനിടയിൽ ബാബു എന്നെ തിരിച്ചു വിളിച്ചു. പോലീസുകാരൻ അവനെ വിട്ടയച്ചിരിക്കുന്നു. ഇനി മേലിൽ അസമയത്ത് കാണരുതെന്ന് താക്കീത് നൽകിയാണ് വിട്ടത്. 


ഞാൻ ഉറങ്ങാൻ കിടന്നു. അപ്പോഴും മനസ്സിൽ അലട്ടിക്കൊണ്ടിരുന്ന പ്രശ്‌നം എങ്ങനെ ഡേവിഡിനെ കണ്ടുപിടിക്കുമെന്നതായിരുന്നു. ഉറക്കത്തിലെപ്പോഴോ, വാട്ടർ ഡിസ്‌പെൻസറിൽ നിന്നും വെള്ളക്കുമിളകൾ ഉച്ചത്തിൽ പൊങ്ങുന്ന ശബ്ദം കേട്ട് ഞാൻ ഞെട്ടിയുണർന്നു. ഞാൻ ബെഡിൽ തന്നെ കിടന്നു. അപ്പോഴും വേവലാതി ഡേവിഡിനെ എങ്ങനെ കണ്ടെത്താം എന്നതായിരുന്നു. അവനെ ഫെയ്‌സ്ബുക്കിലോ ഇൻസ്റ്റഗ്രാമിലോ അല്ലങ്കിൽ ലിങ്ക്ഡിനിലോ സെർച്ച് ചെയ്തു നോക്കിയാലോയെന്നു തോന്നി. അവന്റെ ഫോട്ടോ കൈയിലുള്ളതുകൊണ്ട് അവനെ കണ്ടെത്താൻ വലിയ പ്രയാസം ഉണ്ടാകും എന്ന് തോന്നിയില്ല, ഞാൻ ഉടൻ ബെഡിൽനിന്നും എഴുന്നേറ്റ് മൊബൈൽ ഫോണെടുത്ത് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിൽ ലിങ്ക്ഡിനിലും ഒക്കെ സർച്ച് ചെയ്തു. ഒത്തിരി ഡേവിഡുമാരെ കണ്ടു. പക്ഷേ ഡേവിഡിനെ മാത്രം കണ്ടെത്താൻ കഴിഞ്ഞില്ല.


സമയം പുലർച്ചെ ആറു മണി ആയിരിക്കുന്നു. ഡേവിഡിനെ കണ്ടെത്താൻ ഇനി എന്ത് ചെയ്യും. അപ്പോഴാണ് എന്റെ കസിൻ കുറച്ചുനാൾ സൈബർ സെല്ലിൽ വർക്ക് ചെയ്തിരുന്നത് ഓർമ വന്നത്. അവനോട് ചോദിച്ചാൽ എന്തെങ്കിലും ഐഡിയ പറഞ്ഞു തരാതിരിക്കില്ല എന്ന് കരുതി ഞാൻ വിളിച്ച് അവനോട് കാര്യങ്ങളൊക്കെ പറഞ്ഞു. കൈയിൽ ഫോട്ടോ ഉണ്ടെങ്കിൽ കണ്ടെത്താൻ മാർഗമുണ്ടെന്നു പറഞ്ഞു തന്നത് പ്രകാരം ഗൂഗിളിൽ ഡെസ്‌ക്‌ടോപിൽ ഇമേജ് സർച്ചിൽ കയറി ഫോട്ടോ തിരിച്ചറിഞ്ഞു. ആശ്വാസമായി.
ഡേവിഡിന് സോഷ്യൽ മീഡിയയിൽ എല്ലായിടത്തും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും അക്കൗണ്ട് ഉണ്ട്. ഫോട്ടോ തിരിച്ചറിഞ്ഞിരിക്കുന്നു.
ഫേസ്ബുക്ക് അക്കൗണ്ടിൽ കയറി കമ്പനിയുടെ പേര് മനസ്സിലാക്കി ഗൂഗിളിൽ സർച്ച് ചെയ്ത് ലൊക്കേഷൻ മനസ്സിലാക്കി. പിന്നെ ഡേവിഡിനെ കണ്ടെത്താൻ അവന്റെ ഓഫീസ് പരിസരത്തേക്ക് കാറോടിച്ചു. ഗൂഗിൾ മാപ്പിൽ നോക്കിയപ്പോൾ ഏകദേശം 20 മിനിട്ട് സമയമെടുക്കും അവന്റെ ഓഫീസിലെത്താൻ. 


സമയം 11 മണിയായിരിക്കുന്നു. ഞാൻ ഓഫീസ് ബിൽഡിംഗിന്റെ അടുത്തേക്ക് നടന്നു. ആ ബിൽഡിംഗിൽ എല്ലാം ഓഫീസുകളാണ.് എല്ലാം വലിയ വലിയ കമ്പനി ഓഫീസുകൾ. റിസപ്ഷനിൽ പോയി കമ്പനിയുടെ പേര് പറഞ്ഞ് ലിഫ്റ്റിൽ കയറി. ഓഫീസ് കവാടത്തിന്റെ മുൻപിൽ നിൽപുണ്ടായിരുന്ന ആളോട് ഞാൻ ചോദിച്ചു:
 ഇവിടെ ഡേവിഡ് എന്ന ഒരാൾ വർക്ക് ചെയ്യുന്നുണ്ടോ?
ഉണ്ടെന്നും ഡേവിഡ് സാർ ഇപ്പോൾ താഴെയുള്ള കോഫി ഷോപ്പിലേക്ക് പോയെന്നും അയാൾ പറഞ്ഞു. ഞാൻ അയാളിൽ നിന്നും കോഫി ഷോപ്പിന്റെ പേര് മനസ്സിലാക്കി വീണ്ടും ലിഫ്റ്റിൽ താഴേക്കിറങ്ങി.


അയാൾ പറഞ്ഞ കോഫി ഷോപ്പ് കണ്ടെത്തി കോഫി ഷോപ്പിലേക്ക് നടന്നു. ഒരു പ്രീമിയം കോഫി ഷോപ്പ് ആണ്.  കോഫി ഷോപ്പിൽ പ്രവേശിക്കുന്നതിന് മുന്നോടിയായി അവർ എന്റെ ടെമ്പറേചർ ചെക്ക് ചെയ്തു. പനി ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം അവർ അകത്തേക്ക് പ്രവേശിക്കാൻ പറഞ്ഞു.
കോഫി ഷോപ്പിന്റെ അകത്തേക്ക് കയറി ഞാൻ ചുറ്റും നോക്കി. ഡേവിഡ് കോഫിയുമായി ഒരു ഭാഗത്ത് ഇരിക്കുന്നുണ്ട്. തനിച്ചാണ്. കോഫി ഓർഡർ ചെയ്ത് അതുമായി ഡേവിഡിന്റെ നേരെ മുന്നിലുള്ള കസേരയിൽ ഞാൻ ഇരുന്നു. 

Latest News