Sorry, you need to enable JavaScript to visit this website.

അരവിന്ദൻ എന്ന പെൺകുട്ടി

അരവിന്ദൻ എന്ന നൈജീരിയൻ പെൺകുട്ടിക്ക് എങ്ങനെ ആ പേരു വന്നു എന്നതിനെപ്പറ്റി അവൾ തന്നെ പറഞ്ഞ കാര്യം പറയാം: 
അരവിന്ദന്റെ അച്ഛൻ ഒംബഡുഗു പോർട്ട് ഹാർകോർട്ടിൽ ഒരു പൊടിമില്ല് നടത്തിയിരുന്നു. രണ്ട് മെഷീനുകളായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഒന്ന് അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങൾ പൊടിക്കുന്നതും മറ്റൊന്ന്, മുളക്, മല്ലി, മഞ്ഞൾ തുടങ്ങിയ സ്‌പൈസസ് പൊടിക്കുന്നതും. അതിൽ അരി പൊടിക്കുന്ന മെഷീന്റെ ഷാഫ്റ്റിൽ നിന്നും ഒരു ദിവസം ഒരു തരം ശബ്ദം പുറപ്പെടുവാൻ തുടങ്ങി. ഒരു കുഞ്ഞു പക്ഷി ചിലയ്ക്കുന്നതു പോലെയുള്ള നേർത്ത ശബ്ദം. അരവിന്ദന്റെ അച്ഛൻ ഒംബഡുഗുവിന് അത് വലിയ അലോസരമായി തോന്നി. മില്ല് പ്രവർത്തിക്കുമ്പോൾ ഉണ്ടാവുന്ന സ്വാഭാവിക ശബ്ദം വെച്ചു നോക്കുമ്പോൾ ഈ ശബ്ദം ഒന്നുമല്ല. എങ്കിലും പുതുതായി എത്തിയ ശബ്ദം കേൾക്കുന്തോറും അയാൾ അസ്വസ്ഥനായി. ഒരു കാറിൽ നിന്നും അതിനു സ്വതവേ ഉള്ളതല്ലാത്ത ചെറുശബ്ദം പോലും നമ്മെ അസ്വസ്ഥമാക്കുമല്ലോ; അതുപോലൊരു അസ്വസ്ഥത. 
ആദ്യമൊന്നും അതിന്റെ പ്രഭവ സ്ഥാനം എവിടെയാണെന്ന് ഒംബഡുഗുവിന് മനസ്സിലായില്ല. അയാൾ രണ്ടു മെഷിനുകളുടെയും വിവിധ ഭാഗങ്ങളിൽ ചെവി ചേർത്തുവെച്ച് നിരീക്ഷിച്ചു. സ്വിച്ച് ബോർഡിലും ഫ്യൂസ് പ്ലഗുകളിലുമെല്ലാം കാതോർത്തു. ചിലപ്പോഴൊക്കെ അയാൾക്കു തോന്നി, ആ അപശബ്ദം മില്ലിനു വെളിയിൽ എവിടെനിന്നോ വരുന്നതാണെന്ന്. മുകൾ ഭാഗത്തെ ഗ്രില്ലിലേക്ക് ഞാന്നുകയറി അയാൾ ചെവി കൂർപ്പിച്ചു. അപ്പോൾ അയാൾക്ക് മനസ്സിലായി, അകത്തുനിന്ന് തന്നെയാണ് ആ ശബ്ദമെന്ന്. വീണ്ടും ശബ്ദത്തെ തിരഞ്ഞു നടക്കലായി ഒംബഡുഗുവിന്റെ ജോലി. അയാൾക്ക് യാതൊരു സ്വസ്ഥതയുമുണ്ടായില്ല. മുക്കിലോ മൂലയിലോ ചത്തുചീയുന്നൊരു എലിക്കുഞ്ഞിനെ കണ്ടെത്താൻ ശ്രമിക്കുന്നതു പോലെ ആ ശബ്ദത്തെ കണ്ടെത്താൻ അയാൾ ശ്രമിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ ധാന്യ മെഷീന്റെ ബെയറിംഗിനും ഷാഫ്റ്റിനും ഇടയിൽ അയാൾ അതിനെ കണ്ടെത്തി.
മെക്കാനിക് വന്നപ്പോൾ പറഞ്ഞു: രണ്ടും മാറണം. ബെയറിംഗും ഷാഫ്റ്റും മാറണം. 
ചെലവ് ഓർത്തപ്പോൾ ഒംബഡുഗു പറഞ്ഞു: ഓടുന്നിടത്തോളം ഓടട്ടെ.. 
ഉദ്ദേശിച്ചതിനേക്കാൾ അധികം കാലം അത് ഓടി. ശബ്ദം മെഷീന്റെ ഭാഗമായി. കാലപ്പഴക്കത്തിലൂടെ ആ ശബ്ദത്തിന്റെ കനം കൂടിയെങ്കിലും അത് സംഗീതം പോലെ ആസ്വദിക്കാൻ പറ്റുന്ന നിലയിലേക്ക് ഒംബഡുഗു മാറിയിരുന്നു. 
ധാന്യ മെഷീനും സ്‌പൈസസ് മെഷീനും ഒരുമിച്ച് പ്രവർത്തിപ്പിക്കേണ്ടിവരുന്ന അവസരത്തിൽ രണ്ടിന്റെയും ഫ്‌ളൈ വീലുകൾ ബെൽറ്റ് കൊണ്ട് പരസ്പരം ബന്ധിക്കും. കറക്കത്തിനിടയിൽ ബെൽറ്റിന്റെ ജോയന്റ് രണ്ടു ഫ്‌ളൈ വീലുകളിലും കയറിയിറങ്ങുമ്പോൾ ഉണ്ടാവുന്നൊരു ശബ്ദമുണ്ട്. അതും ഷാഫ്റ്റിൽ നിന്ന് പുറപ്പെടുന്ന ശബ്ദവും ചേരുമ്പോൾ നല്ല താളത്തിലാവും. 'അരവിന്ദൻ, അരവിന്ദൻ, അരവിന്ദൻ' എന്നാണ് ആ മെഷീൻ ശബ്ദത്തെ ഒംബഡുഗു കേട്ടെടുത്തത്. രാത്രിയിൽ കടയടച്ച് തിരികെ വീട്ടിൽ പോകുമ്പോഴും അയാളുടെയുള്ളിൽ 'അരവിന്ദൻ അരവിന്ദൻ അരവിന്ദൻ എന്ന ആ ശബ്ദം വലുതായിരുന്നിട്ടും എനഹോറുമായി വഴക്കു കൂടുന്ന ചില അവസരങ്ങളിൽ തിരികെ മില്ലിൽ വന്ന് വെറുതെ മെഷീൻ ഓൺ ചെയ്ത് അയാൾ 'അരവിന്ദൻ.. അരവിന്ദൻ.. അരവിന്ദൻ..' എന്ന താളം ആസ്വദിക്കാറുണ്ട്. 

പതിനൊന്നു കൊല്ലത്തെ കാത്തിരിപ്പിനു ശേഷമാണ് അയാൾക്കൊരു കുഞ്ഞ് പിറക്കുന്നത്. എന്നെങ്കിലും തനിക്കൊരു കുഞ്ഞു പിറന്നാൽ അതിന് അരവിന്ദൻ എന്നു പേരിടണമെന്ന് അയാൾ നേരത്തേ തന്നെ നിശ്ചയിച്ചിരുന്നു. ആണാകട്ടെ, പെണ്ണാകട്ടെ..  

ഞാനും ഡാനിയും നൈജീരിയ സന്ദർശിക്കുമ്പോൾ പരിചയപ്പെട്ട പെൺകുട്ടിയാണ് അരവിന്ദൻ. 
ഹോട്ടലിനു പിൻവശത്തുള്ള ബാറിന്റെ ഓട്ട്‌ഡോർ ഏരിയയിൽ ഡിന്നറിനായി ഇരിക്കുമ്പോഴാണ് തൊട്ടപ്പുറത്തെ ടേബിളിൽ സൊറ പറഞ്ഞിരുന്ന പെൺകുട്ടികൾക്കിടയിൽ നിന്ന് ഒരുവൾ അടർന്നുവന്ന് ഞങ്ങളോട് ചോദിക്കുന്നത് : ''ക്യാൻ ഐ ജോയൻ വിത് യു?''

ഡാനി തന്റെ മാതൃഭാഷയായ ഇംഗ്ലീഷിൽ പറഞ്ഞു: ''ഓ.. ആയിക്കോട്ടെ''

ബാറിനു സൈഡിലായി പൂളിനപ്പുറത്ത് നൈജീരിയക്കാരുടെ ഹിപ് ഹോപ് പൊടിപൊടിക്കുന്നു. ആദ്യമായാണ് ഞാൻ ഹിപ്‌ഹോപ് നേരിൽ കാണുന്നത്. ചെറുപയറിന്റെ പാക്കറ്റ് പൊട്ടിവീഴും പോലെ പാട്ടിന്റെ ലിറിക്‌സ് ഒരു നിയന്ത്രണവുമില്ലാതെ പ്രവഹിക്കുന്നു. 
വരികളിൽ നിന്ന് ഒരു വകയും ഇഴപിരിച്ചെടുക്കാൻ ആവില്ലെങ്കിലും അവരുടെ ആംഗ്യ വിക്ഷേപങ്ങളും അതിനോടൊപ്പമുള്ള താളം തെറ്റിയ ബീറ്റും ഹരം പകരുന്നതായിരുന്നു. ചുടുപായസത്തിൽ കൈ രണ്ടും മുക്കിയ ശേഷം കുടയുന്ന പോലുള്ള ആ കാട്ടായമുണ്ടല്ലോ, അതൊന്നു കാണേണ്ടതു തന്നെയാണ്.
വീക്കെന്റ് ആയതിനാൽ ഗാനമേള കാണാൻ മറ്റു ദിവസങ്ങളിലേക്കാൾ ആളുകൾ ഉണ്ടായിരുന്നു. അവരിൽ ഹോട്ടലിൽ താമസിക്കുന്നവരും പുറത്തുനിന്നു വന്നവരും വേശ്യകളും പിമ്പുകളും എല്ലാമുണ്ട്.  എച്ച്.ഐ.വി നെഗറ്റീവും പോസിറ്റീവുമുണ്ട്. അരവിന്ദൻ ഇതിൽ ഏതു വകുപ്പിൽ പെടുമെന്ന് അറിയില്ല. രണ്ട് രണ്ടര മണിക്കൂറുകൾക്കു ശേഷം അവൾ  യാത്ര പറഞ്ഞു പോയപ്പോൾ എനിക്ക് തോന്നിയത് അവളൊരു സൽസ്വഭാവി ആയിരിക്കാമെന്നാണ്. ഞാൻ അതു പറഞ്ഞെങ്കിലും എന്തുകൊണ്ടോ, ഡാനി അവളെപ്പറ്റി അഭിപ്രായമൊന്നും പ്രകടിപ്പിച്ചില്ല.

ഞങ്ങളോടൊപ്പം ഇരിക്കാൻ തുടങ്ങുമ്പോൾ തന്നെ അവൾ ആദ്യമായി സൂചിപ്പിച്ചത് ഞങ്ങൾ രണ്ടു പേരുടെയും മുടി അവൾക്ക് നന്നായി ഇഷ്ടപ്പെട്ടുവെന്നാണ്. ശേഷം അവൾ കൈനീട്ടി സ്വയം പരിചയപ്പെടുത്തി: 

'ഹായ്, ഐ ആം അരവിന്ദൻ..' 

അരവിന്ദൻ എന്നത് കേരളത്തിൽ ഒരു പുരുഷ നാമമാണെന്ന് ഞാൻ അവളോടു പറഞ്ഞു. അരവിന്ദന്റെ ഒന്നു രണ്ട് സിനിമകളും ഞാൻ അവൾക്ക് സജസ്റ്റ് ചെയ്തു. അപ്പോഴാണ് അവൾ തന്റെ പേരിന്റെ ഉത്ഭവ കഥ പറയുന്നത്.
അരവിന്ദൻ എന്ന് അവൾ ഉച്ചരിക്കുന്നത് മലയാളികൾ ഉച്ചരിക്കുന്നതിൽ നിന്ന് അൽപം വ്യത്യാസമുണ്ട്. അത് എനിക്കിവിടെ എഴുതാൻ കഴിയുന്നതല്ല. 
മെഷീൻ പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായിട്ടായിരിക്കാം ഒംബഡുഗു അത് ഉച്ചരിച്ചിട്ടുണ്ടാവുക. അങ്ങനെയെങ്കിൽ എന്റെ ഉച്ചാരണം മെഷീന്റെ ഉച്ചാരണത്തിൽ നിന്നും ഒരുപാട് അകലെ ആവാൻ സാധ്യതയുണ്ട്.  
സത്യത്തിൽ അവളെ നോക്കി അരവിന്ദൻ എന്നു വിളിക്കാൻ അന്ന് ഞാൻ വളരെയധികം ബുദ്ധിമുട്ടി. ഇരുപത്തിയേഴുകാരിയായ ഒരു പെൺകുട്ടിയുടെ മുഖത്തു നോക്കി 'അരവിന്ദൻ' എന്ന് എങ്ങനെ വിളിക്കും? അതേസമയം ഡാനിക്ക് അങ്ങനെയൊരു പ്രശ്‌നം ഉണ്ടായതായി തോന്നിയില്ല. ഇംഗ്ലണ്ടിൽ അരവിന്ദൻ എന്ന പേരില്ല. അതുകൊണ്ടു തന്നെ അരവിന്ദനെ ആണായോ പെണ്ണായോ കാണുന്നതിൽ ഡാനിക്ക് ബുദ്ധിമുട്ടേണ്ട കാര്യമില്ലല്ലോ.
പരിചയപ്പെടലൊക്കെ കഴിഞ്ഞപ്പോൾ ഞങ്ങളുടെ ചർച്ച മുടിയിലേക്ക് തിരിഞ്ഞു. പിന്നെ ഏതാണ്ട് അര മണിക്കൂറോളം അതായിരുന്നു സംഭാഷണം. കറുത്ത വർഗക്കാരുടെ കുനുകുനെ പിന്നിയ മുടിയിഴകൾ, വൈക്കോൽ ലോറിയെ ഓർമിപ്പിക്കുന്ന സായിബാബ സ്‌റ്റൈലിലുള്ള മുടിക്കെട്ടുകൾ, ബട്ടർഫ്‌ളൈ ഫാഷൻ.. അങ്ങനെ എല്ലാം ചർച്ചയായി. ഒരു തല പിന്നിയെടുക്കാൻ എത്ര സമയമെടുക്കും?, പിന്നിയിട്ട മുടിയോടു കൂടി കുളിക്കുന്നതെങ്ങനെ? നൈജീരിയക്കാർ ദിവസവും കുളിക്കാറുണ്ടോ? തുടങ്ങി ഒട്ടേറെ അന്വേഷണങ്ങളും ഞങ്ങൾ നടത്തി.  ഒടുക്കം ആ വിഷയത്തിന്റെ ഗ്യാസ് തീരാറായപ്പോഴേക്ക് ഡാനി അവളോടു ചോദിച്ചു:

''അരവിന്ദൻ, നിനക്ക് ഞങ്ങളിൽ ആരുടെ മുടിയാണ് കൂടുതൽ ഇഷ്ടപ്പെട്ടത്?''

അവൾ എന്റെ തലയിലേക്ക് ചൂണ്ടി.
ബിയർ കുടിച്ച് വയറും തലയും ചീർത്തിരുന്നതുകൊണ്ടു മാത്രമാണ് ഡാനിക്ക് അത് സഹിക്കാനായത്. എന്റേതിനേക്കാൾ എത്രയോ സമൃദ്ധമാണ് ഡാനിയുടെ മുടി. പിന്നിലേക്ക് ചീകിയിട്ടാൽ തോളിൽ മുട്ടും. സൈഡിലേക്ക് ചീകിയിട്ടാൽ കാത് മറയും.. കമ്പനിയിൽ പോലും പുള്ളിയെ മുടിയൻ എന്നാണ് വിളിക്കുന്നത്. എല്ലാവരിലും അസൂയയുണർത്തുന്ന കേശകാന്തി. എന്നിട്ടും അവൾ തെരഞ്ഞെടുത്തത് എന്നെ. ഞാൻ പറഞ്ഞു:

''അരവിന്ദൻ കള്ളം പറയുകയാണ്. സത്യത്തിൽ ഡാനിയുടെ മുടിയല്ലേ നിനക്ക് ഇഷ്ടപ്പെട്ടത്?''

സ്റ്റേജിൽ നടന്നുകൊണ്ടിരുന്ന റാപ്പ് അവസാനിച്ചു. അടുത്ത പാട്ടിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഇൻസ്ട്രുമെന്റ്‌സിൽ നിന്നും മുട്ടലും മുളലും പുറപ്പെട്ടു തുടങ്ങി. തടിച്ചുരുണ്ടൊരു സ്ത്രീ കടന്നുവന്ന് മൈക്കിന്റെ ലെവൽ സെറ്റ് ചെയ്തുവെച്ച് അടുത്ത പാട്ടിന്റെ ഒരുക്കങ്ങൾ തുടങ്ങി. വട്ടമേശകളിൽ തിന്നും കുടിച്ചും കൊണ്ട് സൊറ പറയുകയായിരുന്ന എല്ലാവരും കുറച്ചു സമയം സ്റ്റേജിലേക്ക് തിരിഞ്ഞിരുന്നു. ഗായികയുടെ ഹമ്മിങ് തീരുമ്പോൾ കൈയടിച്ചും കൂക്കിവിളിച്ചും ഒരോളമുണ്ടാക്കി. പാട്ട് പുരോഗമിക്കാൻ തുടങ്ങുമ്പോൾ ആളുകൾ അവരവരുടെ സംഭാഷണങ്ങളിലേക്ക് തിരികെപ്പോന്നു. 

അരവിന്ദൻ പറഞ്ഞു: ''സത്യമാണ്. ഒരു നാലു കൊല്ലം മുമ്പായിരുന്നെങ്കിൽ ഞാൻ ഡാനിയുടെ മുടി ഇഷ്ടപ്പെടുമായിരുന്നു. ഡാനിയുടേതു പോലെ കറുപ്പും ചെമ്പനും ഇടകലർന്ന മുടി തിങ്ങുന്ന തലകൾ എനിക്ക് ഇഷ്ടമാണ്. പക്ഷേ ഇപ്പോൾ ചെമ്പൻ മുടികളെ എനിക്ക് ചെമ്പനായി കാണാൻ സാധിക്കുന്നില്ല.'' (തുടരും) 

Latest News