സ്വർണ മുകിലുകൾ  സ്വപ്‌നം കാണും.... 

കഴിഞ്ഞ നൂറ്റാണ്ട് അവസാനിക്കാൻ നാല് വർഷം മുമ്പ്  കേരളത്തിൽ നിന്നുള്ള ഒരു സംഘം മാധ്യമ പ്രവർത്തകർ മുംബൈ മഹാരാഷ്ട്ര രാജ്ഭവനിൽ ഗവർണറുടെ പത്രസമ്മേളനത്തിൽ സംബന്ധിച്ചു. മലയാളിയായ പി.സി. അലക്‌സാണ്ടറാണ് ഇന്ത്യയിലെ സമ്പന്ന സംസ്ഥാനത്തിന്റെ അന്നത്തെ ഗവർണർ. നവി മുംബൈ ടൗൺഷിപ്പിന്റെ സവിശേഷത ഉൾപ്പെടെ പല കാര്യങ്ങളും അദ്ദേഹം വിവരിച്ചു. സംഭാഷണം കൂടുതലും ഇംഗഌഷ്, ഹിന്ദി ഭാഷകളിലായിരുന്നു. മണ്ണിന്റെ മക്കൾ വികാരമുള്ള രാഷ്ട്രീയാന്തരീക്ഷത്തിൽ പടർന്നു പന്തലിച്ച സുരക്ഷാ ഭടന്മാരുൾപ്പെടെയുള്ള മറാത്തി ജീവനക്കാരുണ്ട് അവിടെ.

 

പെട്ടെന്ന് അദ്ദേഹം വിവരണം മലയാളത്തിൽ തുടർന്നു. നിങ്ങളറിയുമോ കേരളത്തിന്റെ തലസ്ഥാന നഗരയിലെ മലയാളി ജനസംഖ്യയുടെ നാല് ഇരട്ടി മലയാളികൾ ഈ മഹാനഗരത്തിലുണ്ട്. അതാണ് ഔചിത്യ ബോധം. കാര്യം മനസ്സിലാക്കേണ്ടവരെല്ലാം തിരിച്ചറിഞ്ഞ് പിൽക്കാലത്ത് എഴുതിയ ലേഖനങ്ങളിലും ഫീച്ചറുകളിലും ഈ ഔദ്യോഗിക കണക്ക് ഉപയോഗപ്പെടുത്തുകയും ചെയ്തു. ഇക്കാര്യം ഇപ്പോൾ ഓർത്തെടുക്കാൻ കാരണം സിവിൽ സർവീസ് പരീക്ഷാ ഫലം വന്ന ദിവസം ശശി തരൂർ എം.പിയുടേതായി പുറത്തു വന്ന പ്രതികരണം കണ്ടപ്പോഴാണ്. ഇന്ത്യയുടെ ജനസംഖ്യയുടെ മൂന്ന് ശതമാനത്തിൽ താഴെ മാത്രം അധിവസിക്കുന്ന കേരളത്തിൽ നിന്ന് മുപ്പത് പേർ സിവിൽ സർവീസ് പരീക്ഷയിൽ തെരഞ്ഞെടുക്കപ്പെട്ടെന്നത് അഭിമാനകരമാണെന്നായിരുന്നു ട്വീറ്റ്. ഈ കുട്ടികൾ ഇനിയും കടമ്പകൾ കടക്കാനിരിക്കുന്നു. ബലി പെരുന്നാൾ വേളയിലും തരൂർജിയുടെ അസാധാരണ ട്വീറ്റ് കണ്ടു. എന്റെ എല്ലാ മുസ്‌ലിം സുഹൃത്തുക്കൾക്കും ഈദ് ആശംസ. ഇതെന്ത് വർത്തമാനമാണപ്പാ...

                  ****                  ****                ****

വാപ്പച്ചി അഞ്ച് പതിറ്റാണ്ട് അധ്വാനിച്ച് നേടിയെടുത്തത് മകൻ അഞ്ച് കൊല്ലം കൊണ്ട് പിടിച്ചെടുത്തുവെന്നൊക്കെ ചില ഫാൻസ് ദുൽഖറിനെ കുറിച്ച് പറയാറുണ്ട്. എന്തായാലും യുവതാരത്തിന് അത്ര നല്ല സമയമല്ല. ദുൽഖർ  സൽമാൻ നായകനാകുന്ന  കുറുപ്പ് സിനിമക്കെതിരെ നിയമ നടപടിയുമായി സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ഫിലിം റപ്രസന്റേറ്റീവ് ചാക്കോയുടെ ഭാര്യയും മകനും രംഗത്തെത്തി.  പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കഥയെന്ന നിലയിലാണ് ഈ സിനിമ.  


കഴിഞ്ഞ ദിവസം സിനിമയുടെ ടീസർ പുറത്തിറങ്ങിയിരുന്നു. യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമയെന്നും അതിൽ സുകുമാരക്കുറുപ്പിന്റെ പ്രവൃത്തികളെ ന്യായീകരിക്കത്തക്ക വിവരണം ഉണ്ടായിരുന്നു എന്നും അഡ്വ. ടി.ടി. സുധീഷ് മുഖേന ദുൽഖറിന് അയച്ച വക്കീൽ നോട്ടീസിൽ ആരോപിക്കുന്നുണ്ട്. ചാക്കോ കൊല്ലപ്പെടുമ്പോൾ ഭാര്യ ശാന്തമ്മ ആറു മാസം ഗർഭിണിയായിരുന്നു. ജിതിൻ ഏക മകനാണ്.  റിലീസിന് മുൻപ് തങ്ങൾക്ക് സിനിമ കാണണമെന്ന ആവശ്യം മുന്നോട്ട് വെച്ചിരിക്കുകയാണ് ചാക്കോയുടെ ഭാര്യ ശാന്തമ്മയും മകൻ ജിതിനും. ഈ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് ആരും തന്നെയോ കുടുംബത്തെയോ സമീപിക്കുകയോ അനുവാദം വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് ശാന്തമ്മ ചാനലിനോട് പറഞ്ഞു. പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം പെരുന്നാൾ റിലീസായി തയാറെടുത്തിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിക്കിടെ മാറ്റിവെക്കുകയായിരുന്നു. അഞ്ച് വർഷത്തെ തയാറെടുപ്പിനും ഗവേഷണത്തിനും ശേഷമാണ് ശ്രീനാഥ് രാജേന്ദ്രൻ ചിത്രമൊരുക്കുന്നത്. പാലക്കാട്, ഹൈദരാബാദ്, അഹമ്മദാബാദ്, ദുബായ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. 

                  ****                  ****                ****

സ്വപ്‌ന സുരേഷിനെതിരെ ചില ദുഷ്ടന്മാർ പ്രവർത്തിക്കുന്നുണ്ടെന്ന് വേണം കരുതാൻ. കഴിഞ്ഞ ദിവസം റിപ്പോർട്ടർ ടി.വിയാണ് കൊച്ചിയിലെ കോടതി കാര്യങ്ങൾ സംപ്രേഷണം ചെയ്തത്. 625 പവൻ സ്വർണാഭരണമണിഞ്ഞാണ് അവർ വിവാഹിതയായത്. നാദാപുരത്തൊക്കെ കാണുന്ന പ്രായമുള്ള മുസ്‌ലിം സ്ത്രീകളെ ചിലർ സഞ്ചരിക്കുന്ന ജ്വല്ലറിയെന്ന് വിശേഷിപ്പിക്കാറില്ലേ. ഏതാണ്ട് അതുപോലെ. 


വിവാഹത്തിന് സ്വർണത്തിൽ മുങ്ങിനിൽക്കുന്ന ചിത്രമാണ് സ്വപ്‌നയുടെ  അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയത്.  കൈയിലുള്ള സ്വർണത്തിനും പണത്തിനും കണക്കുകളുണ്ടെന്ന് സ്വപ്‌ന വാദിക്കുന്നു. അതിനായാണ് ചിത്രങ്ങൾ സമർപ്പിച്ചിരിക്കുന്നത്. സ്വപ്‌ന വിവാഹ വേളയിൽ ധരിച്ചത് ഏകദേശം അഞ്ച് കിലോയോളം സ്വർണാഭരണങ്ങളാണ്. ബാങ്ക് ലോക്കറിൽ നിന്ന് ഒരു കിലോഗ്രാം സ്വർണാഭരണങ്ങൾ കണ്ടെത്തിയതിൽ പ്രശ്‌നങ്ങളില്ലെന്ന് തെളിയിക്കാനാണ് ഈ ചിത്രം ഹാജരാക്കിയത്. ലോക്കറിൽ കണ്ടെത്തിയ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സ്വപ്‌നയുടെ ബാങ്ക് ലോക്കറിൽ നിന്ന് കണ്ടെത്തിയ ഒരു കോടി രൂപ സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിലെ കരാർ സ്വകാര്യ കമ്പനിക്ക് നൽകിയതിലൂടെ ലഭിച്ച കമ്മീഷൻ. ലൈഫ് മിഷന്റെ ഭാഗമായി വീടുകൾ പണിത് നൽകാൻ യൂനിടെക് എന്ന സ്വകാര്യ നിർമാണ കമ്പനിക്ക് കരാർ നൽകിയിരുന്നു. ഇതിലൂടെ ലഭിച്ച കമ്മീഷൻ തുകയാണിത്. ഇതിന്റെ രേഖകൾ സ്വപ്‌ന എൻ.ഐ.എ കോടതിയിൽ ഹാജരാക്കി.

                 ****                  ****                ****

സ്വർണക്കടത്ത് കേസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കുന്നില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സർക്കാരിന്റെ പ്രഥമ പരിഗണന ഇപ്പോൾ സ്വർണക്കടത്തു കേസിൽ എങ്ങനെ പിടിച്ചുനിൽക്കാം എന്നതിലാണ് എന്ന് ഉമ്മൻ ചാണ്ടി ആരോപിച്ചു. കോവിഡും പ്രളയവുമൊക്കെ അതു കഴിഞ്ഞേ വരുന്നുള്ളൂ എന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി. കള്ളക്കടത്ത് കേസ് ഓരോ ദിവസം സങ്കീർണമായിക്കൊണ്ടിരിക്കുമ്പോൾ കോവിഡ് കേസുകളുടെ എണ്ണവും ഉയരുകയാണ്. യു.എ.ഇ കോൺസുലേറ്റിൽ നിന്നു സ്വർണം എത്തിയ ജൂൺ 30 ന് കേരളത്തിലുണ്ടായിരുന്നത് 131 കോവിഡ് രോഗികളാണെന്നും കേസ് പുരോഗമിക്കുന്തോറും രോഗികളുടെ എണ്ണവും കൂടുന്നുവെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു. കുഞ്ഞൂഞ്ഞിന് ഇതൊക്കെ പറയാം. ഏതാണ്ട് ഇതേ സൂചന വെച്ച് ചിലതൊക്കെ പറഞ്ഞതിന്റെ പേരിലാണ് യുവതാരം അഹാന കൃഷ്ണകുമാറിനെ സൈബർ പോരാളികൾ റോസ്റ്റ് ചെയ്തത്. 

                  ****                  ****                ****

കോൺഗ്രസിൽ ഇത് ഇല പൊഴിച്ചിലിന്റെ സീസൺ. ഇന്ത്യയുടെ മധ്യഭാഗത്തെ രാജകുമാരൻ മറുകണ്ടം ചാടി. വേറൊരാളും അതേ പാതയിലാണ്. അതിനിടക്കാണ് ദിവ്യ സ്പന്ദന ആശ്വാസമാകുന്നത്. 
മോഡിയേയും ബി.ജെ.പിയേയും മുൾമുനയിൽ നിർത്തിയിരുന്ന ആളായിരുന്നു കോൺഗ്രസിന്റെ സോഷ്യൽ മീഡിയ ഹെഡ് ആയിരുന്ന ദിവ്യ സ്പന്ദന. കുറിക്ക് കൊള്ളുന്ന ദിവ്യയുടെ പല പ്രതികരണങ്ങളും ബി.ജെ.പി കേന്ദ്രങ്ങളെ വിറപ്പിക്കാറുണ്ട്.  ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് പരാജയത്തിന് പിന്നാലെ ദിവ്യ സോഷ്യൽ മീഡിയയിൽ നിന്ന് അപ്രത്യക്ഷയായി.
ഇതോടെ ദിവ്യയെ ചുറ്റിപ്പറ്റിയുള്ള നിരവധി അഭ്യൂഹങ്ങളും ഉയർന്നു. കോൺഗ്രസിൽ  നിന്നും രാജിവെച്ച് അവർ ബി.ജെ.പിയിലേക്ക് പോകാനൊരുങ്ങുകയാണെന്നാണ് പ്രചരിച്ച അഭ്യൂഹങ്ങളിൽ ചിലത്. എന്നാൽ ഇതിനോടെല്ലാം അവർ മൗനം തുടർന്നു. ഇപ്പോഴിതാ ഒരു വർഷങ്ങൾക്കിപ്പുറം സോഷ്യൽ മീഡിയയിലേക്ക് മടങ്ങിയെത്തിരിക്കുകയാണ് അവർ.


2019 ജൂണോടെയായിരുന്നു ദിവ്യ സ്പന്ദന ട്വിറ്ററിൽ നിന്ന് അപ്രത്യക്ഷയായത്. രണ്ടാം മോഡി സർക്കാരിൽ ധനമന്ത്രിയായി ചുമതലയേറ്റ കേന്ദ്ര മന്ത്രി നിർമല സീതാരാമനെ പുകഴ്ത്തിക്കൊണ്ട് പങ്കുവെച്ചതായിരുന്നു ദിവ്യയുടെ അവസാന ട്വീറ്റ്. ഇതിന് മുൻപ് ഒരേയൊരു സ്ത്രീ മാത്രം വഹിച്ചിരുന്ന ധനകാര്യ വകുപ്പ് ഏറ്റെടുത്ത നിർമല സീതാരാമന് ആശംസകൾ എന്നായിരുന്നു അന്ന്. 
എന്നാൽ ട്വീറ്റ് വിവാദമായി. ഇതോടെ ആ ട്വീറ്റ് അവർ നീക്കം ചെയ്യുകയും ചെയ്തു. പിന്നാലെ ട്വിറ്ററിൽ നിന്ന്  അവർ അപ്രത്യക്ഷയായി. റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് മോഡി കള്ളനാണെന്ന് ദിവ്യ കുറിച്ചത് വിവാദമായിരുന്നു. വിവാദത്തിൽ പ്രതികരിക്കാതെ മോഡിയുടെ നിലപാട് ചോദ്യം ചെയ്തായിരുന്നു രമ്യയുടെ അന്നത്തെ ട്വീറ്റ്. എന്നാൽ ഇതിനെതിരെ പരാതി ഉയരുകയും രമ്യക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ദിവ്യയുടെ പിൻമാറ്റത്തെ കുറിച്ച് പ്രതികരിക്കാൻ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ തയാറായില്ല. ദിവ്യ കോൺഗ്രസിലേക്ക് തന്നെ വീണ്ടും മടങ്ങിയെത്തുമോയെന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. 

    ****                  ****                ****

റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് എഡിറ്റർ അർണബ് ഗോസ്വാമിക്കെതിരെ രൂക്ഷ വിമർശനവുമായി ബോളിവുഡിലെ മുൻനിര സംവിധായകരിലൊരാളായ രാംഗോപാൽ വർമ. രാംഗോപാൽ വർമ തന്റെ ട്വീറ്റിലൂടെയാണ് അർണബിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. അദ്ദേഹത്തെക്കുറിച്ചുള്ള എന്റെ സിനിമക്ക് പേരിട്ടു. 'അർണബ്, ഒരു വാർത്താവേശ്യ'.  വിശദമായി പഠിച്ചപ്പോൾ വാർത്തലകൂട്ടിക്കൊടുപ്പുകാരനാണോ വാർത്താവേശ്യ എന്നതാണോ കൂടുതൽ അനുയോജ്യം എന്ന കാര്യത്തിൽ തനിക്ക് ആശയക്കുഴപ്പമുണ്ടായി. ആ ഘോരശബ്ദത്തെ ഒടുവിൽ വാർത്താവേശ്യ എന്ന് തന്നെ വിളിക്കാൻ ഞാൻ തീരുമാനിച്ചു എന്നാണ് രാംഗോപാൽ വർമ ട്വീറ്റ് ചെയ്തത്. അർണബിനെ പൊതുജന മധ്യത്തിൽ സിനിമയിലൂടെ തുറന്നുകാട്ടുമെന്നും അർണബിന്റെ സിനിമക്കെതിരെയുള്ള ഓരോ പ്രതികരണങ്ങളും പബ്ലിസിറ്റിക്കായി ഉപയോഗിക്കുമെന്നും രാംഗോപാൽ വർമ പ്രതികരിച്ചു. 


അയോധ്യയിലെ വിശേഷം ന്യൂയോർക്ക് ടൈംസ്, അൽ ജസീറ എന്നീ മാധ്യമങ്ങളിൽ വലിയ വാർത്തയായി. ഇതേ സീസണിൽ ഒരു മലയാളം ചാനലിലെ ചർച്ചയിൽ ബി.ജെ.പി പ്രതിനിധി ഗാന്ധിജിയെ ചെറുതായി വെടിവെച്ചുവെന്ന് പറഞ്ഞത് ട്രോളർമാർക്ക് കോളായി. കിലുക്കത്തിലെ രേവതി പറയുന്നത് പോലെ നിഷ്‌കളങ്കമായി അവർ ഇത് അവതരിപ്പിച്ചു. 
വെള്ളിയാഴ്ച ഒരു ചാനലിന്റെ ഞെട്ടിക്കുന്ന പ്രധാന ശീർഷകം മൂന്ന് അണക്കെട്ടുകൾ തകർന്നുവെന്നാണ്. ഇടുക്കി രാജമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത് കേൾക്കുമ്പോൾ നടുങ്ങാതിരിക്കുന്നതെങ്ങനെ? വെള്ളിയാഴ്ച വൈകുന്നേരം കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യാ എക്‌സ്പ്രസ് വിമാനം തെന്നി വീണ ദുരന്തവുമുണ്ടായി. ടെലിവിഷൻ ചാനലുകൾ ഞങ്ങളാദ്യം എന്ന് വമ്പത്തരം പറയുന്നതിന്റെ പത്ത് മിനിറ്റ് മുമ്പേ ഈ വാർത്ത ജിദ്ദയിലെ സുഹൃത്തുക്കൾക്ക് ആദ്യമെത്തിച്ചത് വണ്ടൂരിൽ കഴിയുന്ന മുൻ ജിദ്ദ പ്രവാസി ഹൈദരലിയാണ്. അതും നിരവധി ചിത്രങ്ങൾ സഹിതം. ദൃശ്യമാധ്യമങ്ങളെ പിന്നിലാക്കിയാണ് സമൂഹ മാധ്യമങ്ങൾ മുന്നേറുന്നത്.

Latest News