ശാസ്ത്ര കൗതുകങ്ങളിൽ  ഹെന്നയും കൂട്ടുകാരും

ചെലോൽത് റെഡ്യാവും; ചെലോൽത് റെഡ്യാവൂല... 
ഫായിസിന്റെ വാക്കുകൾ ലോകം ശ്രവിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ തരംഗമായ വീഡിയോ ആയിരുന്നു, ഫായിസുമായുള്ള അഭിമുഖം. കോട്ടക്കൽ കോട്ടൂർ എ.കെ.എം ഹയർ സെക്കണ്ടറി ഹൈസ്‌കളിലെ പ്ലസ് ടു വിദ്യാർഥിനി ഹെന്ന സുമിയും കൂട്ടുകാരും ചേർന്ന് ഫായിസുമായി നടത്തിയ അഭിമുഖം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് പതിനായിരക്കണക്കിന് പേരാണ് കണ്ടത്. ശരിയായില്ലെങ്കിലും കുഴപ്പമില്ലെന്ന വലിയ ഫിലോസഫി പറഞ്ഞ ഫായിസിന്റെ കുഞ്ഞുജീവിതത്തിലേക്ക് വഴികാട്ടിയായിരുന്നു ആ കൂടിക്കാഴ്ച. ആ അഭിമുഖത്തിലൂടെ ഫായിസിനൊപ്പം ശ്രദ്ധേയരാവകുകയായിരുന്നു ഹെന്നയും സഹപാഠികളും.


മക്കയിൽ ജോലി ചെയ്യുന്ന മലപ്പുറം ചാപ്പനങ്ങാടിയിലെ പത്തീരിയിൽ സലീമിന്റെ മകളായ ഹെന്ന സുമി ശാസ്ത്ര കൗതുകങ്ങളുടെ ലോകത്ത് നിന്നാണ് അവതാരകയുടെ റോളിലേക്കെത്തിയിട്ടുള്ളത്. പഠനത്തിൽ മികവു പുലർത്തുന്നതോടൊപ്പം ശാസ്ത്രീയമായ കണ്ടുപിടിത്തങ്ങൾ നടത്തുകയും സ്‌കൂളിന്റെ യൂട്യൂബ് ചാനലിലൂടെ ലോക മലയാളികൾക്ക് അറിവിന്റെ വെളിച്ചം വിതറുകയും ചെയ്യുന്നു.
പുഴയിലും കുളങ്ങളിലും വെറുതെ വളർന്നു നിൽക്കുന്ന കുളവാഴയിൽ നിന്ന് സാനിറ്ററി നാപ്കിൻ ഉണ്ടാക്കുന്ന വിദ്യ അവതരിപ്പിച്ചാണ് ഹെന്നയും കൂട്ടുകാരും വർഷങ്ങൾക്ക് മുമ്പ് അക്കാദമിക് തലത്തിൽ ശ്രദ്ധ നേടിയത്. നിത്യജീവിതത്തിൽ ഉപയോഗശൂന്യമെന്ന് കരുതുന്ന പലതും അൽപം ശാസ്ത്ര ചിന്തയിലൂടെ മനുഷ്യന് അത്യാവശ്യമായി വരുന്ന പലതുമായി മാറ്റാമെന്ന പുതിയ പാഠങ്ങളാണ് ഹെന്ന സുമി പകർന്നു നൽകിയത്. ദേശീയ-സംസ്ഥാന തലങ്ങളിൽ നിരവധി ശാസ്ത്ര പഠന വേദികളിൽ ഈ കൊച്ചുമിടുക്കി പങ്കെടുത്തിട്ടുണ്ട്. 


ശാസ്ത്ര മേളകളിൽ സ്‌കൂളിനെ പ്രതിനിധീകരിച്ച് ഹെന്ന ദേശീയ തലം വരെയെത്തി. മൂന്നു വർഷം മുമ്പ് സംസ്ഥാന തലത്തിൽ അവതരിപ്പിച്ച കുളവാഴയിൽ നിന്നുള്ള സാനിറ്ററി നാപ്കിൻ നിർമാണ വിദ്യക്ക് നാലാം സ്ഥാനം ലഭിച്ചു. തുടർന്ന് ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന ദേശീയ ശാസ്ത്ര കോൺഗ്രസിൽ ഹെന്ന സുമി സ്‌കൂളിന്റെ പ്രതിനിധിയായി പങ്കെടുത്തു. രണ്ടു വർഷം മുമ്പ് പഞ്ചാബിലെ ജലന്ധറിൽ നടന്ന ദേശീയ ശാസ്ത്ര കോൺഗ്രസിലും ഹെന്ന പ്രതിനിധിയായിരുന്നു. സംസ്ഥാന തലത്തിൽ നടന്ന യംഗ് മാസ്റ്റർമൈന്റ് പ്രോഗ്രാം, യംഗ് ഇന്നവേറ്റർ കോൺഗ്രസ് തുടങ്ങിയ വിവിധ ശാസ്ത്ര പരിപാടികളിലും പങ്കാളിയായിരുന്നു. യംഗ് ഇന്നവേറ്റർ കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ. ശിവന്റെ പ്രത്യേക ക്ഷണപ്രകാരം ശ്രീഹരിക്കോട്ടയിലെത്തി പി.എസ്.എൽ.വി റോക്കറ്റ് ലോഞ്ചിന് സാക്ഷ്യം വഹിക്കാനും കഴിഞ്ഞു. 


ഹെന്നയുടെ ശാസ്ത്ര മേഖലയിലുള്ള കഴിവും അവതരണത്തിലുള്ള മികവും ഇപ്പോൾ യൂട്യൂബ് പ്രേക്ഷകർക്ക് എറെ പ്രിയപ്പെട്ടതാണ്. സ്‌കൂളിന്റെ നേതൃത്വത്തിലുള്ള എജുബയോൺസ് (ലറൗയശീി)െ എന്ന യൂട്യൂബ് ചാനലിലെ പ്രധാന അവതാരകരിലൊരാളാണ് ഹെന്ന. വിദ്യാഭ്യാസവും വിനോദവും സമന്വയിപ്പിച്ച് കുട്ടികളിൽ പഠനത്തോടുള്ള താൽപര്യം വർധിപ്പിക്കുകയാണ് എജുബയോൺസിന്റെ മുഖ്യ ലക്ഷ്യം. സ്‌കൂളിലെ ബയോളജി അധ്യാപകനായ കെ.എസ്. ശരത്തിന്റെ മാർഗനിർദേശങ്ങൾക്കനുസരിച്ച് ഹെന്നയും കൂട്ടുകാരായ അശ്വതി, കീർത്തന, ശിവാനി, ഹരികൃഷ്ണൻ തുടങ്ങിയവരാണ് ചാനലിൽ പരിപാടികൾ ആസൂത്രണം ചെയ്ത് അവതരിപ്പിക്കുന്നത്. ഫായിസിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വന്നതോടെ ഹെന്നയും കൂട്ടുകാരും ചേർന്ന് ഫായിസിനെ നേരിൽ കണ്ട് അഭിമുഖം നടത്തുകയായിരുന്നു. ഫായിസിന്റെ യൂട്യൂബ് ചാനൽ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതും എജുബയോൺസാണ്.


പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഹെന്ന പഠനത്തെ ഗൗരവത്തോടെ മുന്നോട്ടു കൊണ്ടുപോകുന്നതിനൊപ്പമാണ് അവതാരകയുടെ വേഷമണിയുന്നത്. പ്ലസ് ടുവിന് ശേഷം എം.ബി.ബി.എസ് എടുത്ത് ഡോക്ടറാവുകയോ, മികച്ച ഒരു ശാസ്ത്രജ്ഞയാവുകയോ ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. പഠനത്തോടൊപ്പമുള്ള ഈ അവതാരകയുടെ വേഷം മാനസികമായ ഉല്ലാസം പകരുന്ന വിനോദമാണ്. അധ്യാപകരും കൂട്ടുകാരും ചേർന്നുള്ള ടീം വർക്ക് ഈ വിജയത്തിന് പിന്നിലുണ്ടെന്നും ഹെന്ന പറയുന്നു. ബുഷ്‌റയാണ് ഹെന്നയുടെ മാതാവ്. ഹിബ, ഹിഷാം എന്നിവർ സഹോദരങ്ങളും. 

Latest News