Sorry, you need to enable JavaScript to visit this website.

പിര്‍ലോക്ക് പ്രമോഷന്‍, യുവന്റസ് ചീഫ് കോച്ച്

ടൂറിന്‍  - യുവന്റസിന്റെ അണ്ടര്‍-23 കോച്ചായി ഒരാഴ്ച പിന്നിടുമ്പോഴേക്കും ആന്ദ്രെ പിര്‍ലോക്ക് സ്ഥാനക്കയറ്റം. സീനിയര്‍ ടീമിന്റെ ഹെഡ് കോച്ചായി നാല്‍പത്തൊന്നുകാരന്‍ നിയമിതനായി. ദീര്‍ഘകാലം യുവന്റസിന്റെ പ്ലേമേക്കറായിരുന്നു ഇറ്റാലിയന്‍ ഇന്റര്‍നാഷനലായ ആന്ദ്രെ പിര്‍ലൊ. യുവന്റസ് തുടര്‍ച്ചയായി ഒമ്പതാം തവണ ഇറ്റാലിയന്‍ ലീഗ് കിരീടം നേടിയെങ്കിലും ചാമ്പ്യന്‍സ് ലീഗിന്റെ പ്രി ക്വാര്‍ട്ടറില്‍ പുറത്തായതോടെ കോച്ച് മൗറിസിയൊ സാരിയെ ഒഴിവാക്കിയിരുന്നു. തുടര്‍ന്നാണ് പിര്‍ലോയെ നിയമിച്ചത്.
ഒരാഴ്ചയാണ് അണ്ടര്‍-23 കോച്ചായി പിര്‍ലൊ പ്രവര്‍ത്തിച്ചത്. ഇറ്റാലിയന്‍ ലീഗിന്റെ മൂന്നാം ഡിവിഷനിലാണ് അണ്ടര്‍-23 ടീം കളിക്കുന്നത്. നിലവിലെ സീരീ സി ഇറ്റാലിയന്‍ കപ്പ് ചാമ്പ്യന്മാരാണ് അവര്‍.
അഞ്ചു വര്‍ഷം മുമ്പ് യുവന്റസ് വിട്ട പിര്‍ലൊ പിന്നീട് രണ്ടു വര്‍ഷം അമേരിക്കന്‍ സോക്കര്‍ ലീഗില്‍ ന്യൂയോര്‍ക്ക് സിറ്റി എഫ്.സിക്കു കളിച്ചിരുന്നു. അപാരമായ പാസിംഗ് മികവിന്റെ പേരില്‍ മാസ്റ്ററൊ എന്നാണ് നാല്‍പത്തൊന്നുകാരന്‍ അറിയപ്പെട്ടിരുന്നത്.
2006 ല്‍ ലോകകപ്പ് നേടിയ ഇറ്റാലിയന്‍ ടീമിലെ നെടുന്തൂണായിരുന്ന പിര്‍ലൊ ആറു തവണ ഇറ്റാലിയന്‍ ലീഗ് കിരീടം നേടി. രണ്ടു തവണ എ.സി മിലാനൊപ്പവും നാലു തവണ യുവന്റസിനൊപ്പവും. മിലാനൊപ്പം രണ്ടു തവണ ചാമ്പ്യന്‍സ് ലീഗ് ജേതാവുമായി.

 

Latest News