Sorry, you need to enable JavaScript to visit this website.

നൗഫലിനെ പി.ആര്‍.ഒ തിരിച്ചുവിളിച്ചത് ജീവിതത്തിലേക്ക്

നൗഫല്‍ മോന്‍ ടിക്കറ്റും ലഗേജുമായി കൂട്ടുകാര്‍ക്കൊപ്പം.

ദുബായ്- വിസാ കാലാവധിക്കു ശേഷം അനധികൃതമായി തങ്ങിയതിനുള്ള 1,000 ദിര്‍ഹം പിഴ അടക്കാന്‍ കഴിയാതിരുന്നത് മലപ്പുറം തിരുനാവായ സ്വദേശി നൗഫല്‍ മോനും അത്ഭുതകരമായ രക്ഷപ്പെടലായി. ഷാര്‍ജ സ്‌കൂളില്‍ ഓഫീസ് ബോയ് ആയി ജോലി ചെയ്യുന്ന, അജ്മാന്‍ നിവാസിയായ നൗഫല്‍ മോന്‍ വെള്ളിയാഴ്ച കൃത്യസമയത്ത് ദുബായ് എയര്‍പോര്‍ട്ടിലെത്തി ചെക്ക് ഇന്‍ ചെയ്തിരുന്നു.

ഒരാഴ്ച മുമ്പാണ് തന്റെ വിസ ക്യാന്‍സലായതെന്ന് നൗഫല്‍ പറഞ്ഞു. ബോര്‍ഡിംഗ് പാസ് ലഭിച്ച് ഇമിഗ്രേഷന്‍ കൗണ്ടറിലെത്തിയപ്പോഴാണ് അനധികൃത താമസത്തിനുള്ള 1,000 ദിര്‍ഹം പിഴ അടക്കാന്‍ ആവശ്യപ്പെട്ടത്. 500 ദിര്‍ഹം മാത്രമാണ് തന്റെ കൈവശമുണ്ടായിരുന്നത്. സ്‌കൂള്‍ പി.ആര്‍.ഒയുമായി ബന്ധപ്പെട്ടപ്പോള്‍ എയര്‍പോര്‍ട്ടില്‍നിന്ന് തിരിച്ചുപോരാനാണ് ആവശ്യപ്പെട്ടത്. സ്വദേശത്തേക്ക് അയക്കുന്നതിനു മുമ്പായി അവര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പിഴകള്‍ അടക്കാമെന്ന് പി.ആര്‍.ഒ അറിയിച്ചു.

നിരാശനായ താന്‍ കുടുംബത്തെ വിളിച്ച് വിവരമറിയിച്ചു. വിമാന ദുരന്തത്തെ കുറിച്ച് കേട്ടപ്പോള്‍ എല്ലാ യാത്രക്കാരുടെയും കാര്യത്തില്‍ സങ്കടപ്പെട്ടു. വിമാനം നഷ്ടപ്പെട്ടതില്‍ ഏറെ ആശ്വാസവും തോന്നി. ദൈവം കാരുണ്യവാനാണ് - നൗഫല്‍ പറഞ്ഞു.

 

 

Latest News