Sorry, you need to enable JavaScript to visit this website.

വരാന് ഇരട്ടപ്പിഴവ്, റയലിന് വന്‍ ഷോക്ക്

മാഞ്ചസ്റ്റര്‍ - മഹാദ്ഭുതം സംഭവിച്ചില്ല, ഒരിക്കല്‍കൂടി റയല്‍ മഡ്രീഡ് യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് നേരത്തെ മടങ്ങി. റെക്കോര്‍ഡ് തവണ ചാമ്പ്യന്മാരായ റയല്‍ മഡ്രീഡിനെ രണ്ടാം പാദത്തിലും 2-1 ന് മുട്ടുകുത്തിച്ച് മാഞ്ചസ്റ്റര്‍ സിറ്റി ക്വാര്‍ട്ടര്‍ ഫൈനലിലേക്കു മുന്നേറി. ബെര്‍ണബാവുവിലെ ആദ്യ പാദത്തിലും റയല്‍ 1-2 ന് തോറ്റിരുന്നു. റഹീം സ്‌റ്റെര്‍ലിംഗും ഗബ്രിയേല്‍ ജെസൂസും സിറ്റിയുടെ ഗോളുകള്‍ നേടി. കരീം ബെന്‍സീമ ബുള്ളറ്റ് ഹെഡറിലൂടെ താല്‍ക്കാലികമായി സമനില സമ്മാനിച്ചിരുന്നു.
രണ്ടു ഗോള്‍ തിരിച്ചടിക്കേണ്ട റയലിന് തുടക്കം വന്‍ ദുരന്തമായി. പ്രതിരോധത്തിലെ ശക്തിദുര്‍ഗമായ ക്യാപ്റ്റന്‍ സെര്‍ജിയൊ റാമോസിന്റെ അഭാവം അവര്‍ക്ക് കനത്ത തിരിച്ചടിയായി. ഒമ്പതാം മിനിറ്റില്‍ വരാന്റെ പിഴവിലൂടെ സിറ്റി ഗോളടിച്ചു. ഗോള്‍കീപ്പര്‍ തിബൊ കോര്‍ടവയില്‍ നിന്ന് സ്വന്തം പകുതിയില്‍ പാസ് സ്വീകരിച്ച റഫാനില്‍ നിന്ന് ജാഗ്രതയോടെ നിന്ന ജെസൂസ് പന്ത് റാഞ്ചി. ജെസൂസിന്റെ പാസില്‍ നിന്ന് റഹീം സ്‌കോര്‍ ചെയ്തു.
റയല്‍ ശക്തമായി തിരിച്ചടിച്ചപ്പോള്‍ ഗോള്‍കീപ്പര്‍ എഡേഴ്‌സനാണ് സിറ്റിയുടെ ലീഡ് കാത്തത്. ബെന്‍സീമയും എഡന്‍ ഹസാഡും ഗോളിനടുത്തെത്തി. ഇരുപത്തെട്ടാം മിനിറ്റില്‍ റോഡ്രിഗോയുടെ പിന്‍ പോയന്റ് ക്രോസ് ബെന്‍സീമ ഹെഡ് ചെയ്തപ്പോള്‍ എഡേഴ്‌സനും കീഴടങ്ങി.
ഇടവേളക്കു ശേഷം സിറ്റി നിരവധി അവസരങ്ങളൊരുക്കി. എന്നാല്‍ ഗോളടിക്കാന്‍ ഒരിക്കല്‍കൂടി വരാന്റെ സഹായം വേണ്ടിവന്നു. അറുപത്തെട്ടാം മിനിറ്റില്‍ വരാന്‍ ഗോളിക്ക് ബാക്ക്പാസ് ചെയ്തത് ദുര്‍ബലമായിപ്പോയി. ഒരിക്കല്‍കൂടി ജാഗ്രതയോടെ ജെസൂസ് പന്ത് റാഞ്ചി. ഗോളിയെ കടത്തി പന്ത് വലയിലെത്തിച്ചു.  

 

Latest News