ദുബായ്- യു.എ.ഇയില്‍ രോഗത്തേക്കാള്‍ കൂടുതല്‍ വീണ്ടും രോഗമുക്തി. 216 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, 276 പേര്‍ രോഗമുക്തരായി. രണ്ടു പേര്‍ മരണത്തിന് കീഴടങ്ങിയതോടെ രാജ്യത്ത് വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 356 ആയി ഉയര്‍ന്നു.
രാജ്യത്തെ മൊത്തം കോവിഡ് കേസുകള്‍ 62,061 ആയി. ഇതില്‍ 56,015 പേര്‍ രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത് 61,978 കോവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെ 5.2 ദശലക്ഷം പരിശോധനയാണ് രാജ്യത്തുടനീളം നടന്നത്. ആഗോള തലത്തില്‍ തന്നെ കോവിഡ് പരിശോധനയില്‍ ഒന്നാമതാണ് യു.എ.ഇ. കോവിഡ് പരിശോധനക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ, കോവിഡ് വ്യാപനത്തില്‍ സ്വന്തം പൗരന്മാര്‍ കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രി അബ്ദുല്‍റഹ്മാന്‍ അല്‍ ഉവൈസ് പറഞ്ഞു. പൗരന്മാര്‍ക്കിടയില്‍ 30 ശതമാനം കോവിഡ് വര്‍ധന ഉണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നതിന്റെ ഫലമാണിതെന്നും അദ്ദേഹം വിശദീകരിച്ചു.
'ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, യു.എ.ഇ പൗരന്മാര്‍ക്കിടിയില്‍ കോവിഡ് 19 കേസുകള്‍ 30 ശതമാനം വര്‍ധിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതാണ് കാരണം. സാമൂഹിക ഒത്തുചേരല്‍ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. എന്നാല്‍ സ്വന്തത്തെയും മറ്റുള്ളവരെയും സംരക്ഷിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചേ മതിയാകൂ' - ഉവൈസ് പറഞ്ഞു.
കുടുംബ സന്ദര്‍ശനങ്ങള്‍ അപകടകരമായി മാറാം. പ്രത്യേകിച്ചും പ്രായമുള്ളവര്‍ക്കും അസുഖമുള്ളവര്‍ക്കും. ഇക്കാര്യത്തില്‍ എല്ലാവരുടെയും സഹകരണം ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






