സാഞ്ചസിന്റെ ദുരിതപര്‍വം കഴിഞ്ഞു

മാഞ്ചസ്റ്റര്‍ - ചിലെ സ്‌ട്രൈക്കര്‍ അലെക്‌സിസ് സാഞ്ചസ് ഇന്റര്‍ മിലാനിലെ താല്‍ക്കാലിക വാസം സ്ഥിരമാക്കി. ലോണില്‍ തങ്ങള്‍ക്കു കളിക്കുകയായിരുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരവുമായി ഇന്റര്‍ സ്ഥിരം കരാറിലെത്തി. 2018 ല്‍ വലിയ പ്രതീക്ഷയോടെ ആഴ്‌സനലില്‍ നിന്ന് യുനൈറ്റഡിലെത്തിയ മുപ്പത്തൊന്നുകാരന് പ്രതീക്ഷക്കൊത്തുയരാനായില്ല. 45 കളികളില്‍ അഞ്ചു ഗോള്‍ മാത്രമാണ് നേടിയത്. തുടര്‍ന്ന് പ്രതിഫലത്തുകയില്‍ ഒരു ഭാഗം തങ്ങള്‍ നല്‍കാമെന്ന വ്യവസ്ഥയില്‍ യുനൈറ്റഡ് കഴിഞ്ഞ സീസണില്‍ താരത്തെ ഇന്ററിന് ലോണായി നല്‍കി. ഇന്ററില്‍ സാഞ്ചസ് ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്.
2014 ല്‍ ബാഴ്‌സലോണയില്‍ നിന്ന് ആഴ്‌സനലില്‍ ചേര്‍ന്ന സാഞ്ചസ് മൂന്നു വര്‍ഷത്തോളം പ്രീമിയര്‍ ലീഗില്‍ മിന്നുന്ന ഫോമിലായിരുന്നു. 166 കളികളില്‍ ആഴ്‌സനലിന് വേണ്ടി 80 ഗോളടിച്ചു. 45 ഗോളുകള്‍ക്ക് വഴിയൊരുക്കി. മറ്റൊരു കളിക്കാരനും ആഴ്‌സനലില്‍ ഇത്രയേറെ ഗോളുകളില്‍ പങ്കാളിയാവാന്‍ സാധിച്ചിരുന്നില്ല.
 

 

Latest News