Sorry, you need to enable JavaScript to visit this website.
Monday , September   28, 2020
Monday , September   28, 2020

ചാമ്പ്യന്‍സ് ലീഗിന് പന്തുരുളുന്നു, മുള്‍മുനയില്‍ റയലും യുവന്റസും

പാരിസ് - അഞ്ച് മാസത്തെ ഇടവേളക്കു ശേഷം യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന് വെള്ളിയാഴ്ച വീണ്ടും പന്തുരുളുന്നു. പ്രി ക്വാര്‍ട്ടറിലെ ബാക്കിയുള്ള നാല് രണ്ടാം പാദ മത്സരങ്ങളാണ് ആദ്യം പൂര്‍ത്തിയാക്കുക. അത് ക്ലബ്ബുകളിലെ ഹോം ഗ്രൗണ്ടുകളിലായിരിക്കും. തുടര്‍ന്ന് പോര്‍ചുഗലിലെ ലിസ്ബണില്‍ ക്വാര്‍ട്ടര്‍ മുതല്‍ ഒറ്റപ്പാദ നോക്കൗട്ടായി തുടര്‍ന്നുള്ള മത്സരങ്ങള്‍ നടത്തും. റെക്കോര്‍ഡ് തവണ ചാമ്പ്യന്‍സ് ലീഗ് നേടിയ റയല്‍ മഡ്രീഡും ക്രിസ്റ്റായനൊ റൊണാള്‍ഡോയുടെ യുവന്റസും ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് അതിജീവിക്കുമോയെന്നതാണ് പ്രധാന ചോദ്യം.
അവശേഷിച്ച മത്സരങ്ങളില്‍ ഏറ്റവും പ്രധാനം റെക്കോര്‍ഡ് തവണ ചാമ്പ്യന്മാരായ റയല്‍ മഡ്രീഡും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലാണ്. ബെര്‍ണബാവുവിലെ ആദ്യ പാദത്തില്‍ 1-2 ന് തോറ്റ റയലിന് ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ജീവന്മരണ പോരാട്ടമാണ്. ആര് പുറത്തായാലും അത് വലിയ ഷോക്കാവും.
ക്രിസ്റ്റിയാനൊ കാക്കുമോ?
ഇറ്റാലിയന്‍ ലീഗ് ചാമ്പ്യന്മാരായ യുവന്റസ് സ്വന്തം ഗ്രൗണ്ടില്‍ ലിയോണിനെ നേരിടുന്നു. ആറു മാസം മുമ്പ് കൊറോണ വ്യാപിക്കുന്നതിനിടെ ഫ്രാന്‍സില്‍ നടന്ന ആദ്യപാദത്തില്‍ ലിയോണ്‍ 1-0 ന് ജയിച്ചു. ഇറ്റലിയില്‍ നിന്നെത്തിയ മൂവായിരം യുവന്റസ് ആരാധകരുള്‍പ്പെടെ അറുപതിനായിരം പേര്‍ക്കു മുന്നില്‍ ആ മത്സരം നടത്തുന്നതിനെതിരെ ലിയോണ്‍ പ്രതിഷേധിച്ചിരുന്നു. ലുക്കാസ് ടൂസാര്‍ടിന്റെ ഗോളില്‍ ജയിച്ച ലിയോണ്‍ ആഹ്ലാദത്തോടെയാണ് കളിയവസാനിപ്പിച്ചത്. കളി പുനരാരംഭിക്കുമ്പോള്‍ ടൂസാര്‍ട് ലിയോണില്‍ ഇല്ല, ജര്‍മനിയില്‍ ഹെര്‍ത്ത ബെര്‍ലിനില്‍ ചേര്‍ന്നു. മാര്‍ച്ചിനു ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലിയോണ്‍ ആദ്യ മത്സരം കളിച്ചത്, ഫ്രഞ്ച് ലീഗ് കപ്പ് ഫൈനലില്‍. ഷൂട്ടൗട്ടില്‍ പി.എസ്.ജിയോട് തോറ്റു.
അതേസമയം, ഇറ്റാലിയന്‍ ലീഗില്‍ യുവന്റസ് തുടര്‍ച്ചയായ ഒമ്പതാം തവണ ചാമ്പ്യന്മാരായി. ലീഗ് പുനരാരംഭിച്ച ശേഷം പഴയ ഫോമിലെത്താന്‍ അവര്‍ക്കായിട്ടില്ല. അവസാന എട്ട് ലീഗ് മത്സരങ്ങളില്‍ നാലും അവര്‍ തോറ്റു. രണ്ടെണ്ണം മാത്രമാണ് ജയിച്ചത്. ലാസിയോയുടെ കുടിശ്ശിക തീര്‍ക്കണമെങ്കില്‍ ക്രിസ്റ്റിയാനൊ റൊണാള്‍ഡോ മികച്ച ഫോമിലേക്കുയരേണ്ടി വരും.
സിറ്റിയോ റയലോ?
റയലിനെതിരായ പ്രി ക്വാര്‍ട്ടര്‍ ആദ്യ പാദം ഒട്ടും പ്രതീക്ഷയില്ലാതെയാണ് മാഞ്ചസ്റ്റര്‍ സിറ്റി കളിച്ചത്. അടുത്ത രണ്ടു സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കാനാവില്ലെന്ന ഭീഷണി അവരുടെ തലക്കു മുകളില്‍ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം ഇന്റര്‍നാഷനല്‍ സ്‌പോര്‍ട്‌സ് കോടതി അവരുടെ വിലക്ക് നീക്കി. അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ സിറ്റിക്ക് സ്ഥാനമുറച്ചു. റയലിനെതിരെ സ്വന്തം ഗ്രൗണ്ടില്‍ 0-1 ന് തോറ്റാല്‍ പോലും അവര്‍ക്ക് ക്വാര്‍ട്ടറിലേക്ക് മുന്നേറാം. ആദ്യ പാദത്തില്‍ കെവിന്‍ ഡിബ്രൂയ്‌നെയുടെ പെനാല്‍ട്ടിയില്‍ 2-1 ന് ജയിച്ച അവര്‍ ക്വാര്‍ട്ടറിന്റെ പടിവാതില്‍ക്കലാണ്. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കിരീടം അടിയറ വെക്കേണ്ടി വന്നത് സിറ്റിക്ക് കൂടുതല്‍ പ്രചോദനമാവും. 2016 ലെ സെമി ഫൈനലില്‍ റയലിനോട് തോറ്റതിന് പകരം ചോദിക്കാനും അവര്‍ വെമ്പും.
അതേസമയം പലതവണ ഇതുപോലുള്ള പ്രതിസന്ധികള്‍ മറികടന്ന അനുഭവമുണ്ട് റയലിന്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ നാലു തവണ അവര്‍ ചാമ്പ്യന്മാരായി. ലോക്ഡൗണിനു ശേഷമുള്ള ഉജ്വലമായ കുതിപ്പിലൂടെ സ്പാനിഷ് ലീഗ് സ്വന്തമാക്കിയ ആവേശത്തിലാണ് സിനദിന്‍ സിദാന്റെ കുട്ടികള്‍. എന്നാല്‍ സിറ്റിക്കെതിരെ ക്യാപ്റ്റന്‍ സെര്‍ജിയൊ റാമോസിന് കളിക്കാനാവില്ല. ആദ്യ പാദത്തില്‍ ചുവപ്പ് കാര്‍ഡ് വാങ്ങിയതിന് സസ്‌പെന്‍ഷനിലാണ്.
ബയേണ്‍ മ്യൂണിക്കിന് ക്വാര്‍ട്ടറിലെത്താന്‍ ശനിയാഴ്ച സ്വന്തം ഗ്രൗണ്ടില്‍ കളത്തിലിറങ്ങിയാല്‍ മതി. ചെല്‍സിക്കെതിരെ എവേ മത്സരത്തില്‍ അവര്‍ക്ക് 3-0 ലീഡുണ്ട്. അതേസമയം ബാഴ്‌സലോണയുടെ നില പരുങ്ങലിലാണ്. നാപ്പോളിയിലെ ആദ്യ പാദത്തില്‍ അവര്‍ 1-1 സമനില വഴങ്ങി.

 

Latest News