Sorry, you need to enable JavaScript to visit this website.

കൊറോണയില്‍ കുടുങ്ങി യു.എസ് ഓപണ്‍ പ്രൈസ് മണി

ന്യൂയോര്‍ക്ക് - കോവിഡ് പ്രതിസന്ധി മൂലമുള്ള വരുമാന നഷ്ടം ലോകത്തെ ഏറ്റവും പ്രതിഫല തുകയുള്ള ടെന്നിസ് ചാമ്പ്യന്‍ഷിപ്പിനെയും ബാധിക്കുന്നു. പുരുഷ, വനിതാ ചാമ്പ്യന്മാര്‍ക്ക് കഴിഞ്ഞ വര്‍ഷത്തേതില്‍നിന്ന് സമ്മാനത്തുകയില്‍ 22 ശതമാനം കുറവു വരുമെന്ന് സംഘാടകരായ യു.എസ് ടെന്നിസ് അസോയിയേഷന്‍ വെളിപ്പെടുത്തി. കോവിഡിന്റെ സാഹചര്യത്തില്‍ ഈയൊരു വര്‍ഷത്തേക്ക് മാത്രമാണ് ഈ കുറവ്. സാധാരണ ഓരോ വര്‍ഷവും പ്രതിഫല തുക വര്‍ധിപ്പിക്കുകയാണ് യു.എസ് ഓപണ്‍ ചെയ്യുന്നത്.
ഈ വര്‍ഷം കളിക്കാര്‍ക്ക് മൊത്തം നല്‍കുന്ന പ്രതിഫല തുക 5.34 കോടി ഡോളറായിരിക്കുമെന്നാണ് അസോസിയേഷന്‍ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം നല്‍കിയതിന്റെ 93.3 ശതമാനം മാത്രമാണിത്. 2019 ല്‍ മൊത്തം 5.72 കോടി ഡോളറാണ് സമ്മാനത്തുകയായി നല്‍കിയത്. പുരുഷ, വനിതാ ചാമ്പ്യന്മാരുടെ സമ്മാനത്തുകയില്‍ എട്ടര ലക്ഷം ഡോളറിന്റെ കുറവാണ് വരുത്തുന്നത്. അതായത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 22 ശതമാനം കുറവ്. ഇത്തവണ ചാമ്പ്യന്മാരുടെ സമ്മാനത്തുക 30 ലക്ഷം ഡോളറാണ്. കഴിഞ്ഞ വര്‍ഷം 38.5 ലക്ഷം നല്‍കിയ സ്ഥാനത്താണിത്.
അതേസമയം, ഒന്നാം റൗണ്ടില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള സമ്മാനത്തുക അഞ്ച് ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. നേരത്തെ 58,000 ഡോളര്‍ ആയിരുന്നത് 61,000 ഡോളറാക്കി. വര്‍ധന ഉള്ള ഏക ഭാഗം ഇതാണ്. രണ്ടാം റൗണ്ടിലെത്തുന്നവര്‍ക്കും (ഒരു ലക്ഷം ഡോളര്‍) മൂന്നാം റൗണ്ടിലെത്തുന്നവര്‍ക്കും (1.63 ലക്ഷം) പ്രതിഫലത്തില്‍ മാറ്റമില്ല. അതുകഴിഞ്ഞാല്‍ ഓരോ റൗണ്ടിലും സിംഗിള്‍സില്‍ പ്രതിഫലം കുറയുകയാണ്. നാലാം റൗണ്ടിലെ സമ്മാനത്തുക 2.8 ലക്ഷത്തില്‍നിന്ന് രണ്ടര ലക്ഷം ഡോളായി കുറയും. ക്വാര്‍ട്ടറിലെത്തുന്നവര്‍ക്കുള്ള സമ്മാനത്തുക അഞ്ച് ലക്ഷമെന്നത് 4.25 ലക്ഷം ഡോളറായും, സെമി ഫൈനലിസ്റ്റുകളുടെ സമ്മാനത്തുക 9.6 ലക്ഷത്തില്‍നിന്ന് എട്ട് ലക്ഷമായും, റണ്ണറപ്പിന് 19 ലക്ഷത്തില്‍നിന്ന് 15 ലക്ഷം ഡോളറായും കുറയും.
ഡബിള്‍സില്‍ കുറവ് ഇതിനേക്കാള്‍ കടുപ്പത്തിലാണ്. പുരുഷ, വനിതാ ചാമ്പ്യന്മാരാകുന്ന ജോടികള്‍ക്ക് കഴിഞ്ഞ വര്‍ഷം 7.4 ലക്ഷം ഡോളറാണ് ലഭിച്ചതെങ്കില്‍ ഇത്തവണ അത് നാല് ലക്ഷം മാത്രം, കുറവ് 46 ശതമാനം!
ഇതൊക്കെയാണെങ്കിലും കളിക്കാരുടെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കായി ഇത്തവണ 76 ലക്ഷം ഡോളര്‍ നീക്കിവെച്ചിട്ടുണ്ട്.
നിലവിലെ പുരുഷ, വനിതാ ചാമ്പ്യന്മാരായ റഫായേല്‍ നദാലും ആഷ്‌ലെയ് ബാര്‍ട്ടിയും കോവിഡിന്റെ സാഹചര്യത്തില്‍ ഇത്തവണ യു.എസ് ഓപണില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്.

Latest News