Sorry, you need to enable JavaScript to visit this website.

വിളർച്ച: അറിയേണ്ട കാര്യങ്ങൾ 

കുട്ടികളിലും മുതിർന്നവരിലും ഗർഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും ഒരു പോലെ കാണുന്ന ഒന്നാണ് വിളർച്ച അഥവാ അനീമിയ. രക്തത്തിലെ ചുവന്ന രക്താണുക്കളുടെ (ആർ.ബി.സി) അളവ് സാധാരണയിലും കുറയുന്ന അവസ്ഥയാണ് അനീമിയ. ചുവന്ന രക്താണുക്കളാണ് നമ്മുടെ ശരീരത്തിലെ ഓരോ കോശങ്ങൾക്കും വേണ്ട ഓക്‌സിജൻ എത്തിക്കുന്നത്. ഓക്‌സിജന്റെ അളവ് കുറഞ്ഞാൽ അത് കോശങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കും. 
ക്ഷീണം, തലകറക്കം, തളർച്ച, കിതപ്പ് , ശ്വസനത്തിനുള്ള ബുദ്ധിമുട്ട് , ഹൃദയമിടിപ്പ് കൂടുക, ദഹിക്കാത്ത ഭക്ഷണങ്ങൾ കഴിക്കുവാനുള്ള താൽപര്യം PICA  (ഉദാ: മണ്ണ്, അരി) എന്നീ ലക്ഷണങ്ങളാണ് സാധാരണയായി വിളർച്ചയുളള രോഗികളിൽ കാണുന്നത്. 

പലതരത്തിലുള്ള അനീമിയകളിൽ ഏറ്റവും പ്രധാനം ന്യൂട്രീഷനൽ അനീമിയയാണ് (പോഷകക്കുറവ് മൂലമുള്ള വിളർച്ച). ഇതിന് കാരണം നമ്മുടെ ഭക്ഷണരീതി തന്നെയാണ്. പരമ്പരാഗത ഭക്ഷണരീതി മാറിയതും സസ്യാഹാരം ഒഴിവാക്കിയതുമാണ് ഇതിന്റെ പ്രധാന കാരണം. ഡബ്ല്യൂ എച്ച് ഒ യുടെ കണക്ക് പ്രകാരം 40 ശതമാനം ഗർഭിണികളും, 42 ശതമാനം 5 വയസ്സിൽ താഴെയുള്ള കുട്ടികളും ലോകത്താകമാനം വിളർച്ചക്ക് അടിമകളാണ്. പണ്ടുകാലങ്ങളിൽ പോഷക കുറവാണ് അനീമിയക്ക് പ്രധാന കാരണമെങ്കിൽ ഇന്ന് അമിതാഹാരവും ഫാസ്റ്റ് ഫുഡും അമിതവണ്ണവുമാണ് പ്രധാന കാരണം.

സാധാരണ ഹീമോഗ്ലോബിന്റെ അളവ് പുരുഷൻമാരിൽ 13.8 മുതൽ 17.2 ഗ്രാം / DL ഉം സ്ത്രീകളിൽ 12.1 മുതൽ 12.5 ഗ്രാം / DLഉമാണ്. കുട്ടികളെ സംബന്ധിച്ച് ഇത് വ്യത്യസ്തമായിരിക്കും. 

 കാരണങ്ങൾ

ആർത്തവ സമയത്തുള്ള അമിത രക്തസ്രാവം, കൊച്ചു കുട്ടികളിൽ കാണുന്ന വിരശല്യം, പ്രസവ സമയത്തുള്ള അമിത രക്തം, വൃക്ക രോഗികൾ, ചിലതരം മരുന്നുകളുടെ ഉപയോഗം, ഇരുമ്പിന്റെ (അയേൺ) ആഗിരണ കുറവ് എന്നിവ പ്രധാന കാരണങ്ങളാണ്.

 ആഹാരക്രമം

ശരിയായ രീതിയിലുള്ള ആഹാര ക്രമീകരണത്തിലൂടെ ഒരു പരിധി വരെ വിളർച്ചയെ തടയാൻ സാധിക്കും. ഭക്ഷണത്തിൽ ധാരാളം പയറു വർഗ്ഗങ്ങൾ, പച്ച ഇലക്കറികൾ , മുട്ട , മത്സ്യങ്ങൾ, മാംസ്യങ്ങൾ ഉൾപ്പെടുത്തുന്നത് വഴി അയേണും ഫോളിക്കാസിഡും ശരീരത്തിൽ ലഭിക്കുന്നു. ചുവന്ന ഇറച്ചികൾ ( റെഡ് മീറ്റ് ), കോഴി ഇറച്ചി, വിറ്റമിൻ ബി12 അടങ്ങിയ കരൾ, മുട്ടയുടെ മഞ്ഞ , കടൽ മത്സ്യങ്ങൾ  ഇവയെല്ലാം ആവശ്യമായ തോതിൽ ഉൾപ്പെടുത്തേണ്ടതാണ്. അയേൺ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിനോടൊപ്പം വിറ്റാമിൻ സി അടങ്ങിയ നെല്ലിക്ക, ഓറഞ്ച് , മുസമ്പി, പപ്പായ , പൈനാപ്പിൾ, കിവി, പേരയ്ക്ക , ബ്രൊക്കോളി, തക്കാളി എന്നിവ കഴിക്കുന്നത് ശരീരത്തിലേക്ക് അയേണിന്റെ ആഗിരണത്തെ സഹായിക്കുന്നു. 
അയേൺ അടങ്ങിയ എള്ള്, ശർക്കര, മുതിര ഉണങ്ങിയ പഴങ്ങളായ കാരക്ക (ഈത്തപ്പഴം) , അത്തിപ്പഴം, കറുത്ത മുന്തിരി എന്നിവ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

 ഒഴിവാക്കേണ്ടതും ശ്രദ്ധിക്കേണ്ടതും 

ടാനിൻ അടങ്ങിയ ചായ, കാപ്പി എന്നിവ അയേണിന്റെ ആഗിരണത്തെ കുറയ്ക്കുന്നു. ഭക്ഷണത്തിന് തൊട്ടു മുൻപോ ശേഷമോ ചായ കുടിക്കുന്നത് അയേണിന്റെ ആഗിരണത്തെ തടസ്സപ്പെടുത്തുന്നു. വിറ്റാമിൻ സി അടങ്ങിയ പച്ചക്കറികളും പഴങ്ങളും കൂടുതൽ സമയം വെള്ളത്തിലിട്ടു വെക്കുന്നത് ഒഴിവാക്കേണ്ടതാണ്. അയേണിന്റെ ആഗിരണത്തെ കാത്സ്യം തടസ്സപ്പെടുത്തുന്നതിനാൽ അയേൺ ഗുളികകളോടൊപ്പം പാലും പാലുൽപന്നങ്ങളും ഒഴിവാക്കേണ്ടതാണ്. അയേൺ സപ്ലിമെന്റിന്റെ രണ്ട് മണിക്കൂർ മുൻപോ ശേഷമോ പാലും പാലുൽപന്നങ്ങളും ഉപയോഗിക്കാവുന്നതാണ്. 

 

(കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലിലെ സീനിയർ ഡയറ്റീഷ്യനാണ് ലേഖിക)

Latest News