Sorry, you need to enable JavaScript to visit this website.

 നൊമ്പരമുണർത്തി 'മരുഭൂമിയിലെ മഹർമാല'

പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ലോക്ഡൗൺ എന്ന ഷോർട്ട് ഫിലിമിന് ശേഷം ശംസുദ്ദീൻ മാളിയേക്കൽ സംവിധാനം ചെയ്ത മരുഭൂമിയിലെ മഹർമാല എന്ന ഹ്രസ്വ ചിത്രം സമൂഹ മാധ്യമങ്ങളിൽ തരംഗമായി.  ഏറെ വെയിൽകൊണ്ട് നട്ടുവളർത്തിയ തണൽമരത്തിന്റെ ഓരം ചേർന്ന് നിൽക്കാൻ ഭാഗ്യമില്ലാതെ മരുഭൂമിയിൽ ജീവൻ ഹോമിക്കപ്പെടുന്ന പ്രവാസികളുടെ കഥ പറയുന്ന ഈ ചിത്രം വൈകാരിക മുഹൂർത്തങ്ങളിലൂടെ കടന്നു പോവുന്നുണ്ട്. നാട്ടിലും റിയാദിലുമായി ചിത്രീകരിച്ച പതിനാറു മിനുട്ട് ദൈർഘ്യമുള്ള ഈ ഹ്രസ്വ ചിത്രം സാങ്കേതിക മികവ്‌കൊണ്ട് ശ്രദ്ധേയമായി. ജിവിത പ്രാരബ്ദങ്ങളിൽനിന്ന് കരകയറാൻ വിമാനം കയറി  പതിറ്റാണ്ടുകൾ മണലാരണ്യത്തിൽ കഴിയേണ്ടി വന്ന ബാപ്പുട്ടിക്കയെന്ന പിതാവിന്റെ വേഷം സലീം കൊല്ലം അനശ്വരമാക്കിയപ്പോൾ, കേന്ദ്ര കഥാപാത്രങ്ങളായ റിയാസിന്റെയും, റസിയയുടെയും വേഷം കണ്ണ് നനയിക്കുന്ന അഭിനയ പ്രകടനത്തിലൂടെ  ശംസുദ്ദീൻ മാളിയേക്കലും, നൈസിയ നാസറും മികവുറ്റതാക്കി.

ചേതനയറ്റു കിടക്കുന്ന ബാപ്പച്ചിയുടെ മരണവിവരം  അറിയാതെ കല്യാണ പന്തലിൽ മണവാട്ടിയായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന റസിയയുടെ മുഖം  പ്രേക്ഷകരുടെ കരളലിയിക്കുന്നതായിരുന്നു. പ്രവാസത്തിന്റെ പ്രയാസം തിരിച്ചറിഞ്ഞ്  കഴിയുന്ന ബാപ്പുട്ടിക്കയുടെ ഭാര്യയായി ലൈല തൃശൂരും, ബാപ്പുട്ടിക്കയുടെ സന്തത സഹചാരിയായി സക്കീർ ദാനത്തും വേഷമിട്ടു. നാസർ വണ്ടൂർ, ഷാജി നിലമ്പൂർ, ജംഷാദ് തുവ്വൂർ, തസ്‌നി റിയാസ് എന്നിവർ മറ്റ് കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. നാദിഷ് മീഡിയ പുറത്തിറക്കിയ ചിത്രത്തിന്റെ കഥയും തിരക്കഥയും ശംസുദ്ദീൻ മാളിയേക്കലിന്റെതാണ്. ത്രീ ടി എസ് ഗ്രൂപ്പാണ് ഈ ഹ്വസ്വചിത്രം നിർമ്മിച്ചിരിക്കുന്നത്. സാലിഹ് അഹമ്മദും, അഫ്‌സൽ ജഹാനും ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ എഡിറ്റിങ്ങും, പശ്ചാത്തല സംഗീതവും നിർവഹിച്ചത് അൻഷാദ് ഫിലിംക്രാഫ്റ്റ് ആണ്.

ശംസുദ്ധീൻ മാളിയേക്കലും, ശബാന അൻഷാദും ചേർന്നാണ്  ശബ്ദം നൽകിയത്. സുധീർ സ്രാമ്പികല്ലും, നാസർ പാറക്കലും പ്രൊഡക്ഷൻ കൺട്രോളറായ ഈ ചിത്രത്തിന്റെ സഹ സംവിധാനം നിർവഹിച്ചത് ഫിറോസ് ഖാൻ സ്രാമ്പിക്കല്ല് ആണ്. ഓഫിസ് നിർവഹണം ഫാഹിദ് നീലാഞ്ചേരിയും, ഷഫാഹത്ത് പൊന്നാനിയും നിർവഹിച്ചു. വഹീദ് വാഴക്കാട്, നിസാം മാളിയേക്കൽ, സാജിദ്, അഷ്‌റഫ്, ചെറിയാപ്പു കാളികാവ് എന്നിവർ അതിഥി താരങ്ങളായി എത്തി. സൗദി അറേബ്യയിലെ തന്നെ ആദ്യത്തെ വെബ്‌സീരിസ് ആയ ജിലേബിയും സാമ്പാറും എന്ന പ്രോഗ്രാം മികവുറ്റ രീതിയിൽ മുന്നേറുന്നുണ്ട്. അതിന്റെ തുടർന്നുള്ള എപ്പിസോഡുകൾ അണിയറയിൽ പുരോഗമിക്കുന്നു. മൂന്നാം ഭാഗം ഉടൻ പ്രേക്ഷകരുടെ മുന്നിലെത്തുമെന്ന് സംവിധായകൻ ശംസുദ്ധീൻ മാളിയേക്കൽ അറിയിച്ചു.
 

Latest News