വീണ്ടും ഓണ്‍ലൈന്‍ റിലീസുമായി മലയാള സിനിമ

കൊച്ചി- സൂഫിയും സുജാതയ്ക്കും പിന്നാലെ മലയാള സിനിമയില്‍ വീണ്ടും ഓണ്‍ലൈന്‍ റിലീസ്. എസ്. അഭിലാഷ് സംവിധാനം ചെയ്ത കൊന്നപ്പൂക്കളും മാമ്പഴവും എന്ന കുട്ടികളുടെ ചിത്രമാണ് ഓണ്‍ലൈന്‍ റിലീസിങ്ങിനൊരുങ്ങുന്നത്.
മെയ്ന്‍സ്ട്രീം ടിവി എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴിയാണ് ചിത്രത്തിന്റെ റിലീസ്. ഓഗസ്റ്റ് എട്ടിനാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. തീയേറ്റര്‍ റിലീസായിരുന്നു ലക്ഷ്യമെങ്കിലും നിലവിലെ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഓണ്‍ലൈന്‍ റിലീസ് നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ചിത്രത്തിന്റെ സംവിധായകന്‍ എസ്. അഭിലാഷ് പറഞ്ഞു
കുട്ടികളുടെ അവധിക്കാലം അവര്‍ക്ക് തന്നെ തിരികെ നല്‍കുക എന്ന സന്ദേശമാണ് ചിത്രം നല്‍കുന്നത്. സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ ജെയ്ഡന്‍ ഫിലിപ് ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്.
നിരവധി ഫിലിം ഫെസ്റ്റുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് വച്ച് നടന്ന കുട്ടികളുടെ കേരളാ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മികച്ച പ്രതികരണം നേടിയിരുന്നു. നീന ബിയാണ് ചിത്രത്തിന്റെ നിര്‍മാതാവ്.

 

Latest News