Sorry, you need to enable JavaScript to visit this website.

അവസാന ദിവസം ആയുസ്സ് നീട്ടി ജിനോവ

റോം - ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളിന്റെ ഏറ്റവും ദൈര്‍ഘ്യമായ സീസണിന്റെ അവസാന ദിവസം ആയുസ്സ് നീട്ടി ജിനോവ. ലെക്കെ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടു. ഹെലാസ് വെറോണയെ 3-0 ന് തോല്‍പിച്ച ജിനോവ നാല് പോയന്റിന് ലെക്കെയെ പിന്നിലാക്കി. ലെക്കെ 3-4 ന് പാര്‍മയോട് തോറ്റു. ജിനോവ തുടര്‍ച്ചയായ പതിനാലാം സീസണിലും സീരീ അ-യില്‍ തുടരും. ബ്രേഷ്യയും സ്പാലും നേരത്തെ തരംതാഴ്ത്തപ്പെട്ടിരുന്നു.
2019 ഓഗസ്റ്റ് 24 ന് ആരംഭിച്ച സീസണ്‍ ഏതാണ്ട് ഒരു വര്‍ഷത്തോളമെടുത്താണ് പൂര്‍ത്തിയായത്. ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സീസണ്‍ രാജ്യത്തിന്റെ ഏറ്റവും പ്രയാസപൂര്‍ണമായ വര്‍ഷത്തിലാണ് സംഭവിച്ചതെന്ന് സ്‌പോര്‍ട്‌സ് മന്ത്രി വിന്‍സെന്‍സൊ സ്പദഫോറ പറഞ്ഞു. ഫുട്‌ബോള്‍ പുനരാരംഭിക്കാനാവില്ലെന്ന് കരുതിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്നു മാസത്തോളം കളി മുടങ്ങി. തുടര്‍ച്ചയായ ഒമ്പതാം സീസണിലും യുവന്റസാണ് ചാമ്പ്യന്മാര്‍.  
വെറോണക്കെതിരെ ആന്റോണിയൊ സനാബ്രിയ രണ്ടു ഗോളടിച്ചു. ക്രിസ്റ്റിയന്‍ റോമിറോയും ഗോള്‍ നേടി. എന്നാല്‍ അവസാന നിമിഷങ്ങള്‍ പിരിമുറുക്കം നിറഞ്ഞതായിരുന്നു. ജിനോവ ഒമ്പതു പേരുമായാണ് കളിയവസാനിപ്പിച്ചത്. വെറോണ പത്തു പേരുമായും.
ജിനോവ തോറ്റാലേ ലെക്കെക്ക് സാധ്യതയുണ്ടായിരുന്നുള്ളൂ. രണ്ടു ഗോളിന് പിന്നിലായ ശേഷം ലെക്കെ തുല്യത നേടിയിരുന്നു. എന്നാല്‍ ഇടവേളക്കു ശേഷം പാര്‍മ രണ്ടു ഗോളടിച്ചു.

Latest News