സൗദി പിന്മാറിയതില്‍ ഷിയറര്‍ക്ക് സങ്കടം

ലണ്ടന്‍ - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ് ന്യൂകാസിലിനെ ഏറ്റെടുക്കാനുള്ള യത്‌നത്തില്‍ നിന്ന് സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഉള്‍പ്പെട്ട സംഘം പിന്മാറിയതില്‍ ക്ലബ്ബിന്റെ ടോപ് ഗോള്‍സ്‌കോറര്‍ അലന്‍ ഷിയറര്‍ക്ക് സങ്കടം. ചര്‍ച്ച പരാജയപ്പെട്ട ദിനം ഏറ്റവും നിരാശപ്പെടുത്തുന്നതാണ്. ന്യൂകാസില്‍ ഉന്നത നിലവാരത്തില്‍ പൊരുതുന്നതു കാണാനാണ് ആരാധകര്‍ ആഗ്രഹിച്ചത്. പുതിയ ഉടമകളെ അവര്‍ പ്രതീക്ഷിച്ചിരുന്നു. മറ്റേതെങ്കിലും സംഘം ചര്‍ച്ചക്കു വരുമെന്നു പ്രതീക്ഷിക്കുക മാത്രമേ വഴിയുള്ളൂ. ന്യൂകാസില്‍ കൂടുതല്‍ മികച്ചത് അര്‍ഹിക്കുന്നു -ഷിയറര്‍ പറഞ്ഞു. ഇക്കഴിഞ്ഞ സീസണില്‍ ന്യൂകാസില്‍ പതിമൂന്നാം സ്ഥാനത്തായിരുന്നു. 1955 നു ശേഷം അവര്‍ ഒരു പ്രധാന കിരീടവും നേടിയിട്ടില്ല.
സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിനു പകരം സൗദി സര്‍ക്കാര്‍ ക്ലബ്ബിന്റെ ഡയരക്ടറായി വരണമെന്ന് പ്രീമിയര്‍ ലീഗ് അധികൃതര്‍ ശഠിച്ചതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന് നിക്ഷേപക സംഘത്തിലെ ആമന്‍ഡ സ്റ്റാവ്‌ലി പറഞ്ഞു. പ്രീമിയര്‍ ലീഗ് അധികൃതര്‍ പ്രശ്‌നം സങ്കീര്‍ണമാക്കി. ഒരു രാജ്യവും ഇതുവരെ ഒരു ക്ലബ്ബിന്റെ ഡയരക്ടര്‍ സ്ഥാനത്തു വന്നിട്ടില്ല. അസംബന്ധമാണ് അത് -അദ്ദേഹം പറഞ്ഞു.

Latest News