ലീഗ് കപ്പും പി.എസ്.ജിക്ക്, ആഭ്യന്തര ഹാട്രിക് നേട്ടം

പാരിസ് - ഒളിംപിക് ലിയോണിനെ സഡന്‍ഡെത്തില്‍ 6-5 ന് തോല്‍പിച്ച പി.എസ്.ജി ഫ്രഞ്ച് ലീഗ് കപ്പ് ചാമ്പ്യന്മാരായി. ഇതോടെ അവര്‍ ആഭ്യന്തര ഹാട്രിക് തികച്ചു. ഫ്രഞ്ച് ലീഗും ഫ്രഞ്ച് കപ്പും നേടിയത് പി.എസ്.ജിയാണ്. ചാമ്പ്യന്‍സ് ലീഗിലും അവരുടെ സാധ്യത നിലനില്‍ക്കുന്നു.
നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഗോള്‍പിറക്കാതിരുന്ന മത്സരം ആദ്യ അഞ്ച് ടൈബ്രേക്കറിലും സമനിലയായി. ഒടുവില്‍ ബെര്‍ട്രന്റ് ട്രവോരെയുടെ കിക്ക് പി.എസ്.ജി ഗോളി കെയ്‌ലോര്‍ നവാസ് രക്ഷിച്ചതോടെയാണ് നാടകീയത അവസാനിച്ചത്. ഒമ്പതാം തവണയാണ് പി.എസ്.ജി ലീഗ് കപ്പ് നേടുന്നത്. ഫ്രഞ്ച് ലീഗ് കപ്പിലെ അവസാന ചാമ്പ്യന്മാരാവും പി.എസ്.ജി. ഈ സീസണോടെ ഫ്രഞ്ച് കപ്പ് ടൂര്‍ണമെന്റ് അവസാനിപ്പിക്കുകയാണ്. അടുത്ത നാലു വര്‍ഷത്തേക്ക് ടൂര്‍ണമെന്റിന്റെ ബ്രോഡ്കാസ്റ്റിംഗ് അവകാശത്തിനായി ആരും മുന്നോട്ടുവന്നിട്ടില്ല.
സ്‌റ്റെയ്ഡ് ദെ ഫ്രാന്‍സില്‍ അയ്യായിരത്തോളം കാണികളുടെ മുന്നിലാണ് ഫ്രഞ്ച് കപ്പ് ഫൈനല്‍ അരങ്ങേറിയത്. പി.എസ്.ജി നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ലിയോണ്‍ ഗോളി ആന്റണി ലോപസ് ഉറച്ചുനിന്നു. മൂന്നു തവണ നെയ്മാറിന്റെ ഗോളെന്നുറച്ച ഷോട്ടുകള്‍ വിഫലമായി. എയിംഗല്‍ ഡി മരിയ, ഇദരിസ ഗുയെ എന്നിവര്‍ക്കും ഗോളടിക്കാനായില്ല. എക്‌സ്ട്രാ ടൈമിന്റെ അവസാന നിമിഷം ഡി മരിയയെ തടഞ്ഞതിന് ലിയോണ്‍ ഡിഫന്റര്‍ റഫായേല്‍ ഡാസില്‍വ ചുവപ്പ് കാര്‍ഡ് കണ്ടു.
കഴിഞ്ഞയാഴ്ച സെയ്ന്റ് എറ്റിയേനെ 1-0 ന് തോല്‍പിച്ചാണ് പി.എസ്.ജി ഫ്രഞ്ച് കപ്പ് സ്വന്തമാക്കിയത്. ഈ മാസം 12 ന് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ അവര്‍ ഇറ്റലിയിലെ അറ്റ്‌ലാന്റയെ നേരിടുകയാണ്.

 

Latest News