Sorry, you need to enable JavaScript to visit this website.

പ്രവാസി സംരംഭകന്റെ സംഗീത ആൽബം ശ്രദ്ധേയമാകുന്നു

പ്രവാസി സംരംഭകനും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. വി.വി. ഹംസ പാടിയ മൂന്ന് ഗാനങ്ങളുമായി പുറത്തിറങ്ങിയ അൽ ഫുർഖാൻ സംഗീത ആൽബം ശ്രദ്ധേയമാകുന്നു. ആൽബം പുറത്തിറങ്ങിയ ആദ്യ നാളുകളിൽ തന്നെ ഓൺലൈനിലും ഓഫ് ലൈനിലുമായി പതിനായിരക്കണക്കിനാളുകളാണ് പാട്ടുകൾ ആസ്വദിക്കാനും അഭനന്ദനമറിയിക്കാനും മുന്നോട്ടുവന്നത്. ബിസിനസ് സംരംഭങ്ങളുടേയും സാമൂഹ്യ  സേവന പ്രവർത്തനങ്ങളുടേയും ഇടവേളകളിൽ സമ്മർദങ്ങളിൽ നിന്നും മോചനം ലഭിക്കുന്നതിനും മാനസികോല്ലാസത്തിനും ചെറുതായി പാടാറുള്ള ഡോ. ഹംസയുടെ ആദ്യ ആൽബമാണിത്. ദോഹ വേവ്‌സ് ചെയർമാനും അനുഗ്രഹീത ഗായകനുമായ മുഹമ്മദ് ത്വയ്യിബും സംഘവും നൽകിയ പിന്തുണയും പ്രോൽസാഹനവുമാണ് ഇങ്ങനെയൊരു ആൽബത്തിന്റെ പിറവിക്ക് കാരണണമായത്.  
സംഗീതം മാനസിക സംഘർഷം ലഘൂകരിക്കാനും കർമ രംഗത്ത് ഊർജം പകരാനും സഹായകമാകുന്നതോടൊപ്പം നല്ല സൗഹൃദങ്ങളും സമ്മാനിക്കുമെന്നതാണ് തന്റെ അനുഭവമെന്ന് ഡോ. ഹംസ പറഞ്ഞു. താനൊരു പ്രൊഫഷനൽ പാട്ടുകാരനല്ലെന്നും ഹോബിയെന്ന നിലക്ക് ഒഴിവ് സമയങ്ങളിൽ പാടാനും പാട്ടു കേൾക്കാനും സമയം കണ്ടെത്തുക മാത്രമാണ് ചെയ്യാറുള്ളതെന്നും  ഡോ. വി.വി. ഹംസ പറഞ്ഞു. നല്ല പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത അനുഭൂതിയാണ്. പാട്ടുകളും പാട്ടുകാരേയും ഇഷ്ടപ്പെടുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നത് ഈയർഥത്തിലാണ്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടോളമായി ഖത്തറിൽ ജീവിച്ചപ്പോൾ കുറേ നല്ല പാട്ടുകാരുമായി സൗഹൃദം സ്ഥാപിക്കുവാനും അവരുടെ ഗാനസന്ധ്യകൾ ആസ്വദിക്കുവാനും അവസരമൊരുക്കി. 
പ്രവാസ ലോകത്തെത്തിയതാകാം ജന്മനാ പാട്ടിനോട് വാസനയുണ്ടായിരുന്നെങ്കിലും കൂടുതൽ പാടാനും പാട്ടുകളാസ്വദിക്കാനും അവസരങ്ങൾ നൽകിയത്. പ്രവാസ ലോകത്തെ ബാച്ചിലർ റൂമികളിലെ വാരാന്ത്യ ഒത്തുകൂടലുകളും ഇശലുകളുമൊക്കെ ജീവിതത്തിലെ അവിസ്മരണീയമായ മുഹൂർത്തങ്ങളാണ്.  
ഡോ. ഹംസ വി.വി പാടി അഭിനയിച്ച അൽ ഫുർഖാനിന്റെ ടൈറ്റിൽ സോംഗ് ബാപ്പു വെള്ളിപ്പറമ്പിന്റേതാണ്. ഖണ്ടൻ എന്ന ചിത്രത്തിന് വേണ്ടി രവി ബോംബെയുടെ സംഗീതത്തിൽ ലതാമങ്കേഷ്‌കർ പാടി അനശ്വരമാക്കിയ തുമീ മേരിമന്ദിർ തുമീ മേരി പൂജ എന്ന പോപ്പുലർ ഹിന്ദി പാട്ടിന്റെ ഈണത്തിലുള്ള 'സമാനിന്റെ നാളം ഫുറുഖാൻ അളീമാ, സമദുൽ ഇലാഹിൻ പൊരുളാം കലാമാം, അമീനാം റസൂലിൻ സൗഭാഗ്യവേദാ, അഖില പ്രകാശം ഖുറുആൻ ശരീഫാ' ആസ്വാദക ലോകം ഏറ്റെടുത്തതോടെയാണ് ആൽബം ഏറെ ശ്രദ്ധിക്കപ്പെട്ടത്. കൊറോണയുടെ ആശങ്കകൾക്കിടയിലും ബലിപെരുന്നാളാഘോഷിക്കുന്ന സഹൃദയ ലോകത്തിനുള്ള തന്റെ സമ്മാനമാണ് ഈ ഗാനമെന്ന്് ഡോ. ഹംസ വിശദീകരിച്ചു. 


 ലോകത്തെ വരിഞ്ഞു മുറുക്കിയ കൊറോണയുടെ പശ്ചാത്തലത്തിലുള്ളതാണ് ആൽബത്തിലെ മറ്റു രണ്ട് ഗാനങ്ങൾ എന്നതും സമകാലിക പ്രസക്തമാണ്. ഹംസയുടെ കമ്പനിയിലെ ജീവനക്കാരനായ സുറുമ ലത്തീഫ്  അലനല്ലൂർ കത്തുന്ന കർബല എന്ന ഇശലിൽ ചിട്ടപ്പെടുത്തിയ 'കരൾ നൊന്ത് കണ്ണീരാൽ കേഴുന്നേ യാ റഹ്മാനേ' എന്ന ഗാനം ആശയത്തിലും ചിത്രീകരണത്തിലും കോവിഡ് പശ്ചാത്തലം കൊണ്ട് അവിസ്മരണീയമാകുന്നു. ഉടനെ ജുമൈലത്ത് എന്ന ഇശലിൽ റഫീഖ് പോക്കാക്കി രചിച്ച 'ഒരുനാളിൽ ലോകം വിറച്ച് വിറങ്ങലിച്ച്.. വീറോടെ ശൂരത്തം കാട്ടുന്നോരും പകച്ച്.. കൈവിട്ട കളിയിൽ മനുഷ്യർ നിലം പതിച്ച്.. വൈറസ് കോവിഡ് എന്ന പേരും ചേലിൽ വിളിച്ച്' എന്ന് തുടങ്ങുന്ന ഗാനവും സന്ദേശ പ്രധാനമാണ്. 
ദോഹ വേവ്‌സ് ചെയർമാൻ മുഹമ്മദ് ത്വയ്യിബ് സംവിധാനം നിർവഹിച്ച ആൽബത്തിന്റെ ദൃശ്യാവിഷ്‌കാരം നിർവഹിച്ചത് ഫിറോസ് എം.കെയും, അസിസ്റ്റന്റ് ക്യാമറമാൻ നിയാസ് അബ്ദുൽ നാസറുമാണ്. 
നേരത്തെ ഫൈസൽ പൊന്നാനിയുടെ വരികൾക്ക് പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂരിന്റെ സംഗീതത്തിൽ സംഗീത് അരവിന്ദിന്റെ ഓർക്കസ്‌ട്രേഷനോടെ സിറാജ് ഫാന്റസി സംവിധാനം ചെയ്ത് 2017 ൽ റിലീസ് ചെയ്ത ഈദുൽ ഫിത്വർ ആൽബത്തിൽ ഡോ. ഹംസ പാടിയ 'പ്രിയതമയേ നിന്നോടാണെന്റെ മുഹബ്ബത്ത'് എന്ന ഗാനവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 
അൽ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ  ഡോ. ഹംസ വി.വി നിരന്തരമായ പരിശ്രമവും കഠിനാദ്ധ്വാനവും കൊണ്ട് സ്വന്തമായ ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത യുവ സംരംഭകനാണ്. അനുദിനം പുരോഗതിയിൽനിന്നും പുരോഗതിയിലേക്ക് കുതിക്കുന്ന ഖത്തറിന്റെ ഭൂമികയിൽ ശ്രദ്ധേയമായ നാമമായി അൽ സുവൈദ് ഗ്രൂപ്പിനെ മാറ്റിയെടുത്ത അദ്ദേഹത്തിന്റെ കർമവഴികളും ജീവിതവും പുതിയ തലമുറക്ക് ഏറെ പ്രചോദനമാകും. ആത്മ വിശ്വാസവും ടീം സ്പിരിറ്റും കൈമുതലാക്കിയാണ് ഈ സംരംഭകൻ മുന്നേറുന്നത്.
ഖത്തറിലെ മികച്ച സർവീസ് പ്രൊവൈഡറായി മാറുന്നതോടൊപ്പം ഗ്രൂപ്പിന്റെ പങ്കാളികൾക്കും ജീവനക്കാർക്കുമൊക്കെ നല്ല പ്രതിഫലം ഉറപ്പാക്കുക എന്ന ബൃഹത്തായ ലക്ഷ്യത്തോടെ മുന്നേറുന്ന അൽ സുവൈദ് ഗ്രൂപ്പ് രണ്ട് പതിറ്റാണ്ടിനുള്ളിൽ ആശാവഹമായ പുരോഗതിയാണ് കൈവരിച്ചത്. 2016 ൽ സ്വന്തമായ സീവേജ് പ്ലാന്റ് സാക്ഷാൽക്കരിച്ച ഗ്രൂപ്പ് ഖത്തറിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് വിവിധ ഭക്ഷ്യോൽപന്നങ്ങൾ ഖത്തറിൽ തന്നെ ഉണ്ടാക്കിയെടുക്കുന്നതിനുള്ള പദ്ധതിയുമായാണ് മുന്നോട്ടുപോകുന്നത്. ദോഹ മാക്‌സ് എന്ന പുതിയ ബ്രാൻഡിലാണ്് മെയിഡ് ഇൻ ഖത്തർ ഭക്ഷ്യോൽപന്നങ്ങൾ വിപണിയിലിറക്കുന്നത്. ഖത്തർ അധികൃതരിൽനിന്നും വമ്പിച്ച പ്രോൽസാഹനവും പിന്തുണയുമാണ് ഈ ആശയത്തിന് ലഭിക്കുന്നത്. 
മലപ്പുറം ജില്ലയിൽ എടപ്പാളിനടുത്ത് കൊലോളമ്പ് ഗ്രാമത്തിൽ കർഷകനായിരുന്ന അബ്ദുല്ല കുട്ടിയുടേയും ഹവ്വാ ഉമ്മയുടേയും അഞ്ചാമത്തെ മകനായി 1970 ലാണ് ഹംസയുടെ ജനനം. കോലളമ്പ് എൽ.പി, യു.പി സ്‌ക്കൂളുകളിലും എടപ്പാൾ ഗവൺമെന്റ് ഹൈസ്‌ക്കൂളിലും കുന്ദംകുളം യുണീഖ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം. 1988 ൽ ദോഹയിലെത്തിയ അദ്ദേഹം ഉമ്മുസലാൽ മുഹമ്മദിലെ ഗ്രോസറി സെയിൽസ്‌മേനായാണ് ജോലി തുടങ്ങിയത്. ഡ്രൈവിംഗ് ലൈസൻസ് എടുത്ത ശേഷം കുറച്ച് കാലം ടാക്‌സി ഡ്രൈവറായും ജോലി നോക്കി. തുടർന്ന് സുവൈദ് ബിൻ സുവൈദ് അൽ അജമിയുമായി ചേർന്ന് ബിസിനസ് ആരംഭിച്ചു. ജലവിതരണ ഡിവിഷനാണ് ആദ്യം തുടങ്ങിയത്. രണ്ട് വർഷത്തിന് ശേഷം വേസ്റ്റ് മാനേജ്‌മെന്റ് ഡിവിഷൻ ആരംഭിച്ചു. തുടർന്നങ്ങോട്ട് ഹംസയുടെ പുരോഗതിയുടേയും വളർച്ചയുടേയും നാളുകളായിരുന്നു. അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനവും അല്ലാഹുവിന്റെ അനുഗ്രഹവും ഒത്തു വന്നപ്പോൾ ഓരോ സംരംഭങ്ങളും വിജയകരമാവുകയും ഹംസയുടെ വ്യാപാര സാമ്രാജ്യം വികസിക്കുകയും ചെയ്തു. 
ഇന്ന് അൽ സുവൈദ് ട്രേഡിംഗ് ആന്റ് ട്രാൻസ്‌പോർട്ട്, സാന്റ് ഫഌവർ ട്രേഡിംഗ് ആന്റ് പ്രൊജക്ട് ഡവലപ്‌മെന്റ്, അബ്‌സ്റ്റോൺ ട്രേഡിംഗ് ആന്റ് കോൺട്രാക്ടിംഗ്, ഓട്ടോ മാക്‌സ് മോട്ടോർസ്, ഓട്ടോ മാക്‌സ് ട്രേഡിംഗ്, ജി. മാക്‌സ് ഹൈപ്പർമാർക്കറ്റ്, ഫ്രഷ് മാക്‌സ് ഹൈപ്പർമാർക്കറ്റ്, സ്‌പെഷ്യൽ മാക്‌സ് മാർട്ട്, ഫുഡ് മാക്‌സ് (ഒമാൻ), അൽ സുവൈദ് ഡവലപ്പേർസ് (ഇന്ത്യ) ഗ്ലോബൽ മാക്‌സ് ട്രേഡിംഗ്, ഗ്ലോബൽ മാക്‌സ് സെൻട്രൽ വെയർ ഹൗസ്, ദോഹ മാക്‌സ് ട്രേഡിംഗ്- പാക്കിംഗ് ആന്റ് മിൽ, ഹൈ മാക്‌സ് ട്രേഡിംഗ് തുടങ്ങിയ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടറായ ഹംസ, ഗ്രൂപ്പ് ടൺ ഇന്റർനാഷനൽ, ഫ്യൂച്ചർ ദോഹ റിയൽ എസ്‌റ്റേറ്റ്, ഡീപ് സ്റ്റോൺ ട്രേഡിംഗ് എന്നീ കമ്പനികളുടെ ഡയറക്ടറും സുവൈദ് പ്ലാസയുടെ പാർട്ട്ണറുമാണ്. 700 ഓളം തൊഴിലാളികൾ ഖത്തറിൽ ഹംസയുടെ വിവിധ വകുപ്പുകളിലായി ജോലി ചെയ്യുന്നുണ്ട്. 
  ഗൾഫ് അനുഗൃഹീതമായ മേഖലയാണ്. ശരിയാംവണ്ണം പ്രയോജനപ്പെടുത്തിയാൽ ബിസിനസ്സിന് അനന്തമായ സാധ്യതകളാണുള്ളത്. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുക. മാർക്കറ്റിന്റെ ചുവരെഴുത്തുകൾ ക്രിയാത്മകമായി വിലയിരുത്തി മുന്നോട്ടുപോകുമ്പോൾ വിജയം സുനിശ്ചിതമാണ്. മാർക്കറ്റിൽ അത്യാവശ്യമുള്ള സാധനങ്ങളും സേവനങ്ങളുമായി ബന്ധപ്പെടുക. ഏത് പ്രതിസന്ധിയേയും മറികടക്കാനുള്ള ആസൂത്രണവും ആത്മവിശ്വാസവും നേടുക. ഇതാണ് ഏതൊരു പദ്ധതിയും വിജയിക്കുവാനുള്ള പ്രധാന സംഗതികൾ എന്നാണ് അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പറയുവാൻ കഴിയുക. ഈ രൂപത്തിൽ മുന്നോട്ട് പോയതുകൊണ്ടാണ് 2008 ൽ ലോകത്തെമ്പാടും സാമ്പത്തിക മാന്ദ്യവും പ്രതിസന്ധികളുമുണ്ടായപ്പോഴും ഗ്രൂപ്പ് കാര്യമായ പുരോഗതി നേടിയതെന്ന കാര്യം അദ്ദേഹം പ്രത്യേകം അനുസ്മരിച്ചു.  
വൈവിധ്യവൽക്കരണമാണ് അൽ സുവൈദ് ഗ്രൂപ്പിന്റെ മറ്റൊരു വിജയ രഹസ്യം. ഏതെങ്കിലും ഒരു ബിസിനസിൽ മാത്രം കേന്ദ്രീകരിക്കാതെ വിവിധ മേഖലകളിൽ നിക്ഷേപമിറക്കിയത് ഗ്രൂപ്പിന് മുതൽകൂട്ടായി. ഖത്തറിന് പുറമമേ ഒമാനിലും, യു.എ.ഇയിലും ഇന്ത്യയിലുമൊക്കെ സ്വാധീനമുറപ്പിച്ച ഗ്രൂപ്പ് അമേരിക്കയിലെ പ്രവർത്തനങ്ങളുടെ സാധ്യത പഠിച്ചുവരികയാണ്. ബിസിനസ് സാധ്യതയുള്ള മറ്റു രാജ്യങ്ങളിലും നിക്ഷേപമിറക്കുവാൻ ഗ്രൂപ്പിന് താൽപര്യമുണ്ട്. തൃശൂർ ജില്ലയിലെ പെരുമ്പിലാവിൽ എ.വൈ. കുഞ്ഞിമുഹമ്മദിന്റേയും ബീവാത്തുമ്മയുടേയും മകൾ റൈഹാനത്താണ് ഭാര്യ. എല്ലാ ബിസിനസ് സംരംഭങ്ങളിലും ഹംസയുടെ കരുത്തായ അവർ അൽ സുവൈദ് ഗ്രൂപ്പിന്റെ ഡയറക്ടർ കൂടിയാണ്. 
ഹംസ റൈഹാനത്ത് ദമ്പതികൾ അഞ്ചു പെൺമക്കളാണ്. മൂത്ത മകൾ സഹലയും ഭർത്താവ് ഫൈസൽ പി.വിയും അൽ സുവൈദ് ഗ്രൂപ്പിന്റെ ഡയറക്ടർമാരായി കൂടെ തന്നെയുണ്ട്. ശൈഖ, ഷഫ്‌ന, ഷാന, ഫാദിയ എന്നീ മക്കൾ ഖത്തറിൽ പഠിച്ചുകൊണ്ടിരിക്കുകയാണ്. സല്ല കൊച്ചുമകളാണ്.

Latest News