അജ്ഞാതരായ ചിലര്‍ ഏകപക്ഷീയമായി ആരോപണങ്ങള്‍ ഉന്നയിക്കുന്നു: അഹാന

തലശ്ശേരി-സത്യം വളച്ചൊടിച്ച് അജ്ഞാതരായ ചിലര്‍ ഏകപക്ഷീയമായി തങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു എന്ന് നടി അഹാന കൃഷ്ണ. തനിക്കും സഹോദരിമാര്‍ക്കും എതിരായി ഒപ്പം പഠിച്ച സഹപാഠികള്‍ പറയുന്നു എന്ന പേരില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പുകള്‍ക്കും സന്ദേശങ്ങള്‍ക്കും പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം.

അഹാനയുടെ കുറിപ്പ്:

ഈയൊരു കൂട്ടം കള്ളങ്ങളെക്കുറിച്ച് എനിക്കോ എന്റെ കുടുംബത്തിനോ ഒന്നും പറയാനില്ല. സത്യം വളച്ചൊടിച്ച് അജ്ഞാതരായ ചിലര്‍ ഏകപക്ഷീയമായി ആരോപണങ്ങള്‍ ഉന്നയിക്കുന്നു. നിങ്ങള്‍ ചെയ്യുന്നതെന്തും ഒരു മൊബൈല്‍ ഫോണിന് പിറകിലിരുന്ന് ആര്‍ക്കും ചെയ്യാന്‍ സാധിക്കും. അതില്‍ വലിയ കാര്യമൊന്നുമില്ല. കള്ളങ്ങള്‍ പറയുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കും അതെല്ലാം വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അങ്ങനെ തന്നെ തുടരാം. കര്‍മത്തിലും സത്യത്തിലുമാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.
ഇതെല്ലാം ചിലര്‍ക്ക് വിനോദമായി തോന്നുന്നത് മറ്റൊരാളുടെ കുടുംബത്തില്‍ നടക്കുന്ന കാര്യമായത് കൊണ്ടാണ്. ചിലര്‍ക്ക് എത്രത്തോളം മോശമാകാന്‍ കഴിയുമെന്ന് ഇത്തരം സംഭവങ്ങളിലൂടെ മനസ്സിലാകുന്നു. എല്ലാവരും സ്‌കൂളിലും കോളേജിലുമൊക്കെ പഠിച്ചവരാണല്ലോ. ആര്‍ക്കും വേണമെങ്കിലും ഇതുപോലെ വിഷയത്തിന് പുറത്തുള്ള കാര്യങ്ങളും കള്ളകഥകളും മെനഞ്ഞുണ്ടാക്കാന്‍ സാധിക്കും. വെറുപ്പിലൂടെ നേടുന്ന കാര്യങ്ങളില്‍ യാതൊരു മഹത്വവുമില്ലെന്ന് മനസ്സിലാക്കുക.
സ്വര്‍ണ്ണക്കടത്തും തിരുവനന്തപുരത്തെ ലോകഡൗണും ബന്ധപ്പെടുത്തി ഇന്‍സ്റ്റഗ്രാം സ്‌റ്റോറി പങ്കുവച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. നിരവധി പേര്‍ ഇതിനെ വിമര്‍ശിച്ചെത്തിയതോടെ 'എ ലവ് ലെറ്റര്‍ ടു സൈബര്‍ ബുള്ളീസ്' എന്ന വീഡിയോയുമായി താരം രംഗത്തെത്തി.
തന്റെ കമന്റിന്റെ പകുതി ഭാഗം മാത്രം എടുത്ത് ഇന്‍സ്റ്റഗ്രാമില്‍ ബുള്ളിയാക്കി അവതരിപ്പിച്ചു എന്ന ആരോപണവുമായി മിസ്ഹാബ് മുസ്തഫ എന്നൊരാളും രംഗത്തെത്തിയിരുന്നു. പിന്നാലെ ആ വ്യക്തിയെ കുറ്റക്കാരനായി ഫ്രെയിം ചെയ്യുക ആയിരുന്നില്ല എന്റെ ഉദ്ദേശ്യം അതിനാല്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു എന്ന മറുപടിയും അഹാന പറഞ്ഞിരുന്നു.
 

Latest News