വൈക്കം-ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനമാണ് ചൊവ്വാഴ്ച. പിറന്നാള്‍ ദിനത്തിന് ഒരു ദിവസം മുമ്പ് ദുല്‍ഖര്‍ ആരാധകര്‍ക്കായി കുറുപ്പ് എന്ന ചിത്രത്തിന്റെ സ്നീക്ക് പീക്ക് പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സിഗററ്റ് അകലേക്ക് വലിച്ചെറിഞ്ഞ് ബെന്‍സ് കാറില്‍ കയറി യാത്ര തുടരുന്ന ദൃശ്യമാണ് പുറത്തുവിട്ടത്. ദുല്‍ഖറിന്റെ മാസ് ഡയലോഗുകളും ഈ വീഡിയോയില്‍ ഉണ്ട്.
പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം പെരുന്നാള്‍ റിലീസായി തയ്യാറെടുത്തിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിക്കിടെ മാറ്റി വെയ്ക്കുകയായിരുന്നു. ഇന്ദ്രജിത് , സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്, പി ബാലചന്ദ്രന്, സുരഭി ലക്ഷ്മി, ശോഭിത ധുലിപാല, ശിവജിത് പദ്മനാഭന് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
സെക്കന്റ് ഷോ, കൂതറ എന്നീ സിനിമകള്‍ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്മാന് തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന് സുഷിന് ശ്യാമാണ് സംഗീതം നല്‍കുന്നത്. 35 കോടി് മുടക്കുമുതലുള്ള ചിത്രം ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന സിനിമയാണ്.നിമിഷ് രവിയുടെതാണ് ക്യാമറ. അഞ്ച് വര്‍ഷത്തെ തയ്യാറെടുപ്പിനും ഗവേഷണത്തിനും ശേഷമാണ് ശ്രീനാഥ് രാജേന്ദ്രന് ചിത്രമൊരുക്കുന്നത്. പാലക്കാട്, ഹൈദരാബാദ്, ഗുജറാത്ത്, അഹമ്മദാബാദ്, ദുബായ് എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. വിനി വിശ്വലാല്‍ ആണ് ക്രിയേറ്റീവ് ഡയറക്ടര്‍. ജിതിന് കെ ജോസ് കഥയും, ഡാനിയേല്‍ സായൂജ്, കെ എസ് അരവിന്ദ് എന്നിവര്‍ തിരക്കഥയുമൊരുക്കുന്നു