ഷാര്‍ജയില്‍ മലയാളി പെണ്‍കുട്ടി കെട്ടിടത്തില്‍നിന്ന് വീണുമരിച്ച നിലയില്‍

ഷാര്‍ജ- മലയാളി പെണ്‍കുട്ടി താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് താഴെ വീണ് മരിച്ച നിലയില്‍. അല്‍തആവുന്‍ ഏരിയയില്‍ ഞായറാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് ദാരുണസംഭവം നടന്നത്. മലയാളി ദമ്പതികളുടെ ഇരട്ടക്കുട്ടികളില്‍ ഒരുവളായ 14 കാരിയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഉറക്കത്തിലായിരുന്ന മാതാപിതാക്കള്‍ ഷാര്‍ജ പോലീസ് വന്ന് വിളിച്ചപ്പോഴാണ് അത്യാഹിതത്തെ കുറിച്ച് അറിയുന്നത്.
കൗമാരക്കാരി മരിച്ചുകിടക്കുന്ന വിവരം ലഭിച്ചയുടന്‍ പോലീസും പാരമെഡിക്കല്‍ ടീമും സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വീഴ്ചയെ തുടര്‍ന്ന് ശരീരമാസകലം ഗുരുതരമായി പരിക്കേറ്റതാണ് പെട്ടെന്ന് മരിക്കാനിടയാക്കിയതെന്ന് പോലീസ് വ്യക്തമാക്കി. പ്രോസിക്യൂട്ടര്‍മാരുടെ നിര്‍ദേശാനുസരണം മൃതദേഹം ഫോറന്‍സിക് പരിശോധനക്കായി ലാബിലേക്ക് മാറ്റിയിരിക്കുകയാണ്. അജ്മാന്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ച പെണ്‍കുട്ടി. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്ന് ഷാര്‍ജ പോലീസ് അറിയിച്ചു.

 

 

Latest News