Sorry, you need to enable JavaScript to visit this website.

ഐപിഎൽ മൽസരങ്ങൾ യുഎഇയിൽ തന്നെ; സ്ഥിരീകരിച്ച് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ്

ദുബായ്- ആസ്ത്രേലിയയില്‍ നടക്കേണ്ട ടി 20 ലോകകപ്പ് മാറ്റിവച്ച  സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റ് ടൂര്‍ണമെന്റിന് യുഎഇ വേദിയാവുമെന്ന് ഉറപ്പായി.

ഇതുസംബന്ധിച്ച ബി‌സി‌സി‌ഐയുടെ ഔദ്യോഗിക കത്ത് ലഭിച്ചതായി എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് (ഇസിബി) സ്ഥിരീകരിച്ചു. വൈകാതെ തന്നെ  മത്സരക്രമവും വേദികളും ബിസിസിഐ ഔദ്യോഗികമായി പുറത്തുവിടും. സപ്തംബർ 19നാവും ഉദ്ഘാടന മൽസരമെന്നാണ് ലഭിക്കുന്ന സൂചന. ഫൈനൽ നവംബർ എട്ടിനും നടത്തുന്ന വിധത്തിലാവും ഷെഡ്യൂൾ.


ഇന്ത്യൻ സർക്കാരുമായി അന്തിമകരാറിൽ ഏർപ്പെടുന്ന തീരുമാനത്തിനായി തങ്ങൾ കാത്തിരിക്കുകയാണെന്ന് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് സെക്രട്ടറി ജനറൽ മുബഷിർ ഉസ്മാനി പറഞ്ഞു.


ലോകത്തിലെ ഏറ്റവും ആവേശകരവും ജനപ്രിയവുമായ ഐപിഎൽ ടൂർണമെന്റ് വിജയകരമാക്കുന്ന നിരവധി ഘടകങ്ങൾ നിലവിൽ യുഎഇയിൽ ഉണ്ട്. എന്നാൽ എല്ലാ വശങ്ങളും ചർച്ച ചെയ്യാൻ വിദഗ്ദ്ധരുടെ സേവനം ആവശ്യമാണ്. അബുദാബി, ദുബായ്, ഷാർജ സ്പോർട്സ് കൗൺസിലുകൾ, അബുദാബി, ദുബായ്, ഷാർജ ടൂറിസം ബോഡികൾ, അതാതു സർക്കാർ സ്ഥാപനങ്ങൾ, പോലീസ് സേന, ആരോഗ്യ-പ്രതിരോധ മന്ത്രാലയം തുടങ്ങിയ വിഭാഗങ്ങൾ  പ്രവർത്തനങ്ങളിൽ കഴിവ് തെളിയിച്ച അനുഭവം ഉള്ളവരാണ്.

ഐപിഎൽ പുതിയ എഡിഷനെ  പിന്തുണയ്ക്കുന്നതിനും വിജയകരമായി നടപ്പാക്കുന്നതിനുമുള്ള മികച്ച രീതികൾ കണ്ടെത്തുന്നതിന് ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും-അദ്ദേഹം വിശദീകരിച്ചു.

ഐപിഎൽ 2014 എഡിഷനിലെ 20 മത്സരങ്ങള്‍ യുഎഇയില്‍ നടത്തിയിരുന്നു. മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കോവിഡിനെ തുടർന്ന് അനിശ്ചിതമായി നീണ്ടു പോയത്. നേരത്തെ യുഎഇ മത്സരങ്ങൾ നടത്താൻ സന്നദ്ധത അറിയിച്ചപ്പോൾ ബിസിസിഐ മറുപടി നൽകിയിരുന്നില്ല.

രാജ്യത്തെ അവസ്ഥ പരിഗണിച്ച് ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്നായിരുന്നു ബിസിസിഐയുടെ നിലപാട്. എന്നാൽ ഇന്ത്യയിലെയും യുഎഇയിലെയും കോവിഡ് പശ്ചാത്തലം പരിശോധിച്ച ശേഷം യുഎഇയെ പരിഗണിക്കുകയായിരുന്നു. മുമ്പ് ദക്ഷിണാഫ്രിക്കയിലും യുഎഇയിലും ഐപിഎൽ നടത്തിയത് അതാത് ക്രിക്കറ്റ് ബോർഡുകളെ സാമ്പത്തികമായി ഏറെ സഹായിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ
അടച്ചിട്ട സ്റ്റേഡിയങ്ങളിൽ ആണെങ്കിൽ പോലും ഐപിഎൽ നടത്തുക വഴി ബിസിസിഐക്ക് 4000 കോടി രൂപയുടെ വരുമാനവും ലഭിക്കുമെന്നാണ് കണക്കു കൂട്ടൽ.

Latest News