Sorry, you need to enable JavaScript to visit this website.

വീണ് പോയവർക്കൊപ്പം, റെജിയുടെ ജീവിതം

രാവിലെ ആറര മണിക്ക് തുടങ്ങി രാത്രി പത്തു മണി വരെ സേവനനിരതമായിരിക്കുകയാണ് റെജിയുടെ ജീവിതം. രാവിലെ ഒരു മണിക്കൂറോളം വ്യായാമത്തിനായി മാറ്റിവെയ്ക്കും. പത്തു മണി മുതൽ രോഗികളോടൊപ്പമാണ്. അരയ്ക്കു താഴെ ശരീരം തളർന്നവരും ദേഹമാകെ സ്‌ട്രോക്ക് വന്നവരും കിടന്ന കിടപ്പിൽ ശരീരത്തിൽ മുറിവു പറ്റിയവരുമെല്ലാം ഇവിടെയുണ്ട്. അവരെയെല്ലാം പരിചരിച്ചും സ്വയംതൊഴിൽ ചെയ്യുന്നവരെ പ്രോത്സാഹിപ്പിച്ചുമെല്ലാം സ്വന്തം ജീവിതം തന്നെ മറ്റുള്ളവർക്കു മാതൃകയാക്കുകയാണ് ഈ മനുഷ്യൻ.

അടയ്ക്ക പറിക്കുന്നതിനാണ് ശശി കവുങ്ങിൽ കയറിയത്. എന്നാൽ മുകളിലെത്തിയില്ല, അതിനു മുൻപേ പിടിവിട്ട് താഴേയ്ക്കു പതിച്ചു. വീഴ്ചയിൽ ശരീരം തളർന്ന് ഒൻപതു വർഷം കിടപ്പിലായി. ഈർക്കിൾ പോലെ ശരീരം ശോഷിച്ചു. ഇതിനിടയിൽ ആരോ പറഞ്ഞറിഞ്ഞാണ് സ്വാശ്രയ റിഹാബിലിറ്റേഷൻ സെന്ററിനെക്കുറിച്ച് അറിഞ്ഞത്. ബന്ധുക്കളെയും കൂട്ടി ശശി അവിടെയെത്തി. സ്വാശ്രയയുടെ സാരഥിയായ റെജി എബ്രഹാമിന്റെ പരിചരണത്തിൽ പാതി തളർന്ന ശരീരം പ്രതികരിച്ചു തുടങ്ങി. മനസ്സിന്റെ കരുത്തിൽ വീൽചെയറിൽ സഞ്ചരിക്കാനും പാട്ടു പാടാനും കാരംസ് കളിക്കാനുമെല്ലാം ശശി ഇപ്പോൾ പഠിച്ചുകഴിഞ്ഞിരിക്കുന്നു.

റെജിയാകട്ടെ, വീടിന്റെ ടെറസിൽനിന്നും താഴെ വീണതാണ്. ആറടി പൊക്കത്തിൽനിന്നാണ് വീണത്. ഇത്ര ഉയരത്തിൽനിന്നും വീണാൽ ഒന്നും സംഭവിക്കില്ലെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ജെറിയുടെ അരയ്ക്കു താഴെ തളർന്നുപോയി. നഞ്ചുകായ പറിക്കുമ്പോൾ മരത്തിൽനിന്നും കാൽ വഴുതി വീണ തൊടുപുഴ സ്വദേശിയായ മനുവും ബൈക്കിൽ യാത്ര ചെയ്യുമ്പോൾ തൂങ്ങിക്കിടന്ന കമ്പിയിൽ കഴുത്തു കുടുങ്ങിവീണ രാജുവും... ഇത്തരത്തിൽ വീഴ്ചയുടെ കഥ പറയുന്ന ഒട്ടേറെ പേരുണ്ട് സ്വാശ്രയത്തിൽ. വീൽചെയറിലാണ് ജീവിതമെങ്കിലും ഇവരെല്ലാം സന്തുഷ്ടരാണ്. അസ്തമിച്ചുപോയെന്നു കരുതിയ ജീവിതത്തിൽ പ്രത്യാശയുടെ പൊൻകിരണങ്ങൾ തെളിച്ചുകൊടുത്തതാകട്ടെ റെജിയും.

തൊടുപുഴ പുതുപ്പരിയാരം മായത്ത് പരേതനായ ബേബിയുടെയും മേരിയുടെയും രണ്ടു മക്കളിൽ മൂത്തവനാണ് റെജി എബ്രഹാം. ജീവിതം വീൽ ചെയറിൽ തളയ്ക്കപ്പെടുന്നവർക്ക് ആശ്രയമാകുന്ന അഭയകേന്ദ്രത്തിന്റെ നായകൻ.

ആലംബഹീനർക്ക് അത്താണിയാകാൻ റെജിയെ പ്രേരിപ്പിച്ചതെന്താെണന്നല്ലേ. അക്കഥ പറയാം. ഐ.ടി.ഐയിൽനിന്നും ഓട്ടോമൊബൈൽ കോഴ്‌സ് പഠിച്ചിറങ്ങിയ റെജിയും ബന്ധുവായ ജെയിംസും ചേർന്ന് തൊടുപുഴയിൽ ഒരു ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് തുടങ്ങി. ബസും കാറും ലോറിയുമെല്ലാം അറ്റകുറ്റപ്പണി നടത്തി ജീവിക്കുകയായിരുന്നു ലക്ഷ്യം. തുടക്കം പിഴച്ചില്ല. ഒട്ടേറെ വാഹനങ്ങൾ അവിടെയെത്തി. തിരക്കിന്റെ ലോകമായിരുന്നു അവിടെ കണ്ടത്. രാത്രിയും പകലും പണിതാലും തീരാത്തത്ര തിരക്ക്.

വർക്ക്‌ഷോപ്പ് തുടങ്ങിയിട്ട് ഒരു മാസം തികഞ്ഞ ദിവസം. ഒരു പച്ച ബസിന്റെ പണിയാണ് നടന്നുകൊണ്ടിരുന്നത്. ട്രിപ്പിനു സമയമായെന്നു പറഞ്ഞ് ഡ്രൈവർ തിരക്കുകൂട്ടുന്നു. മറ്റൊന്നും നോക്കിയില്ല. റെജിയും ബസിനടിയിലേയ്ക്കു നുഴഞ്ഞുകയറി. അൽപസമയം കഴിഞ്ഞതേയുള്ളൂ. ബസ് റെജിയുടെ അരക്കെട്ടിലേയ്ക്ക് അമർന്നു. ഹൈഡ്രോളിക് ജാക്കിവെച്ച് ഉയർത്തിയ ബസ് ആരുടെയോ അശ്രദ്ധ കൊണ്ട് ജാക്കിയിൽനിന്നും തെന്നിമാറുകയായിരുന്നു. ബസിനടിയിൽനിന്നും റെജിയെ പുറത്തെടുക്കുമ്പോൾ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ, അരയ്ക്കു താഴേയ്ക്കു അനക്കാനാവുമായിരുന്നില്ല. ആശുപത്രികൾ മാറിമാറി ചികിത്സ നടത്തി. ഒടുവിൽ വെല്ലൂർ മെഡിക്കൽ മിഷൻ ആശുപത്രിയിൽനിന്നാണ് സുഷുമ്‌നാ നാഡി മുറിഞ്ഞുപോയെന്ന് അറിയുന്നത്. എങ്കിലും വൈകാതെ പഴയതുപോലെ ഓടിനടക്കാമെന്ന് റെജി കണക്കുകൂട്ടി. രണ്ടുമൂന്നു മാസത്തെ ചികിത്സ കൊണ്ട് സുഖപ്പെടുമെന്നാണ് കരുതിയത്. റെജിയുടെ എല്ലാ പ്രതീക്ഷകളും അസ്തമിക്കുകയായിരുന്നു. സുഷുമ്‌നാ നാഡിക്ക് ക്ഷതം സംഭവിച്ചാൽ പഴയതു പോലെ ജീവിതത്തിലേയ്ക്കു തിരിച്ചുവരാനാവില്ലെന്നും ശരീരത്തിന്റെ പാതി തളർന്നുപോയെന്നും ഡോക്ടർമാർ അറിയിക്കുകയായിരുന്നു. തുടർ ചികിത്സ എന്ന പേരിൽ വെറുതെ പണം കളയേണ്ടെന്നും ചെറിയ പരിശീലനത്തിലൂടെ മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാൻ പഠിക്കണമെന്നും പറഞ്ഞു.

ഡോക്ടർമാരുടെ അഭിപ്രായമറിഞ്ഞതോടെ റെജിക്കു വെല്ലൂരിൽനിന്നും മടങ്ങണമെന്നില്ലാതായി. കാരണം ഓടിനടന്നു ചെയ്തുതീർത്ത പല ജോലികളും ചെയ്യാനാവില്ലല്ലോ എന്ന ദുഃഖം അവനെ തളർത്തി. വീൽചെയറിൽ സഞ്ചരിക്കാൻ ആ മനസ്സ് ഒരുക്കമായിരുന്നില്ല. എങ്കിലും മാതാപിതാക്കളുടെയും ബന്ധുക്കളുടെയും നിർബന്ധത്തിനു വഴങ്ങി നാട്ടിലേയ്ക്കുതന്നെ മടങ്ങാൻ റെജി തീരുമാനിച്ചു.

വീടിന്റെ അകത്തളത്തിൽ മരുന്നും മന്ത്രവുമായി ഒതുങ്ങിക്കൂടാൻ ആ മനസ്സ് ആഗ്രഹിച്ചില്ല. വീൽചെയർ ഓടിച്ചുപഠിച്ചു. ഗിയറും ക്ലച്ചുമെല്ലാം കൈകൊണ്ടു പ്രവർത്തിക്കാവുന്ന  സ്‌കൂട്ടറും സംഘടിപ്പിച്ചു. കാറും സ്‌കൂട്ടറുമെല്ലാം ഓടിച്ചുപഠിച്ചു. വർക്ക് ഷോപ്പിൽ തിരിച്ചെത്തിയ റെജി മേൽനോട്ടക്കാരനായും സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിയൂന്നിയും കുറച്ചുകാലം ചെലവഴിച്ചു.

പാർട്ട്ണറായ ബന്ധുവിന് സർക്കാർ ജോലി ലഭിച്ചതോടെ വർക്ക് ഷോപ്പിന്റെ ഉത്തരവാദിത്തം റെജിയുടെ ചുമതലയിലായി. ഹാൻഡ് കൺട്രോളുള്ള കാറുകൾ നിർമിച്ചുനൽകുന്ന മലപ്പുറം സ്വദേശി മുസ്തഫയിൽനിന്നും ഒരു കാർ സംഘടിപ്പിച്ചു. പിന്നീട് അതിലായി യാത്ര. പതിനഞ്ചു വർഷത്തോളം മികച്ച നിലയിൽ സാമ്പത്തിക മെച്ചത്തോടെയായിരുന്നു വർക്ക്‌ഷോപ്പ് നടത്തിയത്. ഇതിനിടയിലാണ് തന്നെ പോലുള്ളവർക്കായി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത ഉദിച്ചുതുടങ്ങിയത്. അതിനായി വർക്ക്‌ഷോപ്പ് മറ്റൊരാൾക്ക് വാടകയ്ക്കു നൽകി തന്റെ ലക്ഷ്യത്തിനായുള്ള ശ്രമങ്ങളിൽ മുഴുകി.

ബന്ധുവായ മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ കണ്ടനാട് ഭദ്രാസന മെത്രാപ്പൊലീത്താ ഡോ. തോമസ് മാർ അത്തനാസിയോസിനോടു കാര്യങ്ങൾ വിശദീകരിച്ചു. തന്നെപ്പോലെ തളർന്നുപോയവരെ രക്ഷിക്കാനും കുടുംബത്തിന്റെ പിന്തുണ പോലും ലഭിക്കാത്ത ചികിത്സ കഴിഞ്ഞിറങ്ങുന്നവരെ സംരക്ഷിക്കാനും ഒരിടം വേണമെന്നും പറഞ്ഞു. റെജിയുടെ സദുദ്ദേശ്യം മനസ്സിലാക്കിയ തിരുമേനി മുളന്തുരുത്തിക്കടുത്ത വെട്ടിക്കൽ സെന്റ് തോമസ് ദയറായ്ക്കടുത്ത് പുളിക്കമാലി റോഡിൽ ഒന്നേകാൽ ഏക്കർ ഏറ്റെടുത്തുകൊള്ളാൻ പറഞ്ഞു.

തിരുമേനി നൽകിയ സ്ഥലത്താണ് സ്വാശ്രയ ആരംഭിച്ചത്. ഒരു ചാരിട്രബിൾ ട്രസ്റ്റിയായാണ് രൂപീകരിച്ചത്. റെജി അതിന്റെ സ്ഥാപക ട്രസ്റ്റിയായി. മാനേജിംഗ് ട്രസ്റ്റിയായി തിരുമേനിയും. നല്ലവരായ കുറച്ചു സുഹൃത്തുക്കളെയും കമ്മിറ്റിയിലെടുത്തു. കെട്ടിടവും ചികിത്സയുമൊരുക്കി. കൗൺസലിംഗും പരിശീലനവും നൽകാനായി സന്നദ്ധ സേവകരും കൂടെ ചേർന്നു.

ഇത്തരം രോഗമുള്ളവരുടെ ക്യാമ്പ് നടത്തിക്കൊണ്ടായിരുന്നു തുടക്കം. പത്രവാർത്ത കണ്ട് നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി നൂറോളം പേരാണ് എത്തിയത്. സ്‌ട്രെചറിൽ കിടന്നും വീൽചെയർ ഉരുട്ടിയും പലരുടെയും സഹായത്തോടെയുമാണ് അവരെത്തിയത്. ''നമ്മുടെ അസുഖം മാറില്ല. എന്നാൽ നമുക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാൻ കഴിയും'' എന്ന് അവരെ പറഞ്ഞു മനസ്സിലാക്കി. 

രോഗത്താലും അപകടം സംഭവിച്ചും നട്ടെല്ലിന് ക്ഷതമേറ്റ് ശയ്യാവലംബരാകുന്നവർക്ക് ദിനചര്യകൾ പരാശ്രയം കൂടാതെ നിർവഹിക്കുന്നതിനുള്ള പരിശീലനമാണ് നൽകുന്നത്. ഇരുപതു പേരുള്ള ഒരു ബാച്ചിന് മൂന്നു മാസത്തെ പരിശീലനമാണ് ഒരുക്കിയിരിക്കുന്നത്. നൂറ്റി എഴുപതോളം പേർ ഇതിനകം പരിശീലനം നേടിക്കഴിഞ്ഞു. മൂന്നു മാസക്കാലം താമസിപ്പിച്ചുകൊണ്ടുള്ള പരിശീലനം നൽകുന്നതിലൂടെ പലരും ആത്മവിശ്വാസത്തോടെ മടങ്ങുന്നത് ഏറെ സന്തോഷം പകരുന്നതാണെന്ന് റെജി പറയുന്നു. പന്ത്രണ്ടോളം പേർ എങ്ങും പോകാനില്ലാതെ സ്വാശ്രയത്തിൽ റെജിക്കു കൂട്ടായി കഴിയുന്നുണ്ട്. തുല്യദുഃഖിതരായ കുറെ പേർ. അവരുടെ വൈകല്യങ്ങളറിഞ്ഞുണ്ടാക്കിയ വഴികളാണവിടെ. കളിക്കാൻ കാരംസും വ്യായാമത്തിനായി ജിമ്മും ഒരുക്കിയിട്ടുണ്ട്.

കുടുംബാംഗങ്ങൾക്ക് തങ്ങൾ ഒരു ബാധ്യതയാകരുതെന്ന ചിന്തയാണ് പലരെയും ഇവിടെ തുടരാൻ പ്രേരിപ്പിക്കുന്നത്. വീട്ടിലെ പരിമിതികളും പോകാനുള്ള മടിയുണ്ടാക്കുന്നു. ഇത്തരത്തിലുള്ളവരുടെ നിരാശയും അപകർഷതാബോധവും അകറ്റി ആത്മധൈര്യം നൽകാനും സ്വാശ്രയ മുന്നിട്ടിറങ്ങുന്നു. കൗൺസലിംഗും ഫിസിയോ തെറാപ്പിയും ഓക്കുപേഷനൽ തെറാപ്പിയുമെല്ലാം നടത്തി അന്തേവാസികളെ സാധാരണ ജീവിതത്തിലേയ്ക്കു നയിക്കുക എന്ന ലക്ഷ്യമാണ് സ്വാശ്രയയുടെ കാതൽ.

തിരുവനന്തപുരത്തുകാരനായ സ്‌റ്റെല്ലസും കോട്ടയം സ്വദേശിയായ ബീനയും കൊല്ലത്തുകാരനായ ബോബനും എറണാകുളത്തുകാരനായ ജോളി ജോസഫും ഗംഗാപ്രസാദും ഉമേഷുമെല്ലാം പുനർജന്മത്തിന്റെ പാതയിലാണ്. ഇവരിൽ പലരും ഗൾഫിൽ നിന്നും അപകടം സംഭവിച്ച് നാട്ടിലെത്തിയവരാണ്.

ഗ്രാഫിക് ഡിസൈനറായ ജോളിക്ക് നട്ടെല്ലിൽ രൂപപ്പെട്ട ട്യൂമറാണ് വെല്ലുവിളിയായത്. ഓപറേഷനു ശേഷം സംഭവിച്ച പക്ഷാഘാതത്തിൽ അരയ്ക്കു താഴെ തളർന്നുപോവുകയായിരുന്നു. സ്വാശ്രയയിൽ എത്തിയതോടെ അദ്ദേഹത്തിന്റെ ജീവിതം വീണ്ടും തളിരിടുകയായിരുന്നു. പരസഹായം കൂടാതെ സ്വന്തം കാര്യങ്ങൾ ചെയ്യുന്നതിനൊപ്പം ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പരിശീലനവും തൊഴിൽസാധ്യതകളും ഒരുക്കുന്നു. വെണ്ണലയിലെ ഊർജ എന്ന സ്ഥാപനത്തിലെ അധ്യാപകൻ കൂടിയാണ് ജോളി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ലേസർ എൻഗ്രേവിംഗിലൂടെ തടിയിലും ലോഹത്തിലും ശിൽപങ്ങൾ ഉണ്ടാക്കുന്ന നിർമാണയൂനിറ്റും സ്വാശ്രയയിൽ ഒരുക്കിയിട്ടുണ്ട്.

ഗംഗാപ്രസാദും ബിന്ദുവും തമ്മിൽ വിവാഹിതരായി ഒരു മാസം പിന്നിട്ടപ്പോഴാണ് ദുരന്തം കൂട്ടിനെത്തിയത്. ഗൾഫിൽ ജോലിയുണ്ടായിരുന്ന ഗംഗാപ്രസാദ് കമ്പനി വണ്ടിയിലൂടെ യാത്ര ചെയ്യുമ്പോൾ ഒട്ടക വ്യൂഹത്തിലിടിച്ചാണ് അപകടം സംഭവിച്ചത്. ആറാം ദിവസം നാട്ടിലെത്തുമ്പോൾ ശരീരം തളർന്ന് ശയ്യാവലംബിയായിരുന്നു അദ്ദേഹം. സ്വാശ്രയയിൽ വന്നതിനു ശേഷം മോട്ടോർ വീൽചെയറിൽ സഞ്ചരിക്കാനും കാറിൽ പുറത്തൊക്കെ പോകാനും പഠിച്ചു. സഹതാപം ഇഷ്ടപ്പെടാത്ത ഗംഗാപ്രസാദിന് ഊർജം പകരുന്നത് ഭാര്യ ബിന്ദുവിന്റെ സാമീപ്യമാണ്.

കോട്ടയത്തുകാരിയായ ബീനയ്ക്കാകട്ടെ തള്ളവിരലും ചൂണ്ടുവിരലും മാത്രമേ അനക്കാനാകൂ.  ശാരീരിക വെല്ലിവിളിയെ അതിജീവിച്ച് ഇവിടെ അക്ഷയകേന്ദ്രം നടത്തുകയാണവർ. കംപ്യൂട്ടറിനു മുന്നിൽ രണ്ടു വിരലുകൾ മാത്രം ചലിപ്പിച്ച് ജോലി ചെയ്യുന്നതു കാണുമ്പോൾ വർഷങ്ങൾക്കു മുൻപ് തളർന്നുപോയ ആ ശരീരത്തെ അവരേറെ സ്‌നേഹിക്കുന്നുണ്ടെന്നു തോന്നും.

ജോൺസൺ റാഫേൽ എന്ന ബോബനാകട്ടെ, ലോറി ഡ്രൈവറായിരുന്നു. ടോറസും ട്രെയ്‌ലറുമെല്ലാം ഓടിക്കുന്നത് അദ്ദേഹത്തിന് ഹരമായിരുന്നു. ഒരിക്കൽ കണ്ണൂരിൽെവച്ച് ട്രെയ്‌ലറിൽനിന്നും ഉരുക്കു ബീമുകൾ ഇറക്കുന്നതിനിടെ സംഭവിച്ച അപകടമാണ് വിനയായത്. ഇടുപ്പിനു താഴെ തളർന്ന അവസ്ഥയിലാണ് ഇവിടെയെത്തിയത്. ഇവരെയെല്ലാം ജീവിക്കാൻ മാത്രമല്ല, തങ്ങളുടെ അവസ്ഥയെ സ്‌നേഹിക്കാനും പഠിപ്പിക്കുന്നു. പരിശീലനം കഴിഞ്ഞുപോയവരിൽ ചിലർ ഓട്ടോ ഓടിച്ചും കട നടത്തിയും ബിസിനസ് ചെയ്തും ജീവിക്കുന്നുണ്ട്.

ഉദാരമതികളുടെ സംഭാവനകളും സുഹൃത്തുക്കളുടെ ധനസഹായവുമാണ് സ്വാശ്രയയുടെ വരുമാനമെന്ന് റെജി പറയുന്നു. വീൽ ചെയറിലിരുന്ന് ചെയ്യാനാവുന്ന തൊഴിലുകളിലൂടെ ഉപജീവന മാർഗം കണ്ടെത്താനും പരിശീലിപ്പിക്കുന്നുണ്ട്. സ്വാശ്രയ ഫ്രണ്ട് സർക്കിൾ എന്ന കൂട്ടായ്മയുടെ സഹായവുമുണ്ട്. ഓശാന പ്രോജക്ട് എന്ന പേരിൽ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പാണ് കെട്ടിടം പണിതുനൽകിയത്. കോലഞ്ചേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സേവനവും ലഭിക്കുന്നുണ്ട്.

ഈ കോവിഡ് കാലത്ത് വരുമാന മാർഗങ്ങൾ പലതും അടഞ്ഞിരിക്കുകയാണ്. നിർമാണ സ്ഥാപനങ്ങളുടെ വരുമാനം കുറഞ്ഞു. ജനസേവന കേന്ദ്രത്തിൽനിന്നും ഇലക്‌ട്രോണിക് കമ്പനിയിൽനിന്നുമുള്ള വരുമാനമാണ് പ്രധാനം.

രാവിലെ ആറര മണിക്ക് തുടങ്ങി രാത്രി പത്തു മണി വരെ സേവന നിരതമായിരിക്കുകയാണ് റെജിയുടെ ജീവിതം. രാവിലെ ഒരു മണിക്കൂറോളം വ്യായാമത്തിനായി മാറ്റിവെയ്ക്കും. പത്തു മണി മുതൽ രോഗികളോടൊപ്പമാണ്. അരയ്ക്കു താഴെ ശരീരം തളർന്നവരും ദേഹമാകെ സ്‌ട്രോക്ക് വന്നവരും കിടന്ന കിടപ്പിൽ ശരീരത്തിൽ മുറിവു പറ്റിയവരുമെല്ലാം ഇവിടെയുണ്ട്.അവരെയെല്ലാം പരിചരിച്ചും സ്വയംതൊഴിൽ ചെയ്യുന്നവരെ പ്രോത്സാഹിപ്പിച്ചുമെല്ലാം സ്വന്തം ജീവിതം തന്നെ മറ്റുള്ളവർക്കു മാതൃകയാക്കുകയാണ് ഈ മനുഷ്യൻ.

''എന്തു സംഭവിക്കുന്നതും നല്ലതിനാണെന്നു ചിന്തിക്കുകയാണിപ്പോൾ. അപകടം സംഭവിച്ചതുകൊണ്ടല്ലേ സ്വാശ്രയ തുടങ്ങാൻ പ്രേരണയായത്. അതുകൊണ്ട് ഒട്ടേറെ പേരെ സഹായിക്കാൻ കഴിഞ്ഞില്ലേ. എല്ലാം ദൈവനിശ്ചയം.'' റെജി പറഞ്ഞുനിർത്തുന്നു. റെജി എബ്രഹാമിന്റെ ഫോൺ നമ്പർ: 9447252288

Latest News