Sorry, you need to enable JavaScript to visit this website.

മൊറോക്കൻ കുടുംബഗാഥ

ലോക്ഡൗൺ മനോഗതങ്ങൾ - 9

അന്ന് രാത്രി ഞാൻ സുഖമായി ഉറങ്ങി. പുലർച്ചെ 9 മണിക്കാണ് എഴുന്നേൽക്കുന്നത്. കുളിച്ച് ഫ്രഷായി ചായയും കുടിച്ച് മീറ്റിംഗിനു വേണ്ടി വെയിറ്റ് ചെയ്തു. ടെലിപ്രസൻസ് മീറ്റിംഗിനു ശേഷം എങ്ങനെ, എവിടെ തുടങ്ങണം എന്നാലോചിച്ചു. മേരി പറഞ്ഞ കാര്യങ്ങൾ അന്വേഷിച്ചിട്ട് തന്നെ കാര്യം എന്നുറച്ചു. വാച്ച്മാനിൽ നിന്ന് തന്നെ തുടങ്ങാം എന്ന് തീരുമാനിച്ചു.

സുഡാനിയാണ് വാച്ച്്മാൻ. കുശലാന്വേഷണങ്ങൾക്കു ശേഷം എന്റെ ഫഌറ്റിൽ മുമ്പ് താമസിച്ചവരെപ്പറ്റി ചോദിച്ചു. അവന് യാതൊരു അറിവുമില്ലായിരുന്നു, അവൻ ഇവിടെ ജോലി ചെയ്യാൻ തുടങ്ങിയിട്ട് രണ്ടു വർഷമേ ആയുള്ളൂ എന്നു പറഞ്ഞപ്പോൾ കാര്യമെനിക്കും ബോധ്യപ്പെട്ടു. അയാളെനിക്കു പഴയ വാച്ച്മാന്റെ നമ്പർ തന്നു. ഞാൻ റൂമിലേക്ക് തിരിച്ചുപോന്നു.

ആകാംക്ഷയോടെ പഴയ വാച്ച്മാനെ വിളിച്ചു. കുശലാന്വേഷണങ്ങൾ ചോദിച്ചതിനു ശേഷം കാര്യത്തിലേക്ക് കടന്നു. രണ്ടു വർഷമായി ഞാൻ താമസിക്കുന്ന അപ്പാർട്ട്‌മെന്റ് മെയിന്റനൻസ് ആവശ്യാർത്ഥം പൂട്ടിയിരിക്കുകയായിരുന്നുവന്നും രണ്ടു വർഷം മുമ്പ് അതിൽ ഒരു മൊറോക്കൻ ഫാമിലിയായിരുന്നു താമസിച്ചിരുന്നതെന്നും അയാൾ പറഞ്ഞു. അവരുടെ കോൺടാക്ട് നമ്പറോ അഡ്രസോയുണ്ടോ എന്ന് ഞാൻ ചോദിച്ചു. അവൻ പിന്നെ വിളിക്കാം എന്നു പറഞ്ഞ് ഫോൺ ഡിസ്‌കണക്റ്റ് ചെയ്തു.

നിമിഷങ്ങൾക്കകം അവന്റെ മിസ്ഡ് കോൾ വന്നു. ഞാൻ ആകാംക്ഷയോടു കൂടി അവനെ ഫോണിൽ തിരിച്ചു വിളിച്ചു. അവൻ പറഞ്ഞ ഫോൺ നമ്പർ ഞാൻ എഴുതിയെടുത്തു. എന്തിനാണ് രണ്ടോ മൂന്നോ വർഷം മുമ്പ് അവിടെ താമസിച്ചവരുടെ കോൺടാക്ട് ഡീറ്റെയിൽസ് എന്ന് അവൻ ചോദിക്കുന്നുണ്ടായിരുന്നു.

മേരി പറഞ്ഞത് സത്യമായിരുന്നു. ഞങ്ങൾ ഇവിടെ താമസിക്കുന്നതിന് രണ്ടു വർഷം മുമ്പ് ഈ ഫഌറ്റിൽ ഒരു മൊറോക്കൻ ഫാമിലിയായിരുന്നു താമസിച്ചിരുന്നത് എന്ന് പഴയ വാച്ച്മാൻ കൺഫേം ചെയ്തിരിക്കുന്നു. എന്റെ

ആകാംക്ഷ കൂടിവന്നു. ഞാൻ വിളിച്ചെങ്കിലും ആ നമ്പർ നിലവിലില്ലായിരുന്നു.

ആ ദൗത്യവും പരാജയപ്പെട്ടു. ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചുകൊണ്ടിരുന്നപ്പോൾ മനസ്സിൽ ഒരു ആശയം തോന്നി. സാധാരണ എല്ലാ ബിൽഡിംഗിലും കാറ് കഴുകുന്ന ഒരാൾ ഉണ്ടാവും, ഞങ്ങൾ താമസിക്കുന്ന ബിൽഡിംഗിലും കാർ കഴുകുന്ന ഒരാളുണ്ട്. അദ്ദേഹം പാക്കിസ്ഥാൻകാരനാണ്. എന്റെ കാറും അവനാണ് കഴുകുന്നത്. ഫോൺ ചെയ്ത് അവനോടു ബിൽഡിംഗിന്റെ താഴെ വരാൻ പറഞ്ഞു. അവൻ താഴെയെത്തി എന്നെ വിളിച്ചു. അയാളെ കണ്ട് കാര്യങ്ങൾ സംസാരിച്ച് മനസ്സിലാക്കാൻ ശ്രമിച്ചു. മൊറോക്കൻ ഫാമിലി മൂന്നു വർഷം മുമ്പ് താമസം മാറിപ്പോയപ്പോൾ ഇവനായിരുന്നു അവരുടെ സാധനങ്ങളെല്ലാം കൊണ്ടുപോകാൻ സഹായിച്ചിരുന്നത്. അവൻ ബിൽഡിംഗ് കാണിച്ചുതന്നു. ആ ബിൽഡിംഗിലെ മൂന്നാമത്തെ നിലയിൽ 301 ാം നമ്പർ റൂമിലാണ് അയാൾ താമസിക്കുന്നത് എന്ന് പറഞ്ഞു. അയാളോട് നന്ദി പറഞ്ഞ് ആ ബിൽഡിംഗിലേക്കു നടന്നു.

റൂം നമ്പർ 301. ഞാൻ കോളിംഗ് ബെല്ലടിച്ചു കാത്തിരുന്നു. ഒരു പരിചയവുമില്ലാത്ത വേറെ ഏതോ രാജ്യക്കാർ. അവർ എന്നോട് എങ്ങനെയാണ് പെരുമാറുകയെന്നു ഞാൻ വേവലാതി പൂണ്ടു.

വാതിൽ തുറന്നു. അതാ മുമ്പിൽ ഒരു ഇന്ത്യക്കാരനെ പോലെ തോന്നിക്കുന്ന ഒരാൾ. അയാൾ മലയാളിയായിരുന്നു. അദ്ദേഹം എന്നോട് അകത്തേക്ക് കയറാൻ പറഞ്ഞു. അകത്തു കയറി ഒന്ന് മടിച്ച് ഞാൻകാര്യം പറഞ്ഞു. അവർ അവിടെ താമസിക്കാൻ തുടങ്ങിയിട്ട് ഏകദേശം ആറു മാസമായെന്നും അതിനു മുമ്പ് ഏതോ ഒരു മൊറോക്കൻ ഫാമിലി ആണ് താമസിച്ചിരുന്നതെന്ന് പറയുന്നത് കേട്ടിട്ടുണ്ടെന്നും കൂടുതൽ കാര്യങ്ങൾ അറിയണമെന്നുണ്ടെങ്കിൽ താഴെ വാച്ച്മാനെ കണ്ടാൽ മതിയെന്നും പറഞ്ഞു. അയാളോട് നന്ദി പറഞ്ഞ് ഞാൻ വാച്ച്മാനെ കാണാൻ വേണ്ടി താഴേക്കിറങ്ങി.

ഞാൻ വാച്ച്മാന്റെ റൂമിന്റെ കോളിംഗ് ബെൽ ബട്ടൺ അമർത്തി, വാച്ച്മാൻ വാതിൽ തുറന്നു. ഒരു ബംഗ്ലാദേശുകാരനാണ്. ഞാൻ ചോദിക്കുന്നതിന് മുമ്പ് തന്നെ റൂം ഒന്നും ഒഴിവില്ലെന്നും ഫുൾ ആണെന്നും പറഞ്ഞു. റൂം നോക്കാൻ വന്നതല്ലെന്നും മൂന്നാമത്തെ നിലയിൽ 301 ാം നമ്പർ റൂമിൽ മുമ്പ് താമസിച്ചിരുന്ന ഫാമിലി എവിടേക്കാണ് മാറിപ്പോയതെന്ന്് അറിയാൻ വന്നതാണെന്നും പറഞ്ഞു. അവൻ ഇഷ്ടപ്പെടാത്ത രൂപത്തിൽ തന്നെ മറുപടിയും പറഞ്ഞു. അയാൾക്ക് ഒന്നും അറിയില്ലായിരുന്നു. അയാളുടെ മുഖത്ത് ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തിയതിന്റെ നീരസം കാണാമായിരുന്നു. ആ പ്രതീക്ഷയും അവസാനിച്ചു. എവിടെ, ആരോട് എങ്ങനെ ചോദിക്കും...? 

ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചുകൊണ്ട് ഞാൻ വീട്ടിലേക്ക് തിരിച്ചുപോന്നു. പോരുന്ന വഴിയിൽ ഒരു സൂപ്പർ മാർക്കറ്റുണ്ട്, അതിൽ കയറി കുറച്ച് വീട്ടുസാധനങ്ങൾ വാങ്ങാം എന്ന് മനസ്സിൽ വിചാരിച്ച് സൂപ്പർ മാർക്കറ്റിലേക്കു നടന്നു. കുറെ സാധനങ്ങളൊക്കെ പെറുക്കിയെടുത്ത് കാഷ്യറുടെ അടുത്തെത്തി. ഒരു മലയാളിയാണ് കൗണ്ടറിൽ ഇരിക്കുന്നത്. ഗ്ലൗസും മാസ്‌കും ധരിച്ചാണ് ഇരിക്കുന്നത്. ഞാൻ അദ്ദേഹത്തോട് കുശലം ചോദിക്കാൻ പോകുന്നതിനു മുമ്പു വിശേഷങ്ങൾ എന്തൊക്കെയാണെന്നു എന്നോടു ചോദിച്ചു. കുറെ നാളായല്ലോ കണ്ടിട്ട്, കൊറോണ കാരണം ആയിരിക്കും കാണാത്തത് എന്ന് സ്വയം മറുപടിയും പറഞ്ഞു. ഞാൻ ചിരിച്ചുകൊണ്ട് തലയാട്ടി. 

ഞാൻ അസ്വസ്ഥനായിരുന്നു. മേരി പറഞ്ഞ കുടുംബത്തെ എങ്ങനെ കണ്ടുപിടിക്കും എന്ന് ഷോപ്പിംഗിലും ആലോചിച്ചു കൊണ്ടിരുന്നു. സാധനങ്ങളെല്ലാം കീസിൽ ആക്കുന്ന സമയത്ത് എന്റെ അപ്പാർട്ട്‌മെന്റിൽ മുമ്പ് താമസിച്ചിരുന്ന മൊറോക്കൻ ഫാമിലിയെക്കുറിച്ച് മലയാളിയോട് ചോദിച്ചു. ഒരു ഓയിൽ കമ്പനിയിൽ വർക്ക് ചെയ്യുന്ന ഒരാളല്ലേയെന്നും അദ്ദേഹം ഷോപ്പിൽ സാധനങ്ങൾ വാങ്ങാൻ വരാറുണ്ടെന്നും അയാൾ പറഞ്ഞു. അയാൾ എവിടെയാണ് താമസിക്കുന്നതെന്നറിയാമോയോന്നും അയാളെ കോൺടാക്ട് ചെയ്യാൻ വല്ല ഫോൺ നമ്പറോ അഡ്രസോ കിട്ടുമോയെന്നും ഞാൻ ചോദിച്ചു.  അടുത്ത പ്രാവശ്യം വരുമ്പോൾ അയാൾ താമസിക്കുന്ന സ്ഥലം മനസ്സിലാക്കി എന്റെ ഫോൺ നമ്പറിൽ വിളിച്ചു പറയാം എന്നു അയാൾ പറഞ്ഞു. സാധനങ്ങൾ കീസിലാക്കി അയാളോട് നന്ദിയും പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി വീട്ടിലേക്ക് നടന്നു.

വീട്ടിലേക്ക് നടക്കുമ്പോഴും എന്റെ മനസ്സിൽ ആ കുടുംബത്തെ കണ്ടെത്താനാവുമോ അവർ ഇവിടെ നിന്നും അവരുടെ നാട്ടിലേക്ക് പോയിട്ടുണ്ടാകുമോ, അവർ തിരിച്ചു പോയിട്ടുണ്ടങ്കിൽ എങ്ങനെ അവരെ കോൺടാക്ട് ചെയ്യാൻ പറ്റും എന്നൊക്കെ വേവലാതിപ്പെട്ടു വീട്ടിലേക്ക് നടന്നു. ഞാൻ താമസിക്കുന്ന ബിൽഡിംഗിന് താഴെ എത്തി. അവിടെ എനിക്ക് പരിചയമുള്ള അതേ ബിൽഡിംഗിൽ താമസിക്കുന്ന ഒരാളെ കണ്ടു. അയാളോട് ഞാൻ കാര്യം ചോദിച്ചു. അറിയില്ല എന്ന് അയാൾ പറഞ്ഞു അവിടെയും നിരാശ. നിരാശപ്പെട്ടുകൊണ്ട് ഞാൻ റൂമിന്റെ വാതിൽ തുറന്ന് അസ്വസ്ഥനായി സോഫയിൽ ഇരുന്നു, എന്താണ് ചെയ്യുക, ആരോടാണ് ചോദിക്കുക, എവിടെ അന്വേഷിക്കും എന്ന ചോദ്യത്തിനും ഉത്തരം ഇല്ലാതെ ഇരിക്കുകയാണ്. അപ്പോൾ മൊബൈൽ ഫോൺ ശബ്ദിക്കാൻ തുടങ്ങി. ഞാൻ ഫോൺ എടുത്തു. അങ്ങേത്തലക്കൽ സൂപ്പർ മാർക്കറ്റിലെ കാഷ്യർ. ആ മൊറോക്കക്കാരൻ സാധനങ്ങൾ വാങ്ങാൻ സൂപ്പർ മാർക്കറ്റിൽ വന്നിരിക്കുന്നുവെന്നും  ഇപ്പോൾ ഷോപ്പിലേക്ക് വരികയാണെങ്കിൽ നേരിട്ട് എനിക്ക് അയാളെ കാണാമെന്നും പെട്ടെന്ന് വരാനും പറഞ്ഞ് അയാൾ ഫോൺ വെച്ചു.

Latest News