Sorry, you need to enable JavaScript to visit this website.
Friday , August   14, 2020
Friday , August   14, 2020

അതിജീവനത്തിന്റെ വാതിൽ

രാജ്യാതിർത്തികൾക്കിടയിൽ മനുഷ്യ ജീവിതം എത്രമാത്രം സംഭവബഹുലവും സങ്കീർണവുമാകുന്നുവെന്നതിന്റെ പുതിയൊരു വായനാനുഭവം സൃഷ്ടിക്കുകയാണ് അഭിഭാഷകനായ ഇ.കെ.മുഹമ്മദ് ഫിറോസ്. തന്റെ ആദ്യ ഇംഗ്ലീഷ് നോവലായ ഋഃരലു േീില റമിഴലൃീൗ െറീീൃ എന്ന കൃതിയിലൂടെ വായനക്കാരന്റെ മനസ്സിൽ ഫിറോസ് തുറന്നിടുന്നത് അപകടകരമായ അതിജീവനത്തിന്റെ പുതിയ വാതിലുകളാണ്.

ഇന്ത്യ-പാക്കിസ്ഥാൻ ബന്ധം, ഭീകരവാദം, മനുഷ്യത്വം, നീതിബോധം എന്നിവയിലൂടെ അതിജീവനത്തിന്റെ കഥ ഈ നോവൽ വായനക്കാരിലേക്കെത്തിക്കുന്നു. പാക്കിസ്ഥാനിലെ കറാച്ചി സ്വദേശിയായ യുവാവ് കേരളത്തിലെത്തി സഹോദരനെ തേടി നടത്തുന്ന യാത്രയെ പശ്ചാത്തലമാക്കി രചിക്കപ്പെട്ട കഥ എത്രമാത്രം സങ്കീർണമാണെന്ന് സമയം നീങ്ങും തോറും വായനക്കാരന് മനസ്സിലാക്കാം. മൂന്നു തലമുറകളിലായി പരന്നുകിടക്കുന്ന നോവൽ മുഖ്യ കഥാപാത്രമായ ആനന്ദ് തന്റെ സഹോദരൻ അർഷദ് ഖാനെ തേടിപ്പോകുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്. മുഖ്യ കഥാപാത്രത്തിന്റെ തിരിച്ചറിവുകളും പരിവർത്തനങ്ങളും വായനക്കാരന്റെ നിഗമനങ്ങളെ തെറ്റിക്കുമ്പോൾ ഈ പുസ്തകം ഒരു ത്രില്ലർ ആയി മാറുന്നു.

സിനിമാറ്റിക് ശൈലിയിൽ തുടങ്ങുന്ന കഥയിൽ മുന്നോട്ടു പോകുന്തോറും ഒട്ടേറെ ട്വിസ്റ്റുകളൊരുക്കി ഫിറോസ് വായനക്കാരനെ അത്ഭുതപ്പെടുത്തുകയാണ്. കറാച്ചിയിൽ നിന്ന് തന്റെ സഹോദരനെ തേടിയെത്തിയ കേന്ദ്ര കഥാപാത്രം താൻ തന്നെയാണ് ആ സഹോദരൻ എന്ന് തിരിച്ചറിയുന്നത് കഥാഗതിക്ക് മാറ്റുകൂട്ടുന്നു. സഹോദരനെ കണ്ടുപിടിക്കാനുള്ള യാത്രയിൽ പുതിയ കാഥാപാത്രങ്ങൾ കടന്നു വരുന്നു. സത്യങ്ങൾ ഓരോന്നോരോന്നായി അടരുമ്പോൾ ഇവിടെ വലിയ സത്യം ചെറിയ സത്യം എന്നൊന്നില്ല.  തന്റെ സഹോദരൻ ഒരു കുറ്റവാളി ആയിരുന്നുവെന്നും കോഴിക്കോട് ബസ് സ്റ്റാൻഡിൽ നടന്ന ബോംബ് സ്‌ഫോടനത്തിൽ മരണപ്പെട്ടെന്നും അറിയുമ്പോൾ സഹോദരന്റെ നിരപരാധിത്വം തെളിയിക്കാനുള്ള നീക്കങ്ങളാണ് ഇയാൾ പിന്നീട് നടത്തുന്നത്. ഇത് എത്രമാത്രം വിജയിച്ചെന്നും പുതിയ ജീവിത പരീക്ഷണങ്ങൾ എതെല്ലാം വഴികളിലേക്ക് വളരുന്നുവെന്നും വായിച്ചു തന്നെ അറിയേണ്ടതാണ്.

നോൺ ലീനിയർ വിവരണം വായനക്കാരനെ കഥാമധ്യത്തിൽ പാക്കിസ്ഥാനിലേക്ക് എത്തിക്കുന്നു. അവിടുത്തെ ഭീകര സംഘടനകളുടെ പ്രവർത്തനം കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെ വിശദമാക്കുമ്പോൾ ഭീകരവാദത്തിന്റെ അപകടങ്ങൾ തെളിഞ്ഞുവരുന്നുണ്ട്. കശ്്മീരിലെ തീവ്രവാദ പ്രവർത്തനങ്ങളും കഥയിൽ കടന്നുവരുന്നു. മാനസിക പരിവർത്തനം മൂലം തീവ്രവാദ സംഘടനകളിൽ നിന്ന് മാറി നിൽക്കാൻ താൽപര്യപ്പെടുന്ന മനുഷ്യർ നേരിടുന്ന പ്രതിസന്ധികളും ചർച്ചയാകുന്നുണ്ട്. പണം മനുഷ്യന്റെ ഇന്ദ്രിയങ്ങളെ മരവിപ്പിക്കുന്ന അവസ്ഥ എത്ര ഭയാനാകമാണെന്ന് ഭീകരവാദികളുടെ നിലപാടുകളിലൂടെ മനസ്സിലാക്കാം.

കേരളത്തിൽ നടക്കുന്ന സ്ത്രീപീഡനക്കേസുകളുടെ അന്വേഷണ സുതാര്യതയെയും നീതിസംവിധാനത്തെയും എഴുത്തുകാരൻ ചോദ്യം ചെയ്യുന്നതിലൂടെ സമകാലിക സമൂഹത്തിൽ ഈ പുസ്തകത്തിന്റെ ആവശ്യകത തെളിയുന്നു. കുടുംബ ബന്ധങ്ങളുടെ പവിത്രത ബഷീർ, വസീം ഖാൻ, ആയിഷ തുടങ്ങിയ കഥാപാത്രങ്ങൾ ഓർമപ്പെടുത്തുന്നു. 'ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് ' എന്ന നീതിവാക്യം ഉയർത്തിപ്പിടിച്ച് അനീതിക്കെതിരെയുള്ള ഒരു പോരാട്ടം കൂടിയാകുകയാണ് ഈ നോവൽ.

കോഴിക്കോട്, മലപ്പുറം, മുംബൈ, കറാച്ചി എന്നിവിടങ്ങളിലായി ഇടം പിടിക്കുന്ന കഥ ലളിതമായ ഭാഷയിൽ വായനക്കാരിലേക്ക് എത്തുന്നു. ഗൗരവതരമല്ലാത്ത ഭാഷാവൈകല്യങ്ങൾ മാറ്റിനിർത്തിയാൽ സർഗാത്മകമായി രചിക്കപ്പെട്ടൊരു കൃതിയാണ് ഋഃരലു േീില റമിഴലൃീൗ െറീീൃ. വിശാലമായ കഥാപശ്ചാത്തലത്തിലൂടെ വായനക്കാരനെ ഉദ്വേഗനിമിഷങ്ങളുടെ ആകാംക്ഷകളിലേക്ക് നയിക്കുന്നതിൽ തന്റെ ആദ്യ ഇംഗ്ലീഷ് നോവലിൽ ഫിറോസ് വിജയിക്കുന്നു. ഫിറോസ് തന്നെയാണ് പുസ്തകം പ്രസാധനം ചെയ്തിരിക്കുന്നത്. പെരിന്തൽമണ്ണ സ്വദേശിയായ അഡ്വ. ഇ.കെ. മുഹമ്മദ് ഫിറോസ് രചിച്ച ദൈവത്തിന്റെ അദൃശ്യമായ തിരക്കഥ എന്ന മലയാളം നോവലിന് നേരത്തേ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

 

Latest News