Sorry, you need to enable JavaScript to visit this website.

ഞാൻ ആദ്യം പറഞ്ഞത് ഇതാണ് -മുഹമ്മദ് സലാഹ്

അഞ്ച് ചോദ്യം

ഈജിപ്തിൽ വിമാനത്താവളത്തിൽ എത്തിയാലുടൻ സുഹൃത്തിനോട് കോഷറി എത്തിക്കാൻ പറയും. കാറിലേക്ക് ചാടിക്കയറി, തലയിലൂടെ തുണിയിട്ട് ആളുകൾ കാണാത്ത വിധത്തിൽ കഴിക്കും.


ചോ: എന്താണ് താങ്കളുടെ പ്രിയപ്പെട്ട ഈജിപ്ഷ്യൻ ഭക്ഷണം?

ഉ: സംശയം വേണ്ട കോഷറി തന്നെ. പാസ്റ്റ, അരി, സോസ്, സ്‌പൈസസ്.. കോഷറി തയാറാക്കാൻ അൽപം പ്രയാസമാണ്. എന്നാൽ എനിക്ക് അത് പ്രിയപ്പെട്ടതാണ്. ഈജിപ്തിൽ വിമാനത്താവളത്തിൽ എത്തിയാലുടൻ സുഹൃത്തിനോട് കോഷറി എത്തിക്കാൻ പറയും. കാറിലേക്ക് ചാടിക്കയറി, തലയിലൂടെ തുണിയിട്ട് ആളുകൾ കാണാത്ത വിധത്തിൽ കഴിക്കും.

ചോ: വർഷങ്ങളായി യൂറോപ്പിൽ കളിക്കുകയാണ്, ഈജിപ്തിനെ നഷ്ടപ്പെടുന്നുണ്ടോ?

ഉ: തീർച്ചയായും. ഏഴെട്ട് വർഷമായി യൂറോപ്പിൽ കളിക്കുന്നു. എന്നാൽ ദേശീയ ടീമിന്റെ കളികൾക്കായി ഞാൻ ഈജിപ്തിൽ പോവാറുണ്ട്. കളികൾ ഇല്ലാത്ത കാലത്ത് ഞാൻ എന്റെ ഗ്രാമത്തിലെത്തും. ആ അന്തരീക്ഷം എനിക്ക് നഷ്ടപ്പെടുന്നുണ്ട്. എങ്കിലും മിക്കവാറും രണ്ടു മാസത്തിലൊരിക്കൽ ഞാൻ അവിടെയെത്താറുണ്ട്. അവിടെ കുടുംബവീട്ടിലാണ് താമസിക്കാറ്. ചിലപ്പോൾ കുടുംബം ഇംഗ്ലണ്ടിലേക്ക് വരും. 

ചോ: ഹംദന്നൂറാണ് താങ്കളുടെ ആദ്യ കോച്ച്. എന്താണ് ആ കാലത്തെ അനുഭവങ്ങൾ?

ഉ: ഹംദന്നൂറിനെക്കുറിച്ച് പറയുമ്പോൾ എന്റെ കണ്ണുകൾ നിറയും. എനിക്ക് രണ്ടാം പിതാവിനെപ്പോലെയാണ് അദ്ദേഹം. കുട്ടിക്കാലം എനിക്കോർമയുണ്ട്. രാവിലെ ആറിനാണ് ഞാൻ എഴുന്നേൽക്കുക. മണിക്കൂറുകൾ അദ്ദേഹത്തോടൊപ്പം ഒറ്റക്ക് പരിശീലനം നടത്തും. ഞാൻ നേടിയതിനൊക്കെ അദ്ദേഹത്തോടാണ് നന്ദി പറയേണ്ടത്. ഒരിക്കലും അദ്ദേഹത്തെ മറക്കാനാവില്ല. 
ചോ: 30 വർഷത്തിനു ശേഷം ലിവർപൂൾ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായിരിക്കുകയാണ്?

ഉ: എന്റെ ആഹ്ലാദം വാക്കുകൾക്കതീതമാണ്. ഈ ക്ലബ്ബിന്റെയും ഈ നഗരത്തിന്റെയും സന്തോഷം വിവരിക്കാനാവില്ല. ഞാൻ ഇവിടെ വന്നപ്പോൾ ആദ്യം പറഞ്ഞത് പ്രീമിയർ ലീഗ് കിരീടവും ചാമ്പ്യൻസ് ലീഗ് കിരീടവും നേടണമെന്നാണ്. ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കേണ്ടി വന്നാൽ ഏതായിരിക്കും എന്ന് ആളുകൾ ചോദിച്ചു. ഇപ്പോൾ രണ്ടും യാഥാർഥ്യമായിരിക്കുന്നു. പക്ഷെ പ്രീമിയർ ലീഗ് നേടിയതാണ് ഈ നഗരത്തെ ഏറ്റവും സന്തോഷിപ്പിച്ചതെന്ന് തോന്നു. എല്ലാവർക്കും ആവേശം തലയിൽ കയറിയിരിക്കുകയാണ്. വല്ലാത്തൊരു വികാരം.  

ചോ: തുടർച്ചയായ മൂന്നു സീസണുകളിൽ ഇരുപതോ അധികമോ ഗോളടിക്കാൻ സാധിച്ചു. പക്ഷെ അസിസ്റ്റുകളിൽ ഒപ്പത്തിനൊപ്പമുണ്ട്. 

ഉ: 90 കളിൽ റോബി ഫൗളറാണ് തുടർച്ചയായി മൂന്ന് സീസണിൽ 20 ഗോളെങ്കിലുമടിച്ച അവസാന ലിവർപൂൾ താരം. 145 കളികളിൽ എനിക്ക് 92 ഗോളായി. എന്റെ ഗോളുകൾ ടീമിന് വിജയം സമ്മാനിക്കുന്നതിൽ ആഹ്ലാദമുണ്ട്. എല്ലാം ഒത്തുവന്നതു പോലെ. ഞാൻ ഇത് ആസ്വദിക്കുന്നു. ആരാധകരുടെ പിന്തുണയില്ലെങ്കിൽ ഇത് സാധിക്കില്ല. അവർക്ക് ആഹ്ലാദം നൽകാൻ സാധിക്കുന്നതൊക്കെ കളിക്കാർ ചെയ്തു. ഗോളടിക്കുന്നതു പോലെ പ്രധാനമാണ് ഗോളുകൾ ഒരുക്കുന്നതും. ലിവർപൂളിനു വേണ്ടി ഇതുവരെ പ്രീമിയർ ലീഗിൽ 27 ഗോളുകൾക്ക് അവസരമൊരുക്കാൻ സാധിച്ചു. പലപ്പോഴും അത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ലെന്നു തോന്നുന്നു. 

 

Latest News