അബുദാബി- ട്രാന്‍സിറ്റ് യാത്രക്കാര്‍ ഉള്‍പ്പെടെ യു.എ.ഇ വിമാനങ്ങളില്‍ കയറുന്ന എല്ലാവര്ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഇറങ്ങുന്ന യു.എ.ഇ പൗരന്മാര്ക്കും പ്രവാസികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും ഇത് ബാധകമാണ്. ഒരു രാജ്യക്കാരേയും പരിശോധനയില്‍നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
മുന്‍കൂട്ടി ടെസ്റ്റ് നടത്തണമെന്ന നിബന്ധന ഓഗസ്റ്റ് ഒന്നു മുതല്‍ നടപ്പിലാക്കും. രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ യൂറോപ്യന്‍ യൂണിയന് അടക്കം എല്ലാ രാജ്യങ്ങളിലേക്കും പോകുന്നവര്‍ വിമാനം കയറുന്നതിനുമുമ്പ് തന്നെ പി.സി.ആര് ടെസ്റ്റ് നടത്തിയിരിക്കണമെന്ന് നാഷണല്‍ ക്രൈസിസ് ആന്‍ഡ് എമര്‍ജന്‍സി മാനേജ്മെന്റ് അതോറിറ്റിയുടെയും വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെയും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
രാജ്യത്തെ പൗരന്മാരുടെയും പ്രവാസികളുടേയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനും കൊറോണ വൈറസ് വ്യാപനം കുറയ്ക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമാണിത്. ടെസ്റ്റ് നടത്തി 96 മണിക്കൂറാണ് സര്‍ട്ടിഫിക്കറ്റിന് സാധുത.
12 വയസ്സിന് താഴെയുള്ള കുട്ടികളെയും വൈകല്യമുള്ളവരെയും കോവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് നിബന്ധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിമാനക്കമ്പനികളും നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു.






