അനാഥരാക്കപ്പെടുന്ന ആദിവാസി വിഭാഗത്തിൽ പെടുന്ന കുട്ടികളെ സംരക്ഷിക്കാൻ സവിശേഷ സംവിധാനങ്ങൾ ആവശ്യമാണ്. വെറും ഒരു ഹോസ്റ്റലിൽ ആ സമൂഹത്തിന്റെ കരുതൽ ലഭ്യമാക്കാനാവില്ല. കാടിന്റെ മണമുള്ള പ്രത്യേകമായ ഒരു തലോടൽ വേണം. അല്ലെങ്കിൽ അവർ ഒറ്റപ്പെട്ടു പോകും. വായനോത്സവത്തിൽ മലപ്പുറത്തുനിന്നു വന്ന കൃത്യമായിപ്പറഞ്ഞാൽ നിലമ്പൂരിൽ നിന്ന് വന്ന കൂട്ടത്തിലായിരുന്നു ഈ കുട്ടികൾ. പിന്നെ അവിടെ നിന്ന് പാട്ടുകാരി കുഞ്ഞു പൊന്നുവുണ്ട്. അതുപോലെ കാട്ടിനുള്ളിലെ സങ്കേതത്തിൽനിന്ന് ബിരുദം കഴിഞ്ഞ പെൺകുട്ടിയുമുണ്ട്. എല്ലാരും പാടിയും ആടിയും തിമിർത്തു. വായിച്ചു വന്ന പൊക്കുടൻ പുസ്തകത്തെപ്പറ്റിപ്പറഞ്ഞു. കളിമണ്ണിൽ പൊന്നും ശ്രേയയും കുട്ടിയും കൂണും ഉണ്ടാക്കി.
കടലിരമ്പം കാണാനായുള്ള കൊതിയാണ് കാട്ടിൽ നിന്ന് വരുന്ന കുട്ടികൾക്ക്. അവർ അവരുടെ ഭാഷയുടെ ഉച്ചാരണ രീതിയിൽ പറഞ്ഞു: ഞങ്ങൾക്ക് കന്യാകുമാരി കാണണം. കടലിലെ പകലും രാത്രിയുമറിയണം. കാടുപോലാണോ കടൽ എന്നറിയണം. കടൽ ആകാശത്തു മുട്ടുന്നുണ്ടോ എന്നു നോക്കണം. എന്നും കടൽ ഇങ്ങനെയാണോ? എന്തേ കടൽ ഇവിടെ മാത്രം? അങ്ങനെ നൂറു നൂറു ചോദ്യങ്ങൾ.
കടൽ കണ്ടപ്പൊഴോ?
നിർഭാഗ്യത്തിന് കന്യാകുമാരിയിൽ എത്തുമ്പോഴേക്കും രാത്രിയായിരുന്നു. അസ്തമയ സൂര്യൻ കുഞ്ഞുങ്ങളെ കാത്തിരിക്കാതെ കടലിൽ പോയത് കുറച്ചു വിഷമമുള്ള കാര്യമായിരുന്നു. പക്ഷെ ഒരു നിവൃത്തിയുമില്ലായിരുന്നു. അവർ ആർത്തിയോടെ കടലിനെ കണ്ടു. തൊട്ടു. വർത്തമാനം പറഞ്ഞു. ഇരുട്ടിൽ കടൽ ആർത്തിരമ്പുമ്പോൾ അത്ഭുതത്തോടെ നിന്നു, ഒരു കടൽ പകൽ ആഗ്രഹിച്ചുകൊണ്ട്. കലപില കൂട്ടി കടലിൽ നിന്ന് മടങ്ങുമ്പോൾ മനസ്സിൽ കടലൊലി ഉണ്ടായിരുന്നു.
അവർ മുന്നൂറു പേരുണ്ടായിരുന്നു. കാസർകോട്, വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി തിരുവനന്തപുരം ജില്ലകളിലെ ആദിവാസിപ്രദേശങ്ങളിൽ നിന്ന് വന്നവർ. പല കാലങ്ങളിലായി സ്കൂൾ പഠനം പുനരാരംഭിച്ചവർ. പലകാരണങ്ങളാൽ സ്കൂളിൽനിന്ന് വിട്ടുനിൽക്കേണ്ടിവന്നവർ. പ്രശ്നം ചിലപ്പോൾ സാമ്പത്തികമായിരിക്കും. ചിലപ്പോൾ രക്ഷിതാക്കളുടെ അസുഖമായിരിക്കാം. ചിലപ്പോൾ അവർ രണ്ടുപേരുമോ അല്ലെങ്കിൽ ഒരാളോ നഷ്ടപ്പെട്ടതായിരിക്കും. അങ്ങനെ ചില അവസ്ഥകൾ. അതല്ലാതെ അവർ പഠിക്കുന്ന സ്ഥാപനങ്ങൾ അവരെ ഉൾക്കൊള്ളാത്ത സാഹചര്യങ്ങളിൽ അപമാനിതരായി മൂലയിൽ ചുരുണ്ടു കൂടിയവരുണ്ട്. പിന്നീട് അവരുടെ പ്രശ്നം പരിഹരിച്ച് സ്കൂളിൽ തിരികെ പഠനത്തിലെത്തിയവരുണ്ട്. ആ മുറിവ് ഉണങ്ങാൻ സമയമെടുക്കുന്നുണ്ട് എങ്കിലും കുട്ടികൾ യാഥാർത്ഥ്യം ഉൾക്കൊള്ളുന്നുണ്ട്. ഒരു കുട്ടി ചോദിച്ചതോർക്കുന്നു. ഒൻപതാം കഌസിൽ എത്തിയിട്ടും എന്നോട് ഒരു ചോദ്യം പോലും ടീച്ചർമാർ ചോദിച്ചില്ല. പിന്നെ ഞാൻ എന്തിന് ആ സ്കൂളിൽ പഠിക്കണം?
തികച്ചും ന്യായമായ സംശയം അല്ലെ? അത്രക്ക് അവളെ ആ സംവിധാനങ്ങളുടെ പുറത്തു നിർത്തിയതായി അനുഭവപ്പെട്ടിട്ടുണ്ടായിരിക്കണം. ആത്മാഭിമാനമില്ലാതെ ഒരിടത്ത് എത്രനാൾ നിൽക്കാനാവും? അവൾ സ്കൂൾ വിട്ടുപോന്നു. പിന്നീട് വീട്ടിലിരിക്കുമ്പോഴാണ് അവളെ സമഖ്യ പ്രവർത്തകർ കണ്ടെത്തുന്നത്. അവളെ വിദ്യാഭ്യാസത്തിലേക്ക് മെല്ലെ കൈപിടിച്ചു കൊണ്ടു വന്നു. പഠനത്തിന്റെ പടവുകൾ അവൾ ആത്മവിശ്വാസത്തോടെ ചവിട്ടിക്കയറി ഇപ്പോൾ ഡിഗ്രി അവസാന വർഷ വിദ്യാർത്ഥിനിയാണ്. പഠനത്തിലും കലകളിലും അവൾ സമർത്ഥയാണ്.
കാട്ടിനകത്തുള്ള ഒരു ഊരിൽനിന്ന് അച്ഛനും അമ്മയും ഇല്ലാതെ ഒറ്റപ്പെട്ടു പോയ കുട്ടികൾ മഹിളാ ശിക്ഷൺ കേന്ദ്രത്തിൽ എത്തിയിട്ടുണ്ട്. എന്നെത്തി എന്നവർക്കു തന്നെ അറിയില്ല. ഒന്നോ രണ്ടോ വയസ്സുള്ളപ്പോൾ എത്തിയവരാണവർ. മൂന്നു പേർ - രണ്ടു സഹോദരിമാരും ഒരു സഹോദരനും. അവർക്ക് വീട് മഹിളാ ശിക്ഷൺ കേന്ദ്രം തന്നെയാണ്. രണ്ടു വയസ്സിനു മുൻപേ എത്തിയെങ്കിലും ആ മോന്റെ സാമൂഹ്യമായ ഓർമ കാടിന്റെ താളത്തിൽ തന്നെയാണ്. അതുകൊണ്ടാണ് ആ കുട്ടി മഴയിലേക്ക് ചോദിക്കാതെ ഇറങ്ങിപ്പോകുന്നുവെന്ന പരാതി സ്കൂളിൽനിന്ന് ഉണ്ടാകുന്നത്. തുടികൊട്ടുമ്പോഴും അറിയാതെ എഴുന്നേറ്റു കൂടെ കൂടുന്നത്. പക്ഷെ വേറൊരു സങ്കടമുണ്ട്. അവൻ വലുതായി വരുന്നു - പെൺകുട്ടികളും. അവർക്കൊരുമിച്ചു നിൽക്കാൻ ഇനി ഒരേ സ്ഥലം അനുവദിക്കപ്പെടില്ല. പെൺകുട്ടികളുടെ ഹോസ്റ്റലിൽ നിർത്താൻ കഴിയില്ല. മാറ്റിനിർത്തപ്പെടുമ്പോൾ ഉള്ള ബന്ധങ്ങൾ പോലും ഇല്ലാതാവും. ഇങ്ങനെ അനാഥരാക്കപ്പെടുന്ന ആദിവാസി വിഭാഗത്തിൽ പെടുന്ന കുട്ടികളെ സംരക്ഷിക്കാൻ സവിശേഷ സംവിധാനങ്ങൾ ആവശ്യമാണ്. വെറും ഒരു ഹോസ്റ്റലിൽ ആ സമൂഹത്തിന്റെ കരുതൽ ലഭ്യമാക്കാനാവില്ല. കാടിന്റെ മണമുള്ള പ്രത്യേകമായ ഒരു തലോടൽ വേണം. അല്ലെങ്കിൽ അവർ ഒറ്റപ്പെട്ടു പോകും. വായനോത്സവത്തിൽ മലപ്പുറത്തുനിന്നു വന്ന കൃത്യമായിപ്പറഞ്ഞാൽ നിലമ്പൂരിൽ നിന്ന് വന്ന കൂട്ടത്തിലായിരുന്നു ഈ കുട്ടികൾ. പിന്നെ അവിടെ നിന്ന് പാട്ടുകാരി കുഞ്ഞു പൊന്നുവുണ്ട്. അതുപോലെ കാട്ടിനുള്ളിലെ സങ്കേതത്തിൽ നിന്ന് ബിരുദം കഴിഞ്ഞ പെൺകുട്ടിയുമുണ്ട്. എല്ലാരും പാടിയും ആടിയും തിമിർത്തു.
വായിച്ചു വന്ന പൊക്കുടൻ പുസ്തകത്തെപ്പറ്റിപ്പറഞ്ഞു. കളിമണ്ണിൽ പൊന്നും ശ്രേയയും കുട്ടിയും കൂണും ഉണ്ടാക്കി.
അനുഭവങ്ങൾ പങ്കിടുമ്പോൾ പലരും കണ്ണീരിൽ കുതിർന്നുപോയി. അനാഥത്വത്തിന്റെ ആർദ്രചിത്രങ്ങൾ. പിന്നെ ചെറിയ മഴവില്ലൊളികൾ.
പഠനം കൊണ്ട് നേടിയ ചെറിയ ആത്മവിശ്വാസത്തിളക്കങ്ങൾ. പാട്ടുകൾ പാടി ആടി അവർ അവരുടെ ലോകം തീർത്തു. കാർത്തിക തിരുനാൾ ഹയർ സെക്കണ്ടറി സ്കൂളിന്റെ മൈതാനത്തിൽ അട്ടപ്പാടിയിൽനിന്നു കൊണ്ടുവന്ന പറയും തകിലും ചൂടാക്കി. സൗന്ദര്യയും ലക്ഷ്മിയും സംഗീതയും വാദ്യങ്ങൾ വായിച്ചു. കൂട്ടുകാർ എല്ലാവരും കൂടി കുമ്മിയാടി. വയനാട്ടുകാർ തുടികൊട്ടിപ്പാടി. പണിയരുടെ വട്ടക്കളി കളിച്ചു. വയനാട്ടുകാർ അവരെ അവഗണിച്ച സ്കൂളിനെ കീഴ്പ്പെടുത്തിയ കഥ പറഞ്ഞു. സ്കൂളും കഴിഞ്ഞു കോളേജിൽ എത്തിയ അനുഭവം വിവരിച്ചപ്പോൾ കുട്ടികൾ ആ സാധ്യതയെ കരഘോഷത്തോടെ സ്വീകരിച്ചു.
ആദ്യദിവസം ക്യാംപിൽ കുട്ടികൾ അവരുടെ വായനാനുഭവം പങ്കുവെച്ചു. വയനാട്ടുകാരി വിനീത ചുള്ളിക്കാടിനെപ്പറഞ്ഞു കൽപറ്റയിലെത്തി. കൽപറ്റ വയനാട്ടിലാണെന്ന അഭിമാനം പറഞ്ഞു. അവളുടെ ആദിവാസി ഉച്ചാരണത്തിലുള്ള മലയാളം മറ്റൊരു കവിത വിരിയിച്ചു. വളരെയൊന്നും വായനാനുഭവമില്ലായിരുന്നു കുട്ടികൾക്ക്. പക്ഷെ അവർ വായിച്ചു തുടങ്ങിയിട്ടുണ്ട്. കവിതയുടെ ക്ലാസിൽ കുട്ടികൾ രസിച്ചിരുന്നു. രണ്ടാംദിവസം ശാസ്ത്രത്തിന്റേതായിരുന്നു. വി എസ് എസ് സി യിലെ ശാസ്ത്രജ്ഞന്മാർ ഉമാ മഹേശ്വരന്റെ നേതൃത്വത്തിൽ കുട്ടികളെ പാട്ടിലൂടെയും കളികളിലൂടെയും ശാസ്ത്രത്തിന്റെ ലോകത്തേക്ക് നയിച്ചു. അടുത്തദിവസം ചെറിയ കുട്ടികൾ കളിമണ്ണിൽ ശിൽപങ്ങൾ തീർത്തു. കുറെ കുട്ടികൾ ഒറിഗാമിയിൽ സ്വയം മറന്നു. വലിയ കുട്ടികൾ ആടിപ്പാടി. ഏറ്റവും മുതിർന്ന കുട്ടികൾ നാടകത്തിലും ശ്രദ്ധിച്ചു. ഒട്ടും സമയമില്ലാതെ മൂന്നാം ദിവസം ഉച്ചയായി. വിദ്യാഭ്യാസ സെക്രട്ടറി കുട്ടികളോടൊപ്പം ഭക്ഷണം കഴിച്ചു. പാഠങ്ങൾ രസിച്ചു.
കൂടുതൽ ആവശ്യമുള്ള കാര്യങ്ങൾ പഠിക്കാൻ, രസിച്ചു കളിക്കാൻ ഒക്കെ നിരവധി കാര്യങ്ങൾ അവർ നിർദേശിച്ചു. പിരിഞ്ഞു പോകാനുള്ള സമയമായത് ആരും അറിഞ്ഞില്ല.
കെട്ടിപ്പിടിച്ചുള്ള യാത്രപറയലിൽ ഒരു ചോദ്യമുണ്ടായിരുന്നു.
ഇനി എന്നിങ്ങനെ ഒരുമിച്ച്?






