വായന
പ്രവാസത്തിനു മുമ്പും പിമ്പും എന്ന രീതിയിൽ വിഭജിക്കപ്പെട്ടിരിക്കുന്നു ശരാശരി മലയാളിയുടെ ജീവിതം. അത്രമാത്രം മലയാളിയെ മാറ്റത്തിലേക്ക് എടുത്തെറിയപ്പെട്ട വലിയൊരു പ്രതിഭാസമായി ഗൾഫ് കുടിയേറ്റം ചരിത്രത്തിൽ രേഖപ്പെട്ടു കിടക്കുകയാണ്. പറുദീസ തേടി മലനാട്ടിൽ നിന്നും മണൽപ്പാടത്തെത്തിയവരിൽ വിജയിച്ചവർ ഏറെയാണ്. എന്നാൽ പരാജയപ്പെട്ടവർ അതിലും ഏറെ. പല രീതിയിലുള്ള തോൽവി ഏറ്റുവാങ്ങിയ ഹതഭാഗ്യരായ അനേകം പ്രവാസി ജീവിതങ്ങൾ ഇനിയും ആവിഷ്‌ക്കരിക്കപ്പെടാതെ കിടക്കുന്നു. അതിൽ പ്രധാനമാണ് അജ്ഞത മൂലവും പലപ്പോഴും അത്യാർത്തി മൂലവുമൊക്കെ സൗദി തടവറകളിലകപ്പെട്ട് ജീവിതം തന്നെ വിധിക്ക് മുമ്പിൽ ഹോമിക്കപ്പെട്ട മനുഷ്യരുടെ കഥകൾ. അത്തരം നിർഭാഗ്യം മാത്രം ഏറ്റുവാങ്ങി ജയിലഴികൾക്കുള്ളിൽ നിന്നും ഉയർന്ന തേങ്ങലുകളും നിലവിളികളും കണ്ടും കേട്ടും അനുഭവിച്ചെഴുതിയ ഒരസാധാരണ പുസ്തകമാണ് മുഹമ്മദ് നജാത്തിയുടെ പ്രവാസം: തടവറകൾ കഥ പറയുമ്പോൾ എന്ന പുസ്തകം.
അഞ്ചു നീണ്ട അധ്യായങ്ങളിലായി 180 പരം പേജുകളുള്ള ഈ പുസ്തകം വായനക്കൊപ്പം ശരിക്കും ഒരുദ്‌ബോധനവും സമ്മാനിക്കുന്നതാണ്.
രണ്ടു പതിറ്റാണ്ടോളമായി സൗദി അറേബ്യയിലെ ദമാം ക്രിമിനൽ കോടതിയിൽ മലയാളം പരിഭാഷകനായി ജോലി ചെയ്തുവരുന്ന സൗദി നീതികാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക മലയാളി പരിഭാഷകൻ കൂടിയായ മലപ്പുറം ജില്ലയിലെ കരുളായി സ്വദേശിയായ മുഹമ്മദ് നജാത്തിക്ക് ഇത് വെറും ഒരു പുസ്തകമെഴുത്തല്ല. ഈ പുസ്തകത്തിന്റെ താളുകൾ മറിയുമ്പോൾ നമുക്കത് ബോധ്യമാവും. ഇതിന് വലിയൊരു ലക്ഷ്യമുണ്ട്. ഇത് പ്രവാസികൾക്കുള്ള ബോധവൽക്കരണത്തിന്റെ പുസ്തകം കൂടിയാണ്. ഗൾഫിലേക്ക് പുറപ്പെടുന്നവരും മരുഭൂമിയിൽ ജീവിതം കരുപ്പിടിപ്പിക്കുന്നവരും അവരുടെയൊക്കെ കുടുംബങ്ങളും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില യാഥാർത്ഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന സംഭവങ്ങളുടെ സത്യസന്ധമായ വിവരണങ്ങളാണിതിൽ.
വായിച്ചു പോകുമ്പോൾ നമ്മെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിറുത്തുന്ന ഇതിലെ സംഭവ കഥകൾ നിർഭാഗ്യം ഏറ്റുവാങ്ങി ജീവിതം മണൽപ്പരപ്പിൽ ഹോമിക്കപ്പെട്ടവർക്കുള്ള ഒരു സമർപ്പണം കൂടിയാണ്.
'ഫക്കീറായ എന്റെ സ്വന്തം അബൂക്ക'
എന്ന ആദ്യ അധ്യായം തന്നെ ബൃഹത്തായ ഒരു നോവലിന്റെ പശ്ചാത്തലം അടങ്ങിയതാണ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെട്ടിരുന്ന മലപ്പുറത്തെ വണ്ടൂരിലെ അബൂക്കാക്ക് ഗൾഫ് ഒരു മോഹമായിരുന്നില്ല. എങ്ങിനെയെങ്കിലും ഈ ജീവിതമെന്ന ദുരിതക്കടലിൽ നിന്നും നീന്തി രക്ഷപ്പെട്ട് മക്കൾക്കും കുടുംബത്തിനും ഒരത്താണിയാവാൻ മറുകര പറ്റൽ അനിവാര്യമായിരുന്നു. ആ ദുരിതപർവത്തെ ചൂഷണം ചെയ്യാൻ എത്തിയ ഏജന്റിന്റെ സമർത്ഥമായ വായ്ത്താരിക്ക് മുമ്പിൽ സമ്മതം മൂളി സൗദിയിലേക്ക് പറക്കുമ്പോൾ അബൂക്കക്ക് അറിയുമായിരുന്നില്ല മരുഭൂമിയിലെ മണലിൽ ഉരുളാനുള്ള തലയുമായിട്ടാണ് തന്റെ വിമാനയാത്രയെന്ന്... ! ഏജന്റ് മറ്റൊരാൾക്ക് കൊടുക്കാനേൽപിച്ച ഒരു ബാഗിന്റെ അറയിൽ വിദഗ്ധമായി കുത്തിനിറച്ച മയക്കുമരുന്ന് പാക്കറ്റ് അബൂക്കയുടെ ലഗേജിൽ നിന്നും പുറത്തെടുക്കുമ്പോഴാണ് ചതിക്കപ്പെട്ട വിവരമറിഞ്ഞ് അബൂക്ക നടുങ്ങിപ്പോയത്.
പിന്നീടുണ്ടായതൊക്കെ ഓർമ്മകളെപ്പോലും പേടിപ്പെടുത്തുന്ന ഭീകരമായ അന്ത്യം. കേസും അപ്പീലും വിചാരണയും വീണ്ടും വിചാരണയും ഒക്കെയായി അബൂക്കക്ക് വേണ്ടി സൗദി നിയമ വ്യവസ്ഥയോട് അഭ്യർത്ഥിച്ചും യാചിച്ചും വരെ നജാത്തി നടത്തിയ ഇടപെടലുകളും അബൂക്കയുടെ ജീവിതം പറയലും അവസാനം തെളിവുകളുടെ പിൻബലത്തിൽ ആ പാവം അബൂക്കയുടെ തല മണ്ണിലുരുണ്ടതും.... ആരേയും പിടിച്ചുലക്കാൻ പോന്ന തരത്തിൽ തന്നെയാണ് നജാത്തി ആവിഷ്‌ക്കരിച്ചിട്ടുള്ളത്.
തന്നെയുമല്ല ഈ പുസ്തകത്തിനു വേണ്ടി കെ.പി.രാമനുണ്ണിയും സുകുമാർ കക്കാടും അവതാരികയിൽ കുറിച്ചിട്ടതു പോലെ കൈത്തഴക്കം വന്നൊരു കഥാകൃത്ത് നജാത്തിയിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണീ രചന. 'പഴുത്ത ചക്കയിൽനിന്നും മധുരമുള്ള ചക്കച്ചുള ഊരിയെടുക്കുമ്പോൾ കയ്യിൽ കെട്ടുപിണഞ്ഞു കിടക്കുന്ന വളഞ്ഞിയുടെ പ്രതീതിയായിരുന്നു അബുവിന് അനുഭവപ്പെട്ടത്' (പേജ് 34) എന്ന പ്രയോഗം തന്നെ മികച്ച ഒരു കഥയുടെ തലത്തിലേക്കുയരുന്നു.
നമ്മുടെ സർഗാത്മക എഴുത്തുകാർ പലരും പറയാൻ വിട്ടു പോയ ഒന്നാണ് സൗദി തടവറകളിലെ ജയിൽവാസം കുറ്റവാളികളിൽ വരുത്തുന്ന ഗുണകരമായ മാനസിക പരിവർത്തനം. ആടുജീവിതത്തിലും ഗദ്ദാമയിലുമൊന്നും അടയാളപ്പെടാതെ പോയ ഈ വശം മുഹമ്മദ് നജാത്തിയുടെ പുസ്തകത്തിൽ പരാമർശിക്കപ്പെടുന്നു.
മന്ത്രവാദവും ആഭിചാര ക്രിയകളും വലിയ കുറ്റകൃത്യമായി കണക്കാക്കുന്ന സൗദിയിൽ വന്ന് അത്തരം കുറുക്കുവഴികളിലൂടെ സമ്പാദിക്കാൻ നോക്കുന്നവർക്ക് വന്നു പെടുന്ന ദുര്യോഗങ്ങളുടെ അനേകം ഇരകളെ പരിചയപ്പെടുത്തുന്ന കൂട്ടത്തിൽ മലപ്പുറം പരപ്പനങ്ങാടിയിലെ അലിക്ക് സംഭവിച്ച ദുരന്തം ഹൗസ് ഡ്രൈവർ അലി എന്ന രണ്ടാം അധ്യായത്തിൽ വിശദമായിത്തന്നെ വിലയിരുത്തുന്നു. അന്യന്റെ പോക്കറ്റിൽ നിന്നും 5000 എടുത്ത് 100 രൂപ തിരിച്ചുനൽകുന്ന ജീവകാരുണ്യത്തട്ടിപ്പുകളുടെ ആൾദൈവ ചെറിയ മാതൃകകളായി വളർന്ന സിദ്ധന്മാർ നാട്ടിൽ സുഖജീവിതം നയിക്കുമ്പോൾ അവരാൽ ഇരകളാക്കപ്പെട്ട പാവം പ്രവാസികൾ സൗദി തടവറകളിൽ വർഷങ്ങളായി തടവിൽ കഴിയുന്നു. നാട്ടിലെ ബീവിയുടെ മന്ത്രത്തകിടിനെ ശപിച്ച് ജയിലിൽ കഴിയുന്ന ജാബിറും നാട്ടിലെ സന്ന്യാസിയുടെ ആശ്രമത്തിൽനിന്നും ജപിച്ചു കിട്ടിയ രക്ഷാകവചം കഴുത്തിലണിഞ്ഞ് ജയിലിലായ വിനോദും ബെന്നിയുമൊക്കെ അവർക്ക് പറ്റിയ അമളികൾ നജാത്തിയിലൂടെ പുറം ലോകത്തെത്തിക്കുമ്പോൾ പ്രവാസികൾക്കതിൽ വലിയ ഗുണപാഠം തന്നെയുണ്ട്.
നമ്മുടെ നാട്ടിലെ മീഡിയകളുടെ ശ്രമഫലമായി ഒരു ജനത ഒന്നടങ്കം ഒരു വ്യക്തിയുടെ കണ്ണ് സംരക്ഷിക്കാൻ നിലകൊണ്ട അപൂർവ സംഭവമായിരുന്നല്ലോ കൊല്ലം ജില്ലക്കാരനായ നൗഷാദിന്റെ മോചനത്തിനായുള്ള നിയമപരമായും നയതന്ത്രപരവുമായുള്ള പോരാട്ടം. അവസാനം ആ പോരാട്ടം വിജയം കണ്ടുവെങ്കിൽ അതിനു പിന്നിൽ പ്രവർത്തിച്ച യഥാർത്ഥ കരങ്ങളെ പരിചയപ്പെടുത്താൻ കൂടി ഉപകരിക്കുന്നതായി 'നൗഷാദിന്റെ കണ്ണും നായിഫിന്റെ മാപ്പും' എന്ന അധ്യായം. സൗദി നിയമങ്ങളുടെ കാർക്കശ്യവും അതോടൊപ്പം സൗദിയിലെ ജഡ്ജിമാരിൽ വരെ കുടിയിരിക്കുന്ന കാരുണ്യത്തിന്റെ വലിയ കടലിരമ്പങ്ങളും അവസാനം മാപ്പിലൂടെ നൗഷാദിന്റെ നഷ്ടപ്പെടുമായിരുന്ന കണ്ണുകൾ തിരിച്ചു കിട്ടിയതുമൊക്കെ ശരിക്കും ഒരു കുറ്റാന്വേഷണ കഥ പറയും പോലെ നജാത്തി വിവരിക്കുമ്പോൾ അതും പ്രവാസികൾക്കുള്ള വലിയൊരു സന്ദേശം തന്നെയാവുന്നുണ്ട്. നൗഷാദിന്റെ കണ്ണിനെക്കുറിച്ചുള്ള വാർത്ത പുറം ലോകത്തെത്തിക്കാൻ മലയാളം ന്യൂസ് പത്രവും അന്നത്തെ ദമാം ലേഖകൻ പി.എ.എം ഹാരിസും വഹിച്ച പങ്കിനെക്കുറിച്ച് ഒന്നിൽ കൂടുതൽ പരാമർശം ഇതിലടങ്ങിയിട്ടുണ്ട്.
'നൊമ്പരങ്ങൾ പെയ്യുന്ന ഫോൺ വിളികൾ' എന്ന അധ്യായം അതിര് വിടുന്ന ലൈംഗികതൃഷ്ണകളാൽ മനോരതിക്കടിമകളാവുന്ന പ്രവാസികൾക്ക് വന്നു പെടുന്ന ഓർക്കാപ്പുറത്തുള്ള ജയിൽ ജീവിതങ്ങളെ സ്പർശിക്കുന്നു. ഇങ്ങനെ പ്രവാസത്തിൽ പാലിക്കേണ്ട സൂക്ഷ്മതയിലേക്ക് വിരൽ ചൂണ്ടുന്ന അപൂർവമായ പ്രവാസാനുഭവങ്ങൾക്ക് അക്ഷരാവിഷ്‌കാരം നൽകുക വഴി മുഹമ്മദ് നജാത്തി എന്ന ഗ്രന്ഥകർത്താവ് തന്റെ കന്നിക്കൃതിയിലൂടെ പ്രവാസ ലോകത്തിന് ഒരു കൃതി സമ്മാനിച്ചു എന്നതിനുമപ്പുറം പ്രവാസികൾക്കിടയിൽ വലിയൊരു ചർച്ചയുടെ വാതായനം കൂടി തുറന്നുകൊടുത്തിരിക്കുന്നു എന്ന് അടിവരയിട്ട് പറയാം.
പ്രസാധകർ
അമൽ പബ്ലിഷേഴ്‌സ് നിലമ്പൂർ