പകൽ സമയം അധികവും ഒട്ടകങ്ങൾക്കൊപ്പമാണ് ചെലവഴിക്കുക. ആയുർദൈർഘ്യത്തിന് രഹസ്യമൊന്നുമില്ല. ആയുസ്സ് അല്ലാഹുവിന്റെ കൈകളിലാണ്. എന്നേക്കാൾ ഏറെ പ്രായമുണ്ടായിരുന്ന പിതൃസഹോദരി 18 വർഷം മുമ്പാണ് ഇഹലോകവാസം വെടിഞ്ഞത്. മരണപ്പെടുന്നത് വരെ അവരുടെ ഓർമശക്തിക്ക് ഒരു കുറവുമുണ്ടായിരുന്നില്ല. പഴയ കാലത്ത് ഒട്ടകപ്പാലും ഈത്തപ്പഴവും മാത്രമായിരുന്നു പതിവ് ഭക്ഷണം. ഇന്നും താൻ ഒട്ടകപ്പാൽ അല്ലാതെ മറ്റൊരു പാൽ കുടിക്കാറില്ല. പ്രധാന ഭക്ഷണം ഇപ്പോഴും ഒട്ടകപ്പാലും ഈത്തപ്പഴവും തന്നെ.
നൂറു കൊല്ലത്തിനിടെ സൗദി അറേബ്യയിലുണ്ടായ മാറ്റങ്ങൾ നേരിട്ട് കാണാൻ കഴിഞ്ഞതിന്റെ അനുഭവസാക്ഷ്യമാണ് 120 വയസ്സ് പിന്നിട്ട സൗദി പൗരൻ ഖുനൈഫർ അൽദിയാബിയുടെ ജീവിതം. മദീനക്ക് വടക്ക് ഖൈബറിലെ സ്വൽസ്വല ഗ്രാമവാസിയായ സൗദി പൗരൻ ഖുനൈഫർ അൽദിയാബിയുടെ പ്രായം സിവിൽ അഫയേഴ്‌സ് തിരിച്ചറിയൽ കാർഡ് പ്രകാരം 111 ആണ്. ഹിജ്‌റ 1328 ലാണ് ഇദ്ദേഹത്തിന്റെ ജനനം. എന്നാൽ തന്റെ പ്രായം 120 പിന്നിട്ടിട്ടുണ്ടെന്ന് ഖുനൈഫർ പറയുന്നു. ഇത്രയും ആയുസ്സ് ലഭിക്കുന്നതിനുള്ള രഹസ്യം തനിക്കറിയില്ല. നടക്കുന്നതിന് ഇപ്പോൾ പ്രയാസം നേരിടുന്നുണ്ട്. കാഴ്ച ശക്തിയും കുറഞ്ഞിട്ടുണ്ട്. നടക്കുന്നതിന് ഇപ്പോൾ ഊന്നുവടിയുടെ സഹായം ആവശ്യമാണെന്ന് ഖുനൈഫർ പറയുന്നു.
പ്രായം ശരീരത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ടെങ്കിലും ഖുനൈഫിറിന്റെ ഓർമശക്തിക്ക് ഇപ്പോഴും നല്ല തെളിമയാണ്. സംഭവങ്ങളും തീയതികളും മറ്റും എളുപ്പത്തിൽ ഓർത്തെടുക്കുന്നതിന് ഇദ്ദേഹത്തിന് സാധിക്കുന്നു. ആധുനിക സൗദി അറേബ്യയുടെ സ്ഥാപനം മുതൽ അബ്ദുൽ അസീസ് രാജാവിന് അനുസരണ പ്രതിജ്ഞ ചെയ്ത കൂട്ടത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ചുരുക്കം ചിലരിൽ ഒരാളാണ് ഖുനൈഫർ. കുടുംബത്തിലെ മുതിർന്ന ആളുകളിൽ നിന്ന് കേട്ടറിഞ്ഞതിനനുസരിച്ച് തനിക്ക് 120 വയസ്സ് പിന്നിട്ടിട്ടുണ്ട്. തിരിച്ചറിയൽ കാർഡിൽ രേഖപ്പെടുത്തിയതിനേക്കാൾ പത്തു വയസ്സ് കൂടുതലാണ് തനിക്ക്. പഴയതും പുതിയതുമായ കാര്യങ്ങളെല്ലാം ഇന്നും തനിക്ക് ഓർത്തെടുക്കുന്നതിന് സാധിക്കുന്നുണ്ട്. തന്റെ കുട്ടിക്കാലത്ത് തന്റെ വല്യുപ്പ മുസ്‌ലിഹ് അൽദിയാബി തന്റെ ആളുകൾക്ക് ഒരു ദിവസം 50 ഒട്ടകങ്ങളെ സൗജന്യമായി വിതരണം ചെയ്തിരുന്നു. സഞ്ചരിക്കുന്നതിന് ഒട്ടകമില്ലാത്തവർക്കാണ് ഇങ്ങനെ വല്യുപ്പ ഒട്ടകങ്ങളെ സൗജന്യമായി വിതരണം ചെയ്തത്. ഇന്ന് കാലം ഏറെ മാറി. എല്ലാവർക്കും സ്വന്തമായി കാറുകളുണ്ട്. പഴയ കാലത്തെ അപേക്ഷിച്ച് ജീവിത സാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്.
ഇക്കാലത്തിനിടെ ഔദ്യോഗിക ജോലികളൊന്നും താൻ നിർവഹിച്ചിട്ടില്ല. പഴയ കാലത്ത് ഏറ്റവും കൂടുതൽ ഒട്ടകങ്ങൾ സ്വന്തമായുള്ള കുടുംബങ്ങളിൽ ഒന്നായിരുന്നു തങ്ങളുടേത്. ഗവൺമെന്റ് ജോലി സ്വീകരിക്കുന്നതിനു വേണ്ടി ഇവയെ ഉപേക്ഷിക്കുന്നതിന് സാധിക്കുമായിരുന്നില്ല. ഒട്ടകം വളർത്തൽ ഏറെ കഠിനവും ദുഷ്‌കരവുമായ ജോലിയാണെങ്കിലും ഒട്ടകങ്ങളെ വളർത്തുന്നതിൽ ഉടമകൾ പ്രത്യേക ആസ്വാദനം കണ്ടെത്തുന്നു. ഒട്ടകത്തിന്റെ ഓർമശക്തി അപാരമാണ്. ജനിച്ചു വീണതു മുതൽ വളർന്ന സ്ഥലങ്ങളെല്ലാം മനസ്സിലാക്കുന്നതിന് ഒട്ടകത്തിന് സാധിക്കും. സ്വന്തം നാടിനോടുള്ള മനുഷ്യരുടെ അഭിവാഞ്ഛ പോലെ തന്നെ തങ്ങളുടെ കൂടും മേച്ചിൽപുറങ്ങളും ഒട്ടകങ്ങൾ കൊതിക്കുന്നു. പരിചയിച്ച സ്ഥലങ്ങളിൽ നിന്ന് മാറ്റപ്പെടുന്ന ഒട്ടകങ്ങൾ ആ സ്ഥലങ്ങളിൽ വീണ്ടും എത്തുന്നതിന് ആശിക്കുന്നു. ഇക്കാര്യം തങ്ങളുടെ ഭാഷയിൽ ഒട്ടകങ്ങൾ ഉടമകളെ അറിയിക്കും. ഇങ്ങനെ പരിചയിച്ച സ്ഥലങ്ങളോടുള്ള ഒട്ടകങ്ങളുടെ കൊതി തെളിയിക്കുന്ന നിരവധി കഥകൾ തനിക്കറിയാം. ഒരിക്കൽ ഒരു ഒട്ടകത്തെ തങ്ങൾ ജോർദാനിലെ അമ്മാനിൽ കൊണ്ടുപോയി വിൽപന നടത്തിയിരുന്നു. ഒരു വർഷത്തിനു ശേഷം ഹിജാസിലെ തന്റെ പരിചിത സ്ഥലത്ത് ഈ ഒട്ടകം ഒറ്റയ്ക്ക് നടന്നെത്തി. ഒട്ടകങ്ങളുടെ വില കുത്തനെ ഉയർന്നത് ആശ്ചര്യമാണ്. പഴയ കാലത്ത് ഒട്ടകങ്ങളെ അമൂല്യമായാണ് ഉടമകൾ കണ്ടിരുന്നത്. അക്കാലത്ത് ആളുകളുടെ പക്കൽ വേണ്ടത്ര പണമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഒട്ടകങ്ങളുടെ വില അനിയന്ത്രിതമായി ഉയർന്നിരുന്നുമില്ല. മുന്തിയ ഇനം ഒട്ടകങ്ങളെ നാൽപതു റിയാലിനാണ് പഴയ കാലത്ത് വിൽപന നടത്തിയിരുന്നത്. ഈ തുകക്ക് ഒട്ടകത്തെ വാങ്ങുന്നതിനു തന്നെ അധികം പേർക്കും സാധിച്ചിരുന്നില്ല.
രണ്ടു തവണ വിവാഹം കഴിച്ച തനിക്ക് നാലു ആൺമക്കളും ഏഴു പെൺമക്കളുമാണുള്ളത്. 38 പേരമക്കളുമുണ്ട്. ഇവരിൽ പലരുടെയും പേരുകൾ തനിക്കറിയില്ല. വളരെ നേരത്തെ ഉറങ്ങുന്നതാണ് പതിവ്. സുബ്ഹി ബാങ്ക് വിളിക്കുന്നതിനു മുമ്പായി ഉണർന്ന് ബാങ്ക് വിളിക്കുന്നതു വരെ ഐഛിക നമസ്‌കാരം നിർവഹിക്കും. പകൽ സമയം അധികവും ഒട്ടകങ്ങൾക്കൊപ്പമാണ് ചെലവഴിക്കുക. ആയുർദൈർഘ്യത്തിന് രഹസ്യമൊന്നുമില്ല. ആയുസ്സ് അല്ലാഹുവിന്റെ കൈകളിലാണ്. എന്നേക്കാൾ ഏറെ പ്രായമുണ്ടായിരുന്ന പിതൃസഹോദരി 18 വർഷം മുമ്പാണ് ഇഹലോകവാസം വെടിഞ്ഞത്. മരണപ്പെടുന്നത് വരെ അവരുടെ ഓർമശക്തിക്ക് ഒരു കുറവുമുണ്ടായിരുന്നില്ല. പഴയ കാലത്ത് ഒട്ടകപ്പാലും ഈത്തപ്പഴവും മാത്രമായിരുന്നു പതിവ് ഭക്ഷണം. ഇന്നും താൻ ഒട്ടകപ്പാൽ അല്ലാതെ മറ്റൊരു പാൽ കുടിക്കാറില്ല. പ്രധാന ഭക്ഷണം ഇപ്പോഴും ഒട്ടകപ്പാലും ഈത്തപ്പഴവും തന്നെയാണ്.
യുവാക്കൾ മരുഭൂമിയിലൂടെ നടക്കുന്നതിന് സമയം കണ്ടെത്തണം. ഇത് മനസ്സിന് ആശ്വാസം നൽകും. റെസ്റ്റോറന്റ് ഭക്ഷണം ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം പുതിയ തലമുറ ശീലിക്കണം. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം വൃത്തിയുള്ളതും ശരീരത്തിന് കൂടുതൽ പ്രയോജനപ്പെടുന്നതുമാകും.
പഴയ കാലത്ത് ഹജ്, ഉംറ യാത്രകൾ ഏറെ കഠിനമായിരുന്നു. ഒട്ടകപ്പുറത്ത് സഞ്ചരിച്ച് മൂന്നു തവണ താൻ ഹജ് നിർവഹിച്ചിട്ടുണ്ട്. ഹജ് യാത്രക്ക് രണ്ടു മാസത്തിലേറെ എടുത്തിരുന്നു. ഒരിക്കൽ ഹജിനിടെ അറഫ സംഗമത്തിൽ വെച്ച് അബ്ദുൽ അസീസ് രാജാവിനെ കണ്ടു. മതം മുറുകെ പിടിക്കുന്നതിനാലും മതകാര്യങ്ങളിൽ അതീവ താൽപര്യമുള്ളതിനാലും ഇമാം എന്ന പേരിലാണ് അന്ന് രാജാവിനെ തങ്ങൾ വിളിച്ചിരുന്നത്. അറഫയിൽ വെച്ച് ഞാനും ഒപ്പമുണ്ടായിരുന്നവരും അബ്ദുൽ അസീസ് രാജാവിന് സലാം പറഞ്ഞു.
സൗദി ഭരണത്തിനു മുമ്പ് ഗോത്ര നിയമ സംവിധാനമാണ് ഗ്രാമങ്ങളിലുണ്ടായിരുന്നത്. ഇന്നത്തെ കോടതികൾക്കു സമാനമായിരുന്നു ഗോത്ര നിയമ സംവിധാനം. ഏതു പ്രശ്‌നങ്ങൾക്കും തീർപ്പ് കൽപിക്കുക ഗോത്ര കോടതികളാകും. ജയിൽ വാസത്തിന് വിധിക്കാത്ത കോടതികളായിരുന്നു അവ. ഗോത്ര കോടതികളുടെ വിധി എല്ലാവരും പാലിക്കൽ നിർബന്ധമായിരുന്നു.
ഓട്ടോമൻ തുർക്കികൾക്കെതിരെ ഉത്തര ഹിജാസിൽ നടന്ന അൽസുലൈല യുദ്ധത്തിൽ അടക്കം രാജ്യത്തിനു വേണ്ടി പ്രതിരോധം തീർക്കുന്നതിന് നിരവധി യുദ്ധങ്ങളിൽ എന്റെ പിതാവ് പങ്കെടുത്തിട്ടുണ്ട്. ഹിജാസിലെ ബനീ റശീദ് ഗോത്ര നേതാവ് സുറൂർ ബിൻ സംറാൻ ബിൻ സംറ അൽറശീദിയുടെ നേതൃത്വത്തിലാണ് അൽസുലൈല യുദ്ധത്തിൽ പിതാവ് പങ്കെടുത്തത്. ഈ യുദ്ധം ആറു മാസം നീണ്ടുനിന്നു.

പരസ്പരം യുദ്ധം ചെയ്യുകയും പോരടിക്കുകയും ചെയ്യുന്ന, ചിന്നിച്ചിതറിക്കിടക്കുന്ന ഗോത്ര കൂട്ടങ്ങളായിരുന്നു ഐക്യ സൗദി അറേബ്യ നിലവിൽ വരുന്നതിന് സൗദിയിലെ സ്ഥിതിഗതികൾ. എതിരാളികളെ കൊള്ളയടിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുകയാണ് ഗോത്രങ്ങൾ ചെയ്തിരുന്നത്. ഓരോ ഗോത്രത്തിന്റെയും നേതാവായിരുന്നു അവയുടെ രാഷ്ട്രീയ ഭരണാധികാരി. സ്വന്തം ജീവന്റെയോ ധനത്തിന്റെയോ കുടുംബത്തിന്റെയോ സുരക്ഷയുടെ കാര്യത്തിൽ അക്കാലത്ത് മനുഷ്യർക്ക് ഒരു ഉറപ്പുമില്ലായിരുന്നു. അബ്ദുൽ അസീസ് രാജാവ് വന്നതോടെ കാര്യങ്ങളിലെല്ലാം മാറ്റമുണ്ടാവുകയും സ്ഥിതിഗതികൾ മെച്ചപ്പെടുകയും സുരക്ഷയും സമാധാനവും എങ്ങും നിലവിൽവരികയും ചെയ്തു. വിജനമായ സ്ഥലത്ത് ആയുധമില്ലാതെ കിടന്നുറങ്ങുന്നതിന് ആളുകൾക്ക് സാഹചര്യമൊരുങ്ങി. അബ്ദുൽ അസീസ് രാജാവ് ഭരണമേറ്റെടുത്തതോടെ ആളുകളുടെ ഭീതി ഇല്ലാതാവുകയും ശാന്തിയും സമാധാനവുമുണ്ടാവുകയും ചെയ്തതിന് തെളിവാണിത്. പഴയ കാലത്ത് സമീപത്തെ ഗ്രാമങ്ങളിൽ പോലും ആളുകൾക്ക് സഞ്ചരിക്കുന്നതിന് ബുദ്ധിമുട്ടായിരുന്നു. പഴയ കാലത്ത് ആശയ വിനിമയങ്ങളും ദുഷ്‌കരമായിരുന്നു. ഒരാൾ നമ്മുടെ അടുത്തു നിന്ന് പോയാൽ അയാൾക്ക് എന്ത് സംഭവിച്ചു എന്ന കാര്യം അയാൾ തിരിച്ചെത്തിയാൽ മാത്രമേ അറിയുന്നതിന് സാധിക്കുമായിരുന്നുള്ളൂ. അതല്ലെങ്കിൽ ആയളെ കണ്ട മറ്റാരെയെങ്കിലും കാണണമായിരുന്നു. ഇന്ന് രാജ്യത്ത് സുരക്ഷാ ഭദ്രതയും സമാധാനവുമുണ്ട്. ബന്ധുക്കളും മക്കളും അടക്കം എല്ലാവരുടെയും വിവരങ്ങൾ അപ്പപ്പോൾ അറിയുന്നതിന് സാധിക്കുന്നുണ്ട്. സൗദി അറേബ്യയുടെ ഏകീകരണം ഗോത്രങ്ങളുടെയും സമൂഹത്തിന്റെയും ഏകീകരണമായിരുന്നു. അബ്ദുൽ അസീസ് രാജാവ് മുതൽ സൽമാൻ രാജാവ് വരെ സൗദിയിലെ മുഴുവൻ രാജാക്കന്മാർക്കും താൻ അനുസരണ പ്രതിജ്ഞ ചെയ്തിട്ടുണ്ടെന്നും ഖുനൈഫർ അൽദിയാബി പറഞ്ഞു.






