ചരിത്രദൗത്യത്തിലേക്ക് കണ്ണുനട്ട് യു.എ.ഇ

ദുബായ്- ബഹിരാകാശ ചരിത്രത്തില്‍ പുതിയ ഇടം പിടിക്കാനുള്ള ചരിത്ര ദൗത്യത്തിന മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, യു.എ.ഇ ആവേശത്തിരയില്‍. ആദ്യത്തെ അറബ് ചൊവ്വാദൗത്യമായ യു.എ.ഇ. ഹോപ്പ് പ്രോബ് (അല്‍ അമല്‍) യാത്രയെ രാജ്യം അഭിമാനത്തോടെ കാത്തിരിക്കുകയാണ്.

ആറുവര്‍ഷത്തെ യു.എ.ഇ.യുടെ സാങ്കേതിക പുരോഗതിയും സ്ഥിരോത്സാഹവും കാത്തിരിപ്പും ജൂലൈ 20ന് ഫലപ്രാപ്തിയിലെത്തുന്നു. വിക്ഷേപണത്തിന് മുന്നോടിയായി യു.എ.ഇ നേതാക്കളും മറ്റ് ഉദ്യോഗസ്ഥരും ജപ്പാനിലെ വിക്ഷേപണ കേന്ദ്രത്തിലെ സംഘവുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി.

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവര്‍ പങ്കെടുത്തു.
21 അംഗ ഇമാറാത്തി ഹോപ്പ് പ്രോബ് ടീമിനെ സംഘം അഭിസംബോധന ചെയ്തു. വിക്ഷേപണം ചരിത്രത്തിലെ പുതിയ അധ്യായമായിരിക്കുമെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് വിശേഷിപ്പിച്ചു. വിക്ഷേപണം വിജയകരമാകുന്നതോടെ ചൊവ്വ ദൗത്യം നടത്തിയ ലോകത്തെ അഞ്ചാമത്തെ രാജ്യമായി യു.എ.ഇ മാറും.

 

Latest News