Sorry, you need to enable JavaScript to visit this website.

കവിതയുടെ പൂമരം

ഇയ്യങ്കോട് ശ്രീധരൻ
കവിത മാതാപിതാക്കൾക്കൊപ്പം
കൊല്ലങ്കോട് ഗ്രാമക്കാഴ്ച

സ്‌നേഹത്തിന്റെ പവിഴ മുന്തിരികളും എഴുത്തെന്ന പ്രകാശവുമാണ് എസ്.കെ കവിത എന്ന കവയിത്രിക്ക് അച്ഛൻ ഇയ്യങ്കോട് ശ്രീധരൻ. ആറു പതിറ്റാണ്ടിലേറെയായി സാഹിത്യ ലോകത്ത് സജീവമായി നിലകൊള്ളുന്ന വേറിട്ട ശൈലിയുടെ എഴുത്തുകാരനാണ് ഇയ്യങ്കോട്. ലാളിത്യത്തിന്റെ മന്ദഹാസ ശോഭയാണ് എസ്.കെ. കവിത. സാഹിത്യത്തോട് കടപ്പെട്ടിട്ടുള്ള തന്റേതായ ഒരു സർഗാത്മക - അധ്യാപക ജീവിത പശ്ചാത്തലത്തിൽ നടത്തിയ കൂടിക്കാഴ്ച...

പേരിലും കർമത്തിലും ഒരു 'കവിത' ഉണ്ടല്ലോ? എപ്പോഴായിരുന്നു കവിതകളുടെ തുടക്കം.

പ്രത്യേകിച്ചൊന്നും ചൂണ്ടിക്കാണിക്കാനില്ലാത്ത ഒരു ഉറവിടത്തിൽ നിന്നല്ല എന്റെ കവിതകളുടെ തുടക്കം. ചെറുപ്പം മുതൽ തന്നെ എഴുതുമായിരുന്നു. അച്ഛനെ കാണിക്കാൻ മടിയായിരുന്നു. സ്‌കൂളിൽ രചനാ മത്സരങ്ങൾക്ക് അധ്യാപകർ പങ്കെടുപ്പിക്കാറുണ്ടായിരുന്നു. വളർന്ന് വരുന്തോറും കവിതയെക്കാളുപരി കഥയെന്ന സാഹിത്യരൂപമായിരുന്നു എനിക്ക് പ്രിയം. ജനിതകമാവാം അച്ഛൻ കവിയും, സംസ്‌കൃത പണ്ഡിതനുമായിരുന്നു. കവിത ഉള്ളിലെവിടെയോ കനലു പോലെ കിടക്കാറുണ്ട്. വല്ലപ്പോഴും പുറത്ത് വരാറുണ്ട്.

? മഹാകവി പി. യുമായി അച്ഛനുള്ള ബന്ധം എത്തരത്തിലാണ് വിവരിക്കാമോ.

മഹാകവി പി.കുഞ്ഞിരാമൻ നായരുമായി അച്ഛനുണ്ടായിരുന്ന ആത്മബന്ധം ഏറെ പ്രസിദ്ധമാണ്. കവിയുടെ തികഞ്ഞ ഒരാരാധകനായിരുന്നു അച്ഛൻ, കവിയെ ഗുരുസ്ഥാനത്താണ് കണ്ടിരുന്നത്.
'സ്വപ്‌നാടനം' എന്ന പേരിൽ അച്ഛൻ രചിച്ച മഹാകവിയുടെ ജീവചരിത്രത്തിൽ ആ ആത്മബന്ധം നമുക്ക് പ്രകടമായി കാണാം. കുഞ്ഞിരാമൻ നായർ മലയാളത്തിന്റെ പൂർണകവിയാണെന്നും, കേരളത്തനിമ ഉൾക്കൊണ്ട കവിയാണെന്നും അച്ഛൻ പലപ്പോഴും പറയുകയുണ്ടായിട്ടുണ്ട്.
മഹാകവിയുടെ സ്മാരകമായി കൊല്ലങ്കോട്ടുള്ള സാംസ്‌കാരിക കേന്ദ്രത്തിന്റെ സെക്രട്ടറിയുമാണ് അച്ഛൻ.


? അച്ഛൻ  എഴുത്തിൽ സ്വാധീനിച്ചിട്ടുണ്ടോ.

അച്ഛൻ അറിയപ്പെടുന്ന സാഹിത്യകാരനായത് കൊണ്ട് തന്നെ സാഹിത്യ ലോകത്തെ പലരെയും കാണാനും സംവദിക്കാനും കഴിഞ്ഞിട്ടുണ്ട്. ജീവിതത്തെ രൂപപ്പെടുത്തിയത് വായനയും പ്രകൃതിയെ നിരീക്ഷിച്ചു കിട്ടിയ അനുഭവങ്ങളുമാണ്. അതിന് വീട്ടിൽ നിന്നും പിന്തുണയുമുണ്ടായിരുന്നു. അച്ഛനെപ്പോലെ അമ്മയും ഞങ്ങളെ പ്രോൽസാഹിപ്പിച്ചിരുന്നു. അധ്യാപികയായിരുന്നു അമ്മ കോമളവല്ലി. തിരക്കില്ലാത്ത ശാന്തമായിരുന്ന കാലം. പ്രകൃതിയുടെ വരദാനമായ കൊല്ലങ്കോടെന്ന പ്രദേശം അവിടുത്തെ ജീവിതരീതികൾ. പിന്നെ ഒഴിവുകാലത്തെ വടക്കേ മലബാറിലേക്കുള്ള യാത്രകൾ എല്ലാം എന്റെ എഴുത്തുകളെ ധന്യമാക്കിയിട്ടുണ്ട്. അധ്യാപകരും, സുഹൃത്തുക്കളും എന്നും പ്രോൽസാഹനവുമായി ഒപ്പമുണ്ട്. ഇപ്പോൾ ജോലി ചെയ്യുന്ന അലനല്ലൂർ ഗവ. ഹൈസ്‌ക്കൂളിലെ അധ്യാപകരും എഴുത്തിൽ പ്രോൽസാഹിപ്പിക്കാറുണ്ട്, വിമർശിക്കാറുമുണ്ട്. അതും ഒരനുഗ്രഹം തന്നെ.

? സഞ്ചാരസാഹിത്യകാരൻ, പ്രഭാഷകൻ, നാടക പ്രവർത്തകൻ എന്നീ വിശേഷണങ്ങളിൽ കവി എന്ന നിലയിലാവും ഇയ്യങ്കോട് കൂടുതൽ അറിയപ്പെട്ടിട്ടുണ്ടാവുക. അച്ഛനുമൊത്തുള്ള കവിതയുടെ ഓർമകൾ.

സ്‌നേഹത്തിന്റെ പവിഴമുന്തിരികളും എഴുത്തെന്ന പ്രകാശവും .. ഇത് രണ്ടുമാകുന്നു  അച്ഛൻ. എന്റെ മുന്നിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരു പൂവാക പോലെ അച്ഛൻ. ഇലകളും ചില്ലകളും മുഴുവൻ മാറി പണ്ടു മഹാകവി' പി.കുഞ്ഞിരാമൻ നായർ പറഞ്ഞ പോലെ 'നിറയെ ചുവന്ന പൂക്കളുള്ള പൂമരമാകുന്നു ശ്രീധരൻ ' എന്ന്.
അച്ഛന് ചിലപ്പോൾ മണ്ണിന്റെ മണമാണ്. ചിലപ്പോൾ കവിതയുടെ മണമാണ്.
ചിലപ്പോൾ വേദനിക്കുന്ന വിഹ്വലമാവുന്ന മനസ്സുകളെ അടുത്തറിയുന്ന ഒരു സൗഹൃദത്തിന്റെ മണമാണ്. അതിലുപരി പ്രകൃതിയുടെ താളത്തിൽ ആലോലമാടുന്ന ഒരു കുഞ്ഞിന്റെ മണമാണ്. അങ്ങനെ അങ്ങനെ അഛനിലൂടെ ഈ മണമൊക്കെ ഒഴുകിയൊഴുകി എന്നിലേക്കെത്തുമ്പോൾ ഞാനെന്ന മകളെന്ന സത്യം അവിടെ പൂർത്തിയാക്കപ്പെടുന്നു.
ഓർമ്മകൾക്ക് കുന്നോളം വലിപ്പമുണ്ട്. ചുരുങ്ങി ചുരുങ്ങി വരുമ്പോൾ ഒരു കുഞ്ഞു വജ്രക്കല്ലിനോളമെത്തി പ്രകാശം പരത്തി മനസ്സാകെ അത് നിറയുമ്പോൾ അത് നൽകുന്ന കരുത്തിൽ ജീവിച്ചു പോവുന്ന ഒരു രസമുണ്ടല്ലോ ആ രസം ഉണ്ടാവുന്നത് രണ്ടു കണ്ണുകളിലൂറി വരുന്ന തീക്ഷ്ണത തരുന്ന ധൈര്യം കൊണ്ട് കൂടിയാണ്. ഓർമ്മകൾക്ക് ചിലപ്പോൾ അഗ്‌നിയേക്കാളും പ്രകാശമുണ്ടാവാം. കാരണം അഗ്നി അണഞ്ഞുപോവുമ്പോഴും ഓർമ്മകൾ ജ്വലിച്ചുകൊണ്ടേയിരിക്കും.
ചില ജ്വാലകൾ പലപ്പോഴും നമ്മുടെ മുറിവുണക്കി കൊണ്ടിരിക്കുന്നത് അത് നൽകുന്ന സൗന്ദര്യവും കരുത്തും കൊണ്ട് കൂടിയാണ്. അത്തരം ഒരു കരുതലാവുന്നു എനിക്ക് അച്ഛൻ.

? സാമൂഹികമായ സമസ്ത തലങ്ങളിലും ഇടപെട്ട് പുരോഗമന - സാംസ്‌കാരിക പ്രവർത്തനങ്ങളിൽ അച്ഛൻ കാണിച്ച പാടവം അസമത്വങ്ങൾക്കെതിരെയുള്ള പോരാട്ടം കൂടി ആയിരുന്നല്ലോ? 

തീർച്ചയായും കോഴിക്കോട് ജില്ലയിൽ നാദാപുരത്തിനടുത്തുള്ള ഇയ്യങ്കോട് ആണ് അച്ഛൻ ജനിച്ചത്. കൊല്ലങ്കോട് രാജാസ്‌ഹൈസ്‌കൂളിൽ അധ്യാപകനായെത്തിയ അച്ഛൻ പിന്നീട് പാലക്കാടിന്റെ സാംസ്‌കാരിക സാഹിത്യ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാവുകയായിരുന്നു. കൊല്ലങ്കോടും പരിസര പ്രദേശത്തുമുള്ള നാടക പ്രവർത്തകരെ ഏകോപിപ്പിച്ച് കേരളത്തിലങ്ങോളമിങ്ങോളം  നാടകമവതരിപ്പിച്ചു. കഥകളിയെ പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങളുമുണ്ടായി. മാനവ വിജയം, സ്‌നേഹ സന്ദേശം എന്നിങ്ങനെ രണ്ട് ആട്ടക്കഥകൾ സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉണ്ട്. വില്യം ഷേക്‌സ്പിയറുടെ കിങ്ലിയർ കഥകളി രൂപത്തിലാക്കി. യൂറോപ്യൻ രാഷ്ട്രങ്ങളിൽ നാല്പത്തൊന്നോളം സ്റ്റേജുകളിൽ അവതരിപ്പിച്ചു. 'കിങ്‌ലിയറിന്റെ യൂറോപ്യൻ സഞ്ചാരപഥങ്ങൾ' എന്ന പേരിൽ അച്ഛൻ എഴുതിയ ഗ്രന്ഥത്തിനാണ്
2008 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്. എത്ര എത്ര രാമായണങ്ങൾ എന്ന അച്ഛന്റെ പുസ്തകത്തിൽ ഉസ്ബെക്കിസ്ഥാൻ,ഫിലിപ്പീൻസ്,വിയറ്റ്‌നാം തുടങ്ങി ലോകത്തിലെ പതിനാലു രാജ്യങ്ങളിലെ രാമായണത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.ലോക രാമായണ സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാനും അച്ഛന് അവസരം ലഭിച്ചു.

 

? അനേകരുടെ ജീവൽ പ്രശ്‌നങ്ങൾ തന്നെ ആയിരുന്നല്ലോ ഇയ്യങ്കോട് ഇടപെട്ട സാമൂഹ്യ പ്രശ്‌നങ്ങൾ.ഏറ്റവും അരികിൽ നിർത്തിയിരുന്ന വിഷയങ്ങൾ.

അതെ, മനുഷ്യർക്കുവേണ്ടി, അവശർക്കു വേണ്ടി എഴുതുക, ഏതൊന്നിലും സാമൂഹ്യ പ്രതിബദ്ധത പുലർത്തുക ഇതായിരുന്നു അച്ഛന്റെ മനോഗതം. ഭരണകൂടങ്ങളുടെ ക്രൂര തന്ത്രങ്ങളുടെ പൊളിച്ചെഴുത്താണ് അച്ഛൻ വിമോചനമായി കണ്ടത്.നമ്മുടെ നാട്ടിൽ ജീവസന്ധാരണം വഴിമുട്ടി നിൽക്കുന്ന മഹാജനസഞ്ചയമാണ് എങ്ങും എവിടെയും. ഭരണകൂടം എങ്ങനെ ആയിരിക്കണമെന്നും അത് ജനങ്ങൾക്ക് വേണ്ടി എന്തെല്ലാം ചെയ്യണമെന്നും അച്ഛന് ഒരു വീക്ഷണമുണ്ടായിരുന്നു.

?വിദ്യാഭ്യാസ കാലത്തിന്റെ ഓർമകളും അനുഭവങ്ങളും.

കൈപിടിച്ച് നടക്കാൻ പ്രായമായപ്പോൾ മുതൽ പറയാം എനിക്ക് പ്രകൃതിയുടെ താളം പകർന്ന് തരാൻ, വസ്തുതകൾ നിരീക്ഷിച്ചറിയാൻ,  അന്യരുടെ ദുഃഖം കാണാൻ, പ്രാപ്തയാക്കി തന്നത് അഛൻ തന്നെയാണ്. 
വായനയുടെ അതിവിശാലമായ ലോകം തുറന്നിട്ടു തന്നതും,
രാഷ്ട്രീയ ബോധം ഉള്ളിൽ രൂപപ്പെടുത്തിയെടുത്തതും അച്ഛനിലൂടെയാണ് .ഒരു പക്ഷേ വ്യക്തിത്വവികസനം ഏറെയും നടന്നു കഴിഞ്ഞതാ കാലഘട്ടത്തിലൂടെയാണ്. പലപ്പോഴും അച്ഛനൊരൽഭുതമാണ് എനിക്ക് മുന്നിൽ. അതിൽ മുന്നിട്ടു നിൽക്കുന്നത് ഉറച്ച ഇഛാശക്തി തന്നെയാണ്. കുടുംബ ബന്ധങ്ങളുടെ കൃത്യത അതിന്റെ മൂല്യത്തെ പറ്റിയുള്ള അഛന്റ വിശ്വാസം അത് ഈ കാലം വരെ അമ്മയോടും ഞങ്ങളോടും നില നിർത്തി കൊണ്ട് പോവുന്നതിന്റെ ചാരിതാർത്ഥ്യം. വീട്ടിലെ ജനാധിപത്യ രീതി, പിന്നെ സംഘാടനാനേതൃത്വപാടവം, സാഹിത്യ- സാംസ്‌കാരിക മേഖല, അതിലൂന്നിയ പ്രവർത്തനങ്ങൾ ഇതൊക്കെ ഒത്തുകൊണ്ടുപോയിരുന്ന ഒരു രീതി.  വ്യക്തി ബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്നതിലുള്ള കൃത്യത. രാഷ്ട്രീയ സാമ്പത്തിക ഭേദമില്ലാതെ സൗഹൃദങ്ങളുടെ നിറപുഞ്ചിരി. എഴുത്തിൽ, വായനയിൽ പ്രഭാഷണങ്ങളിൽ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ കാണിക്കുന്ന പാടവം. തകർന്നു വന്നിരുന്നതിനെ പുതു ജീവിപ്പിക്കാൻ കാണിച്ചു.  ഒന്നിേനാടും അത്യാഗ്രഹമില്ലാതെ ജീവിതത്തെ നിസ്സംഗമായി സമീപിക്കാൻ കഴിയുന്ന ലാളിത്യം അത് കൂടുതലും ബോധ്യപ്പെട്ടത് ഗുരുതരമായ രണ്ട് രോഗഘട്ടങ്ങളും അച്ഛൻ അതിജീവിച്ചു വന്നപ്പോഴാണ്. വ്യക്തിസ്വാതന്ത്ര്യത്തിന് വിലക്കൽപിക്കുന്ന ആൾ എന്ന നിലയിൽ ഞങ്ങളിൽ ഒന്നും അടിച്ചേൽപിക്കാൻ ഇതുവരെ ശ്രമിച്ചിട്ടില്ല എന്നത് തന്നെ ഉദാഹരണം.

? അച്ഛൻ എന്നതിൽനിന്ന് ഒരു  പൊതുപ്രവർത്തകനിലേക്കെത്തുമ്പോൾ?

അങ്ങനെ ഒരു വേർതിരിവ് തോന്നിയിട്ടില്ല. ശാസനയും മറ്റും മക്കൾക്ക് മാത്രമല്ല ഒപ്പമുള്ളവർക്കും കിട്ടാറുണ്ട്. സാമൂഹികമായും സാംസ്‌കാരികമായും നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുക എന്നത് അച്ഛന്റെ പ്രകൃതമായിരുന്നു.
പ്രിയപ്പെട്ടവർക്ക് വേണ്ടി ഏത് കാര്യത്തിനും ഇറങ്ങി തിരിക്കാനുള്ള ചിന്തക്ക് ഈ പ്രായത്തിലും ഒരു മാറ്റവും അഛനിൽ വന്നിട്ടില്ല. നിസ്സഹായരായ മനുഷ്യന്റെ നിലവിളി കാണാത്ത മനുഷ്യൻ യഥാർത്ഥ മനുഷ്യനല്ല എന്നതിൽ ഇന്നും ഉറച്ചു വിശ്വസിക്കുന്ന ആൾ. അതു കൊണ്ടാവാം പ്രകൃതിയിൽ വിശ്വസിക്കുന്നത്. 
സ്വന്തം അഛനെയും അമ്മയേയും ദൈവങ്ങളായി കാണുന്ന അതേ മനസ് ഞങ്ങൾ മക്കളിലേക്കുമെത്തിച്ചേർന്നത് അച്ഛനിൽ നിന്നുമാണ്. 
തന്റെ പോരാട്ട വഴികളിലൂടെ ഇനിയും നടക്കാൻ കരുത്തു കൊടുക്കട്ടെ എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ജ്വലിക്കുന്ന തീനാളം പോലെ അച്ഛനുണർന്നു നിൽക്കുമ്പോഴും നനുത്ത മഴത്തുള്ളികളായി സാന്ത്വനം പകരുമ്പോഴുമാണല്ലോ  അത് സ്‌നേഹത്തിന്റെ പവിഴമുന്തിരികളും എഴുത്തെന്ന കരുത്തിന്റെ  പ്രകാശവും ആവുന്നതും, അത് ഞങ്ങളിൽ പ്രതിഫലിക്കുന്നതും. 

? അധ്യാപിക എഴുത്തുകാരിയുടെ സമയം അപഹരിക്കുന്നുണ്ടോ?

ഒട്ടുമില്ല. അധ്യാപനവും എഴുത്തും എന്നിലർപ്പിക്കപ്പെട്ട നിയോഗങ്ങളാണ്. രണ്ടും കൂട്ടി ചേർത്ത് പോവുന്നു.അതോടൊപ്പം കുടുംബവും. അധ്യാപനത്തിലൂടെ അനേക ജീവിതങ്ങളെ കണ്ടുമുട്ടുന്നു. പല സാഹചര്യങ്ങളിൽ നിന്നുംവന്ന് പഠിക്കുന്ന കുട്ടികൾ. അധ്യാപന അനുഭവങ്ങൾ പലതും കഥയായും കവിതയായും ആവിഷ്‌കരിക്കാൻ സഹായകമായിട്ടുണ്ട്. കുട്ടികളെയും അവരുടെ അഭിരുചികളെയും അറിയാൻ എന്നെ സഹായിച്ചത് ഈ തൊഴിലാണ്.

? പ്രിയപ്പെട്ട കവികൾ ആരെല്ലാമാണ്

കുമാരനാശാൻ, പി. കുഞ്ഞിരാമൻ നായർ, വൈലോപ്പള്ളി, ജി.കുമാരപിള്ള, വള്ളത്തോൾ, ബാലാമണിയമ്മ, ചുള്ളിക്കാട്, സച്ചിദാനന്ദൻ ,ആലങ്കോട്, കൽപറ്റ നാരായണൻ .. ഒക്കെ ഇഷ്ടമാണ്. ഇവരിൽ ഓരോരുത്തരുടെ കവിതയും പുതിയ അനുഭൂതികൾ സൃഷ്ടിക്കുന്നവയാണ്.


? മണ്ണും ആറും കാടും സവിശേഷമായ മണ്ണാർക്കാടിനെക്കുറിച്ച്. ഇവിടുത്തെ അനുഭവ വ്യത്യസ്തത?

പൂരപ്പെരുമയുള്ള മണ്ണാർക്കാടും സാഹിത്യ തറവാടായ പാലക്കാടും ഒന്നുപോലെയാണ്. വിവിധ വിഷയങ്ങളിൽ, വിവിധ മേഖലകളിലെ അനുഭവങ്ങളും സുഹൃത്തുക്കളും എന്റെ വളർച്ചയിൽ ഒഴിച്ചുകൂടാനാവാത്ത സ്ഥാനമുണ്ട്. പൂ വിടരുന്നത് പോലെ വികസിക്കുകയാണ് അറിവിന്റെ പ്രപഞ്ചം.
 
?ഭർതൃ പിതാവ് ശ്രീധരൻ മണ്ണാർക്കാട് സാഹിത്യകാരനാണല്ലോ. 

അതെ അച്ഛനും എന്നെ സ്വാധീനിച്ചിട്ടുണ്ട്. സാഹിത്യ കുടുംബം തന്നെയാണ് ഇതും. അച്ഛൻ പണ്ട് മാതൃഭൂമിയിലും മറ്റും കവിതകളെഴുതിയിരുന്നു. പിന്നെ ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് എഴുത്തിലേക്ക് തിരിച്ചു വന്നത്.വീട്ടിലെ തുറന്ന ചർച്ചകൾ എന്റെ എഴുത്തിനെ നവീകരിക്കാൻ നല്ല പോലെ സഹായിച്ചിട്ടുണ്ട്.

?കുടുംബം.

ഭർത്താവ് ശ്രീകുമാർ അധ്യാപകൻ. രണ്ടു മക്കൾ: ശ്രുതി, ശ്രീമയി. ഭർത്താവിന്റെ അച്ഛൻ ശ്രീധരൻ മണ്ണാർക്കാടും അമ്മ പദ്മിനിയും ഞങ്ങൾക്കൊപ്പം.
 
? ഇയ്യങ്കോടും കുടുംബവും.
 
അവർ കൊല്ലങ്കോട് എന്റെ അനുജത്തി സംഗീതക്കും കുടുംബത്തിനും ഒപ്പം താമസിക്കുന്നു.

 ? എല്ലാമെല്ലാം സംഭവ ബഹുലമായ ഒരു മാറ്റത്തിലേക്ക് നയിച്ച ഘട്ടമായിരുന്നല്ലോ ലോക്ഡൗൺ. കോവിഡ് കാലവും ജീവിതവും തമ്മിലെന്ത്.

ഒരുപാട് പ്രതിസന്ധികൾ നിറഞ്ഞൊരു കാലഘട്ടത്തിലൂടെ ലോകം കടന്നു പോകുന്ന വൈഷമ്യങ്ങൾ കാണുമ്പോൾ പലപ്പോഴും നിസ്സഹായരാവുന്നു നാം. എങ്കിലും അതിജീവിച്ച ചരിത്രമുള്ളവരല്ലേ മനുഷ്യർ. ചില ദുരാഗ്രഹങ്ങൾക്ക് പ്രകൃതി ഇടക്ക് കൊടുക്കുന്ന മറുപടി നമ്മൾ കാണാതിരിക്കരുത്. തിരിച്ചറിഞ്ഞ് മാറ്റങ്ങൾ ഉണ്ടാവുമെന്ന് പ്രത്യാശിക്കാം. നല്ല നാളേക്കായി സജ്ജരാവാം.

 

Latest News