ദക്ഷിണേന്ത്യയിലെ തലസ്ഥാന നഗരങ്ങളിൽ പോയത്തക്കാരനാണ് തിരുവനന്തപുരം. ഹൈദരാബാദ്, ബംഗളുരു, ചെന്നൈ എന്നീ ഇതര സംസ്ഥാന തലസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മഹാ പാവം. മറ്റു മൂന്നിടത്തും നൈറ്റ് ലൈഫും മറ്റെല്ലാ വേണ്ടാതീനങ്ങളും അരങ്ങ് തകർക്കുമ്പോൾ അനന്തപുരി സാധു പട്ടം നിലനിർത്താൻ വാശിയോടെ മത്സരിക്കുന്നുവെന്നതാണ് അനുഭവം.
കേരള തലസ്ഥാന നഗരിയിലെ മാധ്യമ പ്രവർത്തകർക്ക് വൈകുന്നേരം അഞ്ചിന് സെക്രട്ടറിയേറ്റ് അടച്ചാൽ മനസ്സമാധാനത്തോടെ വീട്ടിൽ പോകാം. നീലക്കുറിഞ്ഞി പൂക്കുന്ന പോലെ വ്യാഴവട്ടത്തിനിടക്ക് വല്ല പെരുമൺ ദുരന്തം പോലുള്ള മഹാ സംഭവങ്ങളുണ്ടായാലായി. ഈ വക ധാരണകളെല്ലാം തിരുത്താവുന്ന കാര്യങ്ങളാണ് പപ്പേട്ടന്റെ മണ്ണിൽ ഇപ്പോൾ നടക്കുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച സൗദി സമയം അർധരാത്രി 11.40ന് (നാട്ടിൽ 2.10 എ.എം) മാതൃഭൂമി ന്യൂസ് ഉൾപ്പെടെയുള്ള ചാനലുകളിൽ പ്രത്യേക വാർത്താ ബുള്ളറ്റിനുകൾ.
കഴിഞ്ഞ ഇരുപത് വർഷക്കാലത്തിനിടെ ഇതു പോലൊരു സംഭവം അർധ രാത്രിയിൽ മലയാളം ന്യൂസ് ചാനലുകൾ റിപ്പോർട്ട് ചെയ്തത് അമേരിക്കയും സഖ്യകക്ഷികളും അഫ്ഗാനിസ്ഥാനിൽ ആദ്യ വെടി പൊട്ടിച്ചപ്പോഴാണ്. ഏഷ്യാനെറ്റ് ന്യൂസിൽ മുതിർന്ന മാധ്യമ പ്രവർത്തക മായയാണ് വാർത്ത വായിച്ചത്.
കേരള ഭരണത്തിന്റെ ചുക്കാൻ പിടിക്കുന്നത് സാങ്കേതികമായി മുഖ്യമന്ത്രിയാണെങ്കിലും എല്ലാറ്റിനും നേതൃത്വം കൊടുക്കുന്ന പ്രിൻസിപ്പൽ സെക്രട്ടറിയെ കസ്റ്റംസ് പത്ത് മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്യുന്നു. ഇതൊന്നും മലയാളികൾക്ക് കേട്ടുകേൾവിയില്ലാത്ത അനുഭവമാണ്. തുടർന്ന് കസ്റ്റംസ് വാഹനങ്ങൾ വടക്കോട്ട് ചീറിപ്പായുന്നു. ലേഖകന്മാർക്കും ന്യൂസ് റീഡർമാർക്കും എന്താണ് സംഭവിക്കുന്നതെന്ന് ഒരു ഐഡിയയും കിട്ടാത്ത അപൂർവ സന്ദർഭം. കസ്റ്റംസിലെ പി.ആർ.ഒയെ വിളിച്ചു ചോദിക്കണമെങ്കിൽ നേരം വെളുക്കണമല്ലോ. ഓരോ ചാനലുകളിലും ഭാവന പോലെ ന്യൂസ് ഫഌഷ് വന്നു കൊണ്ടേയിരുന്നു. പ്രിൻസിപ്പൽ സെക്രട്ടറി അറസ്റ്റിൽ, കസ്റ്റംസ് സംഘം കൊച്ചിയിലേക്ക് എന്നിങ്ങനെ പോയി ശീർഷകങ്ങൾ. ആരെയും കുറ്റപ്പെടുത്താനാവില്ല. നാലാം തൂൺ പാതിരാ കഴിഞ്ഞും കഠിനാധ്വാനം ചെയ്തതാണ്. തിരുവനന്തപുരത്തെ വിശേഷങ്ങൾ കാണുമ്പോൾ മറ്റൊരു സംശയമുണ്ടാവുക സ്വാഭാവികം. റിപ്പോർട്ടർമാർ മുമ്പത്തെ പോലെ ഫീൽഡിലിറങ്ങി അദ്ധ്വാനിച്ചിരുന്നുവെങ്കിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് വേട്ടക്ക് മുമ്പേ വായനക്കാരും പ്രേക്ഷകരും കാര്യങ്ങളറിയേണ്ടതായിരുന്നില്ലേ?
*** *** ***
ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ പറയുന്നത് കേരളത്തിലെത്തുമ്പോൾ സ്വർണത്തിന് ചുവപ്പ് നിറമാവുമെന്നാണ്. ഇത് കേട്ട് പാർട്ടി സെക്രട്ടറി കഴിഞ്ഞ ദിവസം തിരുത്താനെത്തി. അദ്ദേഹം പറയുന്നത് പിടികൂടിയ 35 കിലോ ഗ്രാം സ്വർണത്തിന് നിറം കാവിയും പച്ചയുമാണെന്ന് ഇപ്പോൾ തെളിഞ്ഞുവെന്നാണ്. പിടിയിലായ പ്രതിയുടെ മാതാവിന്റെ നാട് പാണക്കാട് എന്ന കൈരളി സ്ക്രോളും കോടിയേരിയെ ഈ നിഗമനത്തിലെത്താൻ പ്രേരിപ്പിച്ചിട്ടുണ്ടാവും.
കൊടുവള്ളി ടൗണിലെ കൂപ്പർ കാർ ബൂർഷ്വാ മാധ്യമങ്ങളുടെ സൃഷ്ടിയല്ലേ. അതിനിടയ്ക്ക് സംസ്ഥാന മന്ത്രിസഭയിലെ ഒരു അംഗം ദേശീയ താരമായി. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്റെ പ്രശസ്തിയാണ് കുതിച്ചുയർന്നത്. ടൈംസ് നൗ, റിപ്പബ്ലിക് ടിവികളിൽ പ്രൈം ടൈം ചർച്ച സ്വർണ കള്ളക്കടത്തിൽ മന്ത്രി ജലീലിന്റെ പങ്കിനെ കുറിച്ചാണ്. കേരളത്തിലെ സിമിക്കാരൻ മന്ത്രിയും സ്വർണ കള്ളക്കടത്തിൽ എന്നാണ് റിപ്പബ്ലിക് സ്ക്രീനിൽ തെളിഞ്ഞു നിൽക്കുന്നത്. ഇതെന്തൊരു കഷ്ടമാണ്?
*** *** ***
പണ്ട് നമ്മളൊക്കെ സ്കൂൾ വിദ്യാർഥികളായിരുന്ന കാലത്ത് അടുത്തിരിക്കുന്ന ചില കുട്ടികളോട് അവരുടെ പുസ്തകം പൊതിഞ്ഞ മിന്നുന്ന കടലാസ് കണ്ട് അസൂയപ്പെട്ടിട്ടുണ്ട്. കാശെത്ര മുടക്കിയാലും നമുക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച പേപ്പർ പുസ്തകശാലയിലെ ബ്രൗൺ പേപ്പറാണ്. എന്നാൽ ചില വിദ്വാന്മാർ യു.എസ്.എസ്.ആറിൽ നിന്നെത്തുന്ന സോവിയറ്റ് നാടെന്ന ബുക്കിന്റെ താളുകളാണ് പുസ്തകം പൊതിയാൻ ഉപയോഗിക്കുന്നത്. അമേരിക്കയെ വെല്ലുവിളിച്ച വൻ ശക്തിയായിരുന്നു അന്നത്തെ റഷ്യ. ഇവർക്ക് ഇതെങ്ങിനെ കിട്ടുന്നുവെന്ന് അന്വേഷിച്ചപ്പോൾ അവരുടെ അമ്മാവന്മാരോ അഛനോ കമ്യൂണിസ്റ്റ് പ്രവർത്തകരാണെന്ന് മനസ്സിലായി. ചിലരൊക്കെ മോഹനസുന്ദര നാടായ റഷ്യ സന്ദർശിച്ചിട്ടുമുണ്ട്. സോവിയറ്റ് നാടിന്റെ താളുകൾ മറിച്ചു നോക്കിയാലാണ് ബഹുരസം. എല്ലാവർക്കും പരമാനന്ദം. മനുഷ്യർ രാവും പകലും കഴിക്കുന്നത് ചക്കരച്ചോറ്. ശരി വിശ്വസിച്ചു.
വർഷങ്ങൾ പിന്നിട്ടപ്പോഴതാ അസർബൈജാനും കിർഗിസ്ഥാനും ജോർജിയയും മറ്റു പല കഷ്ണങ്ങളും പുതിയ രാജ്യങ്ങളായി മാറുന്നു. സോവിയറ്റ് നാട് എന്ന പ്രസിദ്ധീകരണത്തിൽ വരുന്നത് മാത്രം നമ്പിയവർ കുടുങ്ങി. സൗദി അറേബ്യയിലെ ഇപ്പോഴത്തെ കാലാവസ്ഥയിൽ ശക്തമായ കാറ്റ് വീശുമ്പോൾ മിക്ക മലയാളം ടി.വി ചാനലുകളും മണിക്കൂറുകളോളം അപ്രത്യക്ഷമാവും. ഏത് അവസ്ഥയേയും അതിജീവിച്ച് നിലനിൽക്കുക കൈരളിയുടെ നാല് ചാനലുകൾ മാത്രം. തെലുങ്ക്, തമിഴ് സിനിമകളുടെ റീമേക്ക് വേസ്റ്റുകൾ സംപ്രേഷണം ചെയ്യുന്ന ചാനലുകളെ മാറ്റിനിർത്താം. പിന്നെയുള്ളത് കൈരളി ന്യൂസ്. ഇത് മാത്രം കാണാൻ വിധിക്കപ്പെട്ടാൽ ഏതാണ്ട് പഴയ സോവിയറ്റ് നാട് വായിക്കുന്നവന്റെ ഗതികേടിലാവും. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ മുതൽ മറ്റു മലയാളം ചാനലുകളിൽ പ്രിൻസിപ്പൽ സെക്രട്ടറിയെ ഇന്ന് സസ്പെൻഡ് ചെയ്യുമെന്നതായിരുന്നു പ്രധാന വാർത്ത. ഇന്റർനെറ്റിൽ ന്യൂസ് 18 മലയാളം നോക്കിയപ്പോൾ ശിവശങ്കരന്റെ ഭാവി വിസ്തരിച്ച് പ്രതിപാദിക്കുന്നുണ്ട്. കൈരളിയിൽ സ്വപ്നയുടെ സ്വർണം എവിടെ പോയത് പോലുള്ള സംവാദങ്ങൾ മാത്രം. ആരെങ്കിലും മറച്ചുവെക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ് വാർത്തയെന്ന അടിസ്ഥാനതത്വം വിസ്മരിച്ചുള്ള റിപ്പോർട്ടിംഗ്. വൈകുന്നേരം ആറിനുള്ള മുഖ്യമന്ത്രിയുടെ പതിവ് വാർത്താ സമ്മേളനത്തിൽ മാത്രമാണ് കൈരളി ഇത് റിപ്പോർട്ട് ചെയ്തു തുടങ്ങിയത്.
*** *** ***
ഉമ്മൻചാണ്ടി ഭരണത്തിന്റെ അവസാന കാലത്ത് കേരളത്തിൽ നിന്ന് ടെലിവിഷൻ ചാനലുകളുടെ ഒ.ബി വാനുകൾ കേരളത്തിൽനിന്ന് വാളയാർ ചുരം കടന്ന് തമിഴ്നാട്ടിലെ കോയമ്പത്തൂരിലേക്ക് യാത്ര തിരിച്ചിരുന്നു. തെരഞ്ഞെടുപ്പ് സീസൺ അടുത്തതിനാൽ ആവേശത്തോടെ എല്ലാവരും ലൈവ് നൽകി. അശ്ലീല സിഡി തേടിപ്പോയവർക്ക് കിട്ടിയത് എൽജി പെരുങ്കായത്തിന്റെ തുണി സഞ്ചിയാണെന്നത് ചരിത്രം. ഇക്കഴിഞ്ഞ ഞായറാഴ്ച ഇതേ അനുഭവം ആവർത്തിച്ചു. ഞായറാഴ്ച രാവിലെ മുതൽ ഉച്ച രണ്ടരവരെ പ്രധാന മലയാള ചാനലുകളെല്ലാം വാളയാറിൽനിന്ന് കൊച്ചി എൻ.ഐ.എ ഓഫീസ് വരെയുള്ള ദേശീയപാതയിൽ ലൈവ് റിപ്പോർട്ടിങ്ങിലായിരുന്നു. സ്വർണ കള്ളക്കടത്തുകേസിൽ അറസ്റ്റിലായ സന്ദീപ് നായർ, സ്വപ്ന സുരേഷ് എന്നിവരെയും കൊണ്ട് ബംഗളൂരുവിൽനിന്ന് വരുന്ന വാഹനത്തിനൊപ്പം ലൈവായി റിപ്പോർട്ടുചെയ്യാനാണ് ചാനലുകൾ മണിക്കൂറുകളോളം മൽസരിച്ചത്. കറുത്ത വസ്ത്രത്തിൽ തലയടക്കം മൂടിയിരിക്കുന്ന നായികയെ പ്രദർശിപ്പിക്കാൻ കഴിയാത്തതിലുള്ള
നിരാശയും വാക്കുകളിൽ പ്രകടമായി. ഞങ്ങളുടെ ചേസിംഗ് ടീം എന്നൊക്കെ സ്റ്റുഡിയോയിലിരുന്ന് വിളിച്ചു പറഞ്ഞ് റിപ്പോർട്ടർമാർക്ക് ആവേശം പകർന്നു. വാർത്തയെ വോയറിസമെന്ന വൈകൃതമാക്കി മാറ്റാനുള്ള ആവേശമായിരുന്നു മലയാള വാർത്താ ചാനലുകളിൽ. ഇതിലൊട്ടും പുതുമയില്ല. കോഴിക്കോട് ഐസ്ക്രീം കേസ് റിപ്പോർട്ട് ചെയ്യുമ്പോൾ പെൺകുട്ടിയുടെ അഭിമുഖത്തിന് പ്രാധാന്യം നൽകിയതാണല്ലോ പാരമ്പര്യം.
*** *** ***
ട്രംപിനെ കുറിച്ചുള്ള മരുമകളുടെ പുസ്തകം ഇറങ്ങി ആദ്യത്തെ ദിനം തന്നെ ഏകദേശം പത്തു ലക്ഷത്തോളം കോപ്പികൾ വിറ്റഴിച്ചു. ആമസോണിലെ ബെസ്റ്റ് സെല്ലർ വിഭാഗത്തിലും പുസ്തകം ഇടംപിടിച്ചിരിക്കുകയാണ്. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കൂടിയായ മേരി എൽ ട്രംപ് എഴുതിയ പുസ്തകം ടൂ മച്ച് ആൻഡ് നെവർ ഇനഫ്: ഹൗ മൈ ഫാമിലി ക്രിയേറ്റഡ് ദ വേൾഡ്സ് മോസ്റ്റ് ഡേഞ്ചറസ് മാൻ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. ആദ്യദിവസം തന്നെ 9,50,000 കോപ്പികളാണ് വിറ്റത്. പ്രീ സെയിൽ, ഈ ബുക്സ്, ഓഡിയോ ബുക് എന്നിവയെല്ലാം ഉൾപ്പെടുത്തിയാണിത്. ട്രംപ് വംശീയവാദിയാണെന്നും പ്രസിഡണ്ട് സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും തുടങ്ങിയ വാദങ്ങളുയർത്തുന്ന പുസ്തകമാണിത്. അമേരിക്കൻ പ്രസിഡണ്ട് ഡൊണൾഡ് ട്രംപിന്റെ സഹോദരൻ ഫ്രെഡ് ട്രംപ് ജൂനിയറിന്റെ മകളായ മേരി എൽ ട്രംപ് എഴുതിയ പുസ്തകം നേരത്തെ തന്നെ വൻചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ട്രംപും ഒരു സഹോദരനും പുസ്തകം പുറത്തിറങ്ങുന്നത് തടയാൻ ആവുന്നതും ശ്രമിക്കുകയും ചെയ്തിരുന്നു.
*** *** ***
ന്യൂസ് റീഡറുടെ അബദ്ധം ട്രോളൻമാർക്ക് ആഘോഷമാണ്. ചെറിയ അബദ്ധം പറ്റിയാൽ പോലും സോഷ്യൽ മീഡിയ അവരെ ട്രോളും. അങ്ങനെയുള്ള നിരവധി വിഡിയോകൾ വൈറലായിട്ടുമുണ്ട്. ഉക്രൈനിലും അങ്ങനൊരു സംഭവമുണ്ടായി. വാർത്താ വായനയ്ക്കിടെ വായിൽനിന്നും ഒരു പല്ലു താഴെ വീഴുന്നതും തുടർന്നും കൂളായി അവതാരക തുടരുന്നതുമാണ് വീഡിയോയിലുള്ളത്.
ഉക്രെയിനിൽ നിന്നുള്ള മരിച്കാ പഡാൽകോ എന്ന യുവതി വാർത്ത വായിക്കുന്നതിനിടെയാണ് ഈ സംഭവം. ഒരു റിപ്പോർട്ട് വായിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് മരിച്കയുടെ വായിൽ നിന്നും മുൻവശത്തെ പല്ലുകളിൽ ഒന്ന് അടർന്നുവീണത്. എന്നാൽ അതു കയ്യിലെടുത്തശേഷം തന്നെ ബാധിക്കുന്നേയില്ലെന്ന ആത്മവിശ്വാസത്തോടെ വാർത്ത മുഴുവനായും റിപ്പോർട്ട് ചെയ്താണ് മരിച്ക അവസാനിപ്പിക്കുന്നത്.തനിക്ക് എന്നും ഇത്തരത്തിൽ സംഭവിക്കാറില്ലെന്നും എന്നാൽ വെപ്പുപല്ലു വെക്കാനുണ്ടായ കാരണം ജീവിതത്തിലുണ്ടായ ഒരപകടമാണെന്നും മരിച്ക പറഞ്ഞു.
പത്തുവർഷം മുമ്പ് മകൾ ഒരു മെറ്റൽ അലാം ക്ലോക്ക് വെച്ചു കളിക്കുന്നതിനിടെ മരിച്കയുടെ മുഖത്തു തട്ടുകയും പല്ലു വീണുപോവുകയുമായിരുന്നു. അവതരണത്തിനിടെ പല്ലുപോവുന്നത് ശ്രദ്ധയിൽപ്പെട്ടെങ്കിലും വൈറലാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും മരിച്ക പറഞ്ഞു. ഇന്ത്യയിലെ ദേശീയ ചാനലായ സീന്യൂസ് ഇത് വാർത്തയാക്കി.