ഗ്രാമീണ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സാങ്കേതിക പഠനക്ലാസ്സുമായി യു.എ.ഇ കമ്പനി

ദുബായ്- ഗ്രാമീണ ഇന്ത്യയിലെ ദരിദ്ര വിദ്യാര്‍ഥികള്‍ക്ക് പഠനസഹായവുമായി യു.എ.ഇ കമ്പനി കോഡഡ് മൈന്‍ഡ്‌സ്. അഞ്ചു മുതല്‍ പത്തു വരെയുള്ള ക്ലാസിലെ കുട്ടികള്‍ക്കാണ് കമ്പനി ഓണ്‍ലൈന്‍ വഴി സൗജന പഠനസൗകര്യമൊരുക്കുന്നത്. ഇന്ത്യന്‍ എന്‍.ജി.ഒ അലിഗ് എജ്യുകേഷന്‍ ആന്റ് വെല്‍ഫെയര്‍ സൊസൈറ്റിയുമായി ചേര്‍ന്നാണ് പദ്ധതി.
ജംഷഡ്പൂര്‍, ലഖ്‌നൗ, അലിഗര്‍, മുറാദാബാദ്, ബാരാബങ്കി, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ 70 സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് പദ്ധതിയുടെ ഭാഗമാകുന്നത്. ജൂലൈ ഒന്നു മുതല്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ ക്ലാസിനുള്ള സൗജന്യ ടാബ്‌ലറ്റ് വിതരണം പൂര്‍ത്തിയായിട്ടുണ്ട്.
'ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക് വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ അവസരം നല്‍കുന്ന പദ്ധതിയാണിത്. അവരുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് അവരെ ഉത്തേജിപ്പിക്കാനും സ്വന്തം കഴിവില്‍ വിശ്വാസമുണ്ടാക്കാനുമാണിത്. സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ പോലെ അവര്‍ക്കും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകും. വളരെ വേഗത്തില്‍ കാര്യങ്ങള്‍ പഠിച്ചെടുക്കുന്നവരാണ് കുട്ടികള്‍. അതു കൊണ്ടുതന്നെ അവരെ ശാക്തീകരിക്കാന്‍ എളുപ്പമാണ്'  അലിഗ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഇംറാന്‍ അലി പ്രാദേശിക ദിനപത്രത്തോട് പറഞ്ഞു.
ഇത് രണ്ടു മാസത്തെ വേനലവധി ക്ലാസാണെന്ന് കോഡഡ് മൈന്‍സ് ഗ്ലോബല്‍ പ്രസിഡന്റ് ഉമര്‍ ഫാറൂഖി പറഞ്ഞു. 21-ാം നൂറ്റാണ്ടിലെ സാങ്കേതിക നൈപുണ്യത്തിന് അനുസൃതമായി പദ്ധതി ഇന്ത്യയിലെ വിദ്യാര്‍ഥികളെ ശാക്തീകരിക്കും. അവരുടെ പഠനശേഷി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News