Sorry, you need to enable JavaScript to visit this website.

നാട്ടിലേക്ക് ഭാഗ്യം പറന്നെത്തി, ഫിലിപ്പ് മാത്യു ലക്ഷാധിപതിയായത് ഇങ്ങനെ

അബുദാബി- എമിറേറ്റ്‌സ് ലോട്ടോ നറുക്കെടുപ്പില്‍  ഒരു ലക്ഷത്തി പതിനായിരം ദിര്‍ഹം (ഏതാണ് 22 ലക്ഷത്തില്‍ അധികം രൂപ) സമ്മാനം ലഭിച്ച മലയാളി മത്സരത്തില്‍ പങ്കെടുത്തത് നാട്ടിലിരുന്ന്. മുന്‍ പ്രവാസികൂടിയായ കോട്ടയം കഞ്ഞിക്കുഴി സ്വദേശി ഫിലിപ്പ് മാത്യുവെന്ന മുപ്പത്തിയഞ്ചുകാരനാണ് ഭാഗ്യവാന്‍. ശനിയാഴ്ച നടന്ന എമിറേറ്റ്‌സ് ലോട്ടോ നറുക്കെടുപ്പിലാണ് ഫിലിപ്പ് മാത്യു ഉള്‍പ്പെടെ ഒന്‍പത് പേര്‍ വിജയികളായത്. ആറു നമ്പറുകളില്‍ അഞ്ചും ശരിയാക്കിയാണ് ഇവര്‍ വിജയിച്ചത്. സമ്മാനത്തുകയായ പത്ത്‌ ലക്ഷം ദിര്‍ഹം തുല്യമായി വീതിച്ചു.
ഗള്‍ഫ് രാജ്യങ്ങളില്‍ നടക്കുന്ന നറുക്കെടുപ്പുകളും ഭാഗ്യപരീക്ഷണങ്ങളും യുട്യൂബിലൂടെ കണ്ട് ഭാഗ്യം പരീക്ഷിക്കുകയായിരുന്നെന്ന് ഫിലിപ് പറഞ്ഞു. എമിറേറ്റ്‌സ് ലോട്ടോയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സര്‍ക്കാരിന്റെ അംഗീകാരത്തോടെയാണ് ഇത് നടക്കുന്നതെന്ന് മനസിലായി. രണ്ടു വട്ടം ലോട്ടോയില്‍ പങ്കെടുത്തു. പക്ഷേ, ഭാഗ്യം തുണച്ചില്ല. മൂന്നാം വട്ടം എടുത്തപ്പോള്‍ ഭാഗ്യം തുണച്ചുവെന്നും ഫിലിപ്പ് പറഞ്ഞു.
രണ്ടു വര്‍ഷം ദുബായില്‍ ഒരു ഓണ്‍ലൈന്‍ കമ്പനിക്ക് വേണ്ടി ജോലി ചെയ്തു. പിന്നീട് അത് ശരിയാകാതെ വന്നപ്പോള്‍ തിരികെ നാട്ടിലേക്ക് വന്നു. ഇപ്പോള്‍ ഇടുക്കിയിലെ കൃഷി നോക്കിനടത്തുന്നു.

 

Latest News