ഈസ്റ്റ് ബംഗാളിന് ചരമക്കുറിപ്പോ?

കൊല്‍ക്കത്ത - രാജ്യത്തെ ഏറ്റവും പ്രശസ്തവും പാരമ്പര്യമുള്ളതുമായ ക്ലബ്ബുകളിലൊന്നായ ഈസ്റ്റ് ബംഗാളിന് അന്ത്യശാസനം. ഈസ്റ്റ് ബംഗാള്‍ ഇല്ലാതെ അടുത്ത സീസണ്‍ ആരംഭിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. ഐ.എസ്.എല്‍ ടീം എ.ടി.കെയില്‍ ലയിച്ച് മോഹന്‍ ബഗാന്‍ ഇല്ലാതായതിന് പിന്നാലെയാണ് ഈസ്റ്റ് ബംഗാളിനും ഭീഷണിയുയരുന്നത്.
ഐ-ലീഗില്‍ തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ഈസ്റ്റ് ബംഗാള്‍ ക്ലബ്ബിന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പത്തു ദിവസത്തെ സമയം അനുവദിച്ചു. ഉമടസ്ഥാവകാശം സംബന്ധിച്ച് വിശദീകരണം നല്‍കിയില്ലെങ്കില്‍ ലീഗില്‍ നിന്ന് ഈസ്റ്റ് ബംഗാള്‍ പുറത്താവും. ലൈസന്‍സിംഗ് കരാര്‍ എല്ലാ ഐ.എസ്.എല്‍, ഐ-ലീഗ് ക്ലബ്ബുകള്‍ക്കും ഫെഡറേഷന്‍ ഇന്നലെ അയച്ചു കൊടുത്തു. കരാര്‍ ഒപ്പിട്ട് പത്തു ദിവസത്തിനകം എല്ലാ ക്ലബ്ബുകളും എ.ഐ.എഫ്.എഫിന് തിരിച്ചയക്കണം. ഇല്ലെങ്കില്‍ ഫെഡറേഷന്റെ ഒരു ടൂര്‍ണമെന്റിലും പങ്കെടുക്കാനാവില്ല.
ഈസ്റ്റ് ബംഗാളിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. ബംഗളൂരുവിലെ ക്വെസ് കോര്‍പറേഷനുമായുള്ള ബന്ധം അസ്വാരസ്യത്തോടെയാണ് മെയ് 31 ന് അവസാനിച്ചത്. ക്വെസ്സിന് ക്ലബ്ബില്‍ 70 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ക്വെസ്സുമായി ബന്ധം വിഛേദിച്ച കാര്യം ഈസ്റ്റ് ബംഗാള്‍ എ.ഐ.എഫ്.എഫിനെ അറിയിച്ചിട്ടില്ല.
ഓഹരി വില്‍പന സംബന്ധിച്ച് ഈസ്റ്റ് ബംഗാളിന്റെ മറുപടി ലഭിക്കാതെ നിലവിലെ സ്ഥിതിയില്‍ മാറ്റം വരുത്താന്‍ ക്വെസ് തയാറല്ല.
 

Latest News