Sorry, you need to enable JavaScript to visit this website.

തുടര്‍ച്ചയായ ഒമ്പതാം ജയം, വ്യാഴാഴ്ച കിരീടധാരണം

മഡ്രീഡ് - തുടര്‍ച്ചയായ ഒമ്പതാം ജയത്തോടെ റയല്‍ മഡ്രീഡ് സ്പാനിഷ് ലീഗ് ഫുട്‌ബോള്‍ കിരീടത്തിന് തൊട്ടടുത്ത്. വ്യാഴാഴ്ച വിയ്യാറയലിനെ തോല്‍പിച്ചാല്‍ അവര്‍ ചാമ്പ്യന്മാരാവും. അടുത്ത മത്സരത്തില്‍ ബാഴ്‌സലോണക്ക് ഒസസൂനയെ തോല്‍പിക്കാനാവാതിരുന്നാലും റയലിന് കിരീടം നേടാം. ഗ്രനാഡയെ പ്രയാസപ്പെട്ടാണെങ്കിലും 2-1 ന് തോല്‍പിച്ചതോടെയാണ് റയല്‍ കിരീടത്തിന് രണ്ട് പോയന്റ് അരികിലെത്തിയത്. ആദ്യ പകുതിയില്‍ ഫെര്‍ലാന്റ് മെന്‍ഡിയും കരീം ബെന്‍സീമയും സ്‌കോര്‍ ചെയ്തു. രണ്ട് റൗണ്ട് ശേഷിക്കെ ബാഴ്‌സലോണക്ക് നാല് പോയന്റ് മുന്നിലാണ് അവര്‍. 2017 ലാണ് അവസാനമായി റയല്‍ ലീഗ് ചാമ്പ്യന്മാരായത്. ക്ലബ്ബിനെ വീണ്ടും പ്രതാപത്തിലേക്കുയര്‍ത്തിയ സിനദിന്‍ സിദാന്റെ തൊപ്പിയിലെ മറ്റൊരു പൊന്‍തൂവല്‍ കൂടിയാവും ഈ നേട്ടം. റെക്കോര്‍ഡായ മുപ്പത്തിനാലാം കിരീടത്തിനടുത്താണ് റയല്‍.
ആദ്യ പകുതിയില്‍ റയലിനായിരുന്നു ആധിപത്യം. മെന്‍ഡി മനോഹരമായ ഗോളിലൂടെ പത്താം മിനിറ്റില്‍ തന്റെ അക്കൗണ്ട് തുടങ്ങി. ആറു മിനിറ്റിനു ശേഷമായിരുന്നു ബെന്‍സീമയുടെ ഗോള്‍. ഈ സീസണിലെ പത്തൊമ്പതാമത്തേത്. ലിയണല്‍ മെസ്സിക്ക് മൂന്നു ഗോള്‍ മാത്രം പിന്നില്‍.  
അമ്പതാം മിനിറ്റില്‍ ഡാര്‍വിന്‍ മാച്ചിസിലൂടെ ഒരു ഗോള്‍ മടക്കിയ ഗ്രനാഡ അവസാനം വരെ പൊരുതി. അഞ്ച് മിനിറ്റ് ശേഷിക്കെ ഗോളി തിബൊ കോര്‍ടവയാണ് റയലിനെ സമനില ഗോളില്‍ നിന്ന് രക്ഷിച്ചത്. മറ്റൊരു ശ്രമം സെര്‍ജിയൊ റാമോസ് ഗോള്‍ലൈനില്‍ അടിച്ചകറ്റി.

Latest News