Sorry, you need to enable JavaScript to visit this website.

ഇടനാഴികളിൽ വീണ്ടും വളകിലുക്കം 

ചന്ദ്രനിൽ മനുഷ്യൻ കാല് കുത്തിയപ്പോൾ മഹാകവി പാടി 'അറിവിൻ വെളിച്ചമേ, ദൂരെപ്പോ...ദൂരെപ്പോ  നീ വെറുതെ സൗന്ദര്യത്തെ കാണുമാ കണ്ണ് കുത്തി പൊട്ടിച്ചു. സ്ത്രീ സൗന്ദര്യം വർണിക്കാൻ ചന്ദ്ര ബിംബം നെഞ്ചിലേറ്റും പുള്ളിമാനായും മറ്റും വിശേഷിപ്പിച്ച കാലത്താണ് നീൽ ആംസ്‌ട്രോംഗ്  ചന്ദ്രനിലിറങ്ങി അവിടെ ടീ ഷോപ്പിൽ മലയാളി ഇരുന്ന് മംഗളവും മനോരമയും വായിച്ച് രസിക്കുന്നത് കണ്ടത്. ഏതാണ്ടിതേ അവസ്ഥയിലാണ് ശരാശരി മലയാളിയിപ്പോൾ. സാമൂഹ്യ പരിഷ്‌കർത്താവായ ഇ.എം.എസിന് ശേഷം പ്രഗത്ഭനായ ഒരു ഭരണാധികാരിയാണ് കേരളത്തിലിപ്പോഴെന്നാണ് മിക്കവരും കരുതിയത്. അതാണല്ലോ ഏഷ്യാനെറ്റ് സർവേയിലും തെളിഞ്ഞത്. രണ്ട് മഹാ പ്രളയങ്ങൾ, നിപ, ഓഖി ദുരന്തങ്ങൾക്ക് ശേഷം കോവിഡിനെയും മാതൃകാപരമായി നിയന്ത്രിച്ച ഭരണ സംവിധാനം. പൂച്ച മന്ത്രി വനിതാ മാധ്യമ പ്രവർത്തകയോട് കിന്നരിച്ചതും ഉന്നത വിദ്യാഭ്യാസൻ സ്വജനപക്ഷ പാതം കാട്ടിയതും മുഹമ്മദലി ഫെയിം വ്യവസായ സാരഥി ബന്ധു നിയമനം നടത്തിയതുമൊഴിച്ചാൽ അഴിമതി രഹിത ഭരണം. ഒന്നാം മോഡി സർക്കാറിൽ സുഷമ സ്വരാജിനുണ്ടായിരുന്നത് പോലൊരു പ്രതിഛായ ടീച്ചറമ്മക്കും കൈവന്നു. കേരള ചരിത്രത്തിലാദ്യമായി തുടർഭരണമുണ്ടാവുമെന്ന പ്രതീതി  സൃഷ്ടിക്കാനായി. എത്ര പെട്ടെന്നാണ് എല്ലാം തകിടം മറിഞ്ഞത്? തൊഴിൽ അല്ലെങ്കിൽ ജയിൽ എന്ന മുദ്രാവാക്യമുയർത്തി റെയിൽ രോഖോ സമരം നടത്തിയ ഇടതുപക്ഷ യുവജന സംഘടനകളുള്ള നാടാണിത്. ലക്ഷങ്ങൾക്ക് തൊഴിൽ വേണമെന്നാവശ്യപ്പെട്ട് മറ്റവൻമാർ ഭരിക്കുമ്പോൾ കലക്ടറേറ്റ് വളയലും പതിവ് പരിപാടിയാണ്. ഇരട്ട എം.എ ബിരദമുള്ള യുവതി കോട്ടയത്ത് കെ.എസ്.ആർ.ടിസിയിൽ കാഷ്വൽ കണ്ടക്ടറായി ജോലി ചെയ്യുന്ന വാർത്ത അടുത്തിടെ വായിച്ചിരുന്നു. സർക്കാർ ജോലിയോടുള്ള ഭ്രമം കാരണം പോസ്റ്റ് ഡോക്ടറൽ റിസർച്ച് ഫെലോ പോലും ലാസ്റ്റ് ഗ്രേഡ് പോസ്റ്റ്  സ്വീകരിക്കാനും വിദ്യാസമ്പന്നരുടെ നാട്ടിൽ തയാർ.  പി.എസ്.സി റാങ്ക് ലിസ്റ്റിൽ കണ്ണും നട്ട് ലക്ഷങ്ങളാണ് കാത്തിരിക്കുന്നത്.  അപ്പോഴതാ എല്ലാവരെയും ഞെട്ടിച്ച് സുന്ദരിയായ യുവതി ഉന്നത സ്ഥാനങ്ങൾ നേടുന്നു, ഉപേക്ഷിക്കുന്നു. എയർ ഇന്ത്യ, യു.എ.ഇ കോൺസുലേറ്റ്, കേരള സർക്കാറിന്റെ ഐ.ടി ഓപറേഷൻസ് തലൈവി. എന്തൊരു സൗഭാഗ്യം. നിമ്‌നോന്നതങ്ങൾ അതിശയിപ്പിക്കുന്നത്. ഇവർക്ക് പ്ലസ് ടു യോഗ്യതയുണ്ടെന്ന് ഒരു വിഭാഗം.  അതല്ല, എസ്.എസ്.എൽ.സി പാസായിട്ടുണ്ടോയെന്ന് തനിക്ക് സംശയമാണെന്ന് അമേരിക്കയിലുള്ള പൊന്നാങ്ങള. കേരളത്തിന്റെ സാമ്പത്തിക ശേഷി വർധിപ്പിക്കാൻ തിരുവനന്തപുരം വിമാനത്താവളം വഴി നടത്തിയ സാഹസിക സംരംഭങ്ങളാണ് മഹിളയെ വാർത്തകളിലെ താരമാക്കിയത്. ഈ വാർത്ത ബ്രേക്ക് ചെയ്ത ദിവസം മാതൃഭൂമി സൂപ്പർ പ്രൈം ടൈമിൽ വിഷയം ചർച്ചയായി. പാനലിസ്റ്റുകളിൽ ഷൈൻ ചെയ്തത് കോൺഗ്രസിലെ ജോസഫ് വാഴക്കൻ. അദ്ദേഹത്തിന്റെ കമന്റിൽ എല്ലാം അടങ്ങിയിരുന്നു. അൽപം മുമ്പ് മുഖ്യമന്ത്രിയുടെ കഴിഞ്ഞ ഡെയ്‌ലി ബ്രീഫിംഗിൽ മുഖ്യമന്ത്രിക്ക് ഞങ്ങളെ അറ്റാക്ക് ചെയ്യാനുള്ള പതിവ് ഉത്സാഹമില്ല. മരിച്ച വീടിന്റെ പ്രതീതിയായിരുന്നു ബോഡി ലാംഗ്വേജിൽ എന്ന് വാഴക്കൻ മൊഴിഞ്ഞു.  

***    ***    ***

ഉമ്മൻ ചാണ്ടി ഭരണ കാലത്തെ സരിത നായർ എപ്പിസോഡുമായി സ്വപ്‌ന സംഭവത്തിന് നിരവധി സാദൃശ്യങ്ങളുണ്ട്. രണ്ടുപേരും അധികാര സ്വാധീനം വഴിവിട്ട കാര്യങ്ങൾക്ക് ഉപയോഗിച്ചു. സരിതക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ കയറി ഇറങ്ങി കാര്യം സാധിക്കാനാണ് കഴിഞ്ഞതെങ്കിൽ സ്വപ്‌നക്ക് മുഖ്യമന്ത്രിയുടെ കീഴിലെ ജോലിക്കാരിയായി കയറിപ്പറ്റി തട്ടിപ്പ് നടത്താനായി. സോളാർ വിവാദ കാലത്തെന്ന പോലെ ഖജനാവിന് ഒറ്റ പൈസയും നഷ്ടപ്പെട്ടിട്ടില്ലെന്നും ഇപ്പോഴത്തെ സംവാദങ്ങളിൽ കേട്ടു. വലിയ കാറിലെത്തിയ 'ഡിപ്ലോമാറ്റി'ന്റെ കട ഉദ്ഘാടനം ചെയ്ത സ്പീക്കർ കരിക്ക് കുടിക്കുന്നുണ്ട്. മുഖ്യമന്ത്രിക്കൊപ്പം പല ചടങ്ങുകളിലും കണ്ടു. സംഭവം പാട്ടായ ദിവസം മിനി സ്‌ക്രീനിൽ ആദ്യ വാർത്താ സമ്മേളനം കെ. സുരേന്ദ്രന്റേതായിരുന്നു. അതു കഴിഞ്ഞ് രണ്ട്  മണിക്കൂറിന് ശേഷമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താ സമ്മേളനം നടത്തുന്നത്. വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടിക്കപ്പെട്ടപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ആദ്യം വിളി വന്നത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ്. പ്രതികളെ രക്ഷപ്പെടുത്താനാണ് ശ്രമം നടന്നത്. ഐ.ടി വകുപ്പ് സെക്രട്ടറിയുടെ അടക്കം ഫോൺ രേഖകൾ പരിശോധിച്ചാൽ ഇവരുമായുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അവിഹിത ബന്ധം പുറത്ത് വരുമെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു. പത്രസമ്മേളനം നടത്തിയ നേതാക്കളിൽ മുല്ലപ്പള്ളിയാണ് താരം. പ്രിൻസിപ്പൽ സെക്രട്ടറി കൺഫേഡ് ഐ.എ.എസുകാരനാണെന്ന വിവരം മാലോകരെ അറിയിച്ച അദ്ദേഹമാണ് കൊഫെപോസെയുടെ കാര്യമെല്ലാം ആദ്യം എടുത്തിട്ടത്. 

***    ***    ***

ജോലി ചെയ്തിടങ്ങളിലെല്ലാം ഉന്നതരുമായി അടുത്ത ബന്ധം പുലർത്തിയ സ്വപ്നയുടെ ജീവിതം എന്നും ആഡംബരവും ആഘോഷങ്ങളും നിറഞ്ഞതായിരുന്നു. ചെന്നിടത്തെല്ലാം വലിയ ബന്ധങ്ങൾ. മൂന്ന് സ്ഥാപനങ്ങളിൽ ജോലി ചെയ്തു. അവിടെയെല്ലാം കേസിൽ പെട്ട് പുറത്തു പോയി. കല്യാണ ചടങ്ങിൽ ഒരാളെ മർദിക്കുന്ന ദൃശ്യങ്ങളും മാതൃഭൂമി ന്യൂസിൽ കണ്ടു. തെലുങ്ക് മസാലപ്പടം പോലെയുണ്ട്. 
മുടവൻമുകളിലെ ഇവരുടെ ഫ്‌ളാറ്റിൽ ഐ.ടി സെക്രട്ടറി  നിത്യസന്ദർശകനായിരുന്നെന്നും ഔദ്യോഗിക കാറിൽ പതിവായി വരുമായിരുന്നെന്നും റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത അയൽവാസി നായരുടെ വിവരണം സൂപ്പർ. രാത്രി എട്ടിന് വരുന്ന വെളുത്ത മുടിയുള്ള ആൾ പലപ്പോഴും രാത്രി രണ്ടിനാണ് തിരിച്ചുപോക്ക്. കഴിക്കാനുള്ള ഭക്ഷണ മെനു, അവിടെയുണ്ടാക്കിയ കുഴപ്പങ്ങൾ എല്ലാം സദാചാര ഡി.ജി.പിയെ പോലെ വിവരിച്ചു. റസിഡൻസ് അസോസിയേഷനുകൾ ക്ലോസ്ഡ് സർക്യൂട്ട് ടി.വി ക്യാമറ ഘടിപ്പിക്കേണ്ട ഒരു കാര്യമില്ല. ടീ ഷർട്ടിടുന്ന ഇതു പോലൊരാളെ കിട്ടിയാൽ മതി. തൊട്ടടുത്ത ദിവസമാണ് ശിവശങ്കറിനെ സംസ്ഥാന സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി, ഐ.ടി സെക്രട്ടറി സ്ഥാനങ്ങളിൽ നിന്ന് മാറ്റിയത്. ഇത്തരം ഘട്ടങ്ങളിൽ സൈബർ ലോകത്തെ ന്യായീകരണ തൊഴിലാളികളുടെ കാര്യമാണ് മഹാ കഷ്ടം. 
നിയമനത്തിന് പിന്നിൽ ഉമ്മൻ ചാണ്ടി. പി.കെ. കുഞ്ഞാലിക്കുട്ടി, ശശി തരൂർ എന്നിങ്ങനെ പട്ടിക നീണ്ടു. ചൊവ്വാഴ്ച രാത്രി കൈരളി ന്യൂസ് സംവാദത്തിൽ സ്വപ്‌നയുടെ ഭൂതകാലം തിരഞ്ഞു. കോൺഗ്രസിന്റെ പ്രമുഖ നേതാവിന്റെ മക്കൾ തുടങ്ങിയ ദുബായിലെ ബാർ ഹോട്ടലിലായിരുന്നു കരിയറിന്റെ തുടക്കം. ചർച്ച നടക്കുന്നതിനിടക്ക് ലേഖകന്റെ ബ്രേക്കിംഗ് ന്യൂസായി കോൺസുലേറ്റ് നിയമനത്തിന് പിന്നിൽ ശശി തരൂർ എന്നതും വന്നു. ബുധനാഴ്ച നേരം വെളുത്തപ്പോൾ കൈരളിയിലെ ബിഗ് ബ്രേക്ക് സ്വപ്‌നക്ക് യു.എ.ഇ കോൺസുലേറ്റിൽ നിന്ന് തൊഴിൽ മികവിനുള്ള പുരസ്‌കാരം ലഭിച്ചുവെന്നതാണ്. വട്ടായിപ്പോയോ? 

***    ***    ***

സംഭവം കത്തിക്കാളി അമിത് ഷായുടെ എൻ.ഐ.എ കേസ് അന്വേഷിക്കുന്നിടത്ത്  വരെയെത്തി. ഭീകര ബന്ധവും അന്വേഷിക്കുന്നു. എല്ലാം നല്ലത്. ടൺ കണക്കിന് സ്വർണം അനധികൃത മാർഗങ്ങളിലൂടെ എത്തുന്നത് രാജ്യത്തിന്റെ സമ്പദ്ഘടനയെ ബാധിക്കും. ഇത് തടഞ്ഞേ തീരൂ. ഇങ്ങനെ അനധികൃതമായി നേടുന്ന പണം എന്തിനാണ് ഉപയോഗപ്പെടുത്തുന്നതെന്ന് കൂടി അറിയണം. സ്വപ്‌ന സുരേഷിനോട് കാലിക്കറ്റ് എയർപോർട്ടിന്റെ ഫാൻസ് നന്ദി പറയുന്നതും കണ്ടു. സാധാരണ ഗതിയിൽ കരിപ്പൂരിൽ ഇസ്തിരിപ്പെട്ടിയിലും മറ്റും വിളക്കിച്ചേർത്ത ഏതാനും പവൻ സ്വർണത്തിന് പിന്നിൽ പ്രത്യേക  വിഭാഗത്തിൽ പെട്ട ആളുകളായിരിക്കും. കൊച്ചിയും കോഴിക്കോടും വിട്ട് തിരുവനന്തപുരത്തെത്തിയപ്പോൾ ഏറ്റവും ആഹ്ലാദിച്ചിരിക്കുക ശശികല ടീച്ചറായിരിക്കും. ഒരു വിഭാഗത്തെ ഉണർത്താൻ അവർ പാടു പെടുകയായിരുന്നു. 

***    ***    ***

സ്വപ്‌ന സുരേഷിന് വേണ്ടി സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം തിരച്ചിൽ നടത്തുകയാണ്. അതിനിടെയാണ് തന്റെ ഫേസ്ബുക്ക് പേജിൽ വന്ന കമന്റുകൾക്ക് സ്വപ്‌ന സുരേഷ് പ്രതികരിച്ചത്. അതും കഴിഞ്ഞാണ് ഒളി ജീവിതത്തിന് തുടക്കം കുറിച്ചത്. കൊറോണയെ പിടിക്കാൻ രാവും പകലും പോലീസ് കാവലുള്ള കേരളത്തിലെ നിരത്തുകളിലൂടെ പറന്ന് അപ്രത്യക്ഷയായി. അടുത്തിടെ കൊച്ചിയിൽ നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്താൻ എത്തിയ കേസിന്റെ കാര്യമെടുക്കാം. മണിക്കൂറുകൾക്കകമാണ് ടവർ ലൊക്കേഷൻ നോക്കി പോലീസ് പ്രതികളെ പിടികൂടിയത്. ഷംനാ കേസിന്റെ സമയത്താണ് സംസ്ഥാനത്തെ അന്വേഷണ ഏജൻസികൾക്ക് സ്വർണക്കടത്തിന് സെലിബ്രിറ്റികളെ ഉപയോഗിക്കുന്നതിനെ കുറിച്ച് ലീഡ് ലഭിക്കുന്നത്. വ്യാഴാഴ്ച ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹരജി സമർപ്പിച്ച സ്വപ്‌ന ഒരു വീഡിയോ ക്ലിപ്പുമിറക്കി. 24 ന്യൂസാണ് ഇതാദ്യം സംപ്രേഷണം ചെയ്തത്. മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും മുന്നറിയിപ്പ് നൽകുന്ന ക്ലിപ്പിൽ ആത്മഹത്യാ ഭീഷണിയുണ്ട്. കൈരളി എം.ഡി ജോൺ ബ്രിട്ടാസും ഇനിയയും ഒരുമിച്ച് അഭിനയിച്ച് ബോക്‌സ് ഓഫീസിൽ ഫ്‌ളോപ്പായ 2014 ൽ പുറത്തിറങ്ങിയ വെള്ളിവെളിച്ചത്തിൽ സിനിമയിലെ ഡയലോഗ് പോലുണ്ട് ക്ലിപ്പിലെ വർത്തമാനം. 


കേരളത്തിലെ സ്വർണ കള്ളക്കടത്ത് ബി.ബി.സിയും വാർത്തയാക്കി. വിഷയം കേരളത്തിൽ രാഷ്ട്രീയ പോരായി മാറിയതും പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന സ്ഥിതി എത്തിയതായും വാർത്തയിലുണ്ട്. നയതന്ത്ര ബാഗേജിൽ സ്വർണം കടത്തി യു.എ.ഇ എംബസിയെ കരുവാക്കുകയാണ് ചെയ്തിരിക്കുന്നതെന്ന രീതിയിലാണ് ബി.ബി.സി വാർത്ത. കോവിഡ് നിയന്ത്രണ കാര്യത്തിൽ കേരളത്തെ പ്രശംസിച്ച അന്താരാഷ്ട്ര മാധ്യമത്തിലാണ് നാണം കെടുത്തിയ വാർത്ത. ഇന്ത്യയിൽ കൂടുതൽ വ്യൂവർഷിപ്പുള്ള റിപ്പബ്ലിക്, ടൈംസ് നൗ, ആജ് തക് എന്നീ ചാനലുകളിലും ട്രിവാൻഡ്രം സ്മഗഌംഗ് നിറഞ്ഞാടി. ചിലർക്കൊക്കെ കേരള ചീഫ് മിനിസ്റ്റർ പിന്ന  റോയ് ആയി മാറിയത് കൗതുകം പകർന്നു.

***    ***    ***

നേപ്പാൾ സർക്കാർ വിലക്ക് ഏർപ്പെടുത്തിയതോടെ ദൂരദർശൻ ഒഴികെ മറ്റൊരു ചാനലും ഇനി മുതൽ നേപ്പാളിൽ ലഭ്യമാകില്ല.  നേപ്പാളിലെ കാബിൾ ടി.വി ഓപറേറ്റർമാർക്ക് സർക്കാർ ഇത്  സംബന്ധിച്ച നിർദേശം കഴിഞ്ഞ ദിവസം നൽകിയിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരത്തോടെ ഇത് പ്രാബല്യത്തിലായി. നേപ്പാൾ ഉപപ്രധാനമന്ത്രിയും, ഭരിക്കുന്ന നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖ്യ വക്താവുമായ നാരായൺ കാഞ്ചി ശ്രേഷ്ഠയുടെ പ്രസ്താവന പുറത്തു വന്നതിന് ശേഷമാണ് ചാനലുകൾക്ക് വിലക്ക് വീണത്. ഇന്ത്യൻ ചാനലുകളുടെ സിഗ്‌നലുകൾ നിർത്തിവെച്ചതായി  നേപ്പാളിലെ മെഗാ മാക്‌സ് ടി.വിയുടെ ഓപറേറ്റർ വ്യക്തമാക്കി. നേപ്പാൾ സർക്കാറിനും പ്രധാനമന്ത്രിക്കും എതിരായ ഇന്ത്യൻ മാധ്യമങ്ങളുടെ അടിസ്ഥാന രഹിതമായ പ്രചാരണം നിർത്തിവെക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ  ആവശ്യം. അസംബന്ധം നിർത്തിവെക്കണം, പരിധി കടന്നുകഴിഞ്ഞെന്നും ഇത് വളരെ കൂടുതലാണെന്നും ഉപപ്രധാനമന്ത്രി പറഞ്ഞതായി നേപ്പാൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 'വളരെയധികം ആക്ഷേപങ്ങളാണ് ഇന്ത്യൻ മീഡിയയിൽ നിന്നും നേപ്പാൾ സർക്കാറിനും പ്രധാനമന്ത്രിക്കും എതിരെ വരുന്നത്.  ഇത്തരം റിപ്പോർട്ടുകൾ പത്രപ്രവർത്തനത്തിന്റെ അടിസ്ഥാന നൈതികതയെ പോലും പരിഗണിക്കുന്നില്ല' എന്ന്   പ്രധാനമന്ത്രി കെ.പി. ശർമ ഒലിയുടെ പ്രധാന ഉപദേഷ്ടാവായ ബിഷ്ണു രാമൽ പറഞ്ഞു. 

Latest News